Friday, 22 Nov 2024

പ്രദോഷം, അമാവാസി, അക്ഷയ തൃതീയ; ഈ ആഴ്ചത്തെ നക്ഷത്രഫലം

( 2024 മേയ് 5 -11 )
ജ്യോതിഷരത്നം വേണു മഹാദേവ്

2024 മേയ് 5 ന് മീനക്കൂറിൽ ഉത്തൃട്ടാതി നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ
കൃഷ്ണപക്ഷ പ്രദോഷം, മേടമാസത്തിലെ അമാവാസി, ചട്ടമ്പിസ്വാമി സമാധി, വിഷ്ണു പ്രീതിക്ക് ഉത്തമമായ വൈശാഖ മാസാരംഭം, പരശുരാമ അവതാരം, ബലരാമ അവതാരം, അക്ഷയ തൃതീയ എന്നിവയാണ്. മേയ് 5 ന് ഞായറാഴ്ചയാണ് ശിവശക്തി പ്രീതി നേടാൻ ഉത്തമമായ മേടത്തിലെ കറുത്തപക്ഷ പ്രദോഷം. മേയ് 8 നാണ് പിതൃപ്രീതി കർമ്മങ്ങൾ അനുഷ്ഠിക്കാനും ഭദ്രകാളി, അഘോരശിവൻ, പ്രത്യുംഗിരാ ദേവി, നരസിംഹ മൂർത്തി വനദുര്‍ഗ്ഗാ, രക്തേശ്വരി, രക്തചാമുണ്ഡീ, ബഹളാമുഖി, ഹനുമാന്‍ സ്വാമി, ശനി, നാഗങ്ങള്‍ എന്നീ മൂര്‍ത്തികളെ ഉപാസിക്കുന്നതിനും ഉത്തമമായ അമാവാസി. മേയ് 8 ന് തന്നെയാണ് കേരളത്തിന്റെ ആത്മീയാചാര്യന്മാരിൽ പ്രമുഖനായ ചട്ടമ്പി സ്വാമികളുടെ മഹാസമാധി ദിന ആചരണവും. മേയ് 9 നാണ് വൈശാഖ മാസാരംഭം. അക്ഷയ തൃതീയയും പരശുരാമ ജയന്തിയും ബലരാമ അവതാരവും മേയ് 10 നാണ്. കൊടുക്കുന്നതെന്തും ഇരട്ടിയായി തിരിച്ചു കിട്ടുന്ന മേടമാസത്തിലെ പുണ്യ ദിനമാണ് അക്ഷയതൃതീയ. വെളുത്തപക്ഷത്തിലെ മൂന്നാമത്തെ തിഥി വരുന്ന ഈ ദിവസം ക്ഷയിക്കാത്ത പുണ്യം പ്രദാനം ചെയ്യുന്നു. ദാനധർമ്മാദികൾക്ക് ശ്രേഷ്ഠമാണ് ഈ ദിനം. മേയ് 11 ന് മിഥുനക്കൂറിൽ തിരുവാതിര നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
ആരോഗ്യം നന്നായി ശ്രദ്ധിക്കണം. പുതിയ ചുമതലകൾ ഏറ്റെടുക്കും. ആത്മവിശ്വാസവും ഇച്ഛാശക്തിയും വർദ്ധിക്കും. പ്രവർത്തി ദോഷം കാരണം വിഷമിക്കും. ജീവിതത്തിൽ സുഖ സൗകര്യങ്ങൾ മെച്ചപ്പെടുത്തും. അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്നും ധനസഹായങ്ങൾ ലഭിക്കും. ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ഒരു കുടുംബാംഗം കാരണം ടെൻഷൻ വർദ്ധിക്കും. തർക്കത്തിനും കലഹത്തിനും നിൽക്കാതെ നിയന്ത്രണം പാലിക്കണം. നിത്യവും ഓം ദുർഗ്ഗായൈ നമഃ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
ബന്ധുഗുണം വർദ്ധിക്കും. ധനപരമായ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. കർമ്മരംഗത്ത് നന്നായി ശോഭിക്കും. കുടുംബപരമായ ചുമതലകൾ നിറവേറ്റാൻ കഴിയും. കുടംബസ്വത്ത് ലഭിക്കും. വ്യാപാരത്തിലും കൃഷിയിലും നിന്ന് വരുമാനം വർദ്ധിക്കും. മക്കളുടെ നേട്ടത്തിൽ സന്തോഷിക്കും. ചെറിയ അസുഖങ്ങൾ യഥാസമയം ചികിത്സിക്കാതെ വഷളാക്കരുത്. സന്താനങ്ങളുടെ ആവശ്യങ്ങൾക്കായി കുറച്ച് പണം ചെലവഴിക്കേണ്ടി വരും. ജോലിഭാരം കുറയും വാഹനം മാറ്റി വാങ്ങാൻ തീരുമാനിക്കും. ഓം വചത്ഭുവേ നമഃ എന്നും ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ഔദ്യോഗികരംഗത്ത് നേട്ടങ്ങളുണ്ടാക്കും. സമൂലമായ മാറ്റത്തിന് ശ്രമിക്കും. സർക്കാർ തലത്തിൽ ബഹുമതി,
അംഗീകാരം ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. സഹായം അഭ്യർത്ഥിക്കുന്നവരെ നിരാശപ്പെടുത്തില്ല. ധനലാഭം
കാണുന്നു. വായ്പ തിരിച്ചടയ്ക്കാൻ കഴിയും. സമ്പാദ്യം വർദ്ധിക്കും. വിദേശയാത്രാ തടസം മാറും. സ്വന്തം കഴിവും താൽപര്യവും മുൻനിറുത്തി മികച്ച ചില പദ്ധതികൾ നടപ്പിലാക്കും. കുടുംബാംഗങ്ങളുടെ ആവശ്യം അറിഞ്ഞ്
പ്രവർത്തിക്കും. ഭൂമി, വീട് വാങ്ങാൻ തീരുമാനിക്കും. ശാസ്താവിന് ശനിയാഴ്ച നീരാജനം സമർപ്പിക്കണം.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
കുടുംബ പ്രശ്നങ്ങൾ കാരണം ജോലിയിൽ ശ്രദ്ധിക്കാൻ കഴിയില്ല. ആകാരണമായ ഭയം ശക്തമാകും. ഉദരരോഗം
കാരണം ബുദ്ധിമുട്ടുകളുണ്ടാകും. കർമ്മരംഗത്ത് ചില ശ്രമങ്ങൾ വിജയം വരിക്കും. ശത്രുക്കൾ മിത്രങ്ങളാകും. പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും. സന്തോഷവും സംതൃപ്തിയും അനുഭവിക്കും. പങ്കാളിയിൽ നിന്ന്
ഗുണാനുഭവങ്ങൾ വദ്ധിക്കും. ചിലരെ ഒറ്റപ്പെടൽ വിഷമിപ്പിക്കും. ക്ഷീണവും നിരാശയും കാരണം ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യപ്പെടും. വിലപിടിപ്പുള്ള ചില വസ്തുക്കൾ നഷ്ടമാകാതെ നോക്കണം. യാത്രയ്ക്ക് തയ്യാറെടുക്കും. നരസിംഹ മൂർത്തിയെ ഭജിക്കണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
മുൻകാല അദ്ധ്വാനത്തിന്റെ ഫലം ലഭിക്കും. പ്രിയപ്പെട്ട ചില വ്യക്തികളുടെ ബുദ്ധിമുട്ടുകളിൽ വ്യസനിക്കും.
വിഷഭയം നേരിടും. കലഹം ഒഴിവാക്കാൻ സംസാരത്തിൽ നിയന്ത്രണം വേണം. ചിരകാല മോഹം സഫലമാകും.
ജീവിതത്തിൽ ചില നല്ല മാറ്റങ്ങളുണ്ടാകും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കും. ആശ്രിതരും സഹായികളും
കാര്യമായി സഹായിക്കും. വെല്ലുവിളികൾ സമർത്ഥമായി തരണം ചെയ്യും. മക്കളുമായുള്ള ബന്ധം മെച്ചപ്പെടും. തെറ്റിദ്ധാരണകൾ തിരുത്തും. ഏറ്റെടുത്ത ചുമതലകൾ തീർക്കും. ദുർഗ്ഗാ പ്രീതിക്ക് കുങ്കുമാർച്ചന നടത്തണം.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2 )
സാമ്പത്തിക കാര്യങ്ങളിൽ വൻ നേട്ടം കൈവരിക്കും. പണച്ചെലവ് നിയന്ത്രിക്കണം. കണ്ണിൽ കാണുന്നതെല്ലാം
വാങ്ങിക്കൂട്ടരുത്. കുടുംബവുമൊത്ത് കൂടുതൽ സമയം ചെലവിടും. വിരുന്ന് സൽക്കാരത്തിൽ പങ്കെടുക്കും.
ഭക്ഷണസുഖം, ശയനസുഖം എന്നിവയുണ്ടാകും. ഭൂമി വാങ്ങും. ജോലിക്കാര്യത്തിൽ നിർണ്ണായക തീരുമാനം എടുക്കും. സഹപ്രവർത്തകരുടെ സഹകരണം, പ്രശംസ നേടാൻ കഴിയും. വാക്കുപാലിക്കാൻ കഴിയും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. മഹാവിഷ്ണുവിന്റെ പ്രീതി നേടാൻ നിത്യവും ഓം നമോ നാരായണായ ജപിക്കണം.

തുലാക്കൂറ്
( ചിത്തിര 3, 4 ചോതി, വിശാഖം 1, 2, 3 )
വരുമാനം വലിയ തോതിൽ വർദ്ധിക്കും. പഴയൊരു കരാർ ബിസിനസിൽ നേട്ടമാകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. ശുഭ ചിന്തകൾക്ക് പ്രാധാന്യം നൽകണം. കർമ്മരംഗത്ത് കൂടുതൽ ശ്രദ്ധിക്കപ്പെടും. ശത്രുക്കൾ നിഷ്പ്രഭരാകും. ജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാടിൽ സമൂലമായ മാറ്റങ്ങളുണ്ടാകും. ഒറ്റപ്പെടൽ ബുദ്ധിമുട്ടിക്കും. വിവാഹാലോചനയിൽ പുരോഗതി. മത്സരങ്ങളിൽ ജയം. പ്രിയപ്പെട്ടവരുടെ മനസറിഞ്ഞ് പ്രവർത്തിക്കും. വാഹനം മാറ്റി വാങ്ങും. എന്നും ഓം ദും ദുർഗ്ഗായ നമഃ ജപിക്കണം.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
സാമ്പത്തിക കാര്യങ്ങളിൽ ഒരോ ചുവടും കരുതലോടെ മുന്നോട്ടു വയ്ക്കണം. മുൻകാല നിക്ഷേപങ്ങളിൽ നിന്നും മികച്ച ആദായം ലഭിക്കും. മറ്റുള്ളവരുടെ അനാവശ്യമായ ആവശ്യങ്ങൾ നിറവേറ്റി ധനനഷ്ടം നേരിടും. വാതരോഗം,
ബുദ്ധിമുട്ടിക്കും. കുടുംബാംഗത്തിന്റെ സഹായത്താൽ കൂടുതൽ വരുമാനം ഉണ്ടാക്കും. ഔദ്യോഗിക കാര്യങ്ങൾ
തടസ്സപ്പെടും. ബിസിനസ് പങ്കാളിയുമായുള്ള ഭിന്നതകൾ പരിഹരിക്കണം. ബന്ധുമിത്രാദികളുടെ തെറ്റിദ്ധാരണകൾ തീർക്കും. ഓം ഭദ്രകാള്യൈ നമഃ നിത്യവും ജപിക്കണം.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ സാധിക്കും. മാനസിക സമ്മർദ്ദം, ഉത്കണ്ഠ എന്നിവ ഒഴിയില്ല. സാഹസിക
കൃത്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. ജലക്രീഡകൾ അപകടകരമാകാം. ചില ബന്ധുക്കൾ ശത്രുക്കളെപ്പോലെ
പെരുമാറും. വീഴ്ചയിൽ പരിക്ക് പറ്റാതെ ശ്രദ്ധിക്കണം. കുടുംബപരമായ ബാധ്യതകൾ കാരണം ചെലവ് കൂടും. ദീർഘകാല നിക്ഷേപത്തിൽ നിന്നും വരുമാനം ലഭിക്കും. ഉന്നത ഉദ്യോഗസ്ഥരുടെ അനുമോദനം, സഹായം എന്നിവ ലഭിക്കും. അപ്രതീക്ഷിതമായി വളരെ പഴയ ചങ്ങാതിയെ കാണും. സർക്കാറിൽ നിന്ന് നഷ്ടപരിഹാരത്തുക ലഭിക്കും. നിത്യവും ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1,2)
കർമ്മരംഗത്ത് വിജയം വരിക്കും. സാമ്പത്തികമായി മികച്ച നേട്ടങ്ങൾ കൈവരിക്കും. സുഖകരമായ ചില അനുഭവങ്ങൾ , വസ്ത്ര ലാഭം എന്നിവയുണ്ടാകും. യാത്ര ആസ്വദിക്കും. ഏറെക്കാലമായി അലട്ടുന്ന പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടും. വീട്ടിൽ സന്തോഷവും ശാന്തിയും നിലനിൽക്കും. കുടുംബാംഗങ്ങളുടെ സഹായം ലഭിക്കും. സഹോദരങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ വിഷമിപ്പിക്കും. വ്യക്തിജീവിതത്തിലെ കയറ്റിറക്കങ്ങൾ ബുദ്ധിമുട്ടിക്കും. ഏറ്റെടുത്ത ചുമതലകൾ കൃത്യമായി പൂർത്തിയാക്കാൻ ശ്രമിക്കും. ശിവപ്രീതിക്ക് തിങ്കളാഴ്ച ജലധാര നടത്തുക.

കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
കാരുണ്യ പ്രവർത്തനം വഴി മറ്റുള്ളവരുടെ മനസിൽ ഇടം നേടും. ബിസിനസ് സംരംഭങ്ങളിൽ നിന്നും മികച്ച ലാഭം പ്രതീക്ഷിക്കാം. കർമ്മരംഗത്ത് തടസ്സങ്ങൾ നേരിടും. അപകീർത്തിക്ക് സാധ്യതയുണ്ട്. ദ്രവ്യനാശം ഉണ്ടാകും.
സമയത്തിന്റെ വിലയറിഞ്ഞ് ജീവിക്കണം. ആരോഗ്യം സൂക്ഷിക്കണം. സാമൂഹ്യ മാധ്യമങ്ങൾ ബിസിനസ് രംഗത്ത് വിജയം വരിക്കാൻ സഹായിക്കും. വിദേശ പഠനത്തിന് അവസരം ലഭിക്കും. പുതിയ കാഴ്ചപ്പാട് നടപ്പിലാക്കാൻ കഴിയും. സുഖസൗകര്യങ്ങൾക്ക് കൂടുതൽ പണം മുടക്കും. നിത്യവും ഓം ഹം ഹനുമതേ നമഃ 108 തവണ ജപിക്കണം.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
സുഖഭോഗങ്ങൾ ആസ്വദിക്കും. വരുമാനം വർദ്ധിക്കും. ഗൃഹത്തിൽ അറ്റകുറ്റപ്പണി പുനരാരംഭിക്കാൻ കഴിയും.
വസ്ത്രാഭരണ ലാഭം, വിദേശയാത്രാ ഭാഗ്യം എന്നിവയ്ക്ക് സാധ്യതയുണ്ട്. ഉന്നതരുമായുള്ള ബന്ധം ഗുണകരമാകും. കോടതി വ്യവഹാരം, പൊലീസ് കേസ് അനുകൂലമാകും. മാനസികസമ്മർദം കുറയും. ജീവിത പങ്കാളി കാരണം നേട്ടങ്ങളുണ്ടാകും. പ്രതീക്ഷകൾ സഫലമാകും. ചില സമയത്തെ പെരുമാറ്റം മറ്റുള്ളവരിൽ ആശയക്കുഴപ്പം സൃഷ്ടിക്കും. ജോലിയിൽ ശ്രദ്ധ പുലർത്താൻ തടസ്സങ്ങൾ നേരിടും. നിത്യവും ഓം നമഃ ശിവായ 108 ഉരു ജപിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559


Summary: Predictions: This week for you

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version