ശിവരാത്രി നാളിൽ പഞ്ചാക്ഷരം
ജപിച്ചു തുടങ്ങിയാൽ അഭീഷ്ട സിദ്ധി
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ശിവാരാധനയില്‍ ഏറ്റവും പ്രധാന ദിവസമാണ് ശിവരാത്രി. ശിവരാത്രിയെക്കുറിച്ച് പല ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. അതിൽ പ്രധാനം ജരാനര ബാധിച്ച ദേവന്മാര്‍ അമൃതിനുവേണ്ടി പാലാഴി മഥനം നടത്തുകയും വാസുകിയില്‍ നിന്നും കാളകൂടം എന്ന മഹാവിഷം ഉണ്ടാവുകയും ലോകം മുഴുവന്‍ നശിപ്പിക്കുന്ന ഈ വിഷം ശിവഭഗവാന്‍ പാനം ചെയ്ത് വിശ്വത്തെ രക്ഷിച്ച ത്യാഗസ്മരണയാണ് ശിവരാത്രി എന്നതാണ്. ആ വിഷം കണ്ഠത്തില്‍ ഉറഞ്ഞതിനാലാണ് ഭഗവാന് നീലകണ്ഠന്‍ എന്ന പേരുണ്ടായത്.
മറ്റൊരു ഐതിഹ്യം ബ്രഹ്മാവും വിഷ്ണുമായി ബന്ധപ്പെട്ട് ഉള്ളതാണ്. ഒരിക്കൽ ആരാണ് കേമനെന്ന തർക്കം മൂത്ത് ബ്രഹ്മാവും വിഷ്ണുവും കലഹത്തില്‍ ഏര്‍പ്പെട്ടു. കലഹം രൂക്ഷമായി യുദ്ധമായി മാറി. അപ്പോൾ ബ്രഹ്മാവിനും, വിഷ്ണുവിനും മദ്ധ്യേ ഭഗവാൻ ലിംഗരൂപത്തില്‍ എത്തിയ ദിനമാണ് ശിവരാത്രി എന്നതാണ്.
ഈ വര്‍ഷം ശിവരാത്രി മാര്‍ച്ച് ഒന്നിനാണ്. ശിവരാത്രി വ്രതമെടുത്താൽ ഏത് ദു:ഖവും തീരും. തലേന്ന് വ്രതം തുടങ്ങണം. മത്സ്യമാംസാദികൾ ത്യജിച്ച് ഉച്ചയ്ക്ക് മാത്രം ഊണ് കഴിക്കാം. രാവിലെയും വൈകിട്ടും പഴങ്ങളോ, ലഘുഭക്ഷണമോ കഴിക്കാം. ശിവരാത്രി നാൾ ഉപവാസം ഉത്തമം. ആരോഗ്യ പ്രശ്നം ഉള്ളവര്‍ക്ക് ലഘുഭക്ഷണം ആകാം. വെളുപ്പിന് കുളിച്ച് ശുഭ്ര വസ്ത്രധാരണം നടത്തി യഥാവിധി പഞ്ചാക്ഷരം ജപിക്കണം. ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പൂജ കഴിക്കണം. ശിവപുരാണം, ശിവസഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നതും നല്ലതാണ്. സഹസ്രനാമം രണ്ട് നേരവും ചൊല്ലാൻ കഴിഞ്ഞാൽ ഏറ്റവും നല്ലത്.
ശിവരാത്രിദിവസം ക്ഷേത്രത്തില്‍ നടക്കുന്ന പൂജകളില്‍ പങ്കെടുക്കുന്നത് പാപശാന്തിക്ക് ഗുണകരമാണ്. രാവിലെ നിര്‍മ്മാല്യ ദര്‍ശനം, ഉഷപൂജ, എതൃത്തൃപൂജ, പന്തീരടിപൂജ, ഉച്ചപൂജ എന്നിവയും, വൈകിട്ട് ദീപാരാധന, അത്താഴപൂജ, അര്‍ദ്ധരാത്രിയിലെ ശിവരാത്രി പൂജ എന്നിവയാണ് അന്ന് ക്ഷേത്രത്തില്‍ നടക്കുന്ന പ്രധാന പൂജകൾ. ഇതിൽ ഏറ്റവും പ്രധാനം അര്‍ദ്ധരാത്രിയിലെ ശിവരാത്രി പൂജയാണ്. മുന്‍ജന്മാര്‍ജ്ജിതമായ പാപങ്ങള്‍പോലും കഴുകിക്കളയാന്‍ ഈ ദിവസത്തെ ശിവസ്മരണയും പൂജയും പ്രയോജനപ്പെടുത്തും.
അഭീഷ്ട സിദ്ധിക്ക് പഞ്ചാക്ഷര മന്ത്ര ജപം ആരംഭിക്കാൻ ഏറ്റവും ഉത്തമമായ ദിവസമാണ് ശിവരാത്രി. നമ്മുടെ എല്ലാ പാപങ്ങളും നശിപ്പിക്കുന്നതാണ് നമ:ശിവായ എന്ന പഞ്ചാക്ഷരമന്ത്രം. ഓം കൂടി ചേര്‍ത്ത് ഷഡക്ഷരമായും ഇത് ജപിക്കാറുണ്ട്. എല്ലാ ദിവസവും 336 പ്രാവശ്യം മന്ത്രം ജപിക്കുന്നത് കടുത്ത പാപവും അകറ്റും. ഗൃഹത്തിലോ, ക്ഷേത്രത്തിലോ ഇരുന്ന് ജപിക്കാം. നദീതീരത്തും മലമുകളിലും ഇരുന്ന് ജപിക്കുന്നത് ഏറ്റവും ശ്രേയസ്‌കരം. വെറും നിലത്ത് ഇരുന്ന് ജപിക്കരുത്. പലക, കരിമ്പടം, പായ എന്നിവയിൽ ഇരുന്ന് ജപിക്കണം. ജപവേളയില്‍ നെയ്‌വിളക്ക് കൊളുത്തുന്നത് ഉത്തമം. ശിവരാത്രിക്ക് ജപം തുടങ്ങാം.
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+919447020655
Story Summary: Benefits of Panchakshari Japam Beginning on Shiva Ratri
Copyright 2022 Neramonline.com. All rights reserved