Monday, 8 Jul 2024

ലളിതാസഹസ്രനാമം ജപിക്കുന്ന വീട്ടിൽഐശ്വര്യവും അഭിവൃദ്ധിയും നിലനിൽക്കും

മംഗള ഗൗരി
നിത്യവും ലളിതാസഹസ്രനാമം ചൊല്ലുന്ന വീട്ടിൽ അന്നം, വസ്ത്രം തുടങ്ങി സന്തോഷകരമായ ജീവിതത്തിന് ആവശ്യമായ ഒന്നിനും ഒരു കുറവും ഉണ്ടാകില്ല എന്നാണ് വിശ്വാസം. സർവ്വാഭീഷ്ടപ്രധാനിയായ ആദിപരാശക്തി അവരെ സദാ കാത്തു രക്ഷിക്കും എന്നും കരുതുന്നു.

ഗൃഹസ്ഥാശ്രമികൾക്കും സന്ന്യാസിമാർക്കും തുടങ്ങി ഏവർക്കും നിത്യോപാസനക്ക് ഉത്തമമായ കൃതിയാണ് സാക്ഷാൽ ജഗദംബികയുടെ ശ്രീ പരമേശ്വരിയുടെ 1000 നാമങ്ങൾ മന്ത്രപൂർവം കോർത്ത ലളിതാസഹസ്രനാമം. ഇതിന്റെ നിത്യപാരായണത്തിലൂടെ ദാരിദ്ര്യാവസ്ഥയും രോഗദുരിതങ്ങളും ഒഴിഞ്ഞു പോകും. കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകും. സമൃദ്ധി എന്നും നില നിൽക്കുകയും ചെയ്യും. ഈ സ്തോത്രം പതിവായി ജപിച്ചാൽ കോടി ജന്മങ്ങൾ ചെയ്ത പാപങ്ങൾ പോലും നശിക്കും. ഗ്രഹദോഷവും ജാതകദോഷവും ഇല്ലാതാകും. ദീർഘായുസ്, സന്താനലബ്ധി, ബുദ്ധിശക്തി, സൗഭാഗ്യം, കലഹമുക്തി മുതലായവ സിദ്ധിക്കും.

ലളിതാസഹസ്രനാമത്തിലെ ഓരോ നാമവും ഓരോ മന്ത്രമാണ്. മറ്റ് മൂർത്തികളുടെ സഹസ്രനാമങ്ങളിൽ ചില നാമങ്ങൾ ഒന്നോ അതിലധികമോ തവണ ആവർത്തിച്ച് വരുന്നതായി കാണാം. ലളിതാസഹസ്രനാമത്തിലാകട്ടെ ഒരു നാമം പോലും ആവർത്തിക്കുന്നില്ല എന്നതാണ് ഇതിന്റെ ശ്രേഷ്ഠത. മാത്രമല്ല ഇതിലുള്ള ഓരോ പദവും അർത്ഥപൂർണ്ണവും വൃത്തനിബദ്ധവുമാണ്. എല്ലാ നാമങ്ങളിലും അത്യുത്തമമാണ് വിഷ്ണു നാമങ്ങൾ. ആയിരം വിഷ്ണു നാമങ്ങളേക്കാൾ ശ്രേഷ്ഠമാണ് ഒരു ശിവനാമം. 1000 ശിവനാമങ്ങളേക്കാൾ ശ്രേഷ്ഠമത്രേ ദേവിയുടെ ഒരു നാമം. ദേവീസഹസ്ര നാമങ്ങൾ അനേകം ഉണ്ടെങ്കിലും അതിലേറെ പുണ്യ പ്രദമാണ് ഇതിലെ ഓരോ നാമവും. ഇങ്ങനെയുള്ള ലളിതാസഹസ്രനാമ സ്തോത്രം പതിവായി ജപിക്കുന്നവരെ യാതൊരു ആപത്തുകളും ബാധിക്കില്ല. ഗൃഹസ്ഥാശ്രമികൾക്ക് കാമധേനുവാണ് ഈ സ്തോത്രം. അതായത് അവരുടെ എല്ലാ ആഗ്രഹങ്ങളും സാധിക്കുന്നതിന് ഈ സ്തോത്ര ജപം ധാരാളമാണ്.

ശരീരശുദ്ധിയും മനശ്ശുദ്ധിയും ലളിതാസഹസ്രനാമം ജപിക്കുന്നവർക്ക് ഉണ്ടായിരിക്കണം. മത്സ്യ മാംസാദികൾ നിർബന്ധമായും വെടിയണം.ചൊവ്വ, വെള്ളി ദിനങ്ങളിലും, പൗർണ്ണമി നാളുകളിലും ഈ സഹസ്രനാമ സ്തോത്രം ജപിക്കുന്നതു കൊണ്ട് കൂടുതൽ ഫലം ലഭിക്കും. ചന്ദ്രൻ , ശുക്രൻ , കുജൻ, രാഹു എന്നീ ഗ്രഹങ്ങളുടെ ദശാകാലത്ത് ലളിതാസഹസ്രനാമം പതിവായി ജപിക്കുകയാണെങ്കിൽ എല്ലാ വിധ ദോഷങ്ങളും അകന്നു പോകും. പ്രഭാതത്തിൽ ജപിക്കുന്നതാണ് കൂടുതൽ ഉത്തമം. ലളിതാസഹസ്രനാമം പോലെ പ്രാധാന്യമുള്ളതാണ് ത്രിശതി. സഹസ്രനാമം ജപിക്കാൻ സമയക്കുറവ് ഉള്ളവർക്ക് ദേവിയുടെ ത്രിശതി ജപിക്കാവുന്നതാണ്. സാക്ഷാൽ ആദിപരാശക്തിയാണ് ലളിതാദേവിയെന്ന സങ്കല്പം. അതുകൊണ്ട് സാത്വികമായ ഏത് ദേവീപൂജയ്ക്കും ഈ സഹസ്രനാമം ഉപയോഗിക്കാം.

ബ്രഹ്മാണ്ഡപുരാണത്തിൽ ലളിതോപാഖ്യാനത്തിലാണ് ആദിപരാശക്തിയുടെ ആയിരം വിശേഷണങ്ങൾ അഥവാ പേരുകൾ ഉൾക്കൊള്ളുന്ന ശ്രീ ലളിതാസഹസ്രനാമം ഹയഗ്രീവമുനി അഗസ്ത്യർക്ക് ഉപദേശിച്ചത്. സംസാര ദുഃഖത്തിൽ ആണ്ടു കിടക്കുന്നവർക്ക് മുക്തി ലഭിക്കാൻ എളുപ്പമാർഗ്ഗം പരാശക്തിയെ ഭജിക്കുക മാത്രമാണെന്ന് ഹയഗ്രീവൻ പറയുന്നു. തമിഴ്നാട്ടിൽ തിരുമീയാച്ചൂർ എന്ന സ്ഥലത്ത് ഒരു ലളിതാംബിക ക്ഷേത്രമുണ്ട്. സഹസ്രനാമം രചിക്കപ്പെട്ടത് ഇവിടെ എന്നാണ് ഐതിഹ്യം.

മംഗള ഗൗരി

Story Summary: Significance of Sree Lalitha Sahasra Namam and Eternal Benifits of it’s Recitation


error: Content is protected !!
Exit mobile version