Saturday, 23 Nov 2024

ശിശുക്കളുടെ രക്ഷകൻ പൂർണത്രയീശൻ

മംഗള ഗൗരി

അഞ്ചു തലകളുള്ള ആദിശേഷന്റെ തണലിൽ ശിശുക്കളുടെ രക്ഷകനായ സന്താനഗോപാല മൂർത്തി കുടികൊള്ളുന്ന ദിവ്യ സന്നിധിയാണ് എറണാകുളം തൃപ്പൂണിത്തുറയിലെ ശ്രീ പൂർണത്രയീശ ക്ഷേത്രം. മറ്റ് വിഷ്ണു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു അതുല്യമായ ഭാവമാണിത്. സാധാരണ വിഷ്ണു ഭഗവാൻ അനന്തനിൽ ശയിക്കുന്ന അല്ലെങ്കിൽ ചാരിയിരിക്കുന്ന ഭാവത്തിലാണ് കാണാറുള്ളത്. പഞ്ചഭൂതങ്ങളുടെയും ആദിയും അന്തവും ഇല്ലാത്ത പ്രപഞ്ചത്തിന്റെയും പ്രതീകമാണ് നവനാഗങ്ങളിൽ അത്യുത്തമ സ്ഥാനമുള്ള അനന്തൻ. ശ്രീ മഹാവിഷ്ണുവിന്റെ അവതാരമായ സന്താനഗോപാലമൂർത്തിയുടെ ഇവിടുത്തെ വിഗ്രഹം വൈകുണ്ഠത്തിൽ നിന്ന് അർജുനൻ കൊണ്ടുവന്ന പ്രതിഷ്ഠിച്ചതാണെന്ന് ഒരു ഐതിഹ്യം പോലുമുണ്ട്. പൂർണത്രയീശനെ സന്താനഗോപാലമന്ത്രം ജപിച്ച് ഉപാസിച്ചാൽ സന്താന സംബന്ധമായ എല്ലാ വിഷമവും മാറും എന്ന് വിശ്വസിക്കപ്പെടുന്നു. പൂർണ്ണത്രയീശൻ കനിഞ്ഞാൽ സന്താനലാഭം തീർച്ചയാണ്.

സന്താനഗോപാലമന്ത്രം

ഓം ദേവകീസുത ഗോവിന്ദ വാസുദേവജഗല്‍പ്പതേ
ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത:

വൈകുണ്ഠത്തിൽ നിന്ന് അർജുനൻ കൊണ്ടുവന്ന വിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ച സമയത്ത് ക്ഷേത്രത്തിലെ ഗണപതിയെ തള്ളിമാറ്റി എന്ന് ഐതിഹ്യത്തിൽ പറയുന്നുണ്ട്. ഗണപതിവിഗ്രഹം മാറ്റി വിഷ്ണുവിഗ്രഹം പ്രതിഷ്ഠിച്ചു എന്നാകാം ഈ ഐതിഹ്യത്തിന്റെ പൊരുൾ. എന്തായാലും ശ്രീകോവിലിൽ തെക്ക് ഭാഗത്ത് ഗണപതി വിഗ്രഹം ഉണ്ട്. മറ്റ് ഉപദേവതകൾ ഇപ്പോൾ ഇവിടെയില്ല.

കിഴക്കോട്ട് ദർശനമായി അനന്തന്റെ ഫണത്തിന് കീഴിൽ ഇരിക്കുന്ന ഭാവത്തിലാണ് വിഷ്ണു. വലതുകാൽ മടക്കി ഇടതുകാൽ നിലത്ത് തൂങ്ങിക്കിടക്കുന്ന വിഗ്രഹം. നാല് കൈകളുണ്ട്. മൂന്ന് കൈകളിൽ ശംഖും ചക്രവും പത്മവും നാലാമത്തെ കൈ തൂങ്ങിക്കിടക്കുന്നു.

നേത്രോന്മീലനം നടക്കാത്ത വിഗ്രഹം

പഞ്ചലോഹത്തിൽ വാർത്ത വിഗ്രഹത്തിന്റെ കണ്ണുകൾ തെളിയിച്ചിട്ടില്ല. വിഗ്രഹങ്ങൾ തീർക്കുമ്പോൾ അവസാനമാണ് നേത്രോന്മീലനം, അതായത് കണ്ണുകൾ തെളിയിക്കുക. അതിനു മുൻപ് വിഗ്രഹം വാർത്ത മൂശാരി മരണമടഞ്ഞത്രേ. ഈ മൂശാരിയെ അനുസ്മരിക്കാൻ ക്ഷേത്രത്തിൽ ഒരു ഉത്സവമുണ്ട് : മൂശാരി ഉത്സവം എന്നാണ് ഇതിന് പേര്. കണ്ണു തെളിക്കാത്തത് യോഗ നിദ്രയിൽ ആയതുകൊണ്ടാണോ എന്ന സംശയവും ചിലർ പ്രകടിപ്പിക്കാറുണ്ട്.

വിഗ്രഹം സന്താനഗോപാലഭാവത്തിലാണെങ്കിലും വൈകുണ്ഠനാഥനായ ശ്രീമഹാവിഷ്ണു തന്നെയാണ് പ്രതിഷ്ഠ എന്നും അഭിപ്രായമുണ്ട്. കുലശേഖര ഭരണകാലത്ത് വിഷ്ണുവിനെ പ്രതിഷ്ഠിച്ചു. പിന്നീട് ക്ഷേത്രം കുറിയൂർ എന്ന കുരുസ്വരൂപത്തിന്റെ കൈയിൽ വന്നുചേർന്നു. ആ സ്വരൂപം അന്യം നിന്നപ്പോൾ കൊച്ചിക്ക് കിട്ടിയെന്നുമാണ് ചരിത്ര കഥ പറയുന്നത്.

വിഗ്രഹത്തിന് ചോളകലയുമായിട്ടാണ് ബന്ധം എന്നും ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു. വൈഷ്ണവ പ്രചാര കാലത്ത് വില്വമംഗലമാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത് എന്നും ഒരു ഐതിഹ്യമുണ്ട്. ബൗദ്ധാതിമതം എന്ന കലിദിന സംഖ്യാദിനത്തിലായിരുന്നു ക്ഷേത്രപ്രതിഷ്ഠ എന്നാണ് മറ്റൊരു അഭിപ്രായം. അങ്ങനെയാണെങ്കിൽ കൊല്ലവർഷം 455 ആണ് പ്രതിഷ്ഠാകാലം.

പാൽ പന്തിരുനാഴി പ്രധാന വഴിപാട്

ക്ഷേത്രത്തിൽ ദിവസവും അഞ്ച് പൂജകളുണ്ട്. ഇതിൽ ഒരു പൂജ തന്ത്രി നടത്തണമെന്നാണ് നിശ്ചയം. കൊച്ചിക്ക് ക്ഷേത്രം കിട്ടിയ ശേഷമാണ് ഈ നിബന്ധന വന്നത്. പുറപ്പെടാശാന്തിയാണ്. പാൽ പന്തിരുനാഴിയാണ് പ്രധാന വഴിപാട്. കുംഭത്തിലെ ഉത്രം അപ്പം വഴിപാടും പ്രസിദ്ധം.

ഏറ്റവുമധികം ഉത്സവങ്ങളുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് പൂർണത്രയീശ ക്ഷേത്രം. ധ്വജാദി, പടഹാദി, അംഗുരാദി എന്നീ 3 തരത്തിലുള്ള ഉത്സവങ്ങളും ക്ഷേത്രത്തിലുണ്ട്. ചിങ്ങത്തിലെ മൂശാരിഉത്സവം. വടക്കേടത്തു മനയിലെ നങ്ങേമ പൂർണത്രയീശനിൽ ലയിച്ചു എന്ന ഐതിഹ്യത്തിന് നിദാനമായി നടത്തുന്ന നങ്ങിപ്പെണ്ണിന്റെ ഉത്സവം. കല്പൂരക്കോലം എഴുന്നള്ളിക്കുന്ന അമ്പലം കത്തിയ ഉത്സവം. വൃശ്ചികത്തിലെ ചോതി കൊടികയറി തിരുവോണം ആറാട്ടായി നടത്തുന്ന ഉത്സവം. കുംഭത്തിൽ ചോതി കൊടികയറി തിരുവോണം ആറാട്ടായി നടത്തുന്ന പറ ഉത്സവം. കുംഭത്തിലെ ഉത്രം ആഘോഷം എന്നിവയാണ് ഈ ഉത്സവങ്ങൾ. ഇതിൽ വൃശ്ചിക മാസ ഉത്സവമാണ് ഏറ്റവും ആർഭാടം. മരതകപ്പച്ച പതിച്ച സ്വർണക്കോലം, സ്വർണപ്പിടിയുള്ള വെൺചാമരങ്ങളും ആലവട്ടങ്ങളും സ്വർണതലേക്കെട്ട് എന്നിവയെല്ലാം ഈ ഉത്സവത്തിന്റെ ഘടകങ്ങളാണ്. ഈ ഉത്സവകാലം കഥകളിക്കും പ്രസിദ്ധമായിരുന്നു. വൃശ്ചികോത്സവത്തിൽ നാല്പതിലധികം ഗജവീരന്മാരെ പങ്കെടുപ്പിച്ചിരുന്നു.

പെരുമ്പടപ്പ് സ്വരൂപം കൊച്ചി രാജവംശം

കൊച്ചിരാജ്യത്തിന്റെ ആസ്ഥാന ക്ഷേത്രമാണ് ഇതെന്ന സങ്കല്പമുണ്ടെങ്കിലും 18-ാം നൂറ്റാണ്ടു മുതലാണ് കൊച്ചിക്ക് ക്ഷേത്രത്തിൽ പുറക്കോയ്മ ലഭിച്ചത് എന്നൊരു വിശ്വാസവുമുണ്ട്. കൊച്ചി രാജവംശത്തിന്റെ ആദ്യനാമം പെരുമ്പടപ്പ് സ്വരൂപമെന്നായിരുന്നു. ഇന്നത്തെ മലപ്പുറം ജില്ലയിലെ പെരുമ്പടപ്പായിരുന്നു ആസ്ഥാനം. പഴയന്നൂർ ഭഗവതിയായിരുന്നു ഈ സ്വരൂപത്തിന്റെ ഇഷ്ടദേവത. കുലശേഖര കാലശേഷം രാജ്യത്തിന്റെ വലിയൊരു ഭാഗം കിട്ടിയതോടെ പെരുമ്പടപ്പിന്റെ ആസ്ഥാനം കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളമായി. പിന്നീട് ക്രിസ്തുവർഷം1405 ൽ ഈ രാജവംശം കൊച്ചിയിലേക്ക് ആസ്ഥാനം മാറ്റി. കൊച്ചി രാജവംശമെന്ന് പേരും കിട്ടി. കൽവെട്ടിയിലായിരുന്നു ആദ്യകൊട്ടാരം. പതിനാറാം നൂറ്റാണ്ടിൽ മട്ടാഞ്ചേരി കൊട്ടാരവും അതിനടുത്ത പഴയന്നൂർ ഭഗവതിക്ഷേത്രവും തീർത്തതോടെ മട്ടാഞ്ചേരിയായി ആസ്ഥാനം. പിന്നീട് തലസ്ഥാനം കുറേ നാൾ തൃശൂരിലേക്ക് മാറ്റി. ഇതിനിടെ മൂത്ത താവഴി, ഇളയ താവഴി, മുരിങ്ങൂർ താവഴി, പള്ളുരുത്തി താവഴി, ചാഴൂർ താവഴി എന്നിങ്ങനെ ഈ രാജവംശം അഞ്ചായി തിരിഞ്ഞു. പിന്നീട് ഇളയ താവഴിയിൽ അധികാരം വന്നുചേർന്നു. പെൺവഴി തമ്പുരാനും മറ്റ് തമ്പുരാക്കന്മാരും വെള്ളാരപ്പള്ളിയിൽ നിന്ന് പതിനെട്ടാം നൂറ്റാണ്ടിൽ തൃപ്പൂണിത്തുറയിൽ എത്തിയതോടെയാണ് ഇത് തലസ്ഥാനമായി ഗണിച്ചു തുടങ്ങിയത്. അതു കഴിഞ്ഞാണ് തൃപ്പൂണിത്തുറ ക്ഷേത്രം ആസ്ഥാന ക്ഷേത്രമായി മാറുന്നത്.

വെളുപ്പിന് നാലു മുതൽ ദർശനം

നെടുവായമ്പള്ളി ഭട്ടതിരി, മോരക്കാല് ഭട്ടതിരി, മണിയമ്പള്ളി ഭട്ടതിരി, വിളത്തുരുത്തി ഭട്ടതിരി, ഏരൂര് ഭട്ടതിരി, പേരഭട്ടതിരി എന്നിവരായിരുന്നു ക്ഷേത്രത്തിലെ ഊരാളന്മാർ. കൊല്ലവർഷം 1096- ൽ പടിഞ്ഞാറേ ഗോപുരമൊഴികെ ക്ഷേത്രം മുഴുവൻ കത്തിനശിച്ചു. മൂലവിഗ്രഹം ആ സമയത്ത് ചെളി പൊത്തി സംരക്ഷിച്ചു. മറ്റ് വിഗ്രഹങ്ങൾ പുത്തൻ ബംഗ്ലാവിലേക്ക് മാറ്റി. പിന്നീട് ഈച്ചരവാര്യർ തയ്യാറാക്കിയ പദ്ധതിയനുസരിച്ച് പണിതീർത്ത ക്ഷേത്രമാണ് ഇപ്പോഴുള്ളത്. കൊച്ചിരാജാവിന്റെ ക്ഷേത്രമായതിനാൽ 1123 മേടം ഒന്നു മുതൽ നിലവിൽ വന്ന ക്ഷേത്ര പ്രവേശനവിളംബരത്തിൽ നിന്ന് ഈ ക്ഷേത്രത്തെ ഒഴിവാക്കിയിരുന്നു. വെളുപ്പിന് നാലു മുതൽ 11.15 വരെയും വൈകിട്ട് നാലുമുതൽ എട്ടുവരെയുമാണ് ക്ഷേത്ര ദർശന സമയം.

മംഗള ഗൗരി

Story Summary: Sree Poornathrayeesa Temple: History, Mythology, Offerings and Famous Festivals


error: Content is protected !!
Exit mobile version