Friday, 22 Nov 2024

നഷ്ടപ്പെട്ടത് തിരികെ ലഭിക്കാൻഈ ചതുർത്ഥിക്ക് ഗണപതി പൂജ

മംഗള ഗൗരി
ഏത് കർമ്മത്തിന്റെയും മംഗളകരമായ വിജയത്തിന് ആദ്യം ചിന്തിക്കുന്ന മൂർത്തിയായ ഗണപതി ഭഗവാനെ ആരാധിക്കുന്ന ചതുര്‍ത്ഥി വ്രതം അനുഷ്ഠിച്ചാല്‍ സര്‍വ്വ സൗഭാഗ്യങ്ങളും കൈവരിക്കുവാന്‍ സാധിക്കും. എല്ലാ മാസത്തിലും കൃഷ്ണ പക്ഷത്തിലും ശുക്ല പക്ഷത്തിലും വരുന്ന നാലാമത്തെ തിഥികളിലാണ് ചതുര്‍ത്ഥി വ്രതം നോൽക്കുന്നത്.

ഇതിൽ കറുത്തപക്ഷത്തിലെ നാലാം നാൾ വരുന്ന ചതുർത്ഥി സങ്കഷ്ട ചതുർത്ഥി അഥവാ സങ്കടഹര ചതുർത്ഥിയായി ആചരിക്കുന്നു. വെളുത്ത പക്ഷത്തിൽ വരുന്ന ചതുർത്ഥി വിനായക ചതുർത്ഥി എന്നാണ് അറിയപ്പെടുന്നത്. ഈ രണ്ടു ചതുർത്ഥികളിലും വ്രതം
അനുഷ്ഠിക്കാം. മാസന്തോറും ശുക്ലപക്ഷത്തിൽ വരുന്ന ചതുർത്ഥിനാളിലെ വ്രതാനുഷ്ഠാനം വിഘ്നങ്ങൾ തീർക്കുന്നതിനും ഉദ്ദിഷ്ടകാര്യസിദ്ധിക്കും ഉത്തമമാണ് ഒരോ മാസത്തിലെയും വെളുത്തപക്ഷ ചതുർത്ഥി വ്രതത്തിന് ഒരോ ഫലം പറയുന്നു. ഇതനുസരിച്ച് 2023 സെപ്തംബർ 19 ചൊവ്വാഴ്ച ഈ വ്രതം അനുഷ്ഠിച്ചാൽ
സർവ്വ ഐശ്വര്യമാണ് ഫലം. ഈ ശുക്ലപക്ഷ ചതുർത്ഥി
വ്രതത്തെ സിദ്ധിവിനായക വ്രതം എന്ന് പറയുന്നു.

അന്യാധീനപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയതെന്തും അത് പണമായാലും വസ്തുവായാലും ബന്ധങ്ങളായാലും ദ്രവ്യങ്ങളായാലും തിരികെ ലഭിക്കാൻ കന്നിമാസത്തിലെ ശുക്ലപക്ഷ ചതുർത്ഥി ദിവസം ഗണപതിപൂജ നടത്തുന്നത് ഉത്തമമാണ്. ഈ വ്രതത്തിന്റെ ഫലസിദ്ധി സംബന്ധിച്ച് ഒരു ഐതിഹ്യമുണ്ട് : ചൂതുകളിയിൽ പരാജയപ്പെട്ട നളൻ എന്ന രാജാവ് പത്‌നി ദമയന്തിയോടൊത്ത് വനത്തിൽ താമസം തുടങ്ങി. ശരഭംഗൻ എന്ന മുനിയുടെ നിർദ്ദേശം സ്വീകരിച്ച് നളപത്‌നി ദമയന്തി അവിടെവച്ച് കന്നിയിലെ ചതുർത്ഥിദിനത്തിൽ ഗണപതിയെ പൂജിച്ചു. അതിന്റെ ഫലമായി നളൻ ശത്രുക്കളെ ജയിച്ച് രാജ്യം വീണ്ടെടുത്തു. അന്ന് വ്രതം നോൽക്കാൻ കഴിയാത്തവർ ക്ഷേത്രദർശനം നടത്തി വഴിപാടുകൾ നടത്തി പ്രാർത്ഥിക്കണം. ചതുർത്ഥിനാളിൽ ഗണപതി ഭഗവാനെ ആരാധിച്ചാൽ ദുഷ്കരമായ കാര്യങ്ങൾ പോലും സാധിക്കും എന്നാണ് അനുഭവം. ഈ ദിവസങ്ങളിൽ ഗണപതി ക്ഷേത്രത്തിൽ
ഗണപതിഹോമം നടത്തി അപ്പം, അട, മോദകം തുടങ്ങിയ നിവേദ്യങ്ങൾ അർപ്പിച്ച് പ്രാർത്ഥിക്കണം. നാളികേരം, കറുക, മുക്കിറ്റി എന്നിവ സമർപ്പിക്കുന്നതും ഗണേശ പ്രീതിക്ക് ഉത്തമമാണ്. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാൻ പ്രയാസമുള്ളവർക്ക് വീട്ടിൽ ഇരുന്ന് ഗണപതി മൂലമന്ത്രജപത്തോടെ ഗണപതിയെ ആരാധിക്കാവുന്നതാണ്. വ്രതനിഷ്ഠയോടെ ഗണപതിയെ പൂജിച്ചാൽ കൂടുതൽ ഫലസിദ്ധിയുണ്ടാകും.

നവഗ്രഹങ്ങളിൽ കേതുവിന്റെ അധിദേവതയാണ് ഗണപതി. ജാതകത്തിൽ കേതുദശയുള്ളവരും കേതു നക്ഷത്രാധിപനായ അശ്വതി, മകം, മൂലം എന്നീ നക്ഷത്രജാതരും ഗണപതിയെ ആരാധിച്ചാൽ ദോഷഫലങ്ങൾ ഒഴിവാകുകയും ഗുണഫലങ്ങൾ ലഭിക്കുകയും ചെയ്യും. കേതു ദശയിലും അപാഹാര സമയത്തും അലച്ചിൽ, മാനസിക സമ്മർദ്ദം, ഭയം, ഉത്കണ്ഠ, മനോവിഷമം മുതലായവ വർദ്ധിക്കാറുണ്ട്. ഈ വിഷമങ്ങളിൽ നിന്ന് മോചനം നേടുവാൻ പതിവായി ഗണേശനെ പൂജിക്കുന്നത് നല്ലതാണ്. ഗ്രഹപ്പിഴയും തടസങ്ങളും കാരണം ബുദ്ധിമുട്ടുന്നവർ എല്ലാ മാസവും ജന്മനക്ഷത്ര ദിവസം ക്ഷേത്രത്തിൽ ഗണപതി ഹോമം നടത്തിയാൽ വേഗം പരിഹാരമുണ്ടാകും. ക്ഷിപ്രഗണപതി ഭാവത്തിലാണ് ഇതിന് ഭഗവാനെ ആരാധിക്കേണ്ടത്. ബാലഗണപതി ഭാവത്തിൽ പൂജിച്ചാൽ അഭീഷ്ടസിദ്ധി ലഭിക്കും. ഒരോ ഭാവത്തിനും ഒരോ ഫലമാണ് ഗണേശപൂജയിൽ വിധിച്ചിട്ടുള്ളത്.

മൂലമന്ത്രം
ഓം ഗം ഗണപതയേ നമഃ

ഗണേശ ഗായത്രി
ഏകദന്തായ വിദ് മഹേ,
വക്രതുണ്ഡായ ധീമഹി
തന്നോ ദന്തി പ്രചോദയാത്

പ്രാർത്ഥനാ മന്ത്രങ്ങൾ
1
ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബൂ ഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വര പാദപങ്കജം
2
ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം

error: Content is protected !!
Exit mobile version