Saturday, 23 Nov 2024

നാരായണീയത്തിന്റെ അത്ഭുത നാൾവഴികൾ;
ആദ്യം മലയാളത്തിലാക്കിയത് ഇരയിമ്മൻ തമ്പി

പ്രതാപ് കിഴക്കേമഠം
വൃശ്ചികം 28: നാരായണീയ ദിനം. മേൽപ്പത്തൂരിന്റെ ഭക്തികാവ്യമായ നാരായണീയ രചനയുടേയും പിന്നീടുണ്ടായ വ്യാഖ്യാനങ്ങളുടേയും നാൾവഴികൾ വേറിട്ടതും അത്ഭുതാവഹവുമാണ്. ദിവസം 10 പദ്യം നിർമ്മിച്ച് 100 ദിവസം കൊണ്ട് 1000 പദ്യങ്ങളിൽ ഭാഗവത കഥകൾ സംഗ്രഹിച്ചു കൊണ്ട് നാരായണീയം രചിക്കാൻ മേൽപ്പത്തൂർ നാരായണ ഭട്ടതിരിയെ പ്രേരിപ്പിച്ചത് കടുത്ത വാതരോഗമായിരുന്നു.

മേൽപ്പത്തൂർ നാരായണ ഭട്ടതിരി

അങ്ങനെ 762 ചിങ്ങം 19 ന് തിരുവോണ നാളിൽ ഗുരുവായൂരപ്പൻ്റെ ശ്രീകോവിലിനഭിമുഖമായിരുന്ന് ചൊല്ലി തുടങ്ങിയ പദ്യങ്ങൾ അനുജൻ മാതൃദത്തൻ ഓലയിൽ പകർത്തി. 762 (AD 1586) വൃശ്ചികം 28 ഞായറാഴ്ച ചോതി നക്ഷത്രവും കൃഷ്ണദ്വാദശിയും ചേർന്ന ശുഭദിനത്തിൽ നാരായണീയമെന്ന സ്തോത്ര രചന പൂർത്തിയായി. പക്ഷേ ആ രചന സാധാരണക്കാരിൽ എത്താൻ 265 വർഷം വേണ്ടിവന്നു. എ ഡി 1851 ൽ രാജകവി ഇരയിമ്മൻ തമ്പി 147 പുറത്തിൽ, സംസ്കൃതം അറിയാത്ത മലയാളികൾക്ക് വേണ്ടി നാരായണീയം മലയാളത്തിൽ സർക്കാർ അച്ചുകൂടത്തിൽ അച്ചടിച്ചതാണ് നാം വായിച്ചറിയുന്ന മലയാളത്തിലെ നാരായണീയത്തിൻ്റെ തുടക്കം. അത്തരമൊരു ശ്രമത്തിന് ഈ രാജകവി മുതിർന്നതും തനിക്ക് പിടിപെട്ട വാതരോഗം കൊണ്ടായിരുന്നു. സ്വഭവനമായ കോട്ടയ്ക്കകത്ത് കിഴക്കേമഠത്തിൽ ഭാര്യയോടും മക്കളോടുമൊപ്പം കഴിഞ്ഞ ആ കവിശ്രേഷ്ഠന് അവസാനകാലത്ത് നാരായണീയം മലയാളത്തിലാക്കാൻ സഹായിച്ചത് അരിപ്പാട്ട് ( ഹരിപ്പാട്) രാമവാരിയരും ജ്യോത്സ്യൻ പപ്പുപിള്ളയുമായിരുന്നു.
പിന്നീട് എത്രയെത്ര വ്യാഖ്യാനങ്ങളാണ് പല കാലങ്ങളിലായി ഈ കാവ്യത്തിനുണ്ടായത്. 1879 ൽ ഗോപാലൻ കേരളവർമ്മൻ തിരുമുൽപ്പാടിൻ്റെ സമഗ്രവും സുഗ്രഹവുമായ വ്യാഖ്യാനമാണ് ആദ്യത്തേത് . 1893 ൽ മഹാകവി കെ. സി.കേശവപിള്ള മുതൽ 2005-ൽ പ്രൊഫ. പന്മന രാമചന്ദ്രൻ നായർ വരെ നാരായണീയത്തിന് വ്യാഖ്യാനങ്ങൾ ചമച്ച മഹാവ്യക്തികളെയും ഈ നാരായണീയ ദിനത്തിൽ സ്മരിക്കുന്നു.

പ്രതാപ് കിഴക്കേമഠം
+91 8075747710

Story Summary: Narayaneeyam, First Malayalam Translation by Irayimman Thambi

error: Content is protected !!
Exit mobile version