സർപ്പദോഷത്തിന്റെ സൂചനകൾ; ഓരോരാശിക്കാരും ഭജിക്കേണ്ട നാഗങ്ങൾ
( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )
മംഗള ഗൗരി
ഗ്രഹങ്ങൾ ദേവതകളുടെ പ്രതീകങ്ങൾ അല്ലെങ്കിൽ പ്രതിപുരുഷന്മാർ ആണെന്ന് ജ്യോതിഷം പറയുന്നു. ഇത് പ്രകാരം
നാഗദേവതകളെ സൂചിപ്പിക്കുന്ന ഗ്രഹങ്ങളാണ് രാഹുവും കേതുവും. നമ്മുടെ ഗ്രഹനിലയിൽ ലഗ്‌നം 6,8,12 എന്നീ ഭാവങ്ങളിൽ രാഹു നിൽക്കുന്ന ജാതകക്കാർക്ക് സർപ്പശാപമോ സർപ്പദോഷമോ സംഭവിച്ചിട്ടുണ്ടെന്ന് പറയാം. ഗുളികൻ, ചൊവ്വ, സൂര്യൻ, ശനി തുടങ്ങിയ പാപഗ്രഹങ്ങളുടെ ചേർച്ചയോ യോഗമോ രാഹുവിനുണ്ടെങ്കിൽ സർപ്പദോഷം അഥവാ ശാപം കടുത്തതാണെന്നു വ്യക്തം. ഇങ്ങനെയുള്ള വ്യക്തികൾ നാഗക്ഷേത്രങ്ങളിൽ ദർശനം നടത്തി പ്രാർത്ഥിക്കണം. ഇവർ നാഗങ്ങളെ ഭജിക്കുകയും വേണം. തറവാട്ടിലെ സർപ്പക്കാവിൽ പതിവായി തൊഴാനും പൂജാദികർമ്മങ്ങളും മറ്റു വഴിപാടുകളും നടത്താനും ഇക്കൂട്ടർ ശ്രദ്ധിക്കണം. നമ്മുടെ കുടുംബത്തിൽ കാവുകളില്ലെങ്കിൽ വിശ്വാസപൂർവ്വം തൊഴുതു പ്രാർത്ഥിച്ചു വരുന്ന ക്ഷേത്രങ്ങളിലെ സർപ്പക്കാവിൽ പൂജാരിയെക്കൊണ്ട് ആയില്യപൂജ, ജന്മനക്ഷത്രപൂജ, സർപ്പബലി, നൂറും പാലും, സർപ്പം തുള്ളൽ തുടങ്ങിയവ യഥാശക്തി നടത്തിക്കണം. സ്വന്തം വീട്ടിലും ഉത്തമ പുരോഹിതന്റെ മേൽനോട്ടത്തിൽ വിധി പ്രകാരം സർപ്പപൂജ നടത്തിക്കാം.
ഓരോ രാശിക്കാരും ഭജിക്കേണ്ട നാഗങ്ങൾ
ജാതകത്തിൽ മേടം, ചിങ്ങം, മകരം, കുംഭം എന്നീ രാശികളിൽ നിൽക്കുന്ന രാഹുവിന്റെ ദോഷശാന്തിക്കായി വാസുകിയെ പൂജിക്കണം. വാസുകി ശൈവ നാഗമാകയാൽ അതോടൊപ്പം ശിവ ക്ഷേത്രദർശനവും നടത്തണം. മിഥുനം, കന്നി, ധനു, മീനം എന്നീ രാശികളിൽ നിൽക്കുന്ന രാഹുവിന്റെ ദോഷശാന്തിക്കായി അനന്തനെ ഭജിക്കണം. അനന്തൻ വൈഷ്ണവ നാഗമാകയാൽ അതോടൊപ്പം വിഷ്ണു ക്ഷേത്രത്തിൽ ഭജനവുമിരിക്കണം. ഇടവം, കർക്കടകം, തുലാം, വൃശ്ചികം എന്നീ രാശികളിൽ നിൽക്കുന്ന രാഹുവിന്റെ ദോഷശാന്തിക്കായി നാഗയക്ഷിയെ ഉപാസിക്കണം. അതോടൊപ്പം ദുർഗ്ഗ, ഭുവനേശ്വരി, ഭദ്രകാളി തുടങ്ങിയ ദേവിമാരെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളിലും തൊഴുത് യഥാശക്തി വഴിപാടുകൾ നടത്തി പ്രാർത്ഥിക്കണം.
സർപ്പദോഷത്തിൻ്റെ മുഖ്യ ലക്ഷണങ്ങൾ
സർപ്പദോഷ കാരണമെന്തെന്ന് എല്ലാവർക്കും പ്രശ്നം വച്ച് മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരില്ല. സാധാരണ സർപ്പകോപമോ ശാപമോ, സർപ്പദോഷമോ ഉണ്ടെങ്കിൽ സംഭവിക്കാവുന്ന ചില കാര്യങ്ങളുണ്ട്. ഈ ലക്ഷണങ്ങൾ കണ്ടാൽ സർപ്പദോഷം ഉണ്ടെന്ന് കണക്കാക്കാം.
തറവാട്ടിൽ സന്താനങ്ങൾ കുറവായിരിക്കും. സർപ്പദോഷമുള്ള തറവാട്ടിൽ മൂത്തപുത്രനോ ഇളയപുത്രനോ പുത്രിമാർക്കോ
സന്താനങ്ങളുണ്ടാവില്ല. വിവാഹം നടക്കാതിരിക്കുക, വിവാഹ നടക്കാൻ കാലതാമസം വരിക എന്നിവയും സർപ്പദോഷത്തിന്റെ സൂചനയാണ്. ദാരിദ്ര്യം, കഠിനമായ സാമ്പത്തികഞെരുക്കം എന്നിവയും സർപ്പശാപത്തിന്റെ ഫലങ്ങളായി പറയാറുണ്ട്. പ്രത്യേകിച്ച് പറയേണ്ടതില്ല സർപ്പദംശം സർപ്പശാപം തന്നെയാണ്. ഉദരരോഗം, നേത്രരോഗം എന്നിവയും സർപ്പകോപം കാരണം ഉണ്ടാകുന്നവയാണ്. കുഷ്ഠം, സോറിയാസീസ്, പാണ്ഡുരോഗം, എക്‌സിമ, ഗജചർമ്മം തുടങ്ങിയ മാരകങ്ങളായ ത്വക്ക് രോഗങ്ങൾക്ക് ഉഗ്രമായ സർപ്പശാപം തന്നെയാണ് കാരണമെന്ന് ജ്യോതിഷപണ്ഡിതന്മാർ പറയുന്നു.
രാഹുവിനെ മുൻനിർത്തി സർപ്പബാധ ചിന്ത
പ്രശ്‌നം നോക്കുന്ന ഘട്ടത്തിൻ രാഹുവിനെ മുൻനിർത്തിയാണ് സർപ്പബാധ ചിന്തിക്കുന്നത്. ചരരാശിക്ക് പതിനൊന്ന്, സ്ഥിരരാശിക്ക് ഒമ്പത്, ഉഭയരാശിക്ക് ഏഴ് എന്നിവയാണ് ബാധാസ്ഥാനങ്ങൾ. വേറെയും ഉപാധികൾ പറയാറുണ്ട്. രാഹു ബാധാരാശിയുമായി ബന്ധപ്പെട്ടാൽ ജാതകന് സർപ്പദോഷം അഥവാ സർപ്പബാധയുണ്ടെന്ന് ദൈവജ്ഞൻ വെളിപ്പെടുത്തുന്നു. രാഹു ബാധാരാശിയിലോ പത്തിലോ അഷ്ടമത്തിലോ ആറിലോ നിന്നാൽ സർപ്പകോപം പറയാം. ബാധക സ്ഥാനാധിപതിയായി വ്യാഴം രാഹുവിന്റെ കേന്ദ്രത്തിൽ വരുന്ന 6, 8, 12 ഭാവങ്ങളിൽ നിന്നാൽ ഉത്തമസർപ്പങ്ങളുടെ ശാപം ജാതകന് ഏറ്റിട്ടുണ്ട്. മറിച്ച് ഗുളികന്റെ കേന്ദ്രത്തിൽ വന്നാൽ അധമസർപ്പങ്ങളുടെ ബാധയാണുണ്ടായിട്ടുള്ളത്. രാഹുവിന് സൂര്യന്റെ യോഗം വന്നാൽ നല്ല സർപ്പങ്ങളുടെയും ചന്ദ്രന്റെ യോഗം വന്നാൽ മോശം സർപ്പങ്ങളുടെയും ശാപം ജാതകന് വന്നു പോയിട്ടുണ്ട് എന്ന് തന്നെ പറയാം.
സർപ്പബാധയുടെ പ്രധാന കാരണങ്ങൾ
ജാതകന് സർപ്പബാധയേൽക്കാൻ എന്താണ് കാരണം? രാഹുവിന്റെ കേന്ദ്രത്തിൽ ചൊവ്വ നിന്നാൽ കാവിനുള്ളിലെ ചിത്രകൂടമുടയ്ക്കുക, പുറ്റ് നശിപ്പിക്കുക, സർപ്പങ്ങളെ കൊല്ലുക, തീവെയ്ക്കുക, സർപ്പക്കാവു വെട്ടുക എന്നിവയാണ് സർപ്പബാധയ്ക്കു കാരണം. ഗുളികനും ശനിയും രാഹുവിന്റെ കേന്ദ്രത്തിൽ വന്നാൽ കാവ് അശുദ്ധമാക്കുക, ആന, പോത്ത് തുടങ്ങിയ മൃഗങ്ങൾ കാവിൽ ആപത്തുണ്ടാക്കുക, കാവിൽ വച്ച് ദുഷ്കർമ്മങ്ങളിൽലേർപ്പെടുക നീചന്മാർ കാവുതീണ്ടുക, മുതലായവയാണ് സർപ്പശാപത്തിനു കാരണം എന്ന് കരുതണം.
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീ നാഗരാജ അഷ്ടോത്തരം കേൾക്കാം:
Story Summary: Symptoms and quick remedies for curing Naga Dosha
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved