Friday, 22 Nov 2024

പഴവങ്ങാടി ഗണപതിക്ക് തേങ്ങയടിച്ചാൽ

തിരുവനന്തപുരത്ത് നഗരഹൃദയത്തിൽ കിഴക്കേകേട്ടയിലാണ് പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം. സെൻട്രൽ റെയിവേ സ്‌റ്റേഷനിൽ നിന്നും അര കിലോമീറ്റർ അകലെ. വിശ്വപ്രസിദ്ധമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് വടക്ക് കിഴക്കാണ്  പ്രസിദ്ധമായ ഈ ഗണപതി ക്ഷേത്രത്തിന്റെ സ്ഥാനം. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട  ഗണപതി സന്നിധികളിൽ ഒന്നാണിത്. കൊട്ടാരക്കര ഗണപതി, അഞ്ചല്‍ ഗണപതി, ഇടപ്പള്ളി ഗണപതി, മധൂര്‍ ഗണപതി എന്നിവയാണ് മറ്റ് പ്രധാന ഗണപതി ക്ഷേത്രങ്ങൾ.  

ഐതിഹ്യം
വേണാടിന്റെ തലസ്ഥാനമായിരുന്നു പത്മനാഭപുരം. അവിടുത്തെ പുഴയിൽ നിന്നും തിരുവിതാംകൂർ പട്ടാളത്തിലെ ഒരു സൈനികന് ഒരു ഗണപതി വിഗ്രഹം കിട്ടി. പട്ടാളക്കാർ അത് ദിവ്യമായി സൂക്ഷിച്ച് എല്ലാവരും ചേർന്ന് ആരാധിച്ചുപോന്നു. അങ്ങനെ ഈ ഗണപതി പട്ടാളക്കാരുടെ പരദേവതാ സമാനനായി. തിരുവിതാംകൂർ പട്ടാളത്തിന്റെ ആസ്ഥാനം പത്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയപ്പോൾ ആ വിഗ്രഹം പഴവങ്ങാടിയിൽ പ്രതിഷ്ഠിച്ചുവെന്നാണ് ഐതിഹ്യം. ശ്രീപത്മനാഭസ്വാമി ക്ഷേത്രവും നഗരത്തിലെ കോട്ടകളും നിർമ്മിച്ച കൂട്ടത്തിൽ പഴവങ്ങാടി കോട്ടയുണ്ടായി. ഇത് നിർമ്മിക്കാൻ പടിഞ്ഞാറു ഭാഗത്തുനിന്ന് കല്ലുകൊണ്ടുവരാൻ കോട്ട വെട്ടിമുറിക്കേണ്ടി വന്നു.  അങ്ങനെയാണ് വെട്ടിമുറിച്ച കോട്ടയെന്ന് അറിയപ്പെട്ടു തുടങ്ങിയതത്രേ. പഴവങ്ങാടിയിൽ ആദ്യം ക്ഷേത്രമൊരുക്കാൻ കല്ലുകൾ എത്തിച്ചത് കിള്ളിയാറ്റിലെ കലൻപാറയിൽ നിന്നായിരുന്നു. തമിഴ്‌നാട്ടിലെ പുരാതന ക്ഷേത്രങ്ങളുടെ മാതൃകയിലായിരുന്നു നിർമ്മാണം. ഇപ്പോഴും ക്ഷേത്രനടത്തിപ്പ് ഇന്ത്യൻ സേനാവിഭാഗത്തിലെ മദ്രാസ് റെജിമെന്റിനാണ്. ശ്രീകോവിലിലുള്ളത് ഗണപതിയുടെ ചെറിയ വിഗ്രഹമാണ്. വലതുകാൽ മടക്കിവച്ച രൂപത്തിലാണ് വിഗ്രഹം. അടുത്ത കാലത്താണ് ക്ഷേത്രത്തിന്റെ നവീകരണം നടന്നത്. കിഴക്കോട്ടു ദർശനമായി വേട്ടയ്‌ക്കൊരു മകൻ , ദുർഗ, നാഗം, രക്ഷസ്‌സ് എന്നീ ഉപദേവന്മാരുടെ സാന്നിദ്ധ്യത്തോടെയാണ് ക്ഷേത്രം.

വഴിപാട്
പഴവങ്ങാടി ഗണപതിക്ക് പ്രധാനവഴിപാട് നാളികേരം ഉടയ്ക്കലാണ്. പതിനായിരക്കണക്കിന് നാളികേരം വിഘ്‌നങ്ങളകറ്റാൻ വിഘ്‌നേശ്വരന് മുന്നിൽ ദിവസവും വീണുടയുന്നു. കൂട്ടുഗണപതിഹോമം, മോദകം, ഉണ്ണിയപ്പം, കറുകമാല, സമർപ്പണം, വടമാല എന്നിവയാണ് ഇവിടുത്തെ മറ്റ്  പ്രധാന വഴിപാടുകൾ.

ഉത്സവം
വിനായകചതുർത്ഥിയാണ്പ്രധാന ആഘോഷം. അപ്പോൾ  ആനപ്പുറത്ത് എഴുന്നള്ളത്തുണ്ടാവും. തമ്പാനൂർ വരെ കുലവാഴയും കുരുത്തോലയും ചാർത്തി വീഥി അലങ്കരിച്ചായിരുന്നു പണ്ട് ആഘോഷമെന്ന് പഴമക്കാർ പറയുന്നു. ചിങ്ങത്തിലെ തിരുവോണം, കന്നിയിലെ ആയില്യം, കാർത്തിക, മകരവിളക്ക്, ശിവരാത്രി ദിവസങ്ങളിൽ പുഷ്പാഭിഷേകവും പ്രത്യേകം നിവേദ്യവുമുണ്ട്. മഹാഗണപതിഹോമം പഞ്ചാമൃതാഭിഷേകം എന്നിവയും നടത്തും. മേടത്തിൽ ലക്ഷാർച്ചന, സഹസ്രകലശാഭിഷേകം എന്നിവയും നടത്തുന്നു.

ആർ.സുരേഷ്

error: Content is protected !!
Exit mobile version