Saturday, 23 Nov 2024

വിഗ്രഹം വീട്ടിൽ വയ്ക്കാം, പക്ഷേ ……

വീട്ടില്‍ വിഗ്രഹങ്ങള്‍ വയ്ക്കാന്‍ പാടില്ലെന്ന്  ഒരു വിശ്വാസമുണ്ട് ഇത് ശരിയല്ല. വീട്ടില്‍ വിഗ്രഹങ്ങള്‍ വയ്ക്കുന്നതില്‍ യാതൊരു തെറ്റും ഇല്ല.യാതൊരു പൂജയും ഇല്ലാതെ വെറുതേ സങ്കല്പത്തിന് വേണ്ടിയോ കൗതുകം കൊണ്ടോ ഏതൊരു വിഗ്രഹവും വീടുകളില്‍ വയ്ക്കാം. പൂജാ മുറിയിലോ ഹാളിലോ വയ്ക്കാം. ഭഗവത് സ്വരൂപമായതിനാല്‍ വൃത്തിയും ശുദ്ധിയും ഉള്ളിടത്ത് വയ്ക്കണമെന്ന് മാത്രം.


എന്നാല്‍ ഒരു വിഗ്രഹം വച്ച് അതില്‍ മന്ത്രം ചൊല്ലി പൂക്കള്‍ അർച്ചിച്ച്  ആരാധിക്കുകയോ നിവേദ്യം സമർപ്പിക്കുകയോ ചെയ്താല്‍ ആ വിഗ്രഹത്തിന് ക്രമേണ ശക്തിചൈതന്യം ലഭിക്കും. പിന്നീട് ഈ വിഗ്രഹം അതേ രീതിയില്‍ തന്നെ പരിപാലിക്കണം. ജപമോ പൂജയോ നിവേദ്യമോ തുടങ്ങിയാല്‍ മുടക്കാതെ തുടര്‍ന്നും ചെയ്യണം. ഒരു വിധത്തിലും പൂജാമുറി അശുദ്ധമാകാതെ നോക്കണം. വലിയ സൗകര്യങ്ങളില്ലാത്ത ചെറിയ വീടുകളില്‍ ഇത്തരം ആരാധനകള്‍ തുടര്‍ന്നുകൊണ്ട് പോകാനാകില്ല. സമയപരിമിതി, സ്ഥലപരിമിതി, വീട്ടിലെ ശുദ്ധി എന്നിവകൊണ്ടാണ് വിഗ്രഹാരാധന ക്ഷേത്രങ്ങളില്‍ മാത്രം മതിയെന്നും വീടുകളില്‍ പാടില്ലെന്നും പറയുന്നത്. എന്നാൽ അതിന് കഴിയുന്നവര്‍ക്ക്  ആകാം. ഇതു പോലെ ഗീതോപദേശം ചിത്രം വീട്ടില്‍ വയ്ക്കാൻ  പാടില്ല എന്നും ഒരു പ്രചരണം ഉണ്ട്. വീട്ടില്‍ പ്രധാനമായും ഉണ്ടാകേണ്ടത്  ശാന്തിയാണ്. അതുകൊണ്ടാകാം യുദ്ധരംഗം ഉള്‍പ്പെടുന്ന ഗീതോപദേശം ചിത്രം വയ്ക്കരുത് എന്ന് പറയുന്നത്. എന്നാല്‍ ഈ പറയുന്നതിന് ശാസ്ത്രീയത ഒന്നും ഇല്ല. ഗീതോപദേശം കാണുമ്പോള്‍ യുദ്ധത്തിന്റെ ഭീകരതയല്ല ശ്രീകൃഷ്ണ ഭഗവാന്റെ പരമാത്മ രൂപവും ഭക്തരസവുമാണ് പ്രകടമാകുന്നത്. മാത്രമല്ല ഭഗവാന്റെ ഉപദേശം ഭക്തന്റെ മനസ്‌ ശാന്തമാക്കുന്ന ദൃശ്യമാണ് ഗീതോപദേശം. 

ഭക്തരസ പ്രധാനമായ ചിത്രങ്ങള്‍ പരിശുദ്ധമായും വൃത്തിയായും വേണം സൂക്ഷിക്കാന്‍. അതുകൊണ്ട് തന്നെ പൂജാമുറിയിലോ, ഹാളിലോ ഭഗവദ്ഗീതാ ചിത്രം വയ്ക്കുന്നതില്‍ യാതൊരു ദോഷവും ഇല്ല. എന്നാൽ ശയന മുറിയില്‍ വയ്ക്കരുത്.  

മരിച്ചവരുടെ ഫോട്ടോയ്ക്ക്  മുമ്പില്‍ ഭക്ഷ്യവസ്തുക്കള്‍ വയ്ക്കുന്നതും, നേദിക്കുന്നതും പൂജിക്കുന്നതും ഉത്തമമല്ല.

പിതൃവിന്റെ ആത്മ ചൈതന്യത്തെ തിലഹോമം നടത്തി പാപശമനം വരുത്തി സായൂജ്യ പൂജയിലൂടെ ഭഗവാനില്‍ സ്പര്‍ശിച്ചാല്‍ പിന്നീട് പിതൃ സങ്കല്പത്തില്‍ ബലി പോലും ചെയ്യരുത്.

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി

+91 9447020655

error: Content is protected !!
Exit mobile version