Sunday, 6 Oct 2024

ഹനുമാന്റെ മുന്നിൽ ശ്രീരാമജയം ജപിച്ചാൽ പെട്ടെന്ന് ഫലം

പുത്ര ലാഭത്തിന് തപസ്സു ചെയ്ത അഞ്ജനയ്ക്കും കേസരിക്കും ശ്രീപരമേശ്വന്‍ സമ്മാനിച്ച വരമാണ് ഹനുമാൻ സ്വാമി എന്ന അഞ്ജനാ പുത്രൻ. ഭക്തരുടെ സങ്കടങ്ങളെല്ലാം മനസ്സിൽ  കളങ്കമില്ലാതെ വിളിച്ചാൽ  പരിഹരിക്കുന്ന വായൂപുത്രന്‍ പിറന്ന പുണ്യദിനമാണ് ഹനുമദ് ജയന്തി. തെന്നിന്ത്യയില്‍ ഈ ദിവസം മാര്‍ഗ്ഗശീര്‍ഷമാസത്തിലെ അതായത് നമ്മുടെ ധനുമാസത്തിലെ അമാവാസി വരുന്ന മൂലം നക്ഷത്ര ദിവസമാണ്. ഇത്തവണ കേരളത്തിലും തമിഴ് നാട്ടിലും മറ്റും ഹനുമദ് ജയന്തി ഡിസംബർ 26നാണ്.വടക്കേ ഇന്ത്യ ഹനുമദ് ജയന്തി കൊണ്ടാടുന്നത് ചൈത്ര മാസത്തിലെ പൗര്‍ണ്ണമിക്കാണ്. ഇത് മീനം അല്ലെങ്കിൽ മേടമാസത്തിൽ വരും. ശ്രീരാമജയന്തി കഴിഞ്ഞു വരുന്ന ഈ പൗര്‍ണ്ണമി ഇനി  2020 ഏപ്രിൽ 8 നാണ്.


ശ്രീരാമഭക്തിയുടെ കൊടുമുടിയാണ്  ശ്രീഹനുമാന്‍. രാമദേവനോട് പ്രദര്‍ശിപ്പിച്ച ഭക്തിയിൽ സന്തോഷവതിയായ സീതാദേവിയാണ് ശ്രീഹനുമാനെ ചിരഞ്ജീവിയായിരിക്കാന്‍ അനുഗ്രഹിച്ചത്. രാമനാമം ഉയരുന്നിടത്തെല്ലാം എന്നും എപ്പോഴും ഹനുമാന്‍ സന്നിഹിതനാകുമെന്നാണ് വിശ്വാസം.

നിഷ്ഠയോടെ ഹനുമാന്‍ സ്വാമിയെ ഉപാസിച്ചാല്‍ ദുരിതമോചനം ഉറപ്പാണ്. എല്ലാ ദു:ഖങ്ങളും  വേദനകളും  അകന്നുപോകും. മാനസികമായ വിഷമങ്ങള്‍ മാത്രമല്ല ശാരീരിക ക്ലേശങ്ങളും ഒഴിയും. മന്ത്രജപം, നാമജപം, രാമായണപാരായണം എന്നിവയിലൂടെ ഹനുമാന്‍ സ്വാമിയെ പ്രീതിപ്പെടുത്താം.


ഹനുമാൻ സ്വാമിയുടെ അനുഗ്രഹം ഏറ്റവും വേഗം ലഭിക്കുന്നതിന് ഒരു എളുപ്പവഴിയുണ്ട്. മനസ്സ് ശുദ്ധമാക്കി നിരന്തരം ശ്രീരാമജയം, ശ്രീരാമജയം എന്ന് പ്രാർത്ഥിക്കുക. എത്ര കൂടുതൽ വിളിക്കുന്നുവോ അത്രവേഗം ഫലസിദ്ധി ലഭിക്കും. തന്നെ വിളിച്ച് പ്രാർത്ഥിക്കുന്നതിലും ഹനുമാൻ ഭഗവാന് ഇഷ്ടം രാമനാമ ജപമാണ്. കഴിയുമെങ്കിൽ ഹനുമദ് ക്ഷേത്രസന്നിധിയിൽ നിന്ന് തന്നെ ശ്രീരാമജയം ജപിക്കുക.

– സരസ്വതി .ജെ കുറുപ്പ്+91 90745 80476

error: Content is protected !!
Exit mobile version