Monday, 20 May 2024

ലളിതാ സഹസ്രനാമം ജപിക്കുന്ന വീട്ടിൽ ദാരിദ്ര്യവും രോഗദുരിതവും ഉണ്ടാകില്ല

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

എത്ര പറഞ്ഞാലും തീരാത്ത പുണ്യമാണ് ശ്രീ ലളിതാ സഹസ്രനാമ പാരായണത്തിലൂടെ ലഭിക്കുന്നത്. അതിന്റെ ചില പ്രധാന ഗുണങ്ങൾ ആദ്യം സൂചിപ്പിക്കാം. മനഃശുദ്ധി, ശത്രു സംഹാരം, ദുഷ്ടഗ്രഹ ദോഷ നിവാരണം, വിവിധ ജന്മങ്ങളിൽ ആർജ്ജിച്ച മഹാപാപ നാശം, ഒരിക്കലും നശിക്കാത്ത ഭക്തി, കീർത്തി, അഭിവൃദ്ധി, മനോധൈര്യം, ദൈവ – പിതൃ – കുലദൈവ – അനുഗ്രഹം, സർവത്ര ജ്ഞാനലാഭം, നാലു വേദങ്ങളും പഠനം ചെയ്ത പുണ്യം, ദേവീ ക്ഷേത്രം പണിത പുണ്യം, പിതൃതർപ്പണ പുണ്യം, അന്നദാന പുണ്യം, എല്ലാ വ്രതങ്ങളും നോറ്റ പുണ്യം, കന്യാദാന പുണ്യം, അശ്വമേധയാഗ പുണ്യം, ഓർമ്മശക്തി അങ്ങനെ പറഞ്ഞാൽ തീരാത്ത ഫലം ലഭിക്കാൻ ഒരേ ഒരു കാര്യം ചെയ്താൽ മതി – നിത്യേന ഭക്തിയോടെയും ശ്രദ്ധയോടെയും ശ്രീ ലളിതാ സഹസ്ര നാമ പാരായണം. ചുരുക്കിപ്പറഞ്ഞാൽ ഈ സ്തോത്രം എന്നും പാരായണം ചെയ്യുന്ന വീട്ടിൽ ദാരിദ്ര്യവും രോഗദുരിതവും ഉണ്ടാവുകയില്ല. ഐശ്വര്യം വർദ്ധിക്കും. ക്ലേശങ്ങൾ അകലും. ജാതകദോഷം, ഗ്രഹപ്പിഴ ദോഷങ്ങൾ എന്നിവ വിഷമിപ്പിക്കില്ല. സന്താന ഭാഗ്യത്തിനും, സന്താനങ്ങളുടെ ശ്രേയസിനും വൈധവ്യ ദോഷം ബാധിക്കാതിരിക്കുന്നതിനും ആയുരാരോഗ്യ സൗഖ്യത്തിനും ലളിതസഹസ്രനാമജപം നല്ലതാണ്. അർത്ഥം അറിയാതെ വായിച്ചാൽ പോലും ഇത്രയേറെ ഗുണങ്ങൾ ലഭിക്കുമെന്നാണ് ആചാര്യ കല്പന. അപ്പോൾ അമ്മയുടെ ഓരോ നാമവും അർഥം അറിഞ്ഞ് ജപിക്കുകയാണെങ്കിൽ പുനർജ്ജന്മം ഇല്ലാത്ത മോക്ഷം ലഭിക്കുമെന്ന കാര്യം നിശ്ചയം.

താന്ത്രിക സങ്കല്‍പ്പങ്ങളുടെ വര്‍ണ്ണോജ്ജ്വല ഭൂമിയില്‍ നിന്നാണ് ജഗദംബികയുടെ, ശ്രീലളിതാ ദേവിയുടെ അപദാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലളിതാസഹസ്രനാമം രൂപപ്പെടുന്നത്. ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമാണ് ആദിപരാശക്തി. ഈ മൂന്നു ശക്തികളും ദേവിയിൽ കുടികൊള്ളുന്നു. മാതൃസ്വരൂപിണിയായ ദേവി വിഷമഘട്ടങ്ങളിൽ മക്കളായ നമ്മുടെയടുത്ത് ഓടിവന്നു സമാധാനിപ്പിക്കുന്നു. നമ്മുടെ ദുരിതങ്ങൾ അറിഞ്ഞ് സഹായിക്കും. നമ്മുടെ എല്ലാ പാപങ്ങളും നശിപ്പിക്കും. ഭൗതിക ജീവിതം നയിക്കുന്നവർക്ക് എന്നും പാരായണം ചെയ്യാൻ ഏറ്റവും ഉത്തമമാണ് ആദി പരാശക്തിയുടെ ആയിരം നാമങ്ങളുള്ള ലളിതാ സഹസ്രനാമ സ്തോത്രം. ശ്രീ മാതാ എന്ന് തുടങ്ങുന്ന ഇതിലെ ഓരോ നാമവും ഓരോ മന്ത്രമാണ്. ഒരു നാമവും ആവർത്തിക്കപ്പെടാത്ത ലളിതാ സഹസ്രനാമം മഹാമായയുടെ രൂപഭാവ ഗുണങ്ങളാണ് വർണ്ണിക്കുന്നത്. എല്ലാ ദിവസവും ലളിതാസഹസ്രനാമം ചൊല്ലാൻ സാധിക്കാത്തവർ പൗർണ്ണമി, അമാവാസി, വെള്ളി ദിവസങ്ങളിലെങ്കിലും ജപിക്കുക.

ആയുര്‍വേദവുമായി ബന്ധപ്പെടുത്തി പറഞ്ഞാല്‍, ശരിയായ തലത്തില്‍ ഈ സഹസ്രനാമം അതിന്റെ ആഴം ഉള്‍ക്കൊണ്ട് നമ്മൾ ജപിച്ചാൽ ഒരു പൈസയുടെ മരുന്നു പോലും വീട്ടിലേക്ക് വാങ്ങേണ്ടി വരില്ല. കോശങ്ങളുടെ സമൂഹമാണ് ധാതു (ടിഷ്യു) എന്ന് അറിയപ്പെടുന്നത്. ആ കോശസമൂഹങ്ങളില്‍ വരുന്ന വ്യതിയാനം, ധാതുസാമ്യമില്ലായ്മയാണ് രോഗങ്ങള്‍ക്ക് കാരണം. ധാതുസാമ്യം നഷ്ടപ്പെടുന്നത്, വാക്ക്, മനസ്, പ്രവര്‍ത്തി ഈ മൂന്നെണ്ണത്തിന്റെ ദോഷം കൊണ്ടാണ്. ഈ ദോഷങ്ങൾ തീർക്കാൻ കഴിയുന്ന ശ്രീലളിതാ ദേവിയെ നിത്യേന ഉപാസനയിലൂടെ വിളിച്ചുണര്‍ത്തി നിര്‍ത്താന്‍ കഴിയുമെങ്കിൽ ഒരു ഔഷധം പോലും ഇല്ലാതെ ആ ദേവത അനുഗ്രഹിച്ച് നമുക്ക് സുഖം തരും.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

Story Summary: Significance and Benefits of Chanting Sri Lalitha Sahasranamam


error: Content is protected !!
Exit mobile version