Friday, 5 Jul 2024

ശക്തികുളങ്ങര കുഞ്ചാച്ചമന് തൃക്കൊടിയേറ്റ് ; തിടമ്പേറ്റാൻ ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ

മംഗള ഗൗരി

കേരളത്തിലെ 108 അയ്യപ്പൻ കാവുകളിൽ ഒന്നായി സങ്കല്പിക്കുന്ന ശക്തികുളങ്ങര ശാസ്താ ക്ഷേത്രം ഈ വർഷത്തെ തിരുവുത്സവത്തിന് ഒരുങ്ങുന്നു. കൊല്ലം ജില്ലയിൽ ശക്തികുളങ്ങരയിലുള്ള ഈ ക്ഷേത്രത്തിലെ വാർഷികോത്സവം അറുപതിൽപ്പരം ഗജവീരന്മാരുടെ സാന്നിദ്ധ്യത്താൽ ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ചിട്ടുള്ളതാണ്.

കിഴക്ക് ദർശനമായുള്ള ക്ഷേത്രത്തിൽ ഗണപതിക്കും നാഗദേവതകൾക്കും പുറമെ കരക്കാരുടെ സ്ഥലത്ത് മുഹൂർത്തി, നാഗരാജാവ്, മാടൻ, മറുത, യക്ഷി എന്നിവരും കുടികൊള്ളുന്നു. കരക്കാരുടെ കമ്മറ്റിക്ക് പങ്കാളിത്തം നൽകി തിരുവിതാംകൂർ ദേവസ്വത്തിന്റെ നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രത്തിൽ മകര മാസത്തിലെ മകയിരം നാളിലാണ് ഉത്സവക്കൊടിയേറ്റ്. കരക്കാരുടെ സ്ഥലത്തുള്ള മുഹൂർത്തിയെ തോറ്റംപാട്ടിൽ മുഹൂർക്കാവ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

2023 ഫെബ്രുവരി 9ന് നടക്കുന്ന ശക്തികുളങ്ങര കുഞ്ചാച്ചമന്റെ തിരുആറാട്ട് മഹോത്സവത്തിനുള്ള തൃക്കൊടിയേറ്റ് 2023 ജനുവരി 31 ന് നടക്കും. കൊടിയേറ്റിനോട് അനുബന്ധിച്ച് കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന തങ്ക അങ്കി എഴുന്നള്ളത്തിന് കുഞ്ചാച്ചമൻ്റെ തിടമ്പേറ്റുന്നത് ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തനാണ്. തെക്കൻ കേരളത്തിൻ്റെ ദേശീയോൽസവത്തിന്… തിരുഃ പള്ളി വേട്ടയ്ക്കും ആറാട്ടിനും കുഞ്ചാച്ചമൻ്റെ തിടമ്പേറ്റാൻ ഗുരുവായൂരപ്പൻ്റെ മാനസ പുത്രൻമാരായ ഗുരുവായൂർ നന്ദനും ഗുരുവായൂർ ഇന്ദ്രസെനും ശക്തികുളങ്ങരയിൽ എത്തും. ഫെബ്രുവരി 8 ന് പള്ളിവേട്ട ദിവസമാണ് ഗുരുവായൂർ നന്ദൻ തിടമ്പേറ്റുന്നത്. ഫെബ്രുവരി 9ന് ആറാട്ട് ദിവസം തിടമ്പേറ്റുക ഗുരുവായൂർ ഇന്ദ്രസെനാണ്.

അറുപതിൽ പരം ഗജവീരന്മാർ പങ്കെടുക്കുന്ന ശക്തികുളങ്ങര ഉത്സവം കാണാൻ കേരളത്തിന്റെ പല ഭാഗത്ത് നിന്നും ലക്ഷകണക്കിന് പൂരപ്രേമികൾ എത്തുക പതിവാണ്. 60-ഗജവീരന്മാരും നാലു കരകാരുടെ നെടുംകുതിരകളും വിവിധ പൂരക്കമ്മിറ്റികളുടെ വണ്ടി കുതിര, കാളകൾ, ഫ്ലോട്ടുകൾ, പല തരം വാദ്യമേളങ്ങൾ, വർണാക്കാഴ്ചകൾ, പുലികളി, വള്ളുവനാടൻ കാളകൾ, നിരവധി നിശ്ചല രൂപങ്ങൾ എല്ലാം ഒരുമിച്ച് കാണാൻ കഴിയുന്ന കേരളത്തിലെ ഒരേ ഒരു ഉത്സവമാണിത്. കേന്ദ്ര സർക്കാറാൻ നിന്നും സഹായ ധനം ലഭിക്കുന്ന തെക്കൻ കേരളത്തിലെ ഒരേയൊരു ഉത്സവമാണ് ശക്തികുളങ്ങര ആറാട്ട് മഹോത്സവം . തെക്കൻ കേരളത്തിന്റെ തിരു ആറാട്ട് എന്നും ദേശിങ്ങനാടിന്റെ ദേശീയോത്സവം എന്നും ശക്തികുളങ്ങര ഉത്സവം അറിയപ്പെടുന്നു.

സ്വാമിയേ… ശരണമയ്യപ്പാ…

Story Summary: The ten-day annual festival in Sakthikulangara Sree Dharma Sastha temple begins with kodiyettam on Makayiram nakshatra in Makaram.

error: Content is protected !!
Exit mobile version