Saturday, 23 Nov 2024

മഞ്ഞപ്പട്ടുടുത്ത മുരുകനെ തൊഴുതാൽ അന്നപാനാദികളും വസ്ത്രവും മുട്ടില്ല

ജ്യോതിഷരത്നം വേണു മഹാദേവ്
തമിഴ്‌നാട്ടിൽ അനേകായിരം മുരുകക്ഷേത്രങ്ങളുണ്ട്. കേരളത്തിലും കുറവൊന്നുമില്ല. ഇവയ്‌ക്കെല്ലാം തന്നെ അഭിമാനകരമായ ചരിത്രവും ഐതിഹ്യവും പറയുവാനുണ്ട്. അത്യപൂർവമായ മുരുക സന്നിധികൾ തമിഴകത്തിന്റെ സവിശേഷതയാണ്. ഇതിൽ ഓരോ ക്ഷേത്രവും ഏതെങ്കിലും തരത്തിൽ എന്തെങ്കിലും ഒരു പുരാണസംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധം ആറുപടൈവീടുകൾ എന്നറിയപ്പെടുന്ന ആറ് പുണ്യക്ഷേത്രങ്ങളാണ്. ആറു കൃത്തികാ ദേവികൾ മുലയൂട്ടി വളർത്തിയ ആറുമുഖനായ ശ്രീമുരുകന്റെ
ആറു ശിരസുകളായി ഈ ക്ഷേത്രങ്ങളെ സങ്കല്പിക്കുന്നു. ഈ ആറ് പുണ്യക്ഷേത്രങ്ങൾ ഇവയാണ്:

1 തിരുപ്രംകുണ്ഡ്രം:
മധുരയുടെ സമീപത്തായി സ്ഥിതി ചെയ്യുന്നു.

2 തിരുച്ചെന്തൂർ:
തിരുനെൽവേലിക്കടുത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

3 പളനി:
പ്രസിദ്ധമായ ഈ സുബ്രഹ്മണ്യക്ഷേത്രം തിരുവാവിനൻകുടി എന്നും അറിയപ്പെടുന്നു.

4 സ്വാമിമല അഥവാ തിരുവേരകം:
ആദ്യകാലത്ത് സുബ്രഹ്മണ്യന്റെ നാലാമത്തെ പടവീട് കർണ്ണാടകയിലുള്ള സുബ്രഹ്മണ്യത്ത് ആണെന്ന് കരുതിയിരുന്നു. എന്നാൽ അരുണഗിരിനാഥൻ സ്വാമിമലയോട് ചേർത്തു പാടിയതുകൊണ്ട് നാലാമത്തെ പടവീട് സ്വാമിമലയാണെന്ന് വിശ്വസിക്കുന്നു. കുംഭകോണത്തിന്റെ അടുത്തായാണ് ഈ ക്ഷേത്രം.

5 തിരുത്താണി:
ഇത് മുരുകന്റെ അഞ്ചാമത്തെ പടവീടായി കരുതുന്നു. കൂടാതെ മരുതമല, ശിവൻമല എന്നിവയും പടവീടായി കരുതാറുണ്ട്.

6 പഴമുതിർച്ചോല:
മധുരയുടെ സമീപത്താണ് ഈ ക്ഷേത്രം. ഹരിപ്പാട്, പെരുന്ന, പയ്യന്നൂർ, പെരളശ്ശേരി, ഉദയനാപുരം, കിടങ്ങൂർ, പന്മന, ചെറിയനാട്, ഉള്ളൂർ, തിരുവഞ്ചൂർ, ഉമയനെല്ലൂർ, വൈറ്റില, പാലക്കാട് കൊടുമ്പിൽ തുടങ്ങിവ കേരളത്തിലെ പ്രസിദ്ധമായ മുരുക സന്നിധികളാണ്. ആറടി ഉയരമുള്ള ചതുർബാഹുവായ ശിലാവിഗ്രഹമാണ് ഹരിപ്പാട് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇത്രയും വലിപ്പവും ഭംഗിയും ചൈതന്യവുമുള്ള മുരുക വിഗ്രഹങ്ങൾ അപൂർവ്വമാണ്.

ശ്രീമുരുകനെപ്പോലെ തന്നെ മുരുകന്റെ ആയുധങ്ങളും ആഭരണങ്ങളും ശ്രേഷ്ടമായി ഭക്തർ കരുതുന്നു. ഭഗവാന്റെ തോൾ വളകളും കണ്ഠാഭരണമായ നവരത്നമാലയും ജ്യോതിർസ്വരൂപം എന്നാണ് സങ്കല്പം. ഇതിന്റെ ദർശനം മനോമാലിന്യങ്ങളും ചിന്താപരമായ അന്ധകാരവും അകറ്റി സമാധാനവും ശാന്തിയുമേകും. ആറുപടൈ വീടുകൾ പോലുള്ള മഹാക്ഷേത്രങ്ങളിലെ മുരുക ദർശനം മഹാഭാഗ്യവും പുണ്യ പ്രദവുമായി കണക്കാക്കുന്നു. ഈ ദർശനം ലഭിക്കുന്നവരിൽ നിന്ന് അജ്ഞാനം അകന്ന് ജ്ഞാനം വർദ്ധിക്കും.

അതുപോലെ ഭഗവാന്റെ കാതിൽ പ്രകാശിക്കുന്ന മണി കുണ്ഡലങ്ങൾ ദർശിക്കുമ്പോൾ കുമാരസ്വാമിയുടെ കവിളിണകൾ മാത്രമല്ല ഭക്തരുടെ മനസും പ്രകാശമാനമാകുന്നു. ഭഗവാന്റെ അരയിലെ പീതാംബരം ദർശിച്ച് തൊഴുതാൽ അന്നപാനാദികൾക്കും വസ്ത്രത്തിനും ഗൃഹത്തിനുമൊന്നും ഒരു മുട്ടുമുണ്ടാകില്ല എന്നാണ് വിശ്വാസം. മുരുകകൃപ ലഭിച്ചാൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഒരു ക്ഷാമവും നേരിടില്ല. ഭഗവാൻ കൈയിൽ ഏന്തിയിരിക്കുന്ന വേൽ വിശിഷ്ടവും ദിവ്യവും ആണ്. ഭഗവാന്റെ പര്യായം തന്നെ വേൽമുരുകൻ എന്നാണ്. ഭക്തർ സുബ്രഹ്മണ്യസ്വാമിയെ ഏറ്റവും കൂടുതൽ സ്തുതിക്കുന്നത് വേൽമുരുകാ ഹരോ ഹര എന്ന് പ്രാർത്ഥിച്ചാണ്. വേൽ ഭഗവാന്റെ അലങ്കാരം മാത്രമല്ല തന്റെ ഭക്തർക്ക് ശത്രുക്കൾക്ക് ചുറ്റും സുരക്ഷാ കവചം തീർക്കുന്ന ദിവ്യായുധം കൂടിയാണ്.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 89217 09017

error: Content is protected !!
Exit mobile version