Friday, 20 Sep 2024

വെറുതെ ഭയക്കണ്ടാ, കരിനാൾ ദോഷത്തിന് ഇതെല്ലാം ഒത്തു വരണം

എസ്. ശ്രീനിവാസ് അയ്യര്‍

മരണ ദോഷവുമായി ബന്ധപ്പെട്ട വസുപഞ്ചകം എന്ന വാക്ക് മിക്കവരും കേട്ടുകാണും. ചിലര്‍ അതിനെ കരിനാള്‍ എന്നും വിളിക്കാറുണ്ട്. മരണം നടന്നാല്‍ ആദ്യം ദൈവജ്ഞനോട് അന്വേഷിക്കുന്നത് കരിനാള്‍ ദോഷമുണ്ടോ? എന്നാണ്. കാലന് കരിങ്കോഴിയെ ബലിനല്‍കി പ്രസ്തുത ദോഷം തീര്‍ക്കുന്ന രീതിയുണ്ട്, ചില നാട്ടില്‍. മറ്റുചില പരിഹാരങ്ങളും, ദേശഭേദവും ജാതിഭേദവുമൊക്കെ മുന്‍നിര്‍ത്തി നിലവിലുണ്ട്. വസുപഞ്ചകം എന്നാല്‍ എന്താണെന്ന് വിശദമായി നോക്കാം. അവ ഗ്രന്ഥങ്ങളിലുണ്ട്.

വസു എന്നത് അവിട്ടം നക്ഷത്രത്തെക്കുറിക്കുന്ന പദമാണ്. ആ നാളിന്റെ ദേവതകള്‍ അഷ്ടവസുക്കളാണ്. അതിനാലാണ് അവിട്ടത്തെ വസു എന്ന് വിളിക്കുന്നത്. അവിട്ടം നക്ഷത്രം തൊട്ട് അഞ്ച് നക്ഷത്രങ്ങളെയാണ് — അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്തൃട്ടാതി, രേവതി — വസുപഞ്ചകം എന്നു പറയുക. ഇവയിലൊരു നാളില്‍ മരണം സംഭവിച്ചാല്‍ ‘പഞ്ചകദോഷ’മായി. തറവാട്ടില്‍ ഒരാണ്ടിനകം അഞ്ച് മരണങ്ങള്‍ ഉണ്ടാകുമെന്നാണ് വിധിയും വിശ്വാസവും.

എന്നാല്‍ ഈ നിയമപ്രകാരം ദോഷം വരണമെങ്കില്‍ വേറേയും കാര്യങ്ങള്‍ ഒത്തുവരണമെന്നുണ്ട്. ആഴ്ച, തിഥി, ലഗ്‌നം എന്നിവയും ചേരണം. എങ്കില്‍ മാത്രമേ ദോഷം ഭവിക്കുന്നുള്ളു. അവിട്ടം നക്ഷത്രം രണ്ടുരാശികളിലായി വരുന്ന നക്ഷത്രമാണ്. ആദ്യ രണ്ടുപാദങ്ങള്‍ മകരം രാശിയിലും അന്ത്യത്തിലെ രണ്ടുപാദങ്ങള്‍ കുംഭം രാശിയിലും. കുംഭം രാശിയില്‍ വരുന്ന അവിട്ടം 3, 4 പാദങ്ങളില്‍ മരണം സംഭവിച്ചാലേ അവിട്ടം നാള്‍ ദോഷപ്രദമാകൂ! കൂടാതെ അന്ന് ചൊവ്വാഴ്ചയായിരിക്കണം, ഏകാദശി തിഥിയാകണം, വൃശ്ചികലഗ്‌നവും ഒത്തുവരണം. എങ്കിലേ ദോഷമുള്ളൂ.

ചതയം നാളില്‍ മരണം ഭവിച്ചാല്‍ അന്ന് ബുധനാഴ്ചയും ദ്വാദശി തിഥിയുമുണ്ടാവണം. കൂടാതെ ധനുലഗ്‌നവും വരണം. പൂരൂരുട്ടാതി നക്ഷത്രത്തിന്റെ അന്നാണെങ്കില്‍ അത് വ്യാഴാഴ്ചയാവണം, ത്രയോദശി തിഥിയാവണം, മകരലഗ്‌ന സമയവുമാകണം. ഉത്തൃട്ടാതിയില്‍ മൃത്യു സംഭവിച്ചാല്‍ വെള്ളിയാഴ്ച, ചതുര്‍ദ്ദശി, കുംഭലഗ്‌നം എന്നിവ ഒത്തുവരണം. രേവതിയില്‍ മൃത്യുവന്നാല്‍ ശനിയാഴ്ചയും വാവും മീനലഗ്‌നവും യോജിച്ചാലേ ദോഷമുള്ളൂ. ചുരുക്കത്തില്‍ അവിട്ടം മുതല്‍ അഞ്ചുനാളുകളോട് യഥാക്രമം ചൊവ്വതൊട്ടുള്ള അഞ്ച് ആഴ്ചകളും, ഏകാദശി തൊട്ടുള്ള അഞ്ച് തിഥികളും വൃശ്ചികം തൊട്ടുള്ള അഞ്ച് ലഗ്‌നങ്ങളും ഇണങ്ങണം.

ഇതെല്ലാം ഒത്തുവരിക എന്നത് സാധാരണമല്ല. അതിനാല്‍ വസുപഞ്ചകനാളുകളില്‍ മരണം നടന്നതു കൊണ്ടുമാത്രം ദോഷമായി എന്നില്ല. ഇവയ്ക്ക് ഉചിത പരിഹാരങ്ങളുമുണ്ട്. അവ ദൈവജ്ഞനില്‍ നിന്നറിഞ്ഞ് ആചരിക്കുകയും വേണം.

വസുപഞ്ചകത്തില്‍ മരിച്ചാല്‍ ദഹിപ്പിക്കാനും ചില വിധികളുണ്ടെന്ന് ആചാര്യന്മാര്‍ വ്യക്തമാക്കുന്നു. ഈ ശ്ലോകം ശ്രദ്ധിക്കുക:
‘അവിട്ടം പാതിതൊട്ട് രേവത്യന്തം വരേയ്ക്കും /
മരിച്ചാല്‍ ദഹിപ്പിക്ക യോഗ്യമല്ലറിക നീ /
അഥവാ ദഹിപ്പിക്കേണമെന്നാകിലതിന്‍ /
വിധിപോല്‍ ദഹിപ്പിക്കാമൊരു ദോഷവും വരാ’!.

മരണം അടുത്ത തലമുറയ്ക്കും കുടുംബത്തിനുമൊക്കെ ദോഷപ്രദമായിത്തീരുന്ന മറ്റു ചില ഘടകങ്ങളുമുണ്ട്. സൂര്യന്‍ നില്‍ക്കുന്ന രാശികളെ കേന്ദ്രീകരിച്ചും (ഊര്‍ദ്ധ്വമുഖം, തിര്യങ്മുഖം, അധോമുഖം), സൂര്യന്‍ നില്‍ക്കുന്ന നക്ഷത്രങ്ങളെ കേന്ദ്രീകരിച്ചും ( അകനാള്‍, പുറനാള്‍), ആഴ്ചകളെ കേന്ദ്രീകരിച്ചും, പിണ്ഡനൂല്‍, ബലിനക്ഷത്രം മുതലായ നിയമങ്ങളെ മുന്‍നിര്‍ത്തിയും വിശദമായി നമ്മുടെ പൂര്‍വ്വികരാല്‍ ചിന്തിക്കപ്പെട്ടിട്ടുണ്ട്.

എസ്. ശ്രീനിവാസ് അയ്യര്‍,
+91 98460 23343
അവനി പബ്ലിക്കേഷൻസ്, തിരുവനന്തപുരം
കൂടുതല്‍ വായിക്കാൻ ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക…
https://avanipublicationstvm.blogspot.com/

Story Summary: Problems caused by Vasupanchaka dosham

error: Content is protected !!
Exit mobile version