പ്രദോഷം നോറ്റ് ശങ്കരധ്യാന പ്രകാരം ജപിച്ചാൽ ദുരിതശമനം
ജ്യോതിഷരത്നം വേണു മഹാദേവ്
ശ്രീമഹാദേവന്റെ അനുഗ്രഹം നേടാൻ ധാരാളം വ്രതാനുഷ്ഠാനങ്ങൾ ഉണ്ടെങ്കിലും അതി ലളിതമായി ആചരിക്കാവുന്നത് പ്രദോഷമാണ്. ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. കറുത്തപക്ഷത്തിലെയും വെളുത്തപക്ഷത്തിലെയും രണ്ടു പ്രദോഷവും ഭക്തർ അനുഷ്ഠിക്കാറുണ്ട്. പക്ഷേ കറുത്തപക്ഷ പ്രദോഷം ആണ് കൂടുതൽ വിശേഷം. സാധാരണ പ്രദോഷം മാസത്തില്‍ രണ്ടെണ്ണമാണ്.
ശിവ പാർവ്വതി പ്രീതിക്ക് ഏറ്റവും ഉത്തമമായ പ്രദോഷവ്രതം പൂർണ്ണ ഭക്തിയോടെ എടുത്താൽ സർവ്വപാപവും നശിക്കും. ദാരിദ്ര്യദുഃഖം ശമിക്കും. ആയുരാരോഗ്യം, സൽകീർത്തി, കുടുംബ സൗഖ്യം, വിവാഹലബ്ധി, സന്താനസൗഭാഗ്യം തുടങ്ങി എല്ലാ ഐശ്വര്യങ്ങളും കരഗതമാകും. എല്ലാ പ്രദോഷവും ആചരിക്കാം. എങ്കിലും തിങ്കൾ പ്രദോഷത്തിനും, ശനി പ്രദോഷത്തിനുമാണ് കൂടുതൽ വിശേഷം. ത്രയോദശി നാളിലെ പ്രദോഷസന്ധ്യയിൽ കൈലാസത്തില്‍ ശ്രീ മഹാദേവന്‍ ആനത്തോലുടുത്ത് ശ്രീപാർവതിയെ രത്‌നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദനടനം ആടുന്നു എന്നാണ് വിശ്വാസം.
ഈ വേളയില്‍ വാണീഭഗവതി വീണ വായിക്കും.. ബ്രഹ്മാവ് താളം പിടിക്കും. ദേവേന്ദ്രന്‍ പുല്ലാങ്കുഴല്‍ ഊതും. മഹാലക്ഷ്മി ഗീതം ആലപിക്കും. വിഷ്ണു മൃദംഗം വായിക്കും. നന്ദിയും ഭൃംഗിയും നടനം ചെയ്യും. സ്തുതിപാഠകര്‍ സ്തുതിഗീതം ആലപിക്കും. ഗന്ധര്‍വ യക്ഷ കിന്നരന്മാര്‍, അപ്‌സരസുകള്‍ എല്ലാവരും ഭഗവാനെ സേവിച്ചു നില്‍ക്കും. ഇതാണ് പ്രദോഷ സന്ധ്യാ വർണ്ണന. ഈ നേരത്ത് അവിടെ എല്ലാ ദേവീദേവന്മാരുടെയും സാന്നിദ്ധ്യമുണ്ടെന്ന് ചുരുക്കം. അതിനാൽ ശിവ പാർവ്വതിമാർ ഏറ്റവും പ്രസന്നരാകുന്ന ത്രയോദശി പ്രദോഷ സന്ധ്യയില്‍ വ്രതമെടുത്ത് പ്രാര്‍ത്ഥിക്കുന്ന ഭക്തർക്ക് ജഗജ്ജനനിയുടെയും മഹാദേവന്റെയും മാത്രമല്ല മറ്റെല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കും.
സൂര്യാസ്തമയത്തിന് മുൻപും പിൻപുമായി ഒന്നര മണിക്കൂർ വീതമുള്ള 3 മണിക്കൂറാണ് പ്രദോഷ കാലം. ശനിയാഴ്ച വരുന്ന ശനി പ്രദോഷവും തിങ്കൾ പ്രദോഷവുമാണ് ഏറെ പ്രധാനം. വ്രതത്തിന് തലേന്ന് ഒരിക്കല്‍ എടുക്കണം. പ്രദോഷ ദിവസം ഉപവസിക്കണം. അന്ന് രാവിലെയും വൈകിട്ടും കുളിച്ച് ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി മറ്റ് തടസങ്ങൾ ഇല്ലെങ്കിൽ പ്രദോഷ പൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. അതിന് കഴിയുന്നില്ലെങ്കിൽ വ്രതമെടുത്ത് വീട്ടിലിരുന്ന് പഞ്ചാക്ഷരീമന്ത്രം കുറഞ്ഞത് 108 തവണ ജപിക്കണം. ശങ്കരധ്യാന പ്രകാരം, പഞ്ചാക്ഷരീ സ്തോത്രം, ശിവസഹസ്രനാമം, ശിവാഷ്ടകം, ശിവപുരാണം തുടങ്ങിയവയും ചൊല്ലാം. ക്ഷേത്രത്തിൽ പോകാൻ കഴിയുമെങ്കിൽ സന്ധ്യയ്ക്ക് മുൻപ് കുളിച്ച് ദർശനം നടത്തി കരിക്ക് നേദിച്ച് പ്രദോഷപൂജയിൽ പങ്കെടുക്കണം. ദീപാരാധന കഴിഞ്ഞ് ക്ഷേത്രത്തിൽ നിന്നും നിവേദ്യം വാങ്ങി കഴിച്ച് ഉപവാസം നിറുത്താം.
വ്രതം അനുഷ്ഠിക്കുന്നവര്‍ ഫലമൂലാദികൾ ദാനം ചെയ്യുന്നത് നല്ലതാണ്. മാസം തോറും ഒരു പ്രദോഷമെങ്കിലും എടുക്കുന്നതിലൂടെ ദുരിതശമനം ഉറപ്പാണ്.
കിരാത രൂപായ നമഃ ശിവായ
ഓം ഹ്രീം നമ:ശിവായ കിരാത വപുഷേ നമഃ
ശങ്കരധ്യാനപ്രകാരം
ശങ്കരധ്യാന പ്രകാരം ഗ്രഹിക്ക നീ
തിങ്കള്‍ കലാഞ്ചിതം കോടീര ബന്ധനം
ഗംഗാഭുജംഗവും നെറ്റിത്തടം തന്നി
ലംഗജന്മാവിനെച്ചുട്ടോരു നേത്രവും
അര്‍ക്കചന്ദ്രന്മാര്‍ക്കിരിപ്പിടമാകിയ
തൃക്കണ്ണു രണ്ടും തിരുനാസികാഭയും
സ്വര്‍ണ്ണപ്രഭാഭോഗി കുണ്ഡലാലംകൃതം
കര്‍ണ്ണദ്വയം, ചാരുഗണ്ഡഭാഗങ്ങളും
ബിംബാധരോഷ്ഠവും ദന്തരത്‌നങ്ങളും
ബിംബോകലീലാവലോക സ്മിതങ്ങളും
ആനനാം ഭോജവും കാളകൂട പ്രഭാ
മാനിനീയോജ്ജ്വലം കണ്ഠപ്രദേശവും
വക്ഷസ്ഥലോജ്ജ്വലം സര്‍പ്പഹാരം ലോക
രക്ഷാപരങ്ങളാം നാലു തൃക്കൈകളും
മാനും മഴുവും വരദാഭയങ്ങളും
ധ്യാനിക്കിലാനന്ദമേകും സനാതനം
ആലിലക്കൊത്തോരുദരപ്രദേശവും
ചാലവേ രോമാളി കാളികാ ഭംഗിയും
ഭംഗ്യാ പുലിത്തോലുടുത്തോരു ശോഭയും
തുംഗം കടിതടം ഭോഗികാഞ്ചീയുതം
ഊരുദ്വയം ചാരു ജാനുയുഗങ്ങളും
ചേരും കണങ്കാലടിത്താര്‍ വിലാസവും
ശ്രീപാദയുഗ്മേ വിളങ്ങും നഖങ്ങളും
ലോപം വരാതെ മനസ്സിലോര്‍ത്തീടണം
കേശാദി പാദവും പാദാദികേശവും
ഈശാനുരൂപം നിരൂപണം ചെയ്തുടന്‍
അര്‍ച്ചനം തര്‍പ്പണം നാമ സങ്കീര്‍ത്തനം
സച്ചിദാനന്ദ സ്വരൂപ സംഭാവനം
നൃത്തം പ്രദക്ഷിണം സല്‍ക്കഥാവര്‍ണ്ണനം
ഭക്തിപൂര്‍വ്വം ചെയ്തുകൊള്ളുന്നവന്‍ ശിവന്‍
സാലോക്യമെങ്കിലും സാമീപ്യമെങ്കിലും
ത്രൈലോക്യനാഥന്റെ സാരൂപ്യമെങ്കിലും
സായൂജ്യമെങ്കിലും മര്‍ത്ത്യന്‍ നിരൂപിച്ച
തായുരാന്തേ ലഭിച്ചീടുമറിക നീ
പാര്‍വതീദേവിയെക്കൂടെ സ്മരിക്കണം
സര്‍വകാലം മഹാദേവന്റെ സന്നിധൗ
ദന്തിവദനനും താരകാരാതിയും
അന്തികേ മേവുന്ന ദേവവൃന്ദങ്ങളും
ഭൂതഗണങ്ങളും പോറ്റി തന്‍ കൂറ്റനും
ചേതസ്സില്‍ വന്നു വിളങ്ങേണമെപ്പോഴും
സന്തതിസൗഖ്യം വരുത്തേണമീശ്വരാ!
സന്താപമൊക്കെയൊഴിക്കേണമീശ്വര!
ബന്ധുക്കളുണ്ടായ് വരേണമെന്നീശ്വരാ!
ബന്ധമോക്ഷം വരുത്തേണമെന്നീശ്വരാ!
അര്‍ത്ഥസമ്പത്തു വരുത്തേണമീശ്വര!
വ്യര്‍ത്ഥദുശ്ചിന്ത ശമിക്കണമീശ്വര!
കീര്‍ത്തികല്യാണം വരുത്തേണമീശ്വര!
മൂര്‍ത്തിസൗന്ദര്യം ലഭിക്കേണമീശ്വര!
ആര്‍ത്തിക്ഷയം വരുത്തേണമെന്നീശ്വര!
പൂര്‍ത്തികളെല്ലാം വരുത്തേണമീശ്വര!
ഇത്ഥം നിജാഗ്രഹം പ്രാര്‍ത്ഥിച്ചു കൊണ്ടുടന്‍
കൃത്തിവാസസ്സിനെസ്സേവചെയ്താല്‍ ശുഭം
ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559