Saturday, 23 Nov 2024

സന്താനഭാഗ്യത്തിന് ചെങ്കാൽ തൊഴീൽ

അശോകൻ ഇറവങ്കര
തിരുവനന്തപുരം ശ്രീകാര്യത്തിന് കിഴക്ക് ശ്രീനാരായണ ഗുരുദേവന്റെ ജന്മം കൊണ്ട് പവിത്രമായ ചെമ്പഴന്തിക്ക് സമീപമുള്ള ചരിത്രപ്രസിദ്ധമായ ക്ഷേത്രമാണ് അണിയൂര്‍ ശ്രീ ദുര്‍ഗാ ഭഗവതിക്ഷേത്രം. ഇവിടെവച്ചാണ് ഗുരുദേവനും ചട്ടമ്പിസ്വാമികളും കണ്ടുമുട്ടിയത്. കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.

ബാലദുര്‍ഗ(യോഗമായ) യാണ് പ്രതിഷ്ഠ. ശംഖും ചക്രവും ഇരുകൈകളിലും, ഒരു കയ്യ്‌ അരക്കെട്ടിലൂന്നി മറ്റേ കൈ അഭയവുമായുള്ള ചതുര്‍ഭുജയായ ഭഗവതി. ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ വഴിപാടാണ് “ചെങ്കാൽ തൊഴീൽ”. കുട്ടികളുടെ ചുവന്നിരിക്കുന്ന കാൽ ദേവിയെ കാണിച്ചു തൊഴുക എന്നതാണ് ചടങ്ങ്, ചെങ്കാൽ തൊഴൽ എന്നും ഇത് അറിയപ്പെടുന്നു.

അത് ഇപ്രകമാണ്….

കുട്ടികൾ ഇല്ലാത്തവർ ദേവിയെ പ്രാർത്ഥിച്ചു വഴിപാട് നേരുന്നു……
കുട്ടി ഉണ്ടായിക്കഴിഞ്ഞു ഒരു വർഷത്തിനുള്ളിൽ വഴിപാട് നടത്തണം…..
ഇത് നടത്താൻ ദൂരെയുള്ളവർ നേരത്തേ ക്ഷേത്രത്തിൽ അറിയിക്കേണ്ടതുണ്ട്…..
കുറച്ചു കാലം മുൻപുവരെ ചടങ്ങിനായി തൊട്ടടുത്തുള്ള ഒരു വീട് അധികൃതർ ഏർപ്പാടാക്കുമായിരുന്നു.

രാവിലെ ആ വീട്ടിലാണ് ചടങ്ങ് ആരംഭിച്ചിരുന്നത്. ഇപ്പോൾ അത് ക്ഷേത്ര കോമ്പൗണ്ടിൽ തന്നെ നടത്തുന്നു.

കോലം വരച്ച് ഗണപതിക്ക് വച്ച ശേഷം മൂന്ന് ഇലകളിൽ ഒരു പറ നെല്ലിട്ട്, അതിന്മേൽ വെറ്റിലയും, പാക്കും, പൂക്കുലയും സമർപ്പിക്കുന്നു. ശേഷം കുഞ്ഞിനെ പിതാവിന്റെ മടിയിൽ ഇരുത്തി പാണികൊട്ടി ഒരു ബാലികയെ അഷ്ടമംഗല്യത്തോടുകൂടി ഒരുക്കുന്നു. ഒരു കോൽ നീളത്തിൽ മൂന്നു കരിമ്പ് ചേർത്തുകെട്ടി, ഒരറ്റത്ത് കദളിക്കുലയും നെയ്യും, മറുവശത്ത് കുലപ്പഴുക്കയും ചേർത്തുകെട്ടി ഒരു ബാലന്റെ തോളിലേറ്റി വാദ്യമേളത്തോടെ, നാലു കരിമ്പിന്റെ അഗ്രത്തിൽ കെട്ടിയ ചുവന്ന പട്ടിന്റെ തണലിൽ കുഞ്ഞിനേയും എടുത്തു ക്ഷേത്രത്തിൽ എത്തി, പുറത്തു മൂന്നു പ്രദക്ഷിണത്തിനു ശേഷം ഉള്ളിൽ പ്രവേശിച്ച് മലരും വെറ്റിലയും ഇടകലർത്തി കുഞ്ഞിനെ തൂകി, ഓരോ വലത്തിനും കുഞ്ഞിന്റെ കാല് ദേവിയെകാണിച്ച് മൂന്നു വലം വയ്ക്കുന്നു. മൂന്നാം വലത്തിന് ദീപാരാധനയോടെ 24 അടയ്ക്കയും 12കെട്ട് വെറ്റിലയും നടയിൽ വച്ച് തൊഴുന്നു, ഒപ്പം ഇടിച്ചുപിഴിഞ്ഞു പായസവും, മുഴുക്കാപ്പും ചാർത്തി ശേഷം എല്ലാവർക്കും ദക്ഷിണയും നൽകി വഴിപാടുകാർ മടങ്ങുന്നു. അനേകം ആളുകൾ ഈ വഴിപാടിനായി ഇവിടെ എത്താറുണ്ട്.

അശോകൻ ഇറവങ്കര

Story Summary: Chenkal Thozhal: A Unique Ritual for Conception and Child birth at Aniyoor Temple

error: Content is protected !!
Exit mobile version