ദുരിതങ്ങളും ശത്രുദോഷവും അകറ്റാൻ ഭദ്രകാളി മന്ത്ര ജപം, വഴിപാടുകൾ
തവരത്ത് ശങ്കരനുണ്ണി
ദേവി എന്നല്ല അമ്മേ എന്നാണ് ഭക്തര്‍ ഭദ്രകാളിയെ വിളിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുടുംബ ക്ഷേത്രങ്ങള്‍ ഉള്ളത് ഭദ്രകാളിക്കാണ്. അതിനാല്‍ മിക്കവരുടെയും പരദേവതയും ഭദ്രയാണ്. ഭക്തരുമായി വളരെയേറെ ആത്മബന്ധമുള്ള ശിഷ്ട രക്ഷകയും അധര്‍മ്മ സംഹാരകയുമായ ഭദ്രകാളിയെ ഉപാസിച്ചാൽ വളരെ വേഗം ദുരിതങ്ങളും ശത്രുദോഷവും അകലും. ഭദ്രകാളിയെ വഴിപാടുകള്‍ നടത്തി പ്രീതിപ്പെടുത്താന്‍ ചൊവ്വ, വെള്ളി, അഷ്ടമി, ഭരണി ദിവസങ്ങൾ ഏറ്റവും ഉത്തമമാണ്. മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണി നക്ഷത്രം ഭദ്രകാളിക്ക് വഴിപാട് നടത്താന്‍ വിശേഷമാണ്.
മാസാശുദ്ധി, വാലായ്മ, പുല, ഇവ ഇല്ലെങ്കിൽ വീട്ടിൽ പൂജാമുറിയിൽ നെയ്‌വിളക്ക് കൊളുത്തി കഴിയുന്നത്ര നേരം കാളീ മന്ത്രങ്ങൾ ജപിച്ചാൽ ദുർഘടസന്ധികളിൽ നിന്ന് മോചനം ലഭിക്കും. ആധിയും വ്യാധികൾ ഒഴിഞ്ഞ് മന: ശാന്തിയും അഭീഷ്ട സിദ്ധിയും നൽകും.
ഭദ്രകാളി ദേവിയുടെ അത്ഭുതശക്തിയുള്ള മൂലമന്ത്രം ഈ സമയത്ത് പ്രധാനമായും ജപിക്കണം. കുളിച്ച് ശുദ്ധമായ ശേഷം രാവിലെയും വൈകിട്ടും 48 പ്രാവശ്യം വീതം ജപിക്കണം. എല്ലാ തരത്തിലുമുള്ള ദുരിതവും അകറ്റാൻ ഈ മന്ത്രത്തിന് അത്ഭുതശക്തിയുണ്ട്.
മൂലമന്ത്രം
ഓം ഐം ക്ലീ സൗ: ഹ്രീം ഭദ്രകാള്യൈ നമഃ
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന ഭഗവതിയായ ഭദ്രകാളിക്ക് അതിപ്രസക്തവും പുരാതനവുമായ ഒട്ടേറെ ക്ഷേത്രങ്ങളുണ്ട്. കൊടുങ്ങല്ലൂര്‍, മലയാലപ്പുഴ, ചെട്ടിക്കുളങ്ങര, ചോറ്റാനിക്കര, ആറ്റുകാല്‍, ശാർക്കര, വെള്ളായണി, ചെന്തിട്ട , അങ്ങാടിപ്പുറം, തിരുമന്ധാംകുന്ന്, പയനന്നാര്‍ക്കാവ്, കാട്ടില്‍ മേക്കതില്‍ തമിഴ്നാട്ടിലെ മണ്ടയ്ക്കാട് ഇവ ഏറെ പ്രസിദ്ധമായ ചില ഭദ്രകാളീ സന്നിധികളാണ്. ഇതില്‍ ചോറ്റാനിക്കര, ചെന്തിട്ട ക്ഷേത്രങ്ങളിൽ എല്ലാ ദിവസവും ഗുരുതി തര്‍പ്പണം നടത്താറുണ്ട്.
ഭദ്രകാളി ക്ഷേത്രങ്ങളിലെ ചില വഴിപാടുകളും ഫലങ്ങളും:
കടും പായസം ……………. കാര്യസിദ്ധി
പുഷ്പാഭിഷേകം…………..ഐശ്വര്യം
സഹസ്രനാമാര്‍ച്ചന……….കാര്യസിദ്ധി, കര്‍മ്മലാഭം
ഭാഗ്യസൂക്താര്‍ച്ചന………..ഭാഗ്യവര്‍ദ്ധന
അഷ്ടോത്തരാര്‍ച്ചന……തടസനിവാരണം
ചുവന്ന പട്ട്……………………തടസനിവാരണം.
കരിക്ക് അഭിഷേകം……..രോഗശാന്തി
മഞ്ഞള്‍ അഭിഷേകം…… കുടുംബഭദ്രത
ചാന്താട്ടം……………………… ശത്രുദോഷ ശാന്തി
കുങ്കുമാഭിഷേകം…………. ദാമ്പത്യ ഭദ്രത, പ്രേമസാഫല്യം
കുങ്കുമാര്‍ച്ചന………………..കാര്യസിദ്ധി
പനിനീരഭിഷേകം………….. കര്‍മ്മവിജയം
കളഭം ചാര്‍ത്ത്……………… ധനാഭിവൃദ്ധി
കാളീസൂക്തം…………………ശത്രുദോഷ മുക്തി
പട്ടും താലിയും……………….വിവാഹം, ദാമ്പത്യഭദ്രത
ചെമ്പരത്തിമാല…………… .ദൃഷ്ടിദോഷ മോചനം
എണ്ണ അഭിഷേകം…………. രോഗശാന്തി
രക്തപുഷ്പാഞ്ജലി……….. ദുരിതമോചനം
ഗുരുതിപുഷ്പാഞ്ജലി………ശത്രുദോഷ മുക്തി
പൂമൂടല……………………………ദുരിതശാന്തി
തവരത്ത് ശങ്കരനുണ്ണി, + 91 9847118340
Story Summary: Significance of Bhadrakali Worshipping and offerings