Monday, 8 Jul 2024

സന്താനദുരിതം, രോഗം, മംഗല്യതടസ്സം അകറ്റാൻ സുബ്രഹ്മണ്യ മന്ത്രങ്ങൾ

മംഗള ഗൗരി
അജ്ഞാനമാകുന്ന അന്ധകാരത്തിന്റെ മറനീക്കി ജ്ഞാനമാകുന്ന പ്രകാശത്തെ നിറയ്ക്കുന്ന മന്ത്രമാണ് സുബ്രഹ്മണ്യരായം എന്ന പേരിൽ അറിയപ്പെടുന്ന ഓം ശരവണ ഭവഃ . അറിവിന്റെ മൂർത്തിയായ മുരുകനെ ആരാധിക്കുന്നതിനുള്ള സുപ്രധാനമായ മന്ത്രങ്ങളിൽ ഒന്നാണിത്. ജ്ഞാനദേവനായതിനാലാണ് ജ്ഞാനപ്പഴം എന്ന പേരിലും ഭഗവാൻ പ്രസിദ്ധനായത്.
ശിവരേതസ്സിൽ നിന്നാണ് സുബ്രഹ്മണ്യന്റെ ജനനം. 6 മുഖങ്ങളുമായി ജനിച്ച ശിശുവിന് മഹാവിഷ്ണുവിന്റെ നിർദ്ദേശപ്രകാരം ആറു കൃത്തികമാർ മുലയൂട്ടിയപ്പോൾ കാർത്തികേയനായി. കുമാരൻ എന്ന പേരിൽ ഗംഗയുടെയും സ്കന്ദൻ എന്ന പേരിൽ പാർവതിയുടെയും ഗുഹൻ എന്ന പേരിൽ ശിവന്റെയും മഹാസേനൻ എന്ന പേരിൽ അഗ്നിയുടെയും ശരവണൻ എന്ന പേരിൽ ശരവണത്തിന്റെയും കാർത്തികേയൻ എന്ന പേരിൽ കൃത്തികകളുടെയും മകനായി അറിയപ്പെട്ടു തുടങ്ങി. ഒടുവിൽ പരാശക്തി 6 തലകൾക്കും മുലയൂട്ടിയപ്പോൾ ഏക ശിരസ്കന്ദനായി. ഓം ശരവണ ഭവഃ എന്ന ഷഡാക്ഷര മന്ത്രത്തെ പ്രതിനിധീകരിച്ച സുബ്രഹ്മണ്യന് ആറ് പടൈ വീടുകള്‍ എന്ന പേരില്‍ പ്രസിദ്ധമായ ആറ് ക്ഷേത്രങ്ങളുണ്ട്, പഴനി, തിരുപ്പരം കുണ്ഡ്രം,തിരുച്ചന്തൂര്‍, തിരുവേരകം (സ്വാമി മല), പഴമുതിര്‍ചോലൈ, തിരുത്തണി, എന്നിവയാണത്. സര്‍വവ്യാപിത്വത്തെ വ്യക്തമാക്കിക്കൊണ്ട് പഴനിയില്‍ മുരുകന്‍ മലയിലും തിരുത്തണിയില്‍ കുന്നിലും സ്വാമി മലയില്‍ നദീതീരത്തും തിരുപ്പറ കുണ്ഡ്രത്തില്‍ ഗുഹയിലും പഴമുതിര്‍ച്ചോലയില്‍ കാട്ടിലും തിരുച്ചന്തൂരില്‍ കടല്‍ക്കരയിലും ഭഗവാൻ സ്ഥിതി ചെയ്യുന്നു.

സുബ്രഹ്മണ്യരായം 21 തവണ ഷഡാക്ഷര മന്ത്രമായ ഓം ശരവണ ഭവഃ നിത്യവും കുറഞ്ഞത് 21 തവണ ജപിക്കുന്നത് ആഗ്രഹ സാഫല്യം
ലഭിക്കുന്നതിന് ഉത്തമമാണ്. പൊതുവെ സുബ്രഹ്മണ്യ മന്ത്രങ്ങളെല്ലാം 21 തവണ ജപിക്കുന്നതാണ് ശ്രേഷ്ഠം. സുബ്രഹ്മണ്യ രായം 21,000 സംഖ്യ പൂര്‍ത്തിയാകുന്ന അന്നു മുതല്‍ സുബ്രഹ്മണ്യ ഭഗവാന്‍റെ അനുഗ്രഹം ലഭിച്ചു തുടങ്ങും. ഗുരുവിന്‍റെ ഉപദേശം ലഭിച്ചിട്ടില്ലാത്ത ഭക്തര്‍, മൂലമന്ത്രം ജപിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കില്‍ സാക്ഷാല്‍ മഹാദേവനെ, ഗുരുവായി സങ്കല്‍പ്പിച്ച് ജപിച്ച് തുടങ്ങാം. ഓം ശരവണ ഭവഃ മന്ത്രജപത്തോടെയുള്ള മുരുക ക്ഷേത്ര ദർശനവും ക്ഷേത്രത്തിൽ പഞ്ചാമൃതം, പാൽ നേദിക്കുന്നതും നാരങ്ങാമാല സമർപ്പിക്കുന്നതും പെട്ടെന്ന് അഭീഷ്ടസിദ്ധിക്ക് സഹായിക്കും.

ചൊവ്വാഴ്ച ജപം തുടങ്ങാം
കുജ ദശ പൊതുവേ പ്രതികൂലമായി ബാധിക്കുന്ന
കാർത്തിക, ഉത്രം, ഉത്രാടം, അശ്വതി, മകം, മൂലം, പൂയം,
അനിഴം, ഉത്തൃട്ടാതി നക്ഷത്രക്കാർ പ്രസ്തുത ദശയിൽ
സുബ്രഹ്മണ്യ ക്ഷേത്രദർശനവും ഭജനവും മുടക്കരുത്.
മംഗല്യതടസ്സം, സന്താനദുരിതം, രോഗദുരിതങ്ങൾ
എന്നിവ അകറ്റാൻ ഏതൊരാൾക്കും സുബ്രഹ്മണ്യ പൂജ
ഗുണകരമാണ്. രാഹൂര്‍ദശയില്‍ ചൊവ്വയുടെ അപഹാര കാലം, രാഹൂര്‍ദശയുടെ അവസാനകാലം അഥവാ ദശാസന്ധിക്കാലം എന്നിവയുള്ളവരും സുബ്രഹ്മണ്യ ധ്യാനവും മൂലമന്ത്രവും ജപിക്കുന്നത് അതീവ ഗുണപ്രദം ആയിരിക്കും. എല്ലാ സുബ്രഹ്മണ്യ മന്ത്രങ്ങളും മറ്റ് മുരുക ജപങ്ങളും ഒരു ചൊവ്വാഴ്ച ദിവസം ഉദയം മുതല്‍ ഒരു മണിക്കൂര്‍ വരെ ഉള്ള ചൊവ്വാകാലഹോരയിലാണ് ജപിച്ചു തുടങ്ങേണ്ടത്.

സുബ്രഹ്മണ്യ ധ്യാനം
സ്ഫുരൻ മകുടപത്രകുണ്ഡല വിഭൂഷിതം ചമ്പക–
സ്രജാകലിതകന്ധരം കരയുഗേന ശക്തിം പവീം
ദധാനമഥവാ കടീകലിതവാമഹസ്‌തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സ്മരതു പീതവാസോവസം

മൂലമന്ത്രം
ഓം വചത്ഭുവേ നമഃ
സുബ്രഹ്മണ്യ ഗായത്രി ദുരിതമകറ്റും. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രത്തിൽ ജനിച്ച വ്യക്തികളും ജാതകവശാൽ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ ചൊവ്വ നില്‍ക്കുന്നവര്‍ക്കും, ലഗ്നം, രണ്ട്, ഏഴ്, എട്ട് എന്നീ ഭാവങ്ങളില്‍ ചൊവ്വ നിൽക്കുന്നവരും സുബ്രഹ്മണ്യ ഗായത്രി സ്ഥിരമായി ജപിച്ചാൽ എല്ലാ ദോഷങ്ങളും ദുരിതങ്ങളും ശമിക്കും. അഭീഷ്ടസിദ്ധി ലഭിക്കുകയും ചെയ്യും. സന്താനങ്ങളുടെ ഇഷ്ടം ലഭിക്കാനായും അവരുടെ ഉയര്‍ച്ചയ്ക്കായും സുബ്രഹ്മണ്യ ഗായത്രി പതിവായി ജപിക്കാവുന്നതാണ്. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രങ്ങളുടെ ആധിപത്യം ചൊവ്വയ്ക്ക്യതിനാലാണ് ഈ നക്ഷത്രജാതർ പതിവായി
സുബ്രഹ്മണ്യ സ്വാമി ഭജനം നടത്തണമെന്ന് പറയുന്നത്.
വളരെയധികം ശക്തിയുള്ളതാണ് സുബ്രഹ്മണ്യ ഗായത്രി ഇത് 36 വീതം രാവിലെയും വൈകിട്ടും രണ്ട് നേരം ജപിക്കണം. നിത്യേന ജപിക്കാം. മനോദുഃഖമകലാനും, ശക്തമായ മുൻജന്മ ദോഷങ്ങളും പാപദോഷങ്ങളും മാറുന്നതിനും ഫലപ്രദം.
സുബ്രഹ്മണ്യ ഗായത്രി
സനല്‍ക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ
തന്വോ സ്കന്ദ: പ്രചോദയാത്

സുബ്രഹ്മണ്യ സ്‌തോത്രം
ഷഡാനനം ചന്ദന ലേപിതാംഗം
മഹാദ്ഭുതം ദിവ്യ മയൂര വാഹനം
രുദ്രസ്യ സൂനും സുരസൈന്യനാഥം
ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ

Story Summary: Benefits and Significance of
Subramaniya Rayam, Moola Mantram, Gayatri, Dhayanam Recitation Daily


error: Content is protected !!
Exit mobile version