Monday, 20 May 2024

നിത്യവും തുളസിമന്ത്രം ജപിച്ചാൽ പുത്രലാഭം, രോഗമുക്തി, കുടുംബത്തിൽ ഐശ്വര്യം

തരവത്ത് ശങ്കരനുണ്ണി
മഹാവിഷ്ണുവിന്റെ പത്നിയായ തുളസിദേവിയെ തുളസിമന്ത്രം ജപിച്ച് ആരാധിച്ചാൽ പുത്രലാഭം, രോഗമുക്തി, ബന്ധുജനലാഭം, കുടുംബത്തിൽ ഐശ്വര്യം, സർവപാപശമനം, വാസ്തു ദോഷശമനം, സന്തോഷം,
സർവൈശ്വര്യ സിദ്ധി, മോക്ഷം എന്നിവയെല്ലാം ലഭിക്കും. തുളസിച്ചെടി കാണുന്നത് പോലും പുണ്യമാണെന്ന് കരുതുന്നു.

മിക്ക ഹിന്ദുഭവനങ്ങളുടെ മുറ്റത്തും ഒരു തുളസിത്തറ കാണും. അഥവാ തറ കെട്ടിയിട്ടില്ലെങ്കിലും തുളസിച്ചെടി എല്ലാവീടുകളിലും മിക്കവാറും ഉണ്ടാകും. തുളസി ദിവ്യമായ സസ്യം മാത്രമല്ല വളരെ ഔഷധഗുണമുള്ള ചെടിയുമാണ്.

ഭഗവാൻ വിഷ്ണുവിന്റെയും ഭഗവാൻ കൃഷ്ണന്റെയും പൂജയ്ക്ക് തുളസിപൂവ് നിർബന്ധമായും വേണം. തുളസി പലതരത്തിൽ കാണപ്പെടുന്നുണ്ട്. കൃഷ്ണതുളസിയാണ് സാധാരണ കൂടുതൽപേരും നാട്ടുവളർത്തുന്നതും പൂജയ്ക്കെടുക്കുന്നതും. ചിലയിടങ്ങളിൽ രാമതുളസിയും ഇളം പച്ചനിറമുള്ള സീതാതുളസിയും ഒരേ ചെടിച്ചട്ടിയിൽ വളർത്തണമെന്ന് നിഷ്കർഷിക്കുന്നതും കാണാം.

തുളസി ഭഗവാൻ വിഷ്ണുവിന്റെ പത്നി ആയിരുന്നെന്നും ഒരിക്കൽ സപത്നിയായ ഗംഗയുടെ ശാപത്താൽ ഭൂമിയിൽ വൃക്ഷമായി ഏറെക്കാലം ജീവിക്കേണ്ടി വന്നുവെന്നും, പിന്നീടെപ്പോഴോ ശാപമോക്ഷം കിട്ടിയപ്പോൾ ഭൂമിയിൽ അംശാവതാരമായി തുളസിച്ചെടിയെ നിലനിർത്തിയിട്ട് തുളസി ദേവി ഭഗവാന്റെ അടുത്തേക്ക് പോയതായും
ഐതിഹ്യമുണ്ട്.

തുളസിച്ചെടിക്ക് അശുദ്ധിഉണ്ടായാൽ തുളസിമാതാവ് കോപിക്കുമെന്നും ശപിക്കുമെന്നും വിശ്വസിക്കുന്ന ചിലർ സ്വന്തം വീട്ടിൽ തുളസി നടാതെ പൂജയ്ക്കായി അയലത്ത് നിന്നും പറിച്ചെടുക്കുകയാണ് ചെയ്യുന്നത്. വടക്കേ ഇന്ത്യയിൽ ധാരാളം സ്ഥലങ്ങളിൽ തുളസിച്ചെടിയെ സ്ത്രീവേഷത്തിൽ അണിയിച്ചൊരുക്കി പൂജിക്കാറുണ്ട്. ഭഗവാൻ വിഷ്ണുവും ഭഗവതി ലക്ഷ്മിയും ചേർന്നാണ് ആദ്യമായി തുളസിയെ വൃന്ദാവനത്തിൽ പൂജിച്ചതെന്നും പിന്നീട് മനുഷ്യർ തുളസിയെ പൂജിക്കാൻ തുടങ്ങിയെന്നും വിശ്വസിക്കുന്നു.

നാരദമുനി നിത്യേന തുളസിയെ പൂജിച്ചിരുന്നുവെന്ന് പുരാണങ്ങളിൽ പറയുന്നു. ഐശ്വര്യവും ശുദ്ധിയും നിലനിർത്താനുള്ള ദേവിയുടെ അസാധാരമായ കഴിവാണ് നാരദരെ ആകർഷിച്ചത്. ഭഗവാൻ നാരായണന്റെയോ, ശ്രീകൃഷ്ണന്റെയോ തൃപ്പാദങ്ങളിൽ രണ്ടോ നാലോ തുളസിയില അർപ്പിച്ചാൽ സകല പാപവും മാറിമെന്നും വിശ്വാസം ഉണ്ട്.

ഭാഗവത പുരാണത്തിൽ തുലാഭാരം വഴിപാടിന്റെ ഉൽഭവത്തെപ്പറ്റിയുള്ള പരാമർശം തുളസിയുടെ മഹാത്മ്യം അടിവരയിട്ട് ഉറപ്പിക്കുന്നതാണ്. ശ്രീകൃഷ്ണ ഭഗവാനോടുള്ള തന്റെ ഉത്തമ ഭക്തി തെളിയിക്കാൻ പത്‌നി രുഗ്മിണീദേവി തുലാഭാരം നടത്തിയപ്പോൾ ഭഗവാനിലുളള തന്റെ അവകാശം സ്ഥാപിക്കാൻ മറ്റൊരു പത്നിയായ സത്യമാഭ തുലാഭാര തട്ടിൽ വച്ച രത്‌നങ്ങൾക്കും സ്വർണ്ണത്തിനുമൊന്നും ശ്രീകൃഷ്ണൻ ഇരുന്ന തട്ടിനെ ഉയർത്താനായില്ല. ഭഗവാനും നാരദനുമൊത്ത് കളിച്ച ഒരു കൗശലം ആയിരുന്നു അത്. അതിൽ വീണു പോയാണ് സത്യഭാമ ഇങ്ങനെ ചെയ്തത്. ഒടുവിൽ കുഴപ്പം മനസിലാക്കിയ രുഗ്മിണി ദേവി ഭക്തിയും സമർപ്പണവും മനസ്സിൽ നിറച്ച് ഒരു തുളസി ദളം ഇറുത്ത് തട്ടിൽ വച്ചതും ഭഗവാൻ ഇരുന്ന തട്ട് ഉയർന്നു. ഭക്തിയാണ് പ്രധാനമെന്ന് തിരിച്ചറിഞ്ഞ സത്യഭാമയുടെ ഗർവ് ശമിച്ചു.

ചതുർമാസ്യ വ്രതകാലത്തെ ആദ്യ ഏകാദശിയായ കാമിക ഏകാദശിയിൽ തുളസി പൂജയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഈ ദിവസം തുളസിച്ചെടി കാണുന്നതു പോലും സർവ പാപഹരമത്രേ. ലൗകിക ജീവിതത്തിലെ എല്ലാ പാപങ്ങളിൽ നിന്നുമുള്ള മോചനത്തിന് കാമിക ഏകാദശി വ്രതം നോറ്റ് വിഷ്ണു പാദങ്ങളിൽ തുളസീദളം അർച്ചിക്കുന്നത് ശ്രേഷ്ഠമാണ്. പാപമോചനം നൽകി വ്യക്തിയെ പവിത്രീകരിച്ച് ഒടുവിൽ വിഷ്ണു ഭഗവാൻ മോക്ഷം തന്നെ പ്രദാനം ചെയ്യും.

തുളസി ദേവിയെ നിത്യവും വിളക്കുകൊളുത്തി ധ്യാനിക്കുക, തുളസിച്ചെടിക്ക് പ്രദക്ഷിണം വയ്ക്കുക ഇവ നല്ലതാണ്. തുളസിദേവിയുടെ അവതാര ദിനമായ വൃശ്ചിക മാസത്തിലെ പൗർണ്ണമി തുളസി പൂജയ്ക്ക് ഏറ്റവും നല്ല ദിനമാണ്.

ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ദിവസങ്ങളിലെങ്കിലും തുളസിതീർത്ഥം സേവിക്കുന്നത് നല്ലതാണ്. ഒരു തുളസി ഇലയും അൽപം തുളസീതീർത്ഥവും ദിവസവും സേവിക്കണമെന്നും പറയപ്പെടുന്നു. തുളസിയെ ക്കുറിച്ച് ഇവിടെ ചേർക്കുന്ന പ്രാർത്ഥനാ ശ്ലോകം അതിന്റെ മഹത്വം വ്യക്തമാക്കുന്നു:

പ്രാർത്ഥനാ ശ്ലോകം
തുളസീ ശ്രീസഖേ! ശുഭേ
പാപഹാരിണി, പുണ്യദേ
നമസ്തേ നാരദാമുദേ
നാരായണ മനഃ പ്രിയേ

തുളസി മൂലമന്ത്രം
താഴെ പറയുന്നതാണ് തുളസി ദേവിയുടെ മൂലമന്ത്രം.
ഓം ഹ്രീം ഐം ക്ലീം വൃന്ദാവന്യൈ സ്വാഹാ

തുളസി മന്ത്രം
തുളസിയില നുള്ളുമ്പോൾ താഴെ പറയുന്ന
മന്ത്രം ജപിക്കണമെന്ന് ആചാര്യന്മാർ പറയുന്നുണ്ട്.

നമഃ തുളസി കല്യാണി
നമോ വിഷ്‌ണുപ്രിയേ ശുഭേ
നമോ മോക്ഷപ്രദേ ദേവി
നമോ സമ്പത്ത് പ്രദായനി

പ്രദക്ഷിണ മന്ത്രം
തുളസിത്തറയ്ക്ക് പ്രദക്ഷിണം വയ്ക്കുമ്പോൾ താഴെ പറയുന്ന മന്ത്രം ജപിക്കണം.

പ്രസീദ തുളസിദേവി
പ്രസീദ ഹരിവല്ലഭേ
ക്ഷീരോദമഥനോദ് ഭൂതേ
തുളസീ ത്വാം നമാമ്യഹം

തരവത്ത് ശങ്കരനുണ്ണി,
+91 9847118340

Story Summary: Significance of Thulasi leaves and Benefits of Thulasi Mantra Chanting

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version