Monday, 30 Sep 2024

സ്ത്രീകൾക്ക് രാജരാജേശ്വര ദർശനം അത്താഴ പൂജ കഴിഞ്ഞ് മാത്രം

ഗൗരി ലക്ഷ്മി
കണ്ണൂരിന് വടക്ക് തളിപ്പറമ്പിലുള്ള മഹാക്ഷേത്രമാണ്‌ ശ്രീ രാജരാജേശ്വരക്ഷേത്രം. സൂര്യമണ്ഡലം കടഞ്ഞ് ഉണ്ടാക്കിയ പ്രകാശകണങ്ങളെക്കൊണ്ട് വിശ്വകർമ്മാവ് നിർമ്മിച്ചതത്രേ ഇവിടെത്തെ വിഗ്രഹം. പാർവതി ദേവി പൂജിച്ചുവന്ന ഈ ശിവലിംഗം തപസ് ചെയ്ത് ശിവനെ സംതൃപ്തനാക്കിയ ശതസോമ രാജാവിന് ലഭിക്കുകയും അത് അഗസ്ത്യമുനി ഇവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു എന്ന് ഐതിഹ്യം.

ഒരു ബുധനാഴ്ച ദിവസമാണ് രാജരാജേശ്വര പ്രതിഷ്ഠ നടന്നത്. അതിനാല്‍ ബുധനാഴ്ച രാജരാജേശ്വര ദര്‍ശനത്തിന് ഏറെ പ്രാധാന്യം കല്‍പിക്കുന്നു. പ്രതിഷ്ഠാ സമയത്ത് കാമധേനുവിനെ കറന്ന് ലഭിച്ച പാലില്‍ നിന്ന് തയ്യാറാക്കിയ നെയ് കൊണ്ടാണ് വിളക്ക് കൊളുത്തിയത്. അതിനാൽ ശ്രീലകത്ത് നെയ് മാത്രമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.

ലിംഗവലിപ്പം കൊണ്ട് മഹാലിംഗ പ്രതിഷ്ഠ ആയതിനാല്‍ നിന്നു കൊണ്ടാണ് പൂജകള്‍ നിര്‍വ്വഹിക്കുന്നത്. അഭിഷേക സമയത്ത് മാത്രമേ ലിംഗം കാണാനാകൂ. മറ്റു സന്ദര്‍ഭങ്ങളില്‍ സര്‍വ്വാലങ്കാരഭൂഷിതനായിരിക്കും രാജരാജേശ്വരൻ. സ്വര്‍ണ്ണഗോളകയാൽ മൂടപ്പെട്ടതാണ് ഈ ശിവലിംഗം.

പ്രതിഷ്ഠ ശൈവസ്വരൂപം എങ്കിലും ശിവന്റേതായ പ്രത്യേകതകളൊന്നും ദൈനംദിന പൂജാ ചടങ്ങുകളിലില്ല. ശംഖനാദം മുഴക്കാറില്ല. മലര്‍ നിവേദ്യം പതിവില്ല. നിത്യശീവേലിയില്ല. ശിവക്ഷേത്രം ആണെങ്കിലും അർച്ചനയ്ക്ക് തുളസിക്കതിര്‍ മാത്രമേ ഉപയോഗിക്കൂ. ഋഷഭ പ്രതിഷ്ഠ വലിയ ബലിക്കല്ലിന് പുറത്താണ്. കൊടിമരവും ഇല്ല. ശ്രീപരമേശ്വരൻ രാജരാജേശ്വര ഭാവത്തിൽ അധിവസിക്കുന്നതുകൊണ്ട് ഇവിടെ ദർശനം നടത്തുന്നവർ ഒരു പ്രജയുടെ വിനയത്തോടെ തൊഴണം എന്ന് നിർബന്ധമുണ്ട്.

തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന യശ:ശരീരയായ ജയലളിത 2001 ല്‍ രാജരാജേശ്വരനെ തൊഴാന്‍ എത്തി. അതോടെയാണ് ഈ ക്ഷേത്രം ദേശീയ ശ്രദ്ധ നേടിയത്. ജ്യോത്സ്യന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ദർശനം. അന്ന് ജയലളിത ഒരു പൊന്നിന്‍കുടം ക്ഷേത്രത്തിൽ സമര്‍പ്പിച്ചു. അതിന് മുൻപ് ശിവസുന്ദരം എന്ന ആനയെ നടയ്ക്കിരുത്തി. മുൻ കർണ്ണാടക മുഖ്യമന്ത്രി യെദ്യുരപ്പയും

രാജരാജേശ്വര ഭക്തനാണ്. രാജരാജേശ്വരന് നേർച്ച നേർന്ന് ആഗ്രഹ സാഫല്യമുണ്ടായപ്പോൾ അദ്ദേഹം ഇവിടെ ദർശനം നേടിയത് വലിയ വാർത്തയായിരുന്നു. മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രിക കുമാര തുംഗെയും ഇവിടെ ദർശനം നേടിയിട്ടുണ്ട്.

കാഞ്ഞിരങ്ങാട് ശിവക്ഷേത്രവും തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രവും രാജരാജേശ്വരക്ഷേത്രവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളാണ്. രാവണവധ ശേഷം അയോധ്യയിലേക്ക് മടങ്ങവേ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ നമസ്‌ക്കാരമണ്ഡപത്തില്‍ കയറി നമസ്‌കരിച്ച് വന്ദിച്ചു എന്നാണ് ഐതിഹ്യം. അതിനാൽ പിന്നീട് ആരും തന്നെ രാജരാജേശ്വര മണ്ഡപത്തില്‍ നമസ്‌ക്കരിച്ചിട്ടില്ലത്രേ. തെക്കേ ഇന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഏതെങ്കിലും ക്ഷേത്രത്തിലെ ദേവപ്രശ്ന പരിഹാരത്തിന് ഇവിടെ വന്ന് കാണിക്ക അർപ്പിച്ച് ദേവപ്രശ്നം വയ്ക്കുക ക്ഷേത്രാചാരമാണ്. ക്ഷേത്രമതിൽക്കെട്ടിന് പുറത്തുള്ള പീഠത്തിലാണ് ദേവപ്രശ്നം വയ്ക്കുക. കണ്ണൂരിൽ നിന്നും 26 കിലോമീറ്ററാന് ക്ഷേത്രത്തിലേക്ക്. മലബാറിലെ ഏറ്റവും വലിയ ക്ഷേത്രം എന്ന് പ്രസിദ്ധമായ ഇവിടുത്തെ പ്രധാന ആണ്ടു വിശേഷങ്ങൾ ശിവരാത്രിയും വിഷുവുമാണ്. പണ്ട് ശിവരാത്രിക്ക് തുടങ്ങി വിഷുവിന് അവസാനിക്കുന്ന വിധത്തില്‍ ഉല്‍സവം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതിന്റെ ആദ്യവും അവസാനവും എന്ന നിലയില്‍ ഈ രണ്ടു ദിവസങ്ങളിലും പ്രത്യേക പൂജയും ശ്രീഭൂതബലിയും ഇന്നും നടക്കുന്നു. നിത്യശീവേലിയില്ല.

ഉപദേവതാ പ്രതിഷ്ഠകളോ ഗണപതിഹോമമോ ക്ഷേത്രത്തിലില്ല. നെയ്യമൃതമാണ് പ്രധാന വഴിപാട്. തിരുവിതാംകൂറിലെ രാജാക്കന്മാർ സ്ഥാനാരോഹണം ചെയ്യുന്നതിന് മുൻപ് ഒരു ആനയെ ക്ഷേത്രത്തിൽ നടയിരുത്തുമായിരുന്നു. തിരുവത്താഴ പൂജയ്ക്ക് ശേഷമേ സ്ത്രീകൾക്ക് ക്ഷേത്രത്തിനകത്ത് പ്രവേശനം ലഭിക്കൂ. ഈ സമയത്ത് പാര്‍വ്വതി സമേതനായ ശിവന്‍ എന്നാണ് സങ്കല്‍പ്പം. നാലു വയസ് തികയാത്ത കുട്ടികള്‍ക്ക് ക്ഷേത്രത്തിനകത്ത് പ്രവേശനമില്ല.
കാലത്ത് 4 മണിക്ക് കാവല്‍ക്കാരന്‍ അടിക്കുന്ന കൂട്ടമണിയോടെ ക്ഷേത്രദിനം ആരംഭിക്കും. വെളുപ്പിന് 5 മണി മുതല്‍ 12 വരെയും വൈകുന്നേരം 5 മുതല്‍ 8:30 വരെയുമാണ് സാധാരണ ദര്‍ശന സമയം. വിശേഷ പൂജാ സന്ദര്‍ഭങ്ങളിൽ ഇതിന് മാറ്റം വരും.

ഗൗരി ലക്ഷ്മി, + 918138015500

Story Summary : Taliparamba Rajarajeshwara Temple Myth, Deity, Pooja Timings and offerings

Copyright 2022 Neramonline.com. All rights reserved

error: Content is protected !!
Exit mobile version