Sunday, 24 Nov 2024

ദൃഷ്ടിദോഷം അകറ്റി ഐശ്വര്യമേകും
വടക്ക് ദർശനമായ ശുഭദൃഷ്ടി ഗണപതി

മംഗള ഗൗരി
ഗൃഹത്തിന്റെയും സ്ഥാപനങ്ങളുടെയും ഐശ്വര്യത്തിന് പ്രധാന ഹാളിൽ ഗണേശ ഭഗവാന്റെ ശുഭ ദൃഷ്ടി ഗണപതി രൂപം സ്ഥാപിക്കുന്നത് നല്ലതാണ്. മുദ്ഗലപുരാണത്തിൽ ഗണേശഭഗവാന്റെ 32 രൂപ ഭാവങ്ങളെപ്പറ്റി പറയുന്നുണ്ട്. ബാലഗണപതിയിൽ തുടങ്ങി സിംഹഗണപതി രൂപത്തിൽ അവസാനിക്കുന് 32 ഭാവങ്ങളിലും ഉൾപ്പെടാത്ത ഗണേശ ഭഗവാന്റെ മൂപ്പത്തിമൂന്നാമത് ഭാവമായാണ് ശുഭ ദൃഷ്ടി ഗണപതി രൂപം പ്രകീർത്തിക്കപ്പെടുന്നത്. വീടുകൾക്കും സ്ഥാപനങ്ങൾക്കും കൺദോഷം സംഭവിക്കാതിരിക്കാനും സമൃദ്ധിയും ഐശ്വര്യവും നിറയുന്നതിനും പ്രധാന ഹാളിൽ സ്ഥാപിക്കുന്ന ഗണേശരൂപമായ ശുഭ ദൃഷ്ടി ഗണപതിയെ അഗസ്ത്യമുനി തന്റെ തപശക്തിയാല്‍ സൃഷ്ടിച്ചെന്നാണ് ഐതിഹ്യം. വിഷ്ണുവിന്റെ അംശങ്ങളായ ശംഖ്, ചക്രം എന്നിവയും ശിവന്റെ മൂന്ന് നേത്രങ്ങളും പരാശക്തിയുടെ ത്രിശൂലവും സര്‍വ ദേവതകളുടെയും ആയുധങ്ങളും ധരിച്ച് സിംഹം, മൂഷികന്‍‌ എന്നീ വാഹനങ്ങളോട് കൂടി മഹാലക്ഷ്മീദേവിയുടെ ഇരിപ്പിടമായ താമരപ്പൂവില്‍ ഒരു യോദ്ധാവിനെപ്പോലെ നില്‍ക്കുന്ന ഗണപതി രൂപമാണ് ശുഭദൃഷ്ടി ഗണപതി. ഭഗവാന്റെ ശിരസിന് മുകളിൽ നവ നാഗങ്ങളും അഗ്നി നാളവും കാണാം. ശുഭദൃഷ്ടി ഗണപതി രൂപം വീടുകള്‍, വ്യാപാര, വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങി എവിടെയും എല്ലാ സന്ദർശകരുടെയും കണ്ണിൽ പെടുന്ന തരത്തിൽ വടക്ക് ദര്‍ശനമായി വേണം സ്ഥാപിക്കേണ്ടത്. ഈ രൂപത്തെ നമ്മൾ നിത്യവും വണങ്ങുന്നത് എല്ലാ ദൃഷ്ടി ദോഷങ്ങളും ഇല്ലാതാക്കുമെന്ന് വിശ്വസിക്കുന്നു. നമ്മുടെ പൂജാമുറിയിലും ഈ ശുഭദൃഷ്ടി ഗണപതി രൂപം സ്ഥാപിച്ച് ആരാധിക്കാം. ഭവനത്തിന്റെയും സ്ഥാപനത്തിന്റെയും വാസ്തുദോഷം പരിഹരിക്കുന്നതിനും ഇത് സഹായിക്കും. പ്രധാന ഹാളിൽ ജനാലയ്ക്ക് മുകളിൽ വടക്കു ദർശനം വരുന്ന രീതിയിൽ ദൃഷ്ടിഗണപതി ഇടം പിടിക്കുന്നതോടെ ദൃഷ്ടിദോഷങ്ങൾ മാത്രമല്ല എല്ലാ നെഗറ്റീവ് എനർജിയും അവിടെ നിന്നും ഒഴിവാകും. ശുഭചിന്തകളും ഐശ്വര്യവും നിറയും. ഈ ഗണേശരൂപം പുഷ്പങ്ങൾ, മാല ഇവയാൽ അലങ്കരിക്കാം; വിളക്ക് കൊളുത്തി ഉഴിയാം. ബുധനാഴ്ച ദിവസങ്ങളിൽ കർപ്പൂരാരതി നടത്താം. എന്നും രാവിലെ കുളിച്ച് ശുദ്ധമായി16 തവണ ശുഭദൃഷ്ടി ഗണപതിയുടെ മൂല മന്ത്രം ജപിക്കുന്നത് എല്ലാ കഷ്ടപ്പാടുകളും അകറ്റും.

ശുഭദൃഷ്ടി ഗണപതി മൂല മന്ത്രം
ഓം ഹ്രീം ശ്രീം ക്ലീം
ഗ്ലൗം ഗും ഗണപതയേ
വാരണ മുഖേ സർവാരിഷ്ടാൻ
വാരയ വാരയ ഓം സ്വാഹ:

പ്രധാന ലൈഫ് സ്റ്റെൽ ഷോറുമുകളിലും മാളുകളിലും മാത്രമല്ല ഓൺലൈൻ ഷോപ്പിംഗ് കാർട്ടുകളിലും ശുഭദൃഷ്ടി ഗണപതി രൂപങ്ങൾ വാങ്ങാൻ ലഭിക്കും.

Story Summary: Subha Drishti Ganesha the 33 form of Ganapathy faceing north is used to ward off evil eye and bring prosperity to home and institutions


error: Content is protected !!
Exit mobile version