മേടം രാശിയിൽ രാഹുവിന്റെ കൂടെ വ്യാഴവും; ഈ കൂറുകാർക്ക് ഇനി പുരോഗതി, നേട്ടങ്ങൾ
വ്യാഴ ഗ്രഹവും രാഹുവും യോഗം ചെയ്യുമ്പോൾ സംഭവിക്കുന്നതാണ് ഗുരു ചണ്ഡാല യോഗം. 2023 ഏപ്രിൽ 23 മുതൽ 2023 ഒക്ടോബർ 30 വരെയാണ് ഈ സംയോഗം നടക്കുക. വ്യാഴം ഭാഗ്യം, ആത്മീയോന്നതി, ഉപരിപഠനം, അറിവ്, വിവേകം, പുരോഗതി എന്നിവയുടെ കാരക ഗ്രഹമാണ്. രാഹു വിധേയത്വം, ആസക്തി , ഭൗതികത, മായ എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഈ രണ്ടു ഗ്രഹങ്ങൾ കൂടിച്ചേരുമ്പോൾ ഇത് നൽകുന്ന ഫലം ഒന്നുകിൽ ശുഭകരമായി പരിണമിക്കും. അല്ലെങ്കിൽ പ്രതികൂലമായി ബാധിക്കും. എന്തായാലും വ്യക്തിയുടെ ജാതകവുമായി ബന്ധപ്പെട്ടാണ് ഫലങ്ങളുണ്ടാകുക.
വ്യാഴ, രാഹു യോഗം ശുഭകരമാണെങ്കിൽ അറിവ് നേടുന്നതിലും ആത്മീയകാര്യങ്ങളിലുമുള്ള താല്പര്യം വർദ്ധിക്കും. സർഗ്ഗപരമായ കഴിവുകൾ വികസിക്കും. വിവിധ മേഖലകളിൽ പ്രത്യേകിച്ച് വിനോദം, ആരോഗ്യ സംരക്ഷണം എന്നീ രംഗങ്ങളിൽ കഴിവും പ്രാഗത്ഭ്യവും തെളിയിക്കും. പുതിയ നീക്കങ്ങൾ നടത്തും. വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകളും പരമ്പരാഗതമായ രീതികൾ വിട്ട് ചിന്തിക്കാനുള്ള കഴിവുമുണ്ടാകും. പക്ഷേ പ്രതികൂലതകളാണ് ശക്തമാകുന്നതെങ്കിൽ വ്യാഴ – രാഹു യോഗത്താൽ അസ്വസ്ഥതകൾ, ആശയക്കുഴപ്പം, അനിശ്ചിതത്വം എന്നിവ ശക്തമാകും. പണം, ഭൗതിക വസ്തുക്കൾ തുടങ്ങിയവയിൽ ആസക്തി വർദ്ധിക്കും.
അധികാരത്തിനും പ്രശ്സ്തിക്കും പിന്നാലെ പായും. ഇത്
അമിതാവേശത്തിലേക്കും അബദ്ധങ്ങളിലേക്കും നയിക്കും.
മൊത്തത്തിൽ നോക്കിയാൽ വ്യാഴ – രാഹു സംയോഗം പുരോഗതിയും മാറ്റങ്ങളും വേഗത്തിലാക്കും. അതിനായി നമ്മൾ ശുഭ ചിന്തകളും ക്രിയാത്മക ഇടപെടലുകളും ശക്തമാക്കണം. തികഞ്ഞ ലക്ഷ്യബോധം വളർത്താനും അതിലൂടെ ആഗ്രഹസാഫല്യം, ആത്മീയ ഉണർവ് , സംതൃപ്തി എന്നിവ നേടാനും ഗുരു ചണ്ഡാല യോഗ കാലം സഹായിക്കും. ഇതിന്റെ ദോഷഫലങ്ങൾ കുറയ്ക്കാൻ വിഷ്ണു പ്രീതി നേടുകയാണ് ഉത്തമമാർഗ്ഗം. ഓം നമോ നാരായണായ ജപം , ഓം നമോ ഭഗവതേ വാസുദേവായ ജപം, വിഷ്ണു ഗായത്രി, വിഷ്ണു അഷ്ടോത്തര ജപം, സഹസ്രനാമ ജപം, ഭാഗ്യസൂക്താർച്ചന, അന്നദാനം ഇവ പതിവാക്കണം.
സാധാരണ ഗതിയിൽ വ്യാഴം മേടത്തിൽ അതായത് ചൊവ്വയുടെ ക്ഷേത്രത്തിൽ എത്തുന്നത് വളരെയധികം സദ്ഫലങ്ങൾ നൽകേണ്ടതാണ്. കാരണം വ്യാഴത്തിന്റെ ബന്ധുവാണ് ചൊവ്വ. എന്നാൽ ഇപ്പോൾ അവിടെ രാഹു നിൽക്കന്നതിനാൽ വ്യാഴത്തിന് സദ്ഫലദാന ശേഷി കുറയും. രാഹുമാറിക്കഴിഞ്ഞാൽ നവംബർ മാസത്തോടെ വ്യാഴം പൂർണ്ണ തോതിൽ സദ്ഫലങ്ങൾ നൽകും.
മേടക്കൂറുകാർ ഈ ആറു മാസം വ്യക്തിപരമായ കാര്യങ്ങളിൽ അല്പം ക്ഷമ കാണിക്കണം. ആരോഗ്യവും സൂക്ഷിക്കണം. ചില എതിർപ്പുകൾ നേരിടേണ്ടി വരും.
ഇടവക്കുറുകാർക്ക് സമ്മിശ്ര ഫലം പ്രതീക്ഷിക്കാം. വിദേശ യാത്രയ്ക്ക് ഭാഗ്യം ലഭിക്കും. സാമ്പത്തിക ബുദ്ധിമുട്ട് നേരിടും. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനക്കൂറിന് ഗുരു ചണ്ഡാല യോഗ കാലം നല്ലതാണ്.
ബന്ധങ്ങൾ ശക്തമാകും. സന്തോഷം കിട്ടും. ആഗ്രഹ സാഫല്യമുണ്ടാകും. തെറ്റിദ്ധാരണ പരിഹരിക്കും.
കർക്കടക്കുറുകാർക്ക് ലക്ഷ്യപ്രാപ്തിയുടെ കാലമാണ്
വരുന്നത്. പ്രയോഗിക സമീപനത്തിലൂടെ എവിടെയും വിജയം നേടാൻ കഴിയും. പുതിയ ചുമതല, അംഗീകാരം,
ആഗ്രഹസാഫല്യം എന്നിവ അതിവേഗം കരഗതമാകും.
ചിങ്ങക്കൂറുകാർ സാമൂഹ്യമായ ഇടപഴകലുകളിൽ കൂടുതൽ മുഴുകും. ഇതു വഴി അതിവേഗം നേട്ടങ്ങൾ
സ്വന്തമാക്കും. സന്തോഷം, സമാധാനം, ധാരാളം പുതിയ
അവസരങ്ങൾ എന്നിവ ലഭിക്കും.
കന്നിക്കൂറുകാർ അലസത അതിജീവിക്കണം. സാമ്പത്തിക ഇടപാടിൽ ജാഗ്രത പുലർത്തണം. അപകടങ്ങളിൽ പോയി ചാടരുത്. ബിസിനസ് രംഗത്ത് വെല്ലുവിളി നേരിടും. വികാരങ്ങൾ നിയന്ത്രിക്കണം.
തുലാക്കൂറുകാർ മാനസികമായ ഒരു അഭയത്തിന് ആഗ്രഹിക്കും. പിന്തുണയ്ക്ക് ദാഹിക്കും. കർമ്മ രംഗത്ത് കർശനമായ അച്ചടക്കം പാലിക്കണം.
വൃശ്ചികക്കൂറുകാർ ഏറ്റെടുക്കുന്ന ദൗത്യങ്ങൾ വിജയിപ്പിക്കും. ലക്ഷ്യ ബോധം പ്രദർശിപ്പിക്കും. പ്രശസ്തി നേടും. എന്നാൽ ഇവർ അശുഭ ചിന്തകൾക്ക് കടിഞ്ഞാൺ ഇടണം. കഠിനാദ്ധ്വാനം വേണ്ട.
ധനുക്കൂറുകാരുടെ ബന്ധങ്ങൾ ദൃഢമാകും. പരസ്പര
ധാരണ ശക്തമാകും. ദമ്പതികൾക്കും നല്ല സമയമാണ്. വിവാഹം തീരുമാനിക്കും. സാമ്പത്തിക സ്ഥിതി ഭദ്രമാകും.
മകരക്കുറുകൾ കോപവും ആക്രമണോത്സുകതയും
ഒഴിവാക്കണം. സ്വജനങ്ങളുമായി ഏറ്റുമുട്ടൽ പടില്ല. യഥാസമയം ചുമതലകൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ടും.
കുംഭക്കൂറുകാർ ക്രിയാത്മകമായി പലതും ചെയ്യും.
ബുദ്ധിയും കർമ്മ മികവും പ്രദർശിപ്പിച്ച് കർമ്മ രംഗത്ത്
തിളങ്ങും. കിട്ടാക്കടങ്ങൾ പിരിച്ചെടുക്കാൻ പറ്റിയ സമയം.
മീനക്കൂറുകാരിൽ ശുഭാപ്തി വിശ്വാസം ശക്തമാകും.
ആഗ്രഹിച്ച ഫലവും വിജയവും നേടും. ധനം, കുടുംബം
എന്നീ വിഷയങ്ങളിൽ ശ്രദ്ധിക്കും. പുതിയ വരുമാന
മാർഗ്ഗം തുറക്കും. കുറുക്കുവഴികൾ ഒഴിവാക്കണം.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 8921709017
Story Summary: Jupiter and Rahu Conjunction in Aries: How will it Affect Your Zodiac Sign?