Saturday, 23 Nov 2024

ഭദ്രകാളിക്ക് 12 ചൊവ്വാഴ്ച ഇത്
ചെയ്താൽ ഇഷ്ടകാര്യസിദ്ധി

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
മഹാകാളിക്ക് രണ്ട് അവതാരമുണ്ട്. ശിവന്റെ ശക്തിയായും ശിവന്റെ പുത്രിയായും. ശിവഭഗവാന്റെ ശക്തിയായി ദക്ഷനിഗ്രഹത്തിനായാണ് ദേവി അവതരിച്ചത്. മഹേശ്വരന്റെ പുത്രീഭാവത്തിൽ ദാരികനിഗ്രഹത്തിനായും ദേവി അവതരിച്ചു. ദാരികനെ നിഗ്രഹിച്ച് ദേവലോകത്തെ രക്ഷിക്കാൻ അവതരിച്ച മഹാകാളിയാണ് കൊടുങ്ങല്ലൂരമ്മ.രൗദ്രവും ഭയാനകവുമായ ഈ ഭാവത്തെ പ്രസാദിപ്പിക്കാൻ നാം ഭദ്രകാളിയെ മാതാവായി പൂജിക്കണം. അമ്മേ എന്ന് വിളിച്ചാൽ പ്രസാദിക്കുന്ന പരാശക്തി ഭാവമാണ് കൊടുങ്ങല്ലൂരമ്മ അമ്മ .

ഭദ്രകാളീ ഉപാസനയിലൂടെ എന്തും നേടാൻ സാധിക്കും. അത്രയേറെ ശക്തിയുള്ള മന്ത്രങ്ങളാണ് ഭദ്രകാളീ ഉപാസനയിലുള്ളത്. ചിട്ടയോടെയും നിഷ്ഠയോടെയും ജപിച്ചാൽ വളരെ വേഗം ഭദ്രകാളീ പ്രീതി ലഭിക്കും. സാത്വികഭാവത്തിലൂടെ ആറു മാസം കൊണ്ടും രജോഗുണഭാവത്തിലൂടെ മൂന്നു മാസം കൊണ്ടും തമോഗുണഭാവത്തിലൂടെ ഒരു മാസം കൊണ്ടും ഭദ്രകാളിയെ പ്രീതിപ്പെടുത്താം. ഭദ്രകാളീപ്രീതിക്ക് വേണ്ടി എളുപ്പം ചെയ്യാവുന്ന കാര്യം ക്ഷേത്രങ്ങളിൽ വഴിപാട് നടത്തി പ്രാർത്ഥിക്കുകയാണ്. ഭദ്രകാളീയുടെ പ്രീതിക്ക് നടത്താവുന്ന ചില പ്രധാന വഴിപാടുകൾ:

സഹസ്രനാമ പുഷ്പാഞ്ജലി
ഇഷ്ടകാര്യസിദ്ധിക്ക് ഗുണകരമാണ് സഹസ്രനാമ പുഷ്പാഞ്ജലി.12 ചൊവ്വാഴ്ച അല്ലെങ്കിൽ 12 വെള്ളിയാഴ്ച അതുമല്ലെങ്കിൽ വഴിപാടുകാരന്റെ നക്ഷത്രം തോറും ഈ വഴിപാട് ചെയ്യാം. തടസം മാറി കാര്യസിദ്ധിയുണ്ടാകും.

രക്തപുഷ്പാഞ്ജലി
മേൽപ്പറഞ്ഞ രീതിയിൽ 12 ചൊവ്വാഴ്ച അല്ലെങ്കിൽ 12 വെള്ളിയാഴ്ച ചെയ്യണം. ഫലം: ശത്രുദോഷശാന്തി.

കടുംപായസം
വിഘ്‌നനിവാരണം, ധനാഭിവൃദ്ധി, രോഗശാന്തി എന്നിവയ്ക്ക് ഗുണകരം. മൂന്നു വെള്ളിയാഴ്ച ചെയ്യുക.

പട്ടും മാലയും ചാർത്തുക
ചുവന്ന പട്ടും ചുവന്ന പൂവും കൊണ്ടുള്ള മാലയും സമർപ്പിക്കുക. ഇഷ്ടകാര്യസിദ്ധിക്ക് ഗുണകരം. മുജ്ജന്മപാപശാന്തിക്ക് വിശേഷം.

പട്ടുംതാലിയും സമർപ്പണം
ചുവന്ന പട്ടും സ്വർണ്ണത്താലിയും സമർപ്പിക്കുക. വിവാഹതടസം മാറുന്നതിനും പ്രേമസാഫല്യത്തിനും ദാമ്പത്യകലഹം മാറുന്നതിനും ഗുണകരം.

എണ്ണ അഭിഷേകം
ത്വക്‌രോഗശാന്തി, ആരോഗ്യസിദ്ധി, കലഹം മാറുക. ഭാഗ്യം തെളിയുക, 7 ചൊവ്വാഴ്ച ചെയ്യുക.

ഗുരുതി പുഷ്പാഞ്ജലി
പാപശാന്തിക്ക് 12 വെള്ളിയാഴ്ചകളിൽ ചെയ്യുക.

ഗുരുതിപൂജ
ശത്രുസ്തംഭനം (ശത്രുക്കളുടെ നമുക്കെതിരായുള്ള പ്രവർത്തനം സ്തംഭിപ്പിക്കുക) മനഃശാന്തി, ഉദ്യോഗവിജയം എന്നിവയ്ക്കും ഗുണകരം. 7 വെള്ളിയാഴ്ച ചെയ്യുക.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി, +91-944 702 0655

Story Summary: Different types of offerings for the Blessings of Goddess Bhadrakali

Copyright 2022 Neramonline.com. All rights reserved

error: Content is protected !!
Exit mobile version