Friday, 20 Sep 2024

സമ്പത്തുമായി മഹാലക്ഷ്മിയെ വീട്ടിൽ കൊണ്ടുവരാൻ

പല കാരണങ്ങളാലും സാമ്പത്തിക ക്ലേശങ്ങളിലും ദുരിതങ്ങളിലും പെട്ട് ഉഴലുന്നവരാണ്  മിക്കവരും. വിശ്വാസപരമായി നോക്കുമ്പോൾ ജാതകദോഷം, സമയ ദോഷം, കുടുംബപരമായ ബാധകൾ,  പന്ത്രണ്ടിലെ വ്യാഴം, രാജാവിനെപ്പോലും ദരിദ്രനാക്കുന്ന കടുത്ത ദാരിദ്ര്യ യോഗമായ കേമുദ്രുമ യോഗം, എല്ലാ ഗ്രഹങ്ങളും ലഗ്നത്തിലും ഏഴാം ഭാവത്തിലുമായി നിന്നാൽ സംഭവിക്കുന്ന ശകടയോഗം തുടങ്ങി പല കാരണങ്ങൾ കൊണ്ടും  ദാരിദ്ര്യ ദുരിതങ്ങൾ അനുഭവത്തിൽ വരാം. 

അനുഷ്ഠാനപരമായി ഇതിന് ഒരു പരിഹാരമേയുള്ളു. നിത്യവും ലക്ഷ്മീ ദേവിയെ ആരാധിക്കുക. എങ്കിൽ ധനപരമായ വിഷമങ്ങൾ  അകന്നു  പോകും. ലക്ഷക്കണക്കിന് ഭക്തരുടെ അനുഭവമാണിത്. നിത്യജീവിതത്തിൽ  നേരിടുന്ന ചെറിയ സാമ്പത്തിക വിഷമങ്ങൾക്കും കടുത്ത സാമ്പത്തിക പ്രശ്നങ്ങൾക്കും മഹാലക്ഷ്മീ പൂജ ഫലപ്രദമാണ്. ലഘുവായ സാമ്പത്തിക ക്ലേശങ്ങൾ പരിഹരിക്കുന്നതിന് പറ്റിയ ചില അനുഷ്ഠാനങ്ങളും ജപിക്കേണ്ട മന്ത്രങ്ങളും ആദ്യം പറയാം.  കുളിച്ചു ശുദ്ധവസ്ത്രങ്ങൾ ധരിച്ച്  എന്നും ലക്ഷ്മീ മന്ത്രങ്ങൾ ഭക്തിപൂർവ്വം ജപിച്ചാൽ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സാമ്പത്തിക ദുരിതങ്ങൾ  ഒഴിഞ്ഞു പോകും. എന്നാൽ  മുഷിഞ്ഞ , കീറിയ വസ്ത്രങ്ങൾ ധരിച്ച്  വൃത്തിയും വെടിപ്പുമില്ലാത്ത സ്ഥലത്തിരുന്ന് ഉപാസിച്ചാൽ കടാക്ഷത്തിനു പകരം ദേവിയുടെ അപ്രീതിയാകും ഫലം. അശുദ്ധിയുള്ളേപ്പോൾ സ്ത്രീകൾ ജപിക്കരുത്.

അനുഷ്ഠാനങ്ങൾ

1.നെയ് വിളക്ക് കൊളുത്തി എന്നും മഹാലക്ഷ്മിയെ ഭജിക്കുക. വെള്ളിയാഴ്ചകളിൽ ഒരു കാരണവശാലും പ്രാർത്ഥന മുടക്കരുത്.

2.ക്ഷേത്രങ്ങളിൽ വെള്ളിയാഴ്ചകളിൽ മഞ്ഞളും കങ്കുമവും ഹാരവും ചന്ദനത്തിരിയുo സമർപ്പിക്കുക.

3.ധനം സൂക്ഷിക്കുന്ന അലമാര വീട്ടിലും ഓഫീസിലും കന്നിമൂലയിൽ തെക്കുപടിഞ്ഞാറു ഭാഗത്ത് വടക്കു ദർശനമായി വയ്ക്കുക.

4.വീട്ടിൽ തുളസിച്ചെടി വളർത്തി എന്നും വൈകിട്ട് അതിനു മുന്നിൽ വിളക്ക് കൊളുത്തുക.  

5.വെള്ളിയാഴ്ചകളിൽ അന്നദാനം നടത്തി ലക്ഷ്മീദേവിയെ പ്രാർത്ഥിക്കുക.

6.മഹാലക്ഷ്മി മന്ത്രം, ലക്ഷ്മീ കുബേരമന്ത്രം, ലക്ഷ്മീ ഗണേശ മന്ത്രം, വിഷ്ണുമന്ത്രം,ലക്ഷ്മീ നാരായണമന്ത്രം ഇവ ജപിക്കുന്നത് ശീലമാക്കുക.    

മഹാലക്ഷ്മി മന്ത്രം      

ഓം ശ്രീം ഹ്രീം ശ്രീം കമലേ

കമലാലയെ             

പ്രസീദ പ്രസീദ  

ഓം ശ്രീം ഹ്രീം ശ്രീം മഹാലക്ഷ്മിയേ നമഃ 

(സമ്പത്ത് വർദ്ധിക്കും, ഭാഗ്യവും ഐശ്വര്യവും തരും) .


ലക്ഷ്മീ കുബേര മന്ത്രം

ഓം ഹ്രീം ശ്രീം ക്രീം ശ്രീം

കുബേരായ അഷ്ടലക്ഷ്മീ മമ

ഗൃഹേ ധനം

പുരായ പുരായ നമഃ

(കടം വീട്ടും, കിട്ടാക്കടം തിരിച്ചു കിട്ടും, ധനത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ദേവിയായ ലക്ഷ്മിയേയും സമ്പത്തിൻ്റെ ദേവനായ കുബേരനേയും ഒന്നിച്ചു ഭജിച്ചാൽ )

ലക്ഷ്മീ ഗണേശ മന്ത്രം

ഓം ഗം ശ്രീം സർവ്വ സിദ്ധി പ്രദായെ 

ശ്രീം ഗം നമഃ

( ഗണേശൻ അറിവിൻ്റെയും ലക്ഷ്മി ധനത്തിൻ്റേയും ദേവതകൾ ആയതിനാൽ ഇവരെ ഒരുമിച്ചു ഭജിച്ചാൽ അറിവും സമ്പത്തും ഒപ്പം വരും)

ലക്ഷമീ നാരായണമന്ത്രം

ഓം ശ്രീ ലക്ഷ്മീ നാരായണായ നമഃ

( ലക്ഷ്മി സമ്പത്തിൻ്റേയും നാരായണൻ എല്ലാവർക്കും സംരക്ഷകനും ആയതിനാൽ ഐശ്വര്യവും ശാന്തിയും ഒന്നിച്ചു വരും)

വിഷ്ണു മന്ത്രം

ഓം നമോ ഭഗവതേവാസുദേവായ നമഃ

(വിഷ്ണുവിനെയും ശ്രീകൃഷ്ണനെയും പ്രീതിപ്പെടുത്തുന്ന ഈ മന്ത്രം സമ്പത്തുംഐശ്വര്യവും തരും) 

ലക്ഷ്മീകടാക്ഷം അസ്ഥിരം

അനുഗ്രഹദായിനിയാണെങ്കിലും ഒരിടത്തുംഐശ്വര്യ ദേവത സ്ഥിരമായി നിൽക്കില്ല.അതുകൊണ്ടാണ് മിക്കവർക്കും ലക്ഷ്മീകടാക്ഷം പലപ്പോഴും അസ്ഥിരമാകുന്നത്.  ലക്ഷ്മീദേവി എപ്പോൾ ആരെയാണു കടാക്ഷിക്കുകയെന്നും ആരിൽ നിന്നാണ് കണ്ണെടുക്കുകയെന്നും ആർക്കും  പറയാൻ കഴിയില്ല. ആ അനുഗ്രഹദൃഷ്ടി  ഒരിക്കൽ പിൻവലിച്ചാൽ പിന്നെ എന്തുചെയ്താലും ഫലമുണ്ടാകില്ല. അതുകൊണ്ടാണ് പറയുന്നത് വന്നു കയറിയ മഹാലക്ഷ്മിയെ അട്ടിപ്പുറത്താക്കരുതെന്ന് – വൃത്തിയും ശുദ്ധിയും നേരും നെറിയും സ്വയം പാലിക്കുന്നതിനൊപ്പം വീടും സ്ഥാപനങ്ങളും പൊടിപിടിച്ചും മാറാല കെട്ടാതെയും ഐശ്വര്യപൂർവ്വം സംരക്ഷിച്ചാൽ ദേവി അവിടെത്തന്നെ വസിക്കും. അല്ലെങ്കിൽ ഇറങ്ങിപ്പോകും.

കഠിനമായ വിഷമങ്ങൾക്ക് 

കടുത്ത സാമ്പത്തിക വിഷമങ്ങൾ പരിഹരിക്കുന്നതിന് മഹാലക്ഷ്മിയെ പ്രീതിപ്പെടുത്താൻ അതിശക്തമായ താന്ത്രിക കർമ്മങ്ങളും  ഉപാസനകളും ആവശ്യമാണ്. അങ്ങനെ ലക്ഷ്മീകടാക്ഷം നേടുന്നതിന്  ശ്രീസ്തവം, നാരായണകവചം തുടങ്ങിയ അതിശക്തമായ സ്‌തോത്രങ്ങൾ, അത്യപൂർവ്വമായ ലക്ഷ്മീകടാക്ഷ പഞ്ചകം, ലക്ഷ്മീഗായത്രീ സ്‌തോത്രം എന്നിവ  ജപിക്കുന്നത്  നല്ലതാണ് .  

കൊച്ചിയിലെ സപര്യാ ബുക്സ് പ്രസിദ്ധീകരിച്ച സ്തോത്ര സാഗരം എന്ന കൃതിയിൽ ഈ മന്ത്രങ്ങളുണ്ട്. സപര്യയുടെ മൊബൈൽ : +91 85475152 53, 0484- 2577007. 

error: Content is protected !!
Exit mobile version