Monday, 8 Jul 2024

വ്രതം നോറ്റ് ദർശനം നടത്തിയാൽ അയ്യപ്പന്റെ അനുഗ്രഹം ഉറപ്പാണ്

മംഗള ഗൗരി
41 ദിവസം വ്രതം നോറ്റാലാണ് ഒരു അയ്യപ്പൻ അല്ലെങ്കിൽ മാളികപ്പുറം ശബരിമല ധർമ്മ ശാസ്താദർശനത്തിന്
വിധി പ്രകാരം അർഹത നേടുക. കലിയുഗ വരദനായ ശബരിമല ശ്രീ ധർമ്മശാസ്താ ദർശനത്തിന്റെ പുണ്യം പൂർണ്ണമായും ലഭിക്കണമെങ്കിൽ ഈ വ്രതചര്യയും മറ്റ് ചിട്ടകളും ദർശനക്രമങ്ങളും കണിശമായും പാലിക്കണം.
സുഖഭോഗങ്ങൾ ത്യജിച്ച് നിഷ്ഠകൾ പാലിച്ച് ശബരിമല സന്നിധാനത്ത് എത്തിയാൽ അയ്യപ്പന്റെ അനുഗ്രഹം വാരിക്കോരി ലഭിക്കുമെന്ന് ഉറപ്പാണ്.

വ്രത വിധി
ശബരിമല ദർശനം കണക്കാക്കി മാലയിടണം. മാലയിടാൻ വൈകിയാലും 41 ദിവസം വ്രതം എന്നതിന് മാറ്റം വരുത്തരുത്. മുദ്ര ധരിക്കുന്നതിന്റെ തലേന്ന് വ്രതം തുടങ്ങണം. വ്രതം തുടങ്ങിക്കഴിഞ്ഞാൽ അയ്യപ്പന്റെ ഭൂതഗണങ്ങൾ രക്ഷാകവചമായുണ്ടാകും. അതിരാവിലെ ഉണരുകയും കുളിച്ച് ഭസ്മം ധരിച്ച് നാമം ജപിച്ച് ശരണം വിളിയോടെ നാമജപം പൂർത്തിയാക്കണം. പറ്റുമെങ്കിൽ ക്ഷേത്ര ദർശനം നടത്തണം. അതിനുശേഷമേ ജലപാനം പോലും പാടുള്ളൂ. വ്രതകാലത്ത് മത്സ്യമാംസാദി ഭക്ഷണം, പഴകിയ ഭക്ഷണം എന്നിവ കഴിക്കരുത്. വീടിനു പുറത്ത് നിന്ന് ഭക്ഷണം ഒഴിവാക്കാൻ നോക്കണം. ബ്രഹ്മചര്യം അത്യാവശ്യം. ആരോടും ദേഷ്യം, അസൂയ, വിദ്വേഷം ഇവ തോന്നരുത് ; കാട്ടരുത്. പരദൂഷണം പറയരുത്. കള്ളം പറയരുത്; പ്രവർത്തിക്കരുത്. ഒരാളോടും പരുഷമായി സംസാരിക്കരുത്. ആരെയും ചതിക്കരുത്. അതിനായി മനസ്സിൽ ചിന്തിക്കാൻ പോലും പാടില്ല. വൈകുന്നേരവും കുളിച്ച് ക്ഷേത്രദർശനമോ പൂജാമുറിയിൽ വിളക്കു വച്ച് പ്രാർത്ഥിക്കുകയോ ചെയ്യണം.

മുദ്ര ധാരണം
വൃശ്ചികം ഒന്നിന് അല്ലെങ്കിൽ ശാസ്താ പ്രധാനമായ ശനിയാഴ്ചയോ ഭഗവാന്റെ നക്ഷത്രമായ ഉത്രം എന്നിവ നോക്കി മാലയിടണം. അയ്യപ്പ മുദ്രപതിച്ച ചന്ദനമാലയോ, തുളസിമാലയോ രുദ്രാക്ഷമാലയോ ധരിക്കണം. മുദ്ര ധരിക്കുന്നതിനുമുമ്പ് വീടും പരിസരവും വൃത്തിയാക്കണം. മുദ്രക്ഷേത്രത്തിൽ കൊണ്ടുപോയി പൂജിച്ച് പൂജാരി
തന്നെ കഴുത്തിലണിയിക്കണം. അല്ലെങ്കിൽ 18 വർഷം പടി ചവിട്ടി ഭഗവത് ദർശനം നടത്തി ഗുരുസ്വാമിയായ
ഒരു വ്യക്തിയിൽ നിന്ന് മുദ്ര സ്വീകരിക്കണം. മാലധരിക്കും മുമ്പ് വിഘ്‌നേശ്വരന് നാളികേരമുടച്ച് പ്രാർത്ഥിക്കണം. മാലയിടുമ്പോൾ ഉറക്കെ ശരണം വിളിക്കണം. തുടർന്ന് ദക്ഷിണ കൊടുത്ത് നമസ്‌കരിച്ച് അനുഗ്രഹം വാങ്ങണം. മനസാ വാചാ കർമ്മണ ചെയ്തുപോയ തെറ്റുകൾക്ക് ഭഗവാനോട് മാപ്പപേക്ഷിച്ചു പ്രാർത്ഥിക്കണം. വ്രതകാലത്ത് ധരിക്കാനുള്ള വസ്ത്രങ്ങൾ വൃത്തിയായും ശുദ്ധമായും പുണ്യാഹം തളിച്ച് പൂജാമുറിയിൽ സൂക്ഷിക്കണം. അതിനു കഴിയാത്തവർ ദിവസവും കുളിച്ച് വസ്ത്രം മാറുമ്പോൾ ഗംഗേച യമുനേ ചൈവ ഗോദാവരി സരസ്വതി, നർമ്മദേ സിന്ധുകാവേരി ജലേസ്മിൻ സന്നിധംകുരു: എന്ന മന്ത്രം ചൊല്ലി വെള്ളം ശുദ്ധമാക്കി വസ്ത്രത്തിൽ കുടഞ്ഞ ശേഷം ധരിക്കണം.

വസ്ത്രധാരണം
മാലയിട്ട് സ്വാമിയായി മാറിയാൽ കറുപ്പ്, നീല, കാവി നിറത്തിലെ വസ്ത്രങ്ങൾക്ക് പ്രാധാന്യം കൊടുക്കണം. ഏതു വസ്ത്രമായാലും കഴുകി വൃത്തിയാക്കി ധരിക്കണം.
വ്രത മുദ്രധരിച്ചു കഴിഞ്ഞാൽ പിന്നെ മരണവീടുകളിൽ പോകരുത്. വാലായ്മയുള്ളിടത്തും പോകരുത്.

വ്രതം മുടങ്ങിയാൽ
പ്രധാനമായും പുല വാലായ്മകളെ തുടർന്നാണ് വ്രതം മുടക്കേണ്ടി വരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ മുദ്ര ഊരി വ്രതം അവസാനിപ്പിച്ച ശേഷം ശുദ്ധമാകുമ്പോൾ ശനിയാഴ്ചയോ ഉത്രം ദിവസം നോക്കിയോ വീണ്ടും മാലയിട്ട് വ്രതമെടുത്ത് മലചവിട്ടാം. ഇവിടെ ആദ്യം മുതൽ 41 ദിവസം എന്ന് നോക്കണ്ടതില്ല.

മാസം തോറും ദർശനം
മാസം തോറും ഒന്നാംതീയതി മുതൽ അഞ്ചുദിവസം ശബരിമലക്ഷേത്രത്തിൽ ദർശനം അനുവദിക്കാറുണ്ട്. അതുപോലെ ഉത്സവം, ഓണം, പ്രതിഷ്ഠാദിനം, ചിത്തിര ആട്ടവിശേഷം തുടങ്ങിയ വിശേഷദിവസങ്ങളിലും നട തുറക്കാറുണ്ട്. ഈ സമയത്ത് ദർശനത്തിന് 41 ദിവസം വ്രതം ആവശ്യമില്ല. മണ്ഡലവ്രതമെടുത്ത് കെട്ടുനിറച്ച് പടിച്ചവിട്ടിപ്പോകുന്നതാണ് ഏറ്റവും അനുഗ്രഹദായകം. എങ്കിലും ഇത്തരം വിശേഷദിവസങ്ങളിൽ ദർശനം നടത്തുന്നത് അയ്യപ്പന്റെ അനുഗ്രഹം നേടാൻ നല്ലതാണ്. ഈസമയത്ത് 41 വ്രതം വേണ്ടെങ്കിലും ഒരാഴ്ചയെങ്കിലും വ്രതമെടുക്കണം.

ശബരിമലയാത്ര
ജന്മനക്ഷത്രം ദിവസം ശബരിമല യാത്ര പുറപ്പെടരുത്. രാവിലെയോ വൈകുന്നേരമോ ഏതു സമയത്തു വേണമെങ്കിലും പുറപ്പെടാം. കെട്ടു നിറയ്ക്കുന്നത് ക്ഷേത്രത്തിലോ വീട്ടിലോ ആകാം. ഗുരുസ്വാമിക്കോ ക്ഷേത്രപൂജാരിക്കോ കെട്ടുനിറച്ചു തരാം. അയ്യപ്പൻമാർ രണ്ടു കൂട്ടരാണ്; കന്നി അയ്യപ്പൻമാർ, പള്ളിഅയ്യപ്പന്മാർ.
ആദ്യമായി മലയ്ക്കു പോകുന്നവർ കന്നി അയ്യപ്പൻമാർ. ഇവർക്ക് ചുവന്ന പട്ടുകൊണ്ടുള്ള ഇരുമുടിക്കെട്ട് വേണം.
പള്ളിഅയ്യപ്പൻമാർക്ക് നീല, വെള്ള, കുറുപ്പ്, കാവി നിറങ്ങളിലേതു വേണമെങ്കിലും ഉപയോഗിക്കാം.
ഇരുമുടിക്കെട്ടിന് രണ്ട് കെട്ടാണ് മുൻകെട്ടും പിൻകെട്ടും. പുണ്യത്തിന്റെയും പാപത്തിന്റെയും ചുമടുകളാണ് ഇരുമുടികെട്ട്. മുൻകെട്ടിനെ പുണ്യമായിയും പിൻകെട്ടിനെ പാപമായും കണക്കാക്കുന്നു. ഭഗവാന് സമർപ്പിക്കാനുള്ള വസ്തുക്കളായ അവൽ, മലർ പഴം, ഉണക്കലരി മഞ്ഞൾപ്പൊടി കുരുമുളക് ചന്ദനത്തിരി, കർപ്പൂരം അഭിഷേകത്തിനുള്ള നെയ് തേങ്ങ തുടങ്ങിവയാണ് മുൻകെട്ടിൽ നിറയ്ക്കുന്നത്. പിൻകെട്ടിൽ മലയ്ക്കു പോകുന്നവർക്ക് യാത്രയിൽ ഉപയോഗിക്കാൻ വേണ്ട വസ്തുക്കൾ നിറയ്ക്കണം. വീട്ടിൽ കെട്ടുനിറയ്ക്കുന്നവർ വീടും പരിസരവും വൃത്തിയാക്കണം. ക്ഷേത്രത്തിൽ നിന്ന് പുണ്യവെള്ളം വാങ്ങി വീട്ടിലും പരിസരത്തും തളിക്കണം. പൂജാമുറിയിലെ ദേവന്മാരുടെയെല്ലാം ചിത്രങ്ങളിൽ പൂമാല ചാർത്തണം. ക്ഷേത്രത്തിൽ വച്ചാണ് കെട്ടുനിറയ്ക്കുന്നതെങ്കിൽ ക്ഷേത്രത്തിലേക്ക് പുറപ്പെടും മുമ്പ് പൂജാമുറിയിൽ വിളക്കു കൊളുത്തി പ്രാർത്ഥിച്ച് വെറ്റിലയും നാണയവും പാക്കും ദക്ഷിണവച്ച ശേഷം പുറപ്പെടണം. വീട്ടിൽ കെട്ടുനിറയ്ക്കുമ്പോൾ ഗണപതിക്കൊരുക്ക് പ്രധാനമാണ്. ഗണപതിക്കൊരുക്കി വിളക്കുവച്ച് പ്രാർത്ഥിച്ചശേഷം കെട്ടുനിറയ്ക്കണം. ചിലർ കഞ്ഞിവീഴ്ത്ത് നടത്താറുണ്ട്.

കെട്ട് നിറ
ഒരു നെയ്‌തേങ്ങയാണ് സാധാരണ ഒരു കെട്ടിൽ നിറയ്ക്കാറുള്ളത്. കൂടാതെ പടിയിൽ അടിച്ചു കയറാൻ ഒരു നാളികേരവും കെട്ടിൽ കരുതണം. ഒരാൾക്ക് ഒരു നെയ്‌ത്തേങ്ങ ആണെങ്കിലും എത്ര വേണമെങ്കിലും കരുതാം; മറ്റുള്ളവർക്കു വേണ്ടിയും കൊണ്ടുപോകാം. നിലവിളക്കു കൊളുത്തിവച്ച് ഗുരുസ്വാമിയുടെ നിർദ്ദേശം പാലിച്ച് നെയ്‌തേങ്ങ നിറയ്ക്കണം. തേങ്ങയിൽ നെയ് നിറയ്ക്കുമ്പോൾ ശരണം വിളിക്കണം. നെയ്‌ത്തേങ്ങ നിറച്ചുവച്ച ശേഷം കെട്ട് നിറച്ചു തുടങ്ങണം. കെട്ടു നിറയ്ക്കുമ്പോൾ ആദ്യം മുതൽ അവസാനം വരെ ശരണം വിളിക്കണം. വെറ്റില, പാക്ക്, നാണയം എന്നിവ പ്രാർത്ഥനയോടെ നെഞ്ചോട്‌ ചേർത്തു പിടിച്ച് അയ്യപ്പനെ തന്റെ പള്ളിക്കെട്ടിലേക്ക് ആവാഹിക്കുന്നതായി സങ്കല്പിച്ച് ഇരുമുടിയുടെ മുൻകെട്ടിൽ ഇടുകയാണ് ആദ്യം ചെയ്യേണ്ടത്. അതോടെ ഇരുമുടിക്കെട്ടിന് ഭഗവത് ചൈതന്യമുണ്ടാകും. തുടർന്ന് മൂന്നുപിടി ഉണക്കക്കലരി വാരി മുൻകെട്ടിൽ നിറയ്ക്കണം. തുടർന്ന് നെയ്‌തേങ്ങ സ്വാമിയെ ധ്യാനിച്ച് ശരണം വിളിച്ചുകൊണ്ട് മുൻകെട്ടിൽ നിറയ്ക്കണം. മറ്റ് സാധനങ്ങളും നിറയ്ക്കണം. ഗുരുസ്വാമി കെട്ടു മുറുക്കും. പൊന്നുപതിനെട്ടാം പടിക്കു മുന്നിൽ അടിക്കാനുള്ള നാളികേരം ഉൾപ്പെടെയുള്ള മറ്റ് സാധനങ്ങൾ തുടർന്ന് പിൻകെട്ടിൽ നിറച്ചശേഷം കെട്ടുമുറുക്കി തോർത്തിലോ ടൗവലിലോ വയ്ക്കണം. തുടർന്ന് ഗുരുസ്വാമിക്കും മാതാപിതാക്കൾക്കും മറ്റും ദക്ഷിണ നൽകി ആഹാരവും കഴിച്ച് വെറ്റിലയും പാക്കും കൈയിലെടുത്ത് ഭഗവാനോട് മനസാവാചാ കർമ്മണാ ചെയ്തു പോയിട്ടുള്ള തെറ്റുകൾക്ക് ക്ഷമാപണ മന്ത്രത്തിലൂടെ മാപ്പപേക്ഷിക്കണം. പിന്നെ കെട്ടിനെ സാഷ്ടാംഗം നമസ്‌കരിച്ച് കിഴക്കു ദർശനമായി നിൽക്കണം. ഗുരുസ്വാമികെട്ട് തലയിൽ എടുത്തുവച്ചു തരും.

യാത്രയ്ക്ക് രണ്ടു വഴികൾ
എരുമേലിവഴി പേട്ടതുള്ളൽ ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തിയും പമ്പവഴിയും ശബരിമലയ്ക്ക് പോകാം . പമ്പവഴി പോകുന്നവർ പമ്പയിൽ കുളിച്ച് പിതൃതർപ്പണം നടത്തി പമ്പാഗണപതിയെ വന്ദിച്ച് പോയാൽമതി.
പമ്പനദി പുണ്യവാഹിനിയാണ്. പമ്പാതീർത്ഥം ഏറ്റവും മഹത്വമേറിയതാണ്. വനവാസ കാലത്ത് ദശരഥൻ മരിച്ചതറിഞ്ഞ് ശ്രീരാമചന്ദ്രൻ ഇവിടെ ബലിയിട്ടു എന്ന് വിശ്വസിച്ചു പോരുന്നു.

പമ്പാദാനം, മലകയറ്റം
സർവപാപഹരമായി പമ്പയിൽ വസ്ത്രദാനം, നാണയം നിക്ഷേപിക്കൽ എന്നീ ചടങ്ങുകൾ നടത്തുന്നു. തുടർന്ന് നീലിമലയിലേക്ക്. കർപ്പൂരം ഉഴിഞ്ഞ് കെട്ടെഴുത്ത് പമ്പഗണപതിക്ക് നാളികേരമുടച്ച് പാർവ്വതി, ഹനുമാൻ, ശ്രീരാമൻ നാഗദൈവങ്ങൾ എന്നിവരെ വണങ്ങി നീലിമല കയറ്റം തുടങ്ങുന്നു. നീലിമല അവസാനിക്കും മുമ്പാണ് അപ്പാച്ചിക്കുഴി ഇപ്പാച്ചിക്കുഴി. അയ്യപ്പന്റെ കിങ്കരനായ കടുവരൻദുർദേവതകളുടെ ആവാഹസ്ഥലമാണിത്. അവിടെ അരിയുണ്ട എറിയുന്ന ഒരു ചടങ്ങുണ്ട്. കന്നി അയ്യപ്പൻമാരാണ് പ്രധാനമായും ഇതു ചെയ്യുന്നത്. അതുകഴിഞ്ഞ് ശബരിപീഠം. ഭഗവാന്റെ അഞ്ചാമത്തെ കോട്ടയാണ് ശബരിപീഠം. ശബരിതപസ്
ചെയ്ത സ്ഥലമായതുകൊണ്ടാണ് ഈ പേരിൽ അറിയപ്പെടുന്നത്. ഇവിടെ നാളികേരം എറിഞ്ഞ് ശബരിയെ വന്ദിച്ച് കർപ്പൂരവും ഉഴിയണം. തുടർന്ന് ശരം കുത്തിയിലാണ്. ശരം കുത്തിയിൽ കന്നി അയ്യപ്പൻമാർ ശരം കുത്തിയശേഷമാണ് യാത്ര തുടരുന്നത്.

പതിനെട്ടാം പടി
പഞ്ചഭൂതങ്ങളും അഷ്ടരാഗങ്ങളും മൂന്നു ഗുണങ്ങളും വിദ്യയും അവിദ്യയും ചേർന്നതാണ് പതിനെട്ടാംപടി. പടി ചവിട്ടുന്ന സ്വാമിമാർക്ക് ധർമ്മശാസ്താവിന്റെ അനുഗ്രഹം ലഭിക്കുകയും സർവ്വപാപങ്ങളും നശിച്ച് മോക്ഷം ലഭിക്കുകയും ചെയ്യുന്നു. പടി കയറും മുൻപ് തേങ്ങയടിക്കണം. അതിന് പ്രത്യേക സ്ഥലമുണ്ട്. ഉച്ചത്തിൽ ശരണം വിളിച്ചുകൊണ്ടാണ് പടി ചവിട്ടേണ്ടത്. ഓരോ പടിയിലും ഓരോ മൂർത്തികൾ കുടികൊള്ളുന്നു. പതിനെട്ടു മലകളെ ഓരോ പടിയും പ്രതിനിധീകരിക്കുന്നു.

ഭസ്മക്കുളം
ദർശനത്തിനുശേഷം ഭസ്മക്കുളത്തിൽ എത്തി തീർത്ഥം എടുത്ത് നെയ്‌തേങ്ങയിൽ തളിക്കണം. തേങ്ങ പൊട്ടിച്ച് നെയ്യെടുത്ത് അഭിഷേകത്തിന് കൊടുക്കണം. അതിന് ടിക്കറ്റു എടുക്കണം. നെയ്യഭിഷേകശേഷം ഉപദേവന്മാരെ തൊഴുത് കാണിക്ക അർപ്പിച്ച് വഴിപാടുകൾ നടത്താം.

മാളികപ്പുറത്തമ്മ
ലോകമാതാവായ പരാശക്തി തന്നെയാണ് മാളികപ്പുറത്തമ്മയെന്നതാണ് സത്യം. നാളികേരം ഉരുട്ടുന്നതാണ് പ്രധാന വഴിപാട്. ഉദ്ദിഷ്ടകാര്യസിദ്ധി ആണ്ഫലം. വെറ്റില, കുങ്കുമം തുടങ്ങിയവ ഇവിടെ സമർപ്പിക്കണം. പട്ടുസമർപ്പിക്കുന്നത് വിവാഹം നടക്കാൻ നല്ലതാണ്. ഇവിടുത്തെ മഞ്ഞൾപ്രസാദം വിശേഷ ഔഷധമാണ്. പല ത്വക്‌രോഗങ്ങൾക്കും ഇത് ഗുണകരമാണ്. മഞ്ഞൾപ്രസാദം വീട്ടിൽ സൂക്ഷിച്ച് ഉപയോഗിക്കാം.
മാളികപ്പുറത്തു തന്നെയാണ് കടുത്തസ്വാമിനട. അവൽ, മലർ തേങ്ങ ശർക്കര, മുന്തിരി, കൽക്കണ്ടം എന്നിവ അർപ്പിക്കണം. ശരീരത്തിൽ ബാധിച്ചിരിക്കുന്ന പ്രേതോപദ്രവങ്ങൾ ഇല്ലാതാവുകയും ഐശ്വര്യം ഉണ്ടാകുകയും ചെയ്യും. നെല്ല് കുരുമുളക് ചന്ദനം, ചന്ദനത്തിരി, പനിനീര് എന്നിവയാണ് കടുത്തസ്വാമിയുടെ വഴിപാടുകൾ. മലനടയിൽ ഭഗവതി നാഗരാജാവ് നാഗയക്ഷി നാഗദൈവങ്ങൾ, നവഗ്രഹങ്ങൾ തുടങ്ങിയവരാണ് ഉപദേവതകൾ. മലനടയിൽ ഭഗവതിക്ക് കർപ്പൂരം കാണിക്ക വെടിവഴിപാട് നാഗങ്ങൾക്ക് കർപ്പൂരം കാണിക്ക മഞ്ഞൾപ്പൊടി നാഗയക്ഷിക്ക് പട്ട് കുങ്കുമം മുതലായവയും വഴിപാടുനടത്താം. നവഗ്രഹങ്ങൾക്ക് പൂജ അർച്ചന നടത്തുന്നത്.

മാല ഊരുമ്പോൾ
അയ്യപ്പ ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്ക് വീട്ടിൽ വന്ന് പൂജാമുറിയിൽ വിളക്കുവച്ച് തൊഴുത് കുളിച്ചുവന്ന് മാല ഊരാം. മാല ഊരുമ്പോൾ താഴെ പറയുന്ന മന്ത്രം ജപിക്കണം. ആ മാല ഭഗവാന്റെ പടത്തിൽ ചാർത്തിയിടാം:
അപൂർവ്വമചലരോഗ
ദിവ്യദർശനകാരണ
ശാസ്താ മുദ്രാത്മക ദേവ
ദേഹിമേ വ്രത മോചനം

Story Summary: Significance Of Sabarimala Pilgrimage, Rituals and Rules

error: Content is protected !!
Exit mobile version