വൈശാഖ മാസത്തിലെ ഷഷ്ഠിയിൽ സ്കന്ദനെ ഉപാസിച്ചാൽ മാതൃസൗഖ്യം
തരവത്ത് ശങ്കരനുണ്ണി
മക്കൾ കാരണം വിഷമിക്കുന്നവരും സന്താനലാഭം ആഗ്രഹിക്കുന്നവരും ചൊവ്വാദോഷം കാരണം വിവാഹം വൈകുന്നവരും ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ക്ഷിപ്രഫലസിദ്ധിക്ക് ഉത്തമാണ്. ഓരോ മാസത്തെയും ഷഷ്ഠി വ്രതാനുഷ്ഠാനത്തിന് പ്രത്യേകം ഫലങ്ങൾ ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്. വൈശാഖ മാസത്തിലെ ഷഷ്ഠിയില്‍ (മേടം – ഇടവം) വ്രതമെടുത്ത് സ്കന്ദനെ പൂജിച്ചാല്‍ മാതൃസൗഖ്യം ഫലം. 2024 മേയ് 13 നാണ് ഈ ഷഷ്ഠി. തിഥി സമയം: മേയ് 13 രാവിലെ 2:07 മുതൽ 14 ന് രാവിലെ 2:53 വരെ.
സാധാരണ എല്ലാവരും സന്താനങ്ങളുടെ ക്ഷേമത്തിനും ചൊവ്വാദോഷ പരിഹാരത്തിനും സുബ്രഹ്മണ്യ പ്രീതിക്ക് അനുഷ്ഠിക്കുന്നതാണ് ഷഷ്ഠി വ്രതം. ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയം വരിക്കാനും മക്കളുടെ നന്മയ്ക്കും സുബ്രഹ്മണ്യ പത്‌നി ദേവസേനയെ പ്രീതിപ്പെടുത്താനും ഷഷ്ഠി വ്രതം ആചരിക്കാം. കറുത്തപക്ഷത്തിലെ ഷഷ്ഠി സാധാരണ വ്രതദിനമല്ല. വെളുത്തപക്ഷത്തിലെ ഷഷ്ഠി നാളിലാണ് വ്രതം ആചരിക്കുന്നത്. ഉദയശേഷം ആറു നാഴികയെങ്കിലും ഷഷ്ഠി തിഥിയുള്ള ദിവസം വ്രതത്തിന് തിരഞ്ഞെടുക്കുന്നു. വെളുത്ത പക്ഷത്തിലെ പഞ്ചമിനാള്‍ ഒരു നേരം ഭക്ഷണം കഴിച്ച്, ഷഷ്ഠിനാളിൽ സുബ്രഹ്മണ്യ ക്ഷേത്രദർശനവും വഴിപാടുകളും മറ്റും നടത്തിയ ശേഷം ഉച്ചസമയത്തെ ഷഷ്ഠിപൂജയും തൊഴുത് ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നേദിച്ച പടച്ചോറും കഴിച്ചാണ് സാധാരണ വ്രതം പൂർത്തിയാക്കുന്നത്. പ്രയോഗികമായി ഇതിന് കഴിയാത്തവർ ഷഷ്ഠിക്ക് സുബ്രഹ്മണ്യ ക്ഷേത്രദർശനം, വഴിപാടുകൾ എന്നിവ നടത്തി പ്രാർത്ഥിക്കണം. ഷഷ്ഠി ദിവസം സന്ധ്യയ്ക്ക് സുബ്രഹ്മണ്യ അഷ്ടോത്തരം, സ്കന്ദ ഷഷ്ഠി കവചം, സുബ്രഹ്മണ്യ പഞ്ചരത്നം, സുബ്രഹ്മണ്യ കരാവലംബ സ്തോത്രം, സുബ്രഹ്മണ്യ ഭുജംഗം, ഷഷ്‌ഠി ദേവിസ്‌തുതി എന്നിവ ചൊല്ലുന്നത് നല്ലതാണ്. പിറ്റേന്ന് തുളസീതീർഥം സേവിച്ച് പാരണ വിടാം. കാര്യസിദ്ധിക്ക് വിധിപ്രകാരമുള്ള ഷഷ്ഠിവ്രതാനുഷ്ഠാനം ഫലപ്രദമാണ്.
വൃശ്ചികത്തില്‍ ആരംഭിച്ച് തുലാത്തില്‍ അവസാനിക്കുന്ന വിധത്തിലും ഒന്‍പതു വര്‍ഷങ്ങള്‍ കൊണ്ട് 108 ഷഷ്ഠി എന്ന നിലയിലും ഷഷ്ഠി വ്രതമനുഷ്ഠിക്കാറുണ്ട്. മകയിരം, ചിത്തിര, അവിട്ടം നാളുകാർ ജാതകത്തില്‍ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം രാശികളില്‍ ചൊവ്വ നില്‍ക്കുന്നവര്‍, ജാതകവശാൽ ചൊവ്വ അനിഷ്ട സ്ഥാനത്ത് നിൽക്കുന്നവർ ചൊവ്വാദോഷമുള്ളവർ എന്നിവർ ഷഷ്ഠി അനുഷ്ഠിക്കുന്നത് വളരെ നല്ലതാണ്.
സുബ്രഹ്മണ്യ മൂലമന്ത്രം
ഓം വചത്ഭുവേ നമഃ
സുബ്രഹ്മണ്യ ധ്യാനം
സ്ഫുരൻ മകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗേന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സ്മരതു പീതവാസോവസം
സുബ്രഹ്മണ്യ ഗായത്രി
സനൽ കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ: പ്രചോദയാത്
ഷഷ്ഠി ദേവി സ്തുതി
ഷഷ്ഠാംശം പ്രകൃതേശുദ്ധാം
പ്രതിഷ്ഠാപ ച സുപ്രഭാം
സപുത്രദാം ച ശുഭദാം
ദയാരൂപാം ജഗത്പ്രസൂം
ശ്വേതചമ്പക വര്‍ണാഭ്യാം
രത്‌നഭൂഷണ ഭൂഷിതാം
പവിത്രരൂപാം പരമാം
ദേവസേനാം പരേഭജേ
ഷഷ്ഠി മന്ത്രം
ഓം ഹ്രീം ഷഷ്ഠീദേവ്യേ സ്വഹാ
സുബ്രഹ്മണ്യ ദ്വാദശനാമ മന്ത്രം
1 ഓം സേനാന്യൈ: നമഃ
2 ഓം ക്രൗഞ്ചരയേ നമഃ
3 ഓം ഷണ്‍മുഖായ നമഃ
4 ഓം ഗുഹായ നമഃ
5 ഓം ഗാംഗേയായ നമഃ
6 ഓം കാര്‍ത്തികേയായ നമഃ
7 ഓം സ്വാമിനെ നമഃ
8 ഓം ബാലരൂപായ നമഃ
9 ഓം ഗ്രഹാഗ്രണ്യൈ നമഃ
10 ഓം ചാടപ്രിയയായ നമഃ
11 ഓം ശക്തിധത്യാരായ നമഃ
12 ഓംദൈത്യാരയേ നമഃ
തരവത്ത് ശങ്കരനുണ്ണി,
പാലക്കാട്: + 91 9847118340
Story Summary: Significance and Benefits of Vishakha Masa (Edavam Month) Shasti Vritham
Copyright 2024 Neramonline.com. All rights reserved