മൂകാംബിക തന്നെ ചോറ്റാനിക്കരദേവിയും
മൂകാംബികാദേവിയുടെ ചൈതന്യം തന്നെയാണ് ചോറ്റാനിക്കര ഭഗവതിയിലും കുടികൊള്ളുന്നത്. ഈ വിശ്വാസത്തിന് ഉപോദ്ബലകമായി ഒരു ഐതിഹ്യമുണ്ട്. കുടജാദ്രിയിൽ തപസിരുന്ന ശങ്കരാചാര്യർ മൂകാംബികയെ പ്രത്യക്ഷപ്പെടുത്തി അനുഗ്രഹം നേടി. തികഞ്ഞ ഭക്തനായ ശങ്കരാചാര്യരുടെ ആഗ്രഹം മാനിച്ച് അദ്ദേഹത്തിന്റെ കൂടെ തെക്ക് ദേശത്ത് വന്ന് കുടികൊള്ളാമെന്ന് ദേവി സമ്മതിച്ചു. എന്നാൽ ദേവി ഒരു നിബന്ധന വച്ചു: ശങ്കരാചാര്യർ മുന്നേ നടക്കണം; ഒരിക്കൽ പോലും തിരിഞ്ഞുനോക്കരുത്. ശങ്കരാചാര്യർ അത് അംഗീകരിച്ചു: അപ്രകാരംകൊല്ലൂരിൽ നിന്നും നടന്ന് ചോറ്റാനിക്കരയിൽ എത്തിയപ്പോൾ ദേവിക്ക് ആ പുണ്യദേശം വളരെയേറെ ഇഷ്ടപ്പെട്ടു. അങ്ങനെ കുറച്ചു നേരം ചിലങ്കയുടെ ശബ്ദം നിലച്ചു. പിന്നാലെ വന്നു കൊണ്ടിരുന്ന ദേവിയുടെ ചിലങ്കയുടെ ശബ്ദം കേൾക്കാതെ വന്നപ്പോൾ ശങ്കരാചാര്യൻ ഒന്നു തിരിഞ്ഞു നോക്കി. അങ്ങനെ അപ്പോൾത്തന്നെ സാക്ഷാൽ മൂകാംബികയിലെ സരസ്വതി ദേവിയുടെ ചൈതന്യം ചോറ്റാനിക്കരയമ്മയിൽ ലയിച്ചത്രേ.
അതേ തുടർന്നാണ് എന്നും രാവിലെ ശീവേലി വരെ മൂകാംബികാ ദേവിയുടെ സാന്നിധ്യം സരസ്വതിയായി ചോറ്റാനിക്കരയിൽ കുടിക്കൊള്ളുന്നത്. അത് കഴിഞ്ഞ് മൂകാംബികയിൽ പോകുന്നു എന്നാണ് വിശ്വാസം. അതിനാൽ ചോറ്റാനിക്കര ദർശനം മൂകാംബികദർശനം പോലെ തന്നെ തുല്യ പ്രാധാന്യമുള്ളതായി കണക്കാക്കുന്നു. ചോറ്റാനിക്കര ക്ഷേത്രസന്നിധിയിലെ എല്ലാ പൂജാവിധികളും ശങ്കരാചാര്യർ ചിട്ടപ്പെടുത്തിയതാണെന്നും പറയപ്പെടുന്നു. പ്രഭാതത്തിൽ സരസ്വതിയായും മാദ്ധ്യാഹ്‌നവേളയിൽ ദുർഗ്ഗയായും രാത്രിയിൽ മഹാലക്ഷ്മിയായും ചോറ്റാനിക്കര ഭഗവതിയെ സങ്കല്പിച്ചു വരുന്നു.വിദ്യാവിജയത്തിനും കുടുംബ ഐശ്വര്യത്തിനും ദുരിതമോചനത്തിനും മാത്രമല്ലബാധാദോഷങ്ങൾ മാറുന്നതിനും ചോറ്റാനിക്കര ഭഗവതിയുടെ അനുഗ്രഹം പ്രസിദ്ധമാണ്. ഇവിടെ ഭജനമിരുന്ന് പ്രാർത്ഥിച്ചാൽ എത്ര ശക്തമായ ബാധദോഷങ്ങളും ദുരിതങ്ങളും നീങ്ങും. ഇത് അത്ഭുതകരമായ ഒരു സത്യമാണ്.
വളരെ പഴക്കമുള്ള, ഗൗരമേറിയ ബാധകൾ പോലും ഇവിടെ ഉറഞ്ഞുതുള്ളി സത്യം ചെയ്ത് ഒഴിഞ്ഞ് പോകുന്നത് അനേകായിരം ആളുകളുടെ അനുഭവമാണ്.വ്രതനിഷ്ഠയോട് കൂടി പഞ്ചഗവ്യവും തീർത്ഥവും സേവിച്ച് നാമം ജപിച്ച് ദേവിയെ ആശ്രയിച്ച് ക്ഷേത്ര സന്നിധിയിൽ തന്നെ കഴിയുന്ന ആചാരമാണ് ഭജനമിരിപ്പ്. കാര്യസിദ്ധിക്കും ശത്രുദോഷ, ദൃഷ്ടിദോഷ ദുരിതശാന്തിക്കുമെല്ലാം ഉത്തമമാണ് ഈ കർമ്മം. 1,3,7,11,41 തുടങ്ങിയ ദിനങ്ങൾ ഭജനമിരിക്കാറുണ്ട്.എന്തിനധികം ചോറ്റാനിക്കര ഭഗവതിയുടെ സന്നിധിയിൽ പൂജിച്ച ചരട് വാങ്ങി കെട്ടി നോക്കൂ രോഗ ദുരിതങ്ങൾ ഒഴിഞ്ഞു നിൽക്കുന്നത് അനുഭവിച്ചറിയാം. ശത്രുദോഷ ശാപദോഷ ദൃഷ്ടി ദോഷങ്ങൾക്ക് ഇവിടെ ചെയ്യാവുന്ന ഏറ്റവും പ്രധാന വഴിപാടാണ് ഗുരുതി സമർപ്പണം. എല്ലാ ദിവസവും രാത്രിയിൽ നടക്കുന്ന ഈ ചടങ്ങ് ദേവിയുടെ പ്രത്യക്ഷസാന്നിദ്ധ്യമായി തന്നെ നമുക്ക് അനുഭവപ്പെടും. കുംഭമാസത്തിലാണ് ലോക പ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതിയുടെ മകം മഹോത്സവം.
– തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി+91 9447020655