Friday, 22 Nov 2024

ത്രിപുരസുന്ദരി ബുധ ദോഷം തീർത്ത് ഐശ്വര്യം, ആനന്ദം, സൗന്ദര്യം, വിദ്യ തരും

ദശമഹാവിദ്യ 3

ആദിപരാശക്തിയുടെ ദശമഹാ വിദ്യകളിൽ മൂന്നാമത്തെ പരമോന്നത ഭാവമാണ് ത്രിപുരസുന്ദരി. ശ്രീവിദ്യ എന്നും ഷോഡശി എന്നുമെല്ലാം വിളിക്കുന്ന ത്രിപുരസുന്ദരിയെ ഭജിച്ചാൽ ബുധഗ്രഹ ദോഷം ഇല്ലാതാകും. ബുധദശാകാല ദോഷ ദുരിതങ്ങൾ അനുഭവിക്കുന്നവരുടെ ദോഷങ്ങൾ പൂർണ്ണമായും നശിക്കും. സൗന്ദര്യത്തിന്റെ, ഐശ്വര്യത്തിന്റെ, ആനന്ദത്തിന്റെ അധിദേവതയാണ് ത്രിപുരസുന്ദരി. ബോധമന‌സിന്റെ സൗന്ദര്യ സ്വരൂപമായാണ് ഷോഡശി ദേവിയെ സങ്കല്പിക്കുന്നത്.

സൗന്ദര്യവും ഐശ്വര്യവും ആനന്ദവും തികഞ്ഞാൽ ജീവിതം പൂർണ്ണമാകും. അതീന്ദ്രിയ കഴിവുകളും ബുദ്ധിയും മന‌സും ചിത്തവും നിയന്ത്രിക്കുന്നത് ഷോഡശിയാണ്. വിദ്യാസ്വരൂപിണിയുമായതിനാൽ വിദ്യയ്ക്ക് വേണ്ടിയും ത്രിപുരസുന്ദരിയെ ആരാധിക്കാം. പ്രപഞ്ചത്തെ നിയന്ത്രിക്കുകയും ആജ്ഞ നൽകുകയും ചെയ്യുന്ന ഇച്ഛാശക്തി സ്വരൂപിണിയായതിനാൽ രാത്രിയിൽ പൂജിക്കുന്നു. ആയിരം ഉദയസൂര്യപ്രഭയോടെ മൂന്നു കണ്ണുകളോടെ നാനാലങ്കാര ശോഭയോടെ ശിരസിൽ ചന്ദ്രക്കലയണിഞ്ഞ് കരിമ്പ്, പൂവ്, പാശം, അങ്കുശം എന്നിവ നാല് കൈകളിൽ ധരിച്ച് ശ്രീചക്രത്തിലാണ് ത്രിപുരസുന്ദരി കുടികൊള്ളുന്നത്. ക എ ഇ ല ഹ്രീം, ഹ സ ക ഹ ല ഹ്രീം, സ ക ല ഹ്രീം എന്ന പ്രസിദ്ധമായ പഞ്ചദശാക്ഷരി മന്ത്രം ത്രിപുരസുന്ദരി ദേവിയുടെതാണ്. 15 അക്ഷരങ്ങൾ ഗോപ്യമായി ഈ മന്ത്രത്തിൽ പറയുന്നു. ഗുരുപദേശത്തോടെ മാത്രമേ ഇത് മനസിലാക്കി ജപിക്കാവൂ. ശ്രീവിദ്യാ മന്ത്രം, കാദിവിദ്യ, കാമരാജമന്ത്രം, ഹാദിവിദ്യ, ഗുപ്ത ഗായത്രി എന്നീ പേരുകളിലും മന്ത്രം അറിയപ്പെടുന്നു.

ഷോഡശ വിദ്വേശൻ എന്ന ശിവന്റെ ശക്തിയായ ഷോഡശിക്ക് കാമേശ്വരി, രാജരാജേശ്വരി എന്നീ പേരുകളുമുണ്ട്. ഭഗമാലിനി നിത്യക്ലിന്ന തുടങ്ങിയ നിത്യാ ദേവിമാരുടെ നായിക ആയതിനാൽ ദേവി നിത്യ എന്നും അറിയപ്പെടുന്നു. ലളിതാ ദേവിയുടെ മുഖ്യ മന്ത്രമായ ശ്രീവിദ്യാ മന്ത്രം 15 അക്ഷരങ്ങളോട് കൂടിയതാണ്. ശ്രീവിദ്യാ മന്ത്രത്തോട് ഹ്രീം കാരം കൂടി ചേരുമ്പോൾ ഷോഡശി വിദ്യയായി. ഈ വിദ്യയുടെ അധിഷ്ഠിത്രി ആയത് കൊണ്ടാണ് ഷോഡശി എന്ന് ദേവി അറിയപ്പെടുന്നത്. ദേവിയുടെ ഭർത്താവ് കാമേശ്വരനായ ശിവനാണ്. കാമേശ്വര കാമേശ്വരിമാർ വിശ്വകർമ്മാവും മയനും നിർമ്മിച്ച ശ്രീപുരം എന്ന തേജോമയ ലോകത്ത് വിരാജിക്കുന്നു എന്ന് സങ്കല്പം. പാശം ,അങ്കുശം, കരിമ്പിൻ വില്ല്, പുഷ്പബാണം ഇവ ധരിച്ച് പഞ്ച ബ്രഹ്മാസനത്തിൽ ദേവി ഇരിക്കുന്നു. ബ്രഹ്മാവ്, രുദ്രൻ, വിഷ്ണു, ഈശ്വരൻ എന്നീ നാലു കാലുകളോടും സദാശിവനാകുന്ന പലകയോടും കൂടിയ ദിവ്യമഞ്ചമാണ് പഞ്ചബ്രഹ്മാസനം. ലക്ഷ്മി ദേവിയും, സരസ്വതി ദേവിയും ലളിതാ ദേവിയുടെ ഇരുപാർശ്വങ്ങളിലുമായി നിന്ന് ചാമരം വീശുന്നു.

ത്രിപുരസുന്ദരി മന്ത്രം
ഓം ഐം ഹ്രീം ശ്രീം ഐം ക്ലീം സൗം ക്ലീം ഐം
ഓം നമോ ഭഗവതി ത്രിപുരസുന്ദരി മമവാസം
കുരുകുരു സ്വാഹ

Story Summary: Dashamaha Vidya 3: Significance of Thripurasundari

error: Content is protected !!
Exit mobile version