Saturday, 23 Nov 2024

പൊങ്കാലയിടാൻ ആറ്റുകാൽ അമ്മയുടെ അനുമതി വാങ്ങണം

ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ്‌ ഗിന്നസ് ബുക്കിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം അറിയപ്പെടുന്നത്. കുംഭമാസത്തിൽ നടക്കുന്ന ഈ ഉത്സവത്തിന്റെ ഒമ്പതാം ദിവസമാണ്‌ പൊങ്കാല സമർപ്പണം നടക്കുന്നത്. ഇത്തവണ ഇത് മാർച്ച് 7 ചൊവ്വാഴ്ചയാണ്. ആറ്റുകാല്‍ പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ട കാര്യങ്ങൾ കരുണാമയിയായ ദേവി സാധിച്ച് തരും എന്ന വിശ്വാസമാണ് പൊങ്കാലയിലേക്ക് ഇത്രയധികം സ്ത്രീകളെ ആകർഷിക്കുന്നത്. അമൃതവർഷിണിയായ മാതൃദൈവമാണ് ആറ്റുകാലമ്മ. ഉള്ളുരുകി പ്രാർഥിക്കുന്നവർക്ക് ഇഷ്ടവരദായിനി. എല്ലാം സഹിക്കുന്ന മാതാവിന് തുല്യം. മക്കൾക്ക് മാപ്പ്‌ നൽകി സ്നേഹം പകരുന്ന അമ്മ. മന്ത്രവും തന്ത്രവും അറിയാത്ത മനസ്സുകൾക്ക് കണ്ണീരിലും മൗനത്തിലും തെളിയുന്ന മഹാമായ. അമ്മയ്ക്ക്‌ മുന്നിൽ ഭക്തർ വരത്തിനായി കാത്തുനിൽക്കുന്നു. അത് കൊണ്ടാണ് ആറ്റുകാൽ സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത്.

കണ്ണകിയുടെ പാതിവ്രത്യ ശക്തി

തമിഴിലെ മഹാകാവ്യമായ ചിലപ്പതികാരത്തിലെ കഥയുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ആറ്റുകാൽ ഭഗവതിക്ഷേത്രത്തിനും പൊങ്കാലയ്ക്കുമുള്ളത്. കാവേരിപ്പൂമ്പട്ടണത്തിലെ ധനികനായ ഒരു പ്രമാണിയുടെ മകളായിരുന്നു കണ്ണകി. വിവാഹപ്രായമായപ്പോള്‍ ധാരാളം സമ്പത്ത് നല്കി അവളെ കോവലന് വിവാഹം ചെയ്തു കൊടുത്തു. അതിനു ശേഷം മാധവി എന്ന നര്‍ത്തകിയിൽ ഭ്രമിച്ച കോവലന്‍ സമ്പത്ത് മുഴുവന്‍ അവള്‍ക്ക് അടിയറ വച്ചു. സമ്പത്ത് തീര്‍ന്നപ്പോള്‍ കോവലന്‍ തെരുവിലേക്കെറിയപ്പെട്ടു. തെറ്റ് തിരിച്ചറിഞ്ഞ അയാൾ കണ്ണകിയുടെ അടുത്ത് തിരികെ എത്തി. കണ്ണകി അയാളെ സ്വീകരിച്ച് ഒരു പുതിയ ജീവിതത്തിന് തുടക്കമിട്ടു.

എന്നാല്‍ സമ്പാദ്യമെല്ലാം തീര്‍ന്ന കോവലന്‍ പണത്തിനുവേണ്ടി പവിഴം നിറച്ച കണ്ണകിയുടെ ചിലമ്പ് വില്‍ക്കാൻ തീരുമാനിച്ചു. ഇതിനായി അവർ മധുരയിലെത്തി. ആയിടക്ക് പാണ്ഡ്യരാജ്ഞിയുടെ മുത്തുകള്‍ നിറച്ച ഒരു ചിലമ്പ് കൊട്ടാരത്തില്‍ നിന്നു മോഷണം പോയി. കൊട്ടാരം തട്ടാനാണ് മോഷ്ടിച്ചത്. ചിലമ്പ് വില്‍ക്കാനായി കോവലന്‍ എത്തിയത് ഈ തട്ടാന്റെ അടുത്താണ്. അവസരം മുതലാക്കി തട്ടാൻ, കോവലനാണ് ചിലമ്പ് മോഷ്ടിച്ചതെന്ന് പാണ്ഡ്യ രാജാവിനെ അറിയിച്ചു. പട്ടാളക്കാർ കോവലനെ പിടിച്ച് രാജസദസ്സില്‍ എത്തിച്ചു. കോവലന് തന്റെ കൈയ്യിലുള്ളത് കണ്ണകിയുടെ ചിലമ്പാണെന്നും അതിൽ പവിഴങ്ങളാണെന്നും തെളിയിക്കാനായില്ല. രാജാവ് കോവലനെ ചെയ്യാത്ത മോഷണക്കുറ്റത്തിന് വധിച്ചു. വിവരമറിഞ്ഞ് അലമുറയിട്ട് രാജസദസ്സിലെത്തിയ കണ്ണകി തന്റെ ചിലമ്പ് പിടിച്ചുവാങ്ങി എറിഞ്ഞുടച്ചു. അതില്‍നിന്ന് ചിതറിയ പവിഴങ്ങള്‍ കണ്ട് തെറ്റ് മനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്തപിച്ച് ചങ്കുപൊട്ടി മരിച്ചു.

പക്ഷേ പ്രതികാരമടങ്ങാത്ത കണ്ണകി തന്റെ ഒരു മുല പറിച്ച് മധുരാനഗരത്തിന് നേരെ എറിഞ്ഞ് നഗരം വെന്തുപോകട്ടെ എന്ന് ശപിച്ചു. കണ്ണകിയുടെ പാതിവ്രത്യത്തിന്റെ ശക്തിയാല്‍ അഗ്‌നിജ്വാലകള്‍ മധുരാനഗരം ചുട്ടെരിച്ചു. തുടര്‍ന്ന് കണ്ണകി മധുരാനഗരം ഉപേക്ഷിച്ചു. പാതിവ്രത്യത്തിന്റെ പ്രതീകമായ കണ്ണകിയുടെ അവതാരമാണ്‌ ആറ്റുകാല്‍ ഭഗവതിയെന്നും മധുരാദഹന ശേഷം കൊടുങ്ങല്ലൂരിലേയ്ക്കുള്ള യാത്രാമദ്ധ്യേ കണ്ണകി ആറ്റുകാൽ തങ്ങിയെന്നും ഐതിഹ്യം.

കണ്ണകി ബാലികാരൂപത്തില്‍

ആറ്റുകാല്‍ പ്രദേശത്ത് അതിപുരാതനമായ നായര്‍ ഭവനങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് ഒരു ഭഗവതിക്കാവുണ്ടായിരുന്നു. അവിടെ ചാമുണ്ഡി, നാഗര്‍, മാടന്‍ തമ്പുരാന്‍ എന്നിവരെ കുടിയിരുത്തി ആരാധിച്ചു വന്നു. ഈ പ്രദേശത്തെ പ്രശസ്തമായ ഒരു നായര്‍ തറവാടായിരുന്നു ചെറുകര വലിയ വീട്. രാജഭക്തിക്കു പേരുകേട്ട ചെറുകര വലിയ വീട് മൂന്നു ശാഖകളായി പിരിഞ്ഞു. ചെറുകര വലിയ കിഴക്കത്, ചെറുകര കൊച്ചു കിഴക്കത്, മുല്ലവീട്. ഇപ്പോള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നതിന്‍റെ തൊട്ടുപടിഞ്ഞാറു വശത്തായിരുന്നു അറയും നിരയുമുള്ള പഴയ നാലുകെട്ടായ മുല്ലവീട്.

മുല്ലവീട്ടിലെ കാരണവര്‍ പരമഭക്തനും ദേവീ ഉപാസകനുമായിരുന്നു. ഒരു ഇടവപ്പാതിക്കാലത്ത് കിളളിയാറ്റില്‍ കുളിക്കുമ്പോള്‍ ആറിന് അക്കരെ മധുരാനഗരം ഉപേക്ഷിച്ച കണ്ണകി ബാലികാരൂപത്തില്‍ കാരണവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. “എന്നെ അക്കരെ കടത്തി വിടാമോ” എന്ന് കുട്ടി ചോദിച്ചു. കാരണവര്‍ കുട്ടിയെ ഇക്കരെയാക്കി സ്വഭവനത്തില്‍ കൊണ്ടുപോയി ഭക്ഷണം കൊടുക്കാന്‍ നിശ്ചയിച്ചു.

ബാലികയുമായി വീട്ടിലെത്തി, ഭക്ഷണവുമായി കാരണവരെത്തിയപ്പോള്‍ ബാലികയെ കാണാനില്ല. അസ്വസ്ഥമായ മനസ്സോടെ രാത്രി ഉറങ്ങാന്‍ കിടന്ന കാരണവര്‍ക്ക് മുമ്പില്‍ ദേവീരൂപം ധരിച്ച് ബാലിക പ്രത്യക്ഷയായി. ദേവി നിര്‍ദ്ദേശിച്ച സ്ഥലത്ത് ഭഗവതിയെ ആവാഹിച്ച് പ്രതിഷ്ഠിച്ചു. ഓലമേഞ്ഞ ഒരു ശ്രീകോവിലും പണിയിച്ചു. ഒരു മഴക്കാലത്ത് കൊടുങ്കാറ്റില്‍ മരം കടപുഴകി വീണ് ക്ഷേത്രം തകര്‍ന്നു. പിന്നീട് കൊല്ലവര്‍ഷം 1012-ല്‍ ക്ഷേത്രം പുതുക്കിപ്പണിതു. വരിക്കപ്ലാവിന്‍റെ തടികൊണ്ട് ചതുര്‍ബാഹുവായ ദേവീവിഗ്രഹം പണി കഴിപ്പിച്ചു. കൈകളില്‍ വാള്‍, ശൂലം, പരിച, കങ്കാളം എന്നിവ ധരിച്ചാണ് ദേവീരൂപം കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത്. ഇത് ശ്രീപാർവ്വതിയുടെ അവതാരമായ കണ്ണകിയാണെന്നാണ് വിശ്വാസം. ക്ഷേത്രത്തില്‍ ഉത്സവകാലങ്ങളില്‍ പാടിവരുന്ന തോറ്റംപാട്ട്‌ കണ്ണകി ചരിതത്തെ ആസ്പദമാക്കിയാണ്‌. ക്ഷേത്രഗോപുരങ്ങളില്‍ കൊത്തിയിട്ടുള്ള ശില്‍പങ്ങളില്‍ കണ്ണകി ചരിതത്തിലെ ദൃശ്യങ്ങളും ഉള്‍പ്പെടുന്നു.

ആറ്റുകാല്‍ ക്ഷേത്രം

കേരളം കണ്ട യതിവര്യന്‍ന്മാരില്‍ അഗ്രഗണ്യനായ വിദ്യാധിരാജാ ചട്ടമ്പിസ്വാമികള്‍, തന്റെ വിഹാരരംഗമായി ഈ ക്ഷേത്രവും പരിസരവും സ്വീകരിച്ചിരുന്നതായി ചരിത്രം പറയുന്നു. ഇവിടത്തെ ശില്പ സൗന്ദര്യം മലയാളത്തിന്റെയും തമിഴകത്തിന്റെയും ശില്പ സൗകുമാര്യത്തിന്റെ സമ്മേളനമാണ്‌. ഗോപുര മുഖപ്പില്‍ പ്രതിഷ്ഠിതമായ മഹിഷാസുരമര്‍ദ്ദിനി, മുഖമണ്ഡപത്തില്‍ കാണുന്ന വേതാളാരുഢയായ ദേവി, രാജഗോപുരത്തിന്റെ അകത്തെ ചുമരുകളില്‍ കാളീരൂപങ്ങള്‍, ദക്ഷിണ ഗോപുരത്തിന്‌ അകത്ത്‌ വീരഭദ്രരൂപങ്ങള്‍, അന്ന പ്രാശത്തിനും തുലാഭാരത്തിനും ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ക്ക്‌ മുകളിലായി കാണപ്പെടുന്ന രാജരാജേശ്വരി , ശ്രീ പാര്‍വതി സമേതനായി പരമശിവന്‍, തെക്കേ ഗോപുരത്തിന്‌ മുകളില്‍ കൊത്തിയിട്ടുള്ള മഹേശ്വരി മുതലായ ശില്പങ്ങള്‍ ശ്രദ്ധേയമാണ്‌.

വടക്കോട്ട്‌ ദര്‍ശനമേകി ഭഗവതി

ശ്രീകോവിലില്‍ പ്രധാന ദേവി സൗമ്യഭാവത്തില്‍ വടക്കോട്ട്‌ ദര്‍ശനമേകുന്നു. ഭഗവതിയുടെ രണ്ട്‌ വിഗ്രഹങ്ങളുണ്ട്‌ – മൂലവിഗ്രഹവും, അഭിഷേക വിഗ്രഹവും. പുരാതനമായ മൂലവിഗ്രഹം രത്നങ്ങള്‍ പതിച്ച സ്വര്‍ണ അങ്കികൊണ്ട്‌ ആവരണം ചെയ്തിരിക്കുന്നു. മൂലവിഗ്രഹത്തിന്‌ ചുവട്ടിൽ അഭിഷേക വിഗ്രഹവും ഭക്തർക്ക് കാണാന്‍ കഴിയും. ചുറ്റമ്പലത്തിന്‌ അകത്തായി വടക്ക്‌ കിഴക്ക്‌ പരമശിവനും തെക്ക്‌ പടിഞ്ഞാറ്‌ ഗണപതിയും, മാടന്‍ തമ്പുരാന്‍, നാഗര്‍ എന്നീ ഉപദേവന്മാരും ഉണ്ട്‌.

ഒൻപത് ദിവസം വ്രതം

ചില സ്ത്രീകള്‍ പൊങ്കാല വ്രതം ഉത്സവത്തിന് കാപ്പുകെട്ടുന്നതോടെ ആചരിച്ചു തുടങ്ങും. പൊങ്കാലയ്ക്ക് ഏറ്റവും കുറഞ്ഞത് ഒരു ദിവസമെങ്കിലും വ്രതം നോൽക്കണം. ദിവസവും രണ്ടുനേരം കുളിച്ച്, മത്സ്യം, മുട്ട, മാംസം എന്നിവ വെടിഞ്ഞ് സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വ്രതം എടുക്കണം. പൊങ്കാലയുടെ തലേന്ന് ഒരിക്കൽ മാത്രമേ അരി ആഹാരം കഴിക്കാവൂ. പൊങ്കാലയ്ക്ക് മുൻപ് ക്ഷേത്രദർശനം നടത്തണം. കാരണം പൊങ്കാല ഇടാൻ ആറ്റുകാൽ അമ്മയോട് അനുവാദം ചോദിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.

മണ്‍പാത്രം പുതിയത് വേണം

പൊങ്കാലയ്ക്ക്‌ ഉപയോഗിക്കുന്ന മണ്‍പാത്രം, തവ, പാത്രങ്ങള്‍ എന്നിവ പുതിയത്‌ ഉപയോഗിക്കുന്നത്‌ നന്നായിരിക്കും. അതുപോല ധരിക്കുന്ന വസ്ത്രവും കോടിയായാൽ നല്ലത്. പൊങ്കാല അടുപ്പിന് സമീപം ഗണപതിക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയിൽ അവിൽ, മലർ, വെറ്റില, പാക്ക്, പഴം, ശർക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ വയ്ക്കണം.

ക്ഷേത്രത്തിനു മുൻപിലുള്ള പണ്ടാര അടുപ്പിൽ രാവിലെ 10.30 ന് അഗ്നി പകർന്നതിനു ശേഷമേ മറ്റുള്ള അടുപ്പുകളിൽ തീ കൊളുത്താൻ പാടുള്ളൂ. പൊങ്കാല അടുപ്പിൽ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്. പൊങ്കാലയിൽ സാധാരണ വെള്ള ചോറ്, വെള്ളപായസം, ശർക്കര പായസം എന്നിവയും തെരളി, മണ്ടപ്പുട്ട് മുതലായവ നിവേദ്യം തയ്യാറായതിന് ശേഷം ഉണ്ടാക്കാം. അതിനു ശേഷം ഉച്ചയ്ക്ക് 2.30 ന് ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.

ജ്യോതിഷാചാര്യൻ വേണു മഹാദേവ്

  • 91 9847475559
    Story Summary: Attukal Pongala 2023
    Tags
error: Content is protected !!
Exit mobile version