Thursday, 21 Nov 2024

ഭക്തർക്കും തൃക്കണ്ണ് തുറക്കാം

ശിവൻ ത്രിനേത്രനാണെന്ന് നമുക്കെല്ലാം അറിയാം. സദാസമയവും പൂട്ടിയിരിക്കുന്ന ഈ  മൂന്നാം തൃക്കണ്ണ് ഭഗവാന് ഉണ്ടാകാൻ കാരണമായത്  ശിവപത്നിയാണെന്ന ഐതിഹ്യം മഹാഭാരതത്തിലുണ്ട്.  ഒരു ദിവസം വെറുതെ ഒരു രസത്തിന് ദേവി പതുങ്ങിപ്പതുങ്ങി ഭഗവാന്റെ പിന്നിലെത്തി കണ്ണുപൊത്തി. പ്രപഞ്ചം മുഴുവൻ പൊടുന്നനെഅന്ധകാരത്തിലാണ്ടു. സകല ചരാചരങ്ങളും പേടിച്ചരണ്ടു. ഉടൻ ഭഗവാന്റെ തിരുനെറ്റിയിൽ നിന്നും അതി ഭയങ്കരമായ ഒരു അഗ്നി ജ്വാല പ്രവഹിച്ചു. തീക്ഷ്ണമായ ആ അഗ്നിപാതം ലോകത്തെയാകെ പ്രകാശമാനമാക്കി. പിന്നീട് ഭഗവാൻ തൃക്കണ്ണ് തുറന്നത്  കാമനെ നശിപ്പിക്കാനാണ്. ശിവനെ തപസ്സിൽ നിന്നുണർത്തി സതി ദേവിയുടെ പുനരവതരമായ പാർവതിയുമായി ബന്ധിപ്പിക്കുന്നതിന് ദേവന്മാർക്ക് വേണ്ടി മലരമ്പെയ്ത കാമദേവനെ ഭഗവാൻ തൃക്കണ്ണ് തുറന്ന് ദഹിപ്പിക്കുകയാണുണ്ടായത്.

ഇതിനൊരു പൊരുളുണ്ട്: ഭഗവാന്റെ തൃക്കണ്ണ് കാമനാശകമാണ്. ആഗ്രഹങ്ങളുടെ, മോഹത്തിന്റെ,  കാമത്തിന്റെ പരിണിത ഫലം ഭഗവാന് അറിയാമായിരുന്നു. തന്റെ കാമമോഹിനിയായ സതിയുടെ വിയോഗം സൃഷ്ടിച്ച വ്യഥയും കോപവും താപവും ഭഗവാൻ അനുഭവിച്ച് അറിഞ്ഞതാണ്. മോഹത്തിന് ഒരു കുഴപ്പമുണ്ട്; അത് സദ്ഗുണങ്ങൾക്കൊപ്പം ദുർഗുണങ്ങളുടെയും ഉറവിടമാണ്. സ്നേഹം, മമത, സൗഹാർദ്ദം, കാരുണ്യം, പ്രേമം ഇതെല്ലാം ഉല്പാദിപ്പിക്കും പോലെ ക്രോധവും ദുഖവും അസംതൃപ്തിയും കാമം ജനിപ്പിക്കും. അതിനാലാണ് മനസ്സിനെ മമതാ മോചിതമാക്കി തണുത്തുറഞ്ഞ് നിശ്ചലമായ ഹിമവൽ സാനുക്കളിൽ ഭഗവാൻ ശ്രീപരമേശ്വരൻ  തപസ്സിരുന്നത്.

ശിവന് മാത്രമല്ല സകല ചരാചരങ്ങൾക്കും  തിരുനെറ്റിയിൽ തൃക്കണ്ണുണ്ടെന്ന്  ശാസ്ത്രം പറയുന്നു. ശാസ്ത്രം ഇതിനെ പീനൽ ഗ്ലാൻഡ് എന്നാണ് വിളിക്കുന്നത്.  നമ്മുടെ ഉറക്കത്തെയും ഉണർവിനെയും ഉൾപ്പെടെ സകലചര്യകളെയും നിയന്ത്രിക്കുന്ന  മസ്തിഷ്ക വ്യൂഹം ഉല്പാദിപ്പിക്കുന്ന ഹോർമോൺ തൃക്കണ്ണിലാണത്രേ കേന്ദ്രീകരിച്ചിട്ടുള്ളത്. ഇതിനെ ആത്മീയമായി ഉദ്ദീപിച്ചാൽ ധ്യാനത്തിലും യോഗയിലും മനുഷ്യർക്ക് ഉയർന്ന നിലയിലെത്താനാകും.  ചുറ്റുമുള്ളതെല്ലാം തന്നിൽ ലയിപ്പിച്ച് തന്മയീഭാവം ആർജ്ജിക്കുവാനും  ത്രികാലങ്ങളെയും അറിയുവാനുംമനുഷ്യർക്കും കഴിയും.

ദൈവ സങ്കല്പങ്ങളിൽ ശിവന് മാത്രമല്ല എല്ലാ ദേവീദേവന്മാർക്കും ത്രികാലജ്ഞാനമുള്ളത് ഇതിനാലാണ്. ഇതേ കഴിവ് ആത്മീയ സാധനയിലൂടെ മനുഷ്യർക്കും ആർജ്ജിക്കാം . തിരുനെറ്റിയിലെ തൃക്കണ്ണ് ശരിക്കും അന്തർ നേത്രമാണ്. ആത്മാവിനെയും ശരീരത്തെയും തമ്മിൽ  ബന്ധിപ്പിക്കുന്നത് ഇതാണ്. ബാഹ്യവും ആന്തരികവുമായി നടക്കുന്നതെല്ലാം  അറിയുന്നത് അദൃശ്യമായ ഈ അന്തർ നേത്രത്തിലൂടെയാണത്രേ. തിരുനെറ്റിയിലൂടെയാണ് നാം പ്രപഞ്ചോർജ്ജം സ്വീകരിച്ച്  ജീവൻ നില നിറുത്തുന്നത്.

ശിവനെ ത്രിനേത്രൻ എന്ന് വിശേഷിപ്പിക്കുന്നതിൽ നിന്നും  മൂന്നാമതൊരു ബോധമണ്ഡലം പ്രകാശിതമായി എന്നും നാം മനസ്സിലാക്കണം. നമ്മുടെ ബോധം ഉണര്‍ന്ന്, തെളിഞ്ഞ്, വികസിക്കണമെങ്കില്‍ ആദ്യം വേണ്ടത് നമ്മുടെ പ്രാണശക്തിയുടെ ഉണര്‍വും വികാസവുമാണ്. അത് പ്രാണോര്‍ജ്ജത്തെ ഉണര്‍ത്തുന്നു, തെളിവുറ്റതാക്കുന്നു, കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുന്നു. അതുവഴി  ബോധമണ്ഡലം വികസിക്കുന്നു. ക്രമേണ മൂന്നാംകണ്ണ് തുറക്കുന്നു. മൂന്നാംകണ്ണ് ആത്മദര്‍ശനത്തിന്‍റേതാണ്. മുഖത്തുള്ള, ശാരീരികമായ രണ്ടുകണ്ണുകളും ഇന്ദ്രീയങ്ങളാണ് പുറം കാഴ്ചകള്‍ കാണാന്‍ മാത്രമുള്ളതാണ്. അനാവശ്യമായ ഒരായിരം വിഷയങ്ങള്‍ മനസ്സിലേക്കെത്തിച്ചു കൊടുക്കുകയാണ് അവയുടെ ജോലി. ആ കാഴ്ചകളൊന്നും സത്യമായിട്ടുള്ളതല്ല എന്നതാണ് സത്യം.

അതിനപ്പുറമുള്ള സത്യങ്ങൾ കാട്ടിത്തരുന്നത് കൊണ്ടാണ് തൃക്കണ്ണ് അന്തർ നേത്രമായത് . നമ്മുടെ  കണ്ണുകള്‍ ദിവസവും ഒരു നൂറുപേരെ കാണുന്നു, ഇന്നയാള്‍ എന്ന് തിരിച്ചറിയുന്നു. എന്നാല്‍ ആ മനുഷ്യനിലെ നിത്യസത്യത്തെ – ശിവനെ കാണുന്നില്ല. സ്വന്തം നിലനില്‍പിന് ആവശ്യമായ സംഗതികള്‍ മാത്രമേ ഓരോരുത്തരും മനസ്സിലാക്കുന്നുള്ളൂ. മറ്റൊരു ജീവി മറ്റൊരുവിധത്തില്‍ അതേ വസ്തുവിനെ വിലയിരുത്താം, അതിന്‍റെ നിലനില്‍പിന് ആവശ്യമായ വിധത്തില്‍. ഇതാണ് ലോകസ്വഭാവം, ഇതുതന്നെയാണ് മായ. മായ എന്നാല്‍ അയഥാര്‍ത്ഥം, അടിസ്ഥാനമില്ലാത്തത് എന്നൊക്കെയാണ് മനസ്സിലാക്കേണ്ടത്. ഈ പ്രപഞ്ചവും മായയാണെന്ന് ആരും പറയുന്നില്ല. നിങ്ങളുടെ കാഴ്ചപ്പാടാണ് അതിനെ മായികമാക്കുന്നത്. അതുകൊണ്ട് യാഥാര്‍ത്ഥ്യം അറിയണമെങ്കില്‍, ഈ രണ്ടു കണ്ണുകള്‍ കൂടാതെ മൂന്നാമതൊരു കണ്ണു കൂടി തുറക്കേണ്ടതുണ്ട്. കൂടുതല്‍ ആഴങ്ങളിലേക്കിറങ്ങി ചെല്ലുന്ന, കൂടുതല്‍ തെളിവോടെ കാഴ്ചകള്‍ കാണുന്ന മൂന്നാമത്തെ കണ്ണ്. ആ കണ്ണിനു മാത്രമാണ് ദ്വന്ദാതീതമായ കാഴ്ച സാദ്ധ്യമാവു. എല്ലാ വൈരുദ്ധ്യങ്ങള്‍ക്കുമപ്പുറത്തേക്ക് ആ കണ്ണ് കടന്നുചെല്ലുന്നു. ജീവിതത്തെ അതിന്‍റെ സത്യാവസ്ഥയില്‍ നോക്കിക്കാണുന്നു. സ്വന്തം നിലനില്‍പിനെകുറിച്ചുള്ള ആശങ്ക ആ കാഴ്ചയെ വികലമാക്കുന്നില്ല.

അതിനാൽ പരമാത്മാവായ നിത്യസത്യമായ ശ്രീ മഹാദേവനെ എപ്പോഴും നമുക്ക് ഓം നമ: ശിവായ ജപിച്ച് പ്രീതിപ്പെടുത്താം.

ജ്യോത്സ്യൻ വേണു മഹാദേവ്,
Mobile#: +91 9847475559

error: Content is protected !!
Exit mobile version