Sunday, 6 Oct 2024

വീട്ടില്‍ വിഗ്രഹങ്ങള്‍ വച്ചാൽ എന്ത് കുഴപ്പം സംഭവിക്കും?

ശ്രീകൃഷ്ണ വിഗ്രഹം വീട്ടില്‍ വയ്ക്കാന്‍ പാടില്ല എന്ന് ചിലർ പറയാറുണ്ട്; അത് പെണ്‍കുട്ടികള്‍ക്ക് ദോഷകരമാണെന്നാണ്  അവർ പറയുന്നത്. ഓടക്കുഴല്‍ ഉള്ള കൃഷ്ണന്‍ കുഴപ്പക്കാരനാണ് എന്നാണ് അവരുടെ വിശ്വാസം. എന്നാൽ ഈ പറയുന്നതിൽ ഒരു വസ്തുതയുമില്ല. ശ്രീകൃഷ്ണ വിഗ്രഹം വീട്ടില്‍ വയ്ക്കുന്നതില്‍ യാതൊരു ദോഷവും തെറ്റും ഇല്ല. ഓടക്കുഴലൂതി കൃഷ്ണന്‍ ഗോപികമാരെ ആകര്‍ഷിച്ചു എന്നതുകൊണ്ടാകണം  പെണ്‍കുട്ടികള്‍ക്ക് ഓടക്കുഴലുള്ള കൃഷ്ണന്‍ ദോഷം ചെയ്യുമെന്ന് പറയുന്നത്. ഇതിന് ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ല.

കൃഷ്ണവിഗ്രഹം പൂജിക്കുന്നതിനോ, വീട്ടില്‍ വെറുതെ വയ്ക്കുന്നതിനോ യാതൊരു ദോഷവും ഇല്ല. വിഗ്രഹത്തില്‍ നിന്നും ഓടക്കുഴല്‍ ഊരി മാറ്റാനും പാടില്ല. അത് അപൂര്‍ണ്ണ കൃഷ്ണനാകും.
അതുപോലെ കൃഷ്ണ വിഗ്രഹം എന്നല്ല ഒരു വിഗ്രഹവും വീട്ടില്‍ വയ്ക്കാന്‍ പാടില്ല എന്നും ചിലയിടങ്ങളില്‍ വിശ്വാസമുണ്ട്. എന്നാൽ വീട്ടില്‍ വിഗ്രഹങ്ങള്‍ വയ്ക്കുന്നതിൽ യാതൊരു തെറ്റും ഇല്ല. പക്ഷേ വിഗ്രഹം വച്ച് അതില്‍ മന്ത്രം ചൊല്ലി പൂക്കള്‍ അർച്ചിക്കുകയോ നിവേദ്യം കൊടുക്കുകയോ ചെയ്താല്‍ ആ വിഗ്രഹത്തിന് ക്രമേണ ശക്തിചൈതന്യം ഉണ്ടാകും. പിന്നീട് ഈ വിഗ്രഹം ഇതേ രീതിയില്‍ തന്നെ പരിപാലിക്കണം. പൂജയോ നിവേദ്യമോ തുടങ്ങിയാല്‍ തുടര്‍ന്നും നിത്യവും ചെയ്യണം. ഒരു തരത്തിലും അശുദ്ധിയാകാതെ നോക്കണം. വലിയ സൗകര്യങ്ങളില്ലാത്ത ചെറിയ വീടുകളില്‍ ഇത്തരം ആരാധനകള്‍ തുടര്‍ന്നു കൊണ്ട് പോകുക ബുദ്ധിമുട്ടാകും. സമയപരിമിതി, സ്ഥല പരിമിതി, വീട്ടിലെ ശുദ്ധി എന്നിവകൊണ്ടാണ് വിഗ്രഹാരാധന ക്ഷേത്രങ്ങളില്‍ മാത്രം മതിയെന്നും വീടുകളില്‍ പാടില്ല എന്നും പറയുന്നത്. ഈ പ്രശ്നങ്ങളില്ലാതെ ആരാധിക്കുവാൻ സാധിക്കുന്നവര്‍ക്ക് വീട്ടിൽ വിഗ്രഹം വച്ച് അനുഷ്ഠാനങ്ങൾ  നടത്താം. യാതൊരു പൂജയും ഇല്ലാതെ വെറുതേ സങ്കല്പത്തിന് വേണ്ടിയോ കൗതുകത്തിനോ ഏതൊരു വിഗ്രഹവും വീടുകളില്‍ വയ്ക്കാം. പൂജാ മുറിയിലോ ഹാളിലോ വയ്ക്കാം. ഭഗവത് സ്വരൂപമായതിനാല്‍ വൃത്തിയും ശുദ്ധിയും ഉള്ളിടത്ത് വയ്ക്കണമെന്ന് മാത്രം.

– തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി 

+919447020655

error: Content is protected !!
Exit mobile version