Sunday, 29 Sep 2024

ശ്രീപത്മനാഭസ്വാമിക്ക് രത്ന പായസം; പെരുന്തമൃത് പൂജ അതിവിശേഷം

പി.എം. ബിനുകുമാർ
കഴിയുന്നത്ര വിഭവങ്ങളോടെ ഭഗവാനെ ഊട്ടുക എന്ന സങ്കല്പത്തിലുള്ള സദ്യയാണ് പെരുന്തമൃതു പൂജ. വിഭവങ്ങൾ എത്ര കൂടുന്നുവോ അതിനുസരിച്ച് വഴിപാട് മാഹാത്മ്യമേറിയതാകും എന്നാണ് വിശ്വാസം. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും വൈക്കം മഹാദേവ ക്ഷേത്രത്തിലും പണ്ടുകാലത്ത്
രാജാക്കന്മാരും പ്രഭുക്കളും നടത്തിപ്പോന്ന വളരെ പണച്ചെലവുള്ള ഈ വഴിപാട് ഇപ്പോഴുമുണ്ട്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുമാസത്തിൽ ഒരിക്കലാണ് വിശിഷ്ടവും ദിവ്യവുമായ പെരുന്തമൃത് പൂജ നടക്കുന്നത്. നാലുകൂട്ടം വറുത്തുപ്പേരിയടക്കം ഈ പൂജയിലെ മഹാസദ്യ ഭഗവാന് സമര്‍പ്പിക്കുന്നത് രത്‌നം പതിച്ച സ്വര്‍ണ്ണപാത്രത്തിലാണ്. ഈ ദിവസം ഭഗവാനുള്ള പൂജകളെല്ലാം സ്വര്‍ണ്ണം, വെള്ളി പാത്രങ്ങളിലാണ് നടത്തുന്നത്. എല്ലാ വര്‍ഷവും മകരം, കർക്കടകം മാസങ്ങളിലാണ് പെരുന്തമൃത് പൂജ നടത്തുന്നത്. ധനു, മിഥുന മാസങ്ങളിൽ ഭദ്രദീപത്തെ തുടർന്ന് അവസാന 7 ദിവസങ്ങളിൽ കളഭാഭിഷേകം നടക്കും. തുടർന്ന് ഉത്തരായന സംക്രമത്തിന് മകര ശീവേലിയും ദക്ഷിണായന സംക്രമത്തിന് കർക്കട ശീവേലിയുമുണ്ട്. ആ ആഴ്ചകളിൽ ഒരു ദിവസമാണ് പെരുന്തമൃത് പൂജ നടക്കുന്നത്. 2021 ജനുവരി 15 നാണ് ഇത്തവണ പെരുന്തമൃത് പുജ. 14 നാണ് മകര ശീവേലിയും കളഭവും. പെരുന്തമൃത് പൂജയുടെ തലേദിവസം വൈകുന്നേരം ഒരുക്കങ്ങള്‍ ആരംഭിക്കും. വെളുപ്പാന്‍കാലത്ത് രണ്ടു മണിക്ക് കീഴ്ശാന്തിമാർ പാചകം തുടങ്ങും. അഞ്ചുകൂട്ടം പ്രഥമന്‍ ഇതില്‍ പ്രധാനമാണ്.

തന്ത്രിമാരായ തരണനെല്ലൂര്‍ തെക്കിന് കുടുംബക്കാരാണ് കളഭാഭിഷേകവും പെരുന്തമൃത്പൂജയും നടത്തുന്നത്. ശ്രീപത്മനാഭന്റെ രണ്ടുബിംബങ്ങളിലും ലക്ഷ്മീദേവി, ഭൂമിദേവി എന്നിവരുടെ ബിംബങ്ങളിലും അഭിശ്രവണ മണ്ഡപത്തില്‍ വച്ച് 81 സ്വര്‍ണ്ണക്കുടങ്ങളാല്‍ കലശം ആടുന്നു. തുടര്‍ന്ന് വിഗ്രഹങ്ങള്‍ ശ്രീകോവിലിലേക്ക് തിരിച്ചെഴുന്നള്ളിക്കും. ഉച്ചപൂജയോട് അനുബന്ധിച്ചാണ് സവിശേഷമായ പെരുന്തമൃത് നിവേദ്യം. നിവേദ്യങ്ങളായ കിച്ചടി, പച്ചടി, പുഴുക്ക്, എരിശേരി, ഓലൻ, പുളിശേരി, മെഴുക്കുപുരട്ടി, തോരൻ, പരിപ്പ്, പുളി ഇഞ്ചി, മാങ്ങാക്കറി, ഏത്തപ്പഴം, പടറ്റിപ്പഴം, കദളി, കരിക്ക്, ഉപ്പ്, പഞ്ചസാര, കരിമ്പ്, ജാതിക്ക, ജാതിപത്രി, കുങ്കുമപ്പൂവ്, ഏലയ്ക്കാ, ഗ്രാമ്പ്, വെറ്റില, പാക്ക്, ഉപ്പുമാങ്ങ, ചക്കപ്പഴം, ഇല, ശർക്കരവരട്ടി, ചമ്പാ പച്ചരി ചോറ്, രത്നപായസം, അടപ്രഥമൻ, പഴ പ്രഥമൻ, ചക്ക പ്രഥമൻ, പരിപ്പ് പ്രഥമൻ എന്നിവ ഒറ്റക്കൽ മണ്ഡപത്തില്‍ എടുത്തു വച്ച ശേഷം നിവേദ്യവും പൂജയും ദീപാരാധനയും നടത്തും.

പെരുന്തമൃത് പൂജയിലെ പ്രധാന നിവേദ്യം നവരത്‌ന പായസമാണ്. നവരത്‌നം പതിച്ച സ്വര്‍ണ്ണപ്പറ നിറയെ പായസം ശ്രീപത്മനാഭ പെരുമാൾക്ക് നേദിക്കുന്നതിനാൽ ഈ പായസത്തിന്ന് രത്ന പായസം എന്ന പേരുണ്ട്.

ഉച്ചപൂജ കഴിഞ്ഞ് നടയടച്ചാലുടൻ തെക്കേടത്തിന് തെക്കു വശത്ത് ഇല വച്ച് 18 ദേശികൾക്ക് വിഭവ സമൃദ്ധമായ സദ്യ നൽകും. തുടർന്ന് നിവേദ്യ ശിഷ്ടം കൊട്ടാരത്തിലേക്കും ക്ഷേത്ര ജീവനക്കാർക്കും പകർച്ച നൽകും. വൈകിട്ട് 5 മണിക്ക് മുൻപ് ഒറ്റക്കൽ മണ്ഡപം വൃത്തിയാക്കും. സന്ധ്യാ പൂജയ്ക്ക് മാറ്റമൊന്നുമില്ല. ഭഗവാന്റെ പെരുന്തമൃത് സദ്യയും പായസഊട്ടും കണ്ടു തൊഴുവാന്‍ ഭക്തര്‍ തടിച്ചു കൂടാറുണ്ട്. മുൻപ് ഈ ചടങ്ങ് കന്നിമാസത്തിൽ ആയിരുന്നതായി മതിലകം രേഖകളില്‍ കാണുന്നു.

പി.എം. ബിനുകുമാർ
+91 94476 94053

error: Content is protected !!
Exit mobile version