പൂർവ്വജന്മ ഓർമ്മകൾ സ്വപ്നങ്ങളാകും; കൃഷ്ണനെ അമ്പെയ്ത വേടൻ ആരെന്നോ?
എം.നന്ദകുമാർ, റിട്ട. ഐ എ എസ്
പൂർവ്വജന്മത്തിലെ അനുഭവങ്ങൾ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. അമേരിക്കക്കാരനായ പൂർവ ജന്മചികിത്സകൻ വിനാഫ്രെഡ് ബ്ലേക്ക് ലൂക്കാസും ഫിസിഷ്യനായ ഗ്ലാഡിസ് മക്ഗാരിയും ഇന്ത്യൻ എഴുത്തുകാരിയായ മൻതോഷ് ദേവ്ജിസിംഗുമൊക്കെ ഷാജഹാന്റെ പ്രണയസർവ്വസ്വമായിരുന്ന മുംതാസുമായി പൂർവ്വജന്മത്തിൽ ബന്ധപ്പെട്ടിരുന്നു എന്നാണ് പറയുന്നത്. സ്വപ്നദർശനങ്ങളും മുൻജന്മങ്ങളിലേക്ക് മനസിനെ നടത്തിക്കുന്ന റിട്രോഗ്രസീവ് ഹിപ്പ്‌നോസിസുമൊക്കെയാണ് ഇതിന് തെളിവായി അവർ നിരത്തുന്നു. ഷാജഹാന്റെ പുത്രിയായ ജെഹാനാര ഈ ജന്മത്തിൽ വിനാഫ്രെഡ് ആണെന്ന് അവർ വിശ്വസിക്കുന്നു.
ത്രേതായുഗത്തിൽ ശ്രീരാമൻ ഒളിയമ്പ് എയ്ത് കൊന്ന ബാലിയുടെ പുനർജന്മമായ വേടൻ ജരനാണ് ആലിലയിൽ ശയിച്ച ശ്രീകൃഷ്ണന്റെ കാൽവെള്ളയിൽ അമ്പയച്ച് സ്വർഗ്ഗാരോഹണത്തിന് വഴിതെളിച്ചതെന്ന് കഥയുണ്ട്. മനുഷ്യൻ ഒരു ലഘുപ്രപഞ്ചമാണ്. നക്ഷത്രധൂളികളും താരാപഥങ്ങളും നിഹാരികകളും അതിർത്തികളായുള്ള മാനസിക – ആത്മീയതലങ്ങളും സമുദ്രങ്ങളും കായലുകളും നദികളും ഫലപുഷ്ടിയുള്ള താഴ്‌വരകളും പാഴ്‌നിലങ്ങളും പർവ്വതങ്ങളും അതിർത്തികളായുള്ള ഭൗതികതലവും ഈ ലഘുപ്രപഞ്ചത്തിനുണ്ട്. ഇവ തമ്മിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അദ്ധ്യാത്മിക ആന്തരിക തലത്തിലെ പ്രകമ്പനങ്ങൾ അങ്ങനെ ബാഹ്യ – ഭൗതിക തലത്തെയും തിരിച്ചും ബാധിക്കും.
ചിന്തകൾ ശുദ്ധമാകുമ്പോൾ പ്രവൃത്തികളും ശുദ്ധമാകും. ജീവിതം സംശുദ്ധമാകുമ്പോൾ ആന്തരിക ബോധതലത്തിലേക്കും അവിടെ നിന്ന് പുറത്തേക്കുമുള്ള സംവേദനം സ്വപ്നങ്ങളുടെ രൂപത്തിൽ സ്വപ്ന മനസിൽ അനുരണനങ്ങൾ സൃഷ്ടിച്ച് ഭാഷയിലെ സംഭവങ്ങളെക്കുറിച്ചുള്ള മുൻസൂചനകൾ നമുക്ക് ലഭ്യമാക്കും. സ്വപ്നങ്ങൾ അപഗ്രഥിച്ച് സംഭവങ്ങളെക്കുറിച്ചുള്ള നിഗമനങ്ങളിൽ എത്താനുമാകും. ജ്യോതിഷ പ്രകാരം നമ്മൾ കാണുന്ന ഓരോ സ്വപ്നത്തിനും ഗുണവും ദോഷവുമുണ്ട്. സ്വപ്നത്തിൽ നമുക്ക് ഗോചരമാകുന്ന ഓരോ കാഴ്ചയ്ക്കും വ്യത്യസ്ത ഫലങ്ങളാവും ഉണ്ടാവുക. അതിൽ ചിലത് നല്ലതാണ്. ചിലത് നിരുപദ്രവകരമാകും. മറ്റുള്ളവ തികച്ചും അശുഭങ്ങളും. നമ്മൾ പതിവായി കാണുന്ന ചില സ്വപ്നങ്ങളും അതിന്റെ ഗുഢാർത്ഥവും പറയുന്ന പരമ്പരയുടെ മൂന്നാം ഭാഗം:
1
മറ്റൊരാൾ തനിക്ക് വേണ്ടി വിളക്ക് തെളിയിച്ച് തരുന്നത് കണ്ടാൽ ശത്രുനാശവും അതുവഴി ജയവും ഫലം.
2
സ്വന്തം കിടക്ക പുകയില്ലാത്ത കത്തുന്നത് കണ്ടാൽ ഉന്നതമായ സ്ഥാനലബ്ധി ഫലം.
3
സമുദ്രം കടന്ന് യാത്ര ചെയ്തതായി കണ്ടാൽ
അന്തസുള്ള ഉദ്യോഗം, സമീപ ഭാവിയിൽ ലഭിക്കുമെന്ന് ഫലം.
4
സ്വവസതിയുടെ വാതിൽ ജനൽ എന്നിവ കത്തിയെരിയുന്നതായി കണ്ടാൽ വീട്ടിലുള്ളവർക്കോ ഈ ദർശനം ഉണ്ടാകുന്നയാൾക്കോ ഗുരുതരമായ രോഗം ബാധിക്കുകയാണ് ഫലം.
5
കുളിക്കുന്നതായി കണ്ടാൽ ധനലാഭം ഉണ്ടാകും.
6
വെള്ളത്തിലൂടെ യാത്ര ചെയ്യുന്നത് കണ്ടാൽ മനസിൽ വിചാരിക്കുന്ന കാര്യം സാധ്യമാകും.
7
മലിനജലത്തിലൂടെയുള്ള വാഹനയാത്ര കണ്ടാൽ പലവിധരോഗങ്ങളും ആപത്തും ഫലം.
8
ഒരു ജലപ്രവാഹം വന്ന് ഉടൻ വറ്റിപ്പോയതായി കണ്ടാൽ നമ്മെ ബാധിച്ചിരിക്കുന്ന കഷ്ടതകൾ നീങ്ങിപ്പോകും.
9
കടൽത്തിരകളിൽ അകപ്പെട്ടു പോയതായി കണ്ടാൽ അധിക ദുരിതം ഫലം.
10
തല മുങ്ങിപ്പോകുന്ന വിധത്തിൽ ജലത്തിൽ നീന്തുന്നത് കണ്ടാൽ വ്യാപാരികൾക്ക് നഷ്ടം; മറ്റുള്ളവർക്ക് പലവിധ വിപത്തുകൾ, കുടുംബത്തിലുള്ളവർക്ക് ചീത്തപ്പേര് എന്നിവയുണ്ടാകും.
(റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനും പ്രസിദ്ധ പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും മഹാ പണ്ഡിതനുമായ എം.നന്ദകുമാർ തിരുവനന്തപുരം വട്ടിയൂർക്കാവ് അറപ്പുര ഗാർഡൻസിൽ പ്രണവത്തിൽ താമസിക്കുന്നു.
മൊബൈൽ : 91 94 97836666
വെബ് സൈറ്റ്: www.mnandakumar.com )