Friday, 22 Nov 2024

സുബ്രഹ്മണ്യ ഉപാസനയ്ക്ക് ക്ഷിപ്രഫലം;
ചൊവ്വാഴ്ച ഒറ്റ നാരങ്ങാ വഴിപാട്

ജ്യോതിഷ രത്നം ശ്രീനിവാസ ശർമ്മ
ശിവന്റെയും ശക്തിയുടെയും പുത്രനായ സുബ്രഹ്മണ്യ സ്വാമിയെ പ്രാര്‍ത്ഥിച്ചാല്‍ എല്ലാ പാപദുരിതവും നീങ്ങി ആഗ്രഹസാഫല്യമുണ്ടാകും. ജ്യോതിഷത്തിൽ ചൊവ്വ ഗ്രഹത്തിന്റെ അധിപനായ മുരുകനെ ഭജിക്കുന്നത് മന:ശുദ്ധിക്കും തടസ്സങ്ങള്‍ നീങ്ങുന്നതിനും, ഭാഗ്യം തെളിയുന്നതിനും ഫലപ്രദമാണ്. നിത്യജീവിതത്തിലെ മിക്ക പ്രശ്‌നങ്ങള്‍ക്കും സുബ്രഹ്മണ്യ പ്രാര്‍ത്ഥനയിലൂടെ അത്ഭുതകരമായ പരിഹാരം ഉണ്ടാക്കാൻ കഴിയും. ശത്രുദോഷം, ദൃഷ്ടിദോഷം, ശാപദോഷം, ചൊവ്വാദോഷം എന്നിവയ്ക്കെല്ലാം സുബ്രഹ്മണ്യ ആരാധന ഉത്തമമായ പരിഹാരമാണ്. രോഗദുരിതശാന്തിക്കും, ഇഷ്ടകാര്യ വിജയത്തിനും ക്ഷിപ്രഫലപ്രദം. ഇതിനെല്ലാമായി ഭക്തർ സുബ്രഹ്മണ്യസ്വാമിക്ക് വിവിധ തരം വഴിപാടുകൾ നടത്താറുണ്ട്. ഒരോ വഴിപാടിനും ഒരോ ഫലമാണ് പറയുന്നത് : പാപശമനത്തിന് ഭസ്മാഭിഷേകം, ശത്രുദോഷ ശാന്തിക്കും ഭാഗ്യലബ്ധിക്കുമായി എണ്ണ അഭിഷേകം, ദൃഷ്ടിദോഷശാന്തിക്ക് നാരങ്ങാമാല ചാർത്തൽ, കുടുംബഐക്യത്തിന് ത്രിമധുരം നിവേദ്യം, ശാരീരികക്ഷമതയ്ക്ക് പാലഭിഷേകം, രോഗശാന്തിക്കും ഭാഗ്യവർദ്ധനവിനും പാല്പായസം, ധനാഭിവൃദ്ധിക്കും ഐശ്വര്യാഭിവൃദ്ധിക്കും താമരമാല, വിദ്യാവിജയത്തിന് പുഷ്പാഭിഷേകം, കര്‍മ്മ വിജയത്തിന് കളഭം ചാര്‍ത്ത്, ഭാഗ്യസിദ്ധിക്കും കാര്യവിജയത്തിനും മഞ്ഞപ്പട്ട് സമർപ്പണം, ആരോഗ്യത്തിന് നെയ്‌വിളക്ക് ഇങ്ങനെ ക്ഷിപ്രഫല സിദ്ധിയുള്ള ഒട്ടേറെ വഴിപാടുകളുണ്ട്. പക്ഷേ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് സുബ്രഹ്മണ്യന് നടത്തുന്ന ഒറ്റ നാരങ്ങാ സമർപ്പണം. ഭഗവാന് ഏറ്റവും പ്രാധാന്യമുള്ള ചൊവ്വാഴ്ചയാണ് ഇത് നടത്തുന്നത്. അഭീഷ്ടസിദ്ധി, സന്താനഭാഗ്യം, വിവാഹഭാഗ്യം,
വിദ്യാവിജയം തുടങ്ങി എല്ലാവിധ ആഗ്രഹങ്ങളും ഈ വഴിപാടിലൂടെ സുബ്രഹ്മണ്യസ്വാമി നടത്തിത്തരും. ആറ് ചൊവ്വാഴ്ചകളിൽ ഇത് മുടങ്ങാതെ സമർപ്പിക്കണം.

കഴുകി വൃത്തിയാക്കിയ വാഴയിലയിൽ ഒരു നാരങ്ങയും ഒരു നാണയവും വെളുത്ത പുഷ്പവും വച്ച് ഭക്തിപൂർവം പ്രാർത്ഥനയോടെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തണം. ഷൺമുഖ ഭഗവാനെ തൊഴുത് വണങ്ങിയ ശേഷം ശ്രീകോവിലിന് ആറ് തവണ പ്രദക്ഷിണം ചെയ്ത് ഇത് നടയിൽ സമർപ്പിക്കുന്നതാണ് ചടങ്ങ്. വഴിപാട് തുടങ്ങുന്ന ആദ്യ ചൊവ്വാഴ്ച തടസങ്ങൾ അകറ്റിത്തരാൻ ഗണപതി ഭഗവാനും ഒറ്റ നാരങ്ങയും നാണയവും വെള്ളപ്പൂവും സമർപ്പിക്കണം. അടുത്ത അഞ്ച് ചൊവ്വാഴ്ചകളിൽ ഈ സമർപ്പണം സുബ്രഹ്മണ്യ സ്വാമിക്ക് മാത്രം മതി. ആറാം തവണ ഭഗവാന് നാരങ്ങാ മാല കൂടി സമർപ്പിക്കണം. തികഞ്ഞ ഭക്തിയോടെ ഈ വഴിപാട് നടത്തുന്നവരുടെ ആഗ്രഹം തീർച്ചയായും സഫലമാകും. പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് ഈ വഴിപാട് കൂടുതലായി നടക്കുന്നത്. മിക്ക മുരുക ക്ഷേത്രങ്ങളിലും ഇപ്പോൾ ഈ വഴിപാടുണ്ട്. കൈതപ്പറമ്പ്, അയിരൂർ , പത്തനംതിട്ട കൊടുന്തറ, തൃക്കൊടിത്താനം, നീണ്ടൂർ തുടങ്ങിയ ക്ഷേത്രങ്ങളിൽ നൂറു കണക്കിന് ഭക്തർ ചൊവ്വാഴ്ചകളിൽ ഈ വഴിപാട് നടത്തുന്നു.

ക്ഷിപ്രഫലസിദ്ധിയാണ് ശ്രീ മുരുക പ്രാര്‍ത്ഥനയുടെ പ്രത്യേകത. ഷഷ്ഠിവ്രതമെടുത്ത് പ്രാര്‍ത്ഥിക്കുന്നവരുടെ എല്ലാ ദുഃഖവും നീങ്ങും. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ജാതകത്തിൽ ചൊവ്വ മേടം, മിഥുനം, ചിങ്ങം, തുലാം ധനു, കുംഭം രാശികളിൽ
നിൽക്കുന്നവരും ലഗ്നം രണ്ടിലോ ഏഴിലോ എട്ടിലോ നിൽക്കുന്നവരും ചൊവ്വാ പ്രീതി നേടാൻ സുബ്രഹ്മണ്യ ഭജനം നടത്തുക തന്നെ വേണം.

സുബ്രഹ്മണ്യ മൂലമന്ത്രം
ഓം വചത്ഭുവേ നമഃ

സുബ്രഹ്മണ്യരായം
ഓം ശരവണഭവഃ

സുബ്രഹ്മണ്യ ഗായത്രി
സനൽക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ പ്രചോദയാത്

ജ്യോതിഷ രത്നം ശ്രീനിവാസ ശർമ്മ
+91 9961 0 33370

Story Summary: Benefits of offering single lemon to Subramanya Swamy on six Tuesdays

error: Content is protected !!
Exit mobile version