Friday, 20 Sep 2024

ശിവഭക്തികൊണ്ട് പ്രാണന്‍ രക്ഷിച്ച മാര്‍ക്കണ്ഡേയന്‍

താപസ ശ്രേഷ്ഠനായ മൃഗണ്ഡുവിനും  പത്‌നി മദ്രുവതിക്കും വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും സന്താന സൗഭാഗ്യമുണ്ടായില്ല. ദുഃഖിതരായ അവര്‍ സന്താനലാഭം ആഗ്രഹിച്ച് ശിവനെ  തപസ് ചെയ്ത് പ്രീതിപ്പെടുത്തി പ്രത്യക്ഷനാക്കി. മഹാദേവന്‍ അവരോടു  ചോദിച്ചു: എങ്ങനെയുള്ള പുത്രനെ വേണം? നൂറ് വയസ്സുവരെ ജീവിച്ചിരിക്കുന്ന കഴിവുകെട്ട മകനെ വേണോ എല്ലാം തികഞ്ഞ പതിനാറ് വയസ്സുവരെ മാത്രം ആയുസ്സുള്ള പുത്രനെ വേണോ?  വിഷമത്തോടെ ആണെങ്കിലും എല്ലാം തികഞ്ഞ മകനെ മതിയെന്ന് അവര്‍ പറഞ്ഞു. അങ്ങനെ ജനിച്ച മകനാണ് മാര്‍ക്കണ്ഡേയന്‍. 16 വയസ്സ് വരയെ ആയുസ്സുള്ളൂ എന്ന കാര്യം അവര്‍ കുട്ടിയില്‍ നിന്ന്  മറച്ചു വച്ചു. വളരെ ചെറുപ്പത്തില്‍ത്തന്നെ മാര്‍ക്കണ്ഡേയന്‍ വേദങ്ങളും ശാസ്ത്രങ്ങളും  അഭ്യസിച്ച് മിടുക്കനായി. മകന്റെ ഓരോ പിറന്നാളും മൃഗണ്ഡുവിനെയും മദ്രുവതിയെയും അത്യധികം വേദനിപ്പിച്ചു. ഈ വിഷാദം മാര്‍ക്കണ്ഡേയന്‍ മനസിലാക്കി. ഒരിക്കല്‍ മാതാപിതാക്കള്‍ തന്നെ നോക്കി കരയുന്നത് അവന്‍ കാണാനിടയായി; കാരണം ചോദിച്ചു. അവര്‍ സകല കാര്യവും മാര്‍ക്കണ്ഡേയനോട് പറഞ്ഞു. അന്നു മുതല്‍ മാര്‍ക്കണ്ഡേയന്‍ ജടാവല്‍ക്കലം ധരിച്ച് തപസ്സാരംഭിച്ചു. ദണ്ഡും കമണ്ഡലുവും എടുത്ത് പൂണൂലും മേഖലയും ധരിച്ച് ശിവാരാധനയില്‍ മുഴുകി. മരണ സമയമായപ്പോള്‍ അവന്‍ ദേവാരാധന ചെയ്ത് സമാധിസ്ഥനായി. കാലഭൂതന്മാര്‍ക്ക്  മാര്‍ക്കണ്ഡേയനെ സമീപിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ യമധര്‍മ്മന്‍ തന്നെ അവന്റെ ജീവനെടുക്കാനെത്തി. തന്നെ രക്ഷിക്കണേ  എന്ന് യാചിച്ച് മാര്‍ക്കണ്ഡേയന്‍ ശിവലിംഗത്തെ ഗാഢമായി ആലിംഗനം ചെയ്തു. കാലന്‍ തന്റെ പാശത്തിന്റെ കുരുക്ക് മാര്‍ക്കണ്ഡേയന്റെ  നേര്‍ക്കെറിഞ്ഞു. മാര്‍ക്കണ്ഡേയനും ശിവലിംഗത്തിനും ഒരുമിച്ച് കുരുക്ക് വീണു. കുപിതനായ ശിവന്‍ വിഗ്രഹത്തില്‍ നിന്നിറങ്ങി വന്ന് കാലനെ വധിച്ച് മാര്‍ക്കണ്ഡേയനെ രക്ഷിച്ചു. അങ്ങനെയാണ് ശിവന് മൃത്യുഞ്ജയന്‍, കാലകാലന്‍ തുടങ്ങിയ പേരുകളുണ്ടായത്. അതിനു ശേഷം ദേവന്‍മാരുടെ അപേക്ഷപ്രകാരം ശിവന്‍ കാലന് ജീവന്‍ നല്‍കി. മാര്‍ക്കണ്ഡേയന്‍ എന്നും 16 വയസുള്ള ചിരഞ്ജീവിയായി ഇരിക്കട്ടെയെന്ന് ഭഗവാന്‍ വരവും നല്‍കി. 18 പുരാണങ്ങളില്‍ അതിപ്രശസ്തമായ മാര്‍ക്കണ്ഡേയ പുരാണത്തിലാണ് മഹാദേവന്റെ ഭക്തവാത്സല്യാതിരേകത്തിന് ഉത്തമോദാഹരണമായ ഈ കഥയുള്ളത്.  അത്യാപത്തുകളില്‍ നിന്നു മാത്രമല്ല മരണത്തിന്റെ പിടിയിൽ നിന്നു പോലും ശിവന്‍ തന്റെ ഭക്തരെ രക്ഷിക്കുമെന്നാണ് ഈ കഥയുടെ പൊരുൾ.മാര്‍ക്കണ്ഡേയ കഥയുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രസിദ്ധമായൊരു ശിവക്ഷേത്രമുണ്ട്. മലപ്പുറം തിരൂരിനടുത്തുള്ള തൃപ്രങ്ങോട് ശിവക്ഷേത്രം.

(ആ ക്ഷേത്രത്തിന്റെ കഥ അടുത്ത പോസ്റ്റിൽ വായിക്കാം.)

error: Content is protected !!
Exit mobile version