Friday, 22 Nov 2024

ശ്രീലക്ഷ്മി വരാഹമൂര്‍ത്തി കനിഞ്ഞാൽ മംഗല്യ ഭാഗ്യം, ഭൂദോഷ പരിഹാരം

പി എം ബിനുകുമാർ

ശ്വേതം വരാഹവപുഷം ക്ഷിതിം ഉദ്ധരന്തം
ശംഖാരിസര്‍വ്വ വരദാഭയയുക്തബാഹും
ധ്യായേത്‌ നിജൈശ്ച തനുഭിഃ സകലൈരുപേതം
പൂര്‍ണ്ണം വിഭും സകല വാഞ്ഛിതസിദ്ധയേജം

തിരുവനന്തപുരം ശ്രീലക്ഷ്മി വരാഹമൂർത്തി ക്ഷേത്രം ആറാട്ടിനൊരുങ്ങുന്നു. വിഷുവിന് ആരംഭിച്ച ഉത്സവം 2024 ഏപ്രിൽ 21 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി തൃക്കൊടിയിറക്കി ശ്രീപത്മനാഭസ്വാമിയുടെ പൈങ്കുനിആറാട്ടിനൊപ്പമുള്ള ആറാട്ടോടെ സമാപിക്കും.

.ശ്രീവരാഹം ക്ഷേത്രം എന്നറിയപ്പെടുന്നു ഇവിടുത്തെ മുഖ്യപ്രതിഷ്ഠ സമ്പദ് സമൃദ്ധിയുടെ ഭഗവതിയായ മഹാലക്ഷ്മിയും മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായ വരാഹമൂർത്തിയാണ്. ലക്ഷ്മിദേവിയെ മടിയില്‍ ഇരുത്തിയ നിലയില്‍ ചതുര്‍ബാഹുവായ വരാഹവിഗ്രഹമാണ് ഇവിടെയുള്ളത്.

മംഗല്യഭാഗ്യത്തിനും ഭൂമി സംബന്ധമായ ദോഷങ്ങളും പ്രശ്നങ്ങളും പരിഹരിക്കാൻ ഈ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ കഴിക്കുന്നത് വളരെയേറെ നല്ലതാണ്. ഭൂമിവില്പനയിൽ നേരിടുന്ന തടസങ്ങൾ അകറ്റാനും ഭൂമി സംബന്ധമായ കേസുകൾ വേഗം പരിഹരിക്കാനും വിദ്യാവിജയം, ധനലാഭം, സമാധാനം, സന്തോഷം, ആയുരാരോഗ്യം, സമൃദ്ധി, ശത്രുദോഷമുക്തി എന്നിവയ്ക്കും ഭൂമിയുടെ സംരക്ഷകനായ ശ്രീവരാഹ മൂർത്തിയെ അഭയം പ്രാപിക്കാം.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഈ ക്ഷേത്രം അതിപുരാതനമാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. ലക്ഷ്മിദേവിക്കും വരാഹമൂർത്തിക്കും തുല്യ പ്രാധാന്യം.
ശ്രീവരാഹമൂർത്തിക്ക് വ്യാഴാഴ്ചയും മഹാലക്ഷ്മിക്ക് വെള്ളിയാഴ്ചയും മുഖ്യം. സ്വര്‍ണ്ണധ്വജ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക വരാഹക്ഷേത്രമാണിത്. ഗണപതി, അയ്യപ്പൻ, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ എന്നിവർക്കും ഇവിടെ സന്നിധികളുണ്ട്. സംസ്ഥാനത്ത് വരാഹമൂർത്തി മുഖ്യ പ്രതിഷ്ഠയായ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ്. ഈ ക്ഷേത്രം തന്നെയാണ് സ്ഥലപ്പേരിന് കാരണം.

കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രക്കുളങ്ങളിലൊന്ന് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. മീനത്തിൽ പത്മനാഭസ്വാമിക്ഷേത്രത്തിലെ ഉത്സവ സമയതാണ് ഇവിടെയും ഉത്സവം. പൈങ്കുനി ഉത്സവ ആറാട്ടിനൊപ്പം ശംഖുമുഖത്ത് വരാഹമൂര്‍ത്തിയും ആറാടുന്നു.

വരാഹം എന്നാൽ പന്നി. ഭൂദേവിയെ മോഷ്ടിച്ച് കടലിൽ ഒളിച്ച ഹിരണ്യാക്ഷൻ എന്ന അസുരനെ പന്നിയായി അവതരിച്ച് നിഗ്രഹിച്ച് വിഷ്ണുഭഗവാൻ ഭൂമിയെ രക്ഷിച്ചു എന്ന് ഐതിഹ്യം. ഭൂമിയെയും ആശ്രിതരായ ഭക്തരെയും രക്ഷിക്കാൻ എന്തും ചെയ്യുന്ന വരാഹമൂർത്തിയുടെ അഷ്ടോത്തരം എല്ലാ ദിവസവും രാവിലെയും വൈകിട്ടും ജപിക്കുന്നത് അതിവേഗമുള്ള കാര്യസിദ്ധിക്ക് നല്ലതാണ്. വ്രതനിഷ്ഠ നിർബന്ധമില്ല. മന്ത്രോപദേശവും വേണ്ട. നെയ്‌വിളക്ക് കൊളുത്തി അതിന് മുമ്പിലിരുന്ന് വേണം ജപിക്കേണ്ടത്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ഭക്തിപൂർവം ആലപിച്ച ശ്രീവരാഹസ്തുതിയും ധ്യാനവും അഷ്ടോത്തരവും കേൾക്കാം:

പി എം ബിനുകുമാർ
+919447694053

Story Summary: Sree Lakshmi Varaha Moorthy Temple, Thiruvananthapuram is gearing for Arattu Mahotsavm on April 21,2924

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version