Sunday, 6 Oct 2024

വീട്ടിൽ പൊങ്കലയിട്ടാലും പൂർണ്ണഫലം; ഈ ചിട്ടകൾ പാലിക്കുക തന്നെ വേണം

വെള്ളിയോട്ടില്ലം പി. ഈശ്വരൻ നമ്പൂതിരി
ആത്മസമർപ്പണമാണ് വഴിപാട്. തനം, മനം, ധനം എന്നിവ അർപ്പിക്കുന്നത് പൂർണ്ണമായ സമർപ്പണമാണ്.
എന്താണ് തനം മനം ധനം? മനസും ശരീരവും ധനവും. അതായത് തനിക്കു സ്വന്തമായുള്ളത് മൂന്നും സമർപ്പിക്കലാണ് തനമനധന സമർപ്പണം.

വ്രതവും ദർശനവും കൊണ്ട് ശരീരവും പ്രാർത്ഥന കൊണ്ട് മനസ്സും നിവേദ്യങ്ങൾ കൊണ്ട് ധനവും സമർപ്പിക്കുന്നതാണ് ആറ്റുകാൽ പൊങ്കാല.
ചുരുക്കിപ്പറഞ്ഞാൽ ഇഷ്ടമുള്ള എന്ത് നിവേദ്യവും വഴിപാടും നടത്തി നിഷ്‌കളങ്കമായി പ്രാർത്ഥിച്ചാൽ ആറ്റുകാൽ അമ്മ പ്രസാദിക്കും.

ഐതിഹ്യങ്ങൾ
ആറ്റുകാലമ്മയുടെ സുപ്രധാന ദിവസമായ കുംഭത്തിലെ പൂരം നക്ഷത്രത്തിലാണ് ഭക്തർ അമ്മയ്ക്ക് നേരിട്ട് നിവേദ്യം സമർപ്പിക്കുന്നത്. നിരപരാധിയായ തന്റെ ഭർത്താവിനെ വധിച്ചതിൽ മനംനൊന്ത് കണ്ണകിയുടെ നേത്രാഗ്നി മധുരാനഗരം ചുട്ടെരിച്ചു. എന്നിട്ടും കോപം ശമിക്കാതെ വർത്തിച്ച കണ്ണകിയെ ശാന്തയാക്കാൻ ഭക്തർ പൊങ്കാല അർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്നാണ് ഐതിഹ്യം. ഒടുവിൽ കണ്ണകി ആദിപരാശക്തിയുടെ മാതൃഭാവമായ കൊടുങ്ങല്ലൂരമ്മയിൽ ലയിച്ചു ചേർന്നു. കൊടുങ്ങല്ലൂരമ്മയുടെ ചൈതന്യം പാടി ആവാഹിച്ച് കൊണ്ടുവന്ന് കാപ്പുകെട്ടി കുടിയിരുത്തിയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം ആരംഭിക്കുന്നത്.

കുംഭമാസത്തിലെ പൂരം നാളിൽ മഹിഷാസുര നിഗ്രഹം നടത്തി ഭദ്രകാളിയായ ദേവിയെ സൗമ്യ ഭാവത്തിലേക്ക് നയിക്കുന്നതിന് പൊങ്കാലയിട്ട് പ്രാർത്ഥിക്കുന്നു എന്നാണ് മറ്റൊരു ഐതിഹ്യം. ശിവനെ പ്രീതിപ്പെടുത്താൻ സൂര്യന് അഭിമുഖമായി നിന്ന് വായു ഭക്ഷിച്ച് കഠിനമായ സൂര്യതാപം ഏറ്റുവാങ്ങി തപസ് ചെയ്ത പാർവ്വതി ദേവി സങ്കല്പത്തിലാണ് പൊങ്കാല എന്നും ഐതിഹ്യമുണ്ട്.
സൂര്യമണ്ഡല മധ്യസ്ഥയാണ് ആറ്റുകാലമ്മ എന്ന സങ്കല്പ പ്രകാരം ഭക്തർ അമ്മയ്ക്ക് നിവേദ്യം തയ്യാറാക്കുന്നു എന്ന വ്യാഖ്യാനത്തിനും സാംഗത്യമുണ്ട്.

അഭീഷ്ടസിദ്ധി ഫലം
ഐതിഹ്യങ്ങൾ എന്തായാലും ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടുന്നതിലൂടെ ആഗ്രഹസാഫല്യം, മന:സുഖം എന്നിവ ലഭിക്കുമെന്നത് ലക്ഷക്കണക്കിന് ഭക്തരുടെ അനുഭവമാണ്. ദോഷപരിഹാരവും മുഖ്യ ഫലമാണ്. പൊങ്കാല ഇടുന്നതിന് ഓരോരുത്തർക്കും ഓരോരോ കാരണമുണ്ട്. വിവാഹം, ആരോഗ്യം, ആയുസ്, ജോലി, രോഗമുക്തി, ഭൂമി, ഗൃഹം ഇവ സംബന്ധിച്ച ആഗ്രഹ സാഫല്യം പൊങ്കാല ഇടുന്നതിലൂടെ ലഭ്യമാകുന്നു എന്ന് വിശ്വാസം. അർപ്പണബുദ്ധിയോടെ പൂർണ്ണമായ ആത്മ സമർപ്പണത്തോടെ അമ്മയ്ക്ക് നിവേദ്യം അർപ്പിക്കുമ്പോൾ അതിന്റെ ഫലം അനുഭവത്തിൽ വരും.

എത്ര ദിവസം വ്രതം
പൊങ്കാലയിടാൻ 3 ദിവസമെങ്കിലും വ്രതമെടുക്കണം. അതിനു കഴിയാത്തവർ തലേ ദിവസം വ്രതമെടുക്കണം. സാധാരണ വ്രതങ്ങൾ പോലെ തലേന്ന് ഒരിക്കലെടുത്ത് മത്സ്യമാംസാദിവെടിഞ്ഞ് സഹശയനം ഉപേക്ഷിച്ച് ദേവീ സംബന്ധമായ പ്രാർത്ഥനകളിലും പൂജകളിലും മുഴുകി കഴിയണം. തലേന്ന് പുലർച്ചെ കുളിച്ച് ക്ഷേത്രദർശനം നടത്തണം. ഒരുനേരം അരിയാഹാരം കഴിക്കാം. ബാക്കി രണ്ടുനേരം ഫലവർഗ്ഗങ്ങൾ ആകാം. അല്ലെങ്കിൽ ഗോതമ്പു ഭക്ഷണം കഴിക്കാം. രണ്ടുനേരവും കുളിയും പ്രാർത്ഥനയും വേണം. കഴിയുമെങ്കിൽ ക്ഷേത്രദർശനവും നടത്തണം. പിറ്റേന്ന് പൊങ്കാല തിളച്ച ശേഷം ആഹാരം കഴിച്ച് വ്രതം അവസാനിപ്പിക്കാം.

ആദ്യം പടുക്ക വയ്ക്കണം
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സ്വന്തം വീടുകളിൽ തന്നെ പൊങ്കാലയിടണം. വീട്ടിന് മുന്നിൽ വൃത്തിയുള്ള സ്ഥലം കഴുകി തീർത്ഥം കുടഞ്ഞ് ശുദ്ധമാക്കി പുതിയ ചുടുകട്ടകൊണ്ട് അടുപ്പുകൂട്ടി പൊങ്കാല ഇടാം. ഒരു പാത്രത്തിൽ ജലം സഹിതം നിലവിളക്ക് കത്തിച്ച്‌വച്ച് പടുക്ക വയ്ക്കുകയാണ് ആദ്യം വേണ്ടത്. ക്ഷേത്രത്തിൽ പണ്ടാരയടുപ്പിൽ അഗ്നി പകരുന്ന സമയത്ത് വീട്ടിൽ പൊങ്കാലയിടുന്നവർ ഈ നിലവിളക്കിൽ നിന്ന് അഗ്നി അടുപ്പിലേക്കു പകരണം. ക്ഷേത്രത്തിൽ പൊങ്കാല നേദിക്കുന്ന സമയത്ത് പാത്രത്തിലെ വെള്ളം തീർത്ഥമായി സങ്കല്പിച്ച് തളിക്കണം.

ദിക്ക് കിഴക്ക്; തെക്കുവേണ്ട
വീട്ടിൽ പൊങ്കാല ഇടുന്നത് കാരണം ആ ഗൃഹത്തിലെ എല്ലാവരും സ്ത്രീപുരുഷഭേദമന്യേ വ്രതമെടുക്കണം. ഇത് കുടുംബാഭിവൃദ്ധിക്കും ഐശ്വര്യത്തിനും നല്ലതാണ്. പൊങ്കാല ഇടുമ്പോൾ ദർശനം കിഴക്കാണ് ഉത്തമം. പടിഞ്ഞാറും ഗുണകരമാണ്. വടക്കുഭാഗത്തും കുഴപ്പം ഇല്ല. തെക്കുവശത്തേക്ക് നിന്ന് പൊങ്കാല ഇടരുത്.

മൺകലം ഭൂമി പ്രതീകം
മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്. മൺകലം എന്നുപറയുന്നത് പഞ്ചഭൂതത്തിൽ ഏറ്റവും പ്രധാനമായ ഭൂമിയെ പ്രതിനിധീകരിക്കുന്നു. സ്വർണ്ണപ്പാത്രം, വെള്ളിപ്പാത്രം, പിച്ചള, ചെമ്പ് പാത്രങ്ങളിലൊക്കെ നിവേദ്യം തയ്യാറാക്കാമെങ്കിലും മൺകലത്തിലെ പൊങ്കാലയ്ക്കു തന്നെയാണ് പ്രാധാന്യം കൂടുതൽ. നിത്യവും ക്ഷേത്രത്തിൽ പന്തീരടി പൂജയ്ക്ക് മൺകലത്തിൽ ഒരു നിവേദ്യം നിവേദിച്ചുവരുന്നു.

ശുദ്ധി പ്രധാനം
പുതുവസ്ത്രം, പുതിയ കലം തുടങ്ങിയവ പൊങ്കാലയ്ക്ക് ഉപയോഗിക്കണമെന്നു പറയുന്നതിന് കാരണം ഇവയൊക്കെ നമ്മുടെ മാനസിക ശുദ്ധി, ശാരീരികശുദ്ധി എന്നിവയെ പ്രതിനിധീകരിക്കുന്നു എന്നതാണ്. കുളിച്ച് പുതുവസ്ത്രം ധരിച്ച് ഇറങ്ങുമ്പോഴുള്ള ശാരീരിക ഉണർവ്വ് പഴയ വസ്ത്രം ധരിച്ചാൽ ഉണ്ടാകത്തില്ല. വ്രതത്തിന്റെയും വിശ്വാസത്തിന്റെയുമൊക്കെ പ്രതീകമായിട്ടാണ് പുതുവസ്ത്രവും പുതുകലവും ഉപയോഗിക്കുന്നത്.

നിവേദ്യങ്ങൾ പലത്
ശർക്കരപ്പായസം, പഞ്ചസാരപ്പായസം, പാൽപ്പായസം, വെള്ളനിവേദ്യം, തെരളി, അട മുതലായവയാണ് പൊങ്കാലയായി സമർപ്പിക്കുന്നത്. ഓരോന്നിനും ഓരോ ഫലമാണ്. എങ്കിലും മധുരപദാർത്ഥങ്ങളെല്ലാം വശ്യമായിട്ടും ആവിക്ക് പുഴങ്ങുന്ന അട, തെരളി ഇവ മാംസമായിട്ടുമാണ് സങ്കല്പം. നമ്മുടെ സങ്കല്പത്തെ അനുസരിച്ച് ഫലം ചിന്തിക്കുന്നതാണ് ഉചിതം.

കിഴക്കോട്ട് തുകിയാൽ സാഫല്യം
പൊങ്കാല തിളച്ചു തൂവുന്നതിന് ഫലമുണ്ട്. കിഴക്കുദർശനമായി പൊങ്കാലയിടുന്നവർക്കു കിഴക്കുദിശയിലേക്ക് തൂകുന്നത് സാഫല്യമാണ്. ഏതു ദിശയിൽ നിന്നാലും തെക്കോട്ടു തൂവുന്നത് നന്നല്ല. തെക്കോട്ടു തൂവിയാൽ ദേവിയോട് പ്രാർത്ഥിച്ച് ദോഷ പരിഹാരാർത്ഥം വഴിപാട് നടത്തണം.

  • വെള്ളിയോട്ടില്ലം പി. ഈശ്വരൻ നമ്പൂതിരി
    ആറ്റുകാൽ ഭഗവതി ക്ഷേത്രം മേൽശാന്തി

Story Summary: Attukal Pongala: Date, significance and all you need to know

error: Content is protected !!
Exit mobile version