വ്യാഴ ദോഷ ദുരിതങ്ങൾ മറികടക്കാൻ ഇവർ വിഷ്ണു ദ്വാദശനാമാവലി ജപിക്കുക
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com)
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
ഏതൊരു വ്യക്തിയെയും ഏറ്റവുമധികം സ്വാധീനിക്കുന്ന ഗ്രഹമാണ് വ്യാഴം. ലക്ഷം ദോഷം ഗുരു ഹന്തി എന്നാണ് പ്രമാണം. അതിനാൽ വ്യാഴ ഗ്രഹം അനുകൂലമാകുന്ന സമയത്ത് ശുഭഫലങ്ങൾ വാരിക്കോരി നൽകും. പക്ഷേ പ്രതികൂലമായാൽ അതുപോലെ ദോഷവും ചെയ്യും.
വ്യാഴത്തിന്റെ അധിദേവത മഹാവിഷ്ണുവാണ്.
അതിനാൽ പ്രധാനമായും വിഷ്ണുപ്രീതിക്ക് വേണ്ട കർമ്മങ്ങൾ അനുഷ്ഠിക്കണം. ഗുരുവായൂരപ്പൻ, തിരുപ്പതി വെങ്കിടാചലപതി എന്നിവരെ ഭജിക്കണം. വ്യാഴാഴ്ച വിഷ്ണു ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ കഴിക്കണം. വ്യാഴ ദോഷശാന്തിക്ക് ദക്ഷിണാമൂർത്തിയെ ഉപാസിക്കുന്നതും നല്ലതാണ്. നവഗ്രഹ സന്നിധിയിൽ വ്യാഴദോഷശാന്തി പൂജകളും വഴിപാടുകളും നടത്തന്നതും ഉത്തമാണ്. ഇതിലെല്ലാം ഏളുപ്പമുള്ള ഏറ്റവും ലളിതമായ ദോഷപരിഹാരമാണ് നിത്യേനയുള്ള മഹാവിഷ്ണുവിന്റെ ദ്വാദശനാമാവലി ജപം. കുളിച്ച് ശുദ്ധമായി വിളക്കു കൊളുത്തി നിത്യവും ഭക്തിയോടെ 9 തവണ ജപിക്കണം. നാമാവലി താഴെ ചേർത്തിട്ടുണ്ട്.
വ്യാഴ ദോഷം ജാതകവശാലും ഗോചരാലും സംഭവിക്കാം. ഗോചരാലുള്ള വ്യാഴദോഷം തികച്ചും താൽക്കാലികം മാത്രമാണ്. കൂടിയാൽ ഒരു വർഷം മാത്രമാണ് വ്യാഴ ഗോചര ഫലങ്ങൾ ബാധിക്കുക. ജാതകവശാലായാലും ഗോചരാലായാലും ഇഷ്ടസ്ഥാനത്ത് നിൽക്കുന്ന ഗ്രഹം ഇഷ്ട ഫലവും അനിഷ്ടസ്ഥാനത്ത് നിൽക്കുന്ന ഗ്രഹം അനിഷ്ട ഫലവും നൽകും. ഇപ്പോൾ ഇടവം രാശിയിലുള്ള വ്യാഴം മേയ് 15 വരെ ഇടവം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം, മീനം രാശിക്കാർക്ക് ദോഷകരമാണ്. ഇവർ പലവിധ ദുരിതങ്ങൾ അനുഭവിക്കും. എന്നാൽ കർക്കടകം, കന്നി, വൃശ്ചികം, മകരം, മേടം രാശിക്കാർക്ക് ഇത് വ്യാഴം നല്ല ഫലങ്ങൾ നൽകുന്ന കാലമാണ്. 2025 മേയ് 15 ന് വ്യാഴം മിഥുനം രാശിയിലേക്ക് മാറും. അപ്പോൾ ചിങ്ങം, തുലാം, ധനു, കുംഭം, ഇടവം രാശികളിൽ ജനിച്ചവർക്ക് നല്ല ഫലങ്ങൾ ലഭിക്കും. 2025 മേയ് 15 മുതൽ ഒക്ടോബർ 19 വരെ ഗോചരാൽ വ്യാഴം മിഥുനത്തിൽ നിൽക്കുന്ന ഈ കാലയളവ് കർക്കടകം, കന്നി, വൃശ്ചികം, മകരം, മീനം, മേടം, മിഥുനം രാശികളിൽ ജനിച്ചവർക്ക് പല തരത്തിൽ ബുദ്ധിമുട്ടുകളുമുണ്ടാകും.
ജീവിതത്തില്‍ അസ്ഥിരത, നിർഭാഗ്യം, എല്ലാത്തിലും ഈശ്വരാധീനക്കുറവ്, ഒഴിയാത്ത കഷ്ടപ്പാട്, അനാദരവ്, തീരുമാനങ്ങൾ എടുക്കാനും അതിൽ ഉറച്ച് നിന്ന് പ്രവർത്തിക്കാനുമുള്ള കഴിവില്ലായ്മ, മാനസികവും ശാരീരീകവുമായ ആലസ്യം, സാമ്പത്തികഞെരുക്കം, എല്ലാവരോടും വെറുപ്പ്, വിദ്വേഷം, അശുഭചിന്തകൾക്ക് മനസ്സിൽ പ്രാധാന്യം വരുക, മോശം കൂട്ടുകെട്ടുകളിൽ
അകപ്പെടുക, വിഷാദത്തിന് അടിമപ്പെടുക, ജോലിയിൽ പലതരം പ്രശ്നങ്ങൾ, അപവാദം, പരാജയം, അപകടം തുടങ്ങിയവയാണ് വ്യാഴദോഷം കാരണം ഉണ്ടാകാവുന്ന പ്രധാന ബുദ്ധിമുട്ടുകൾ. കുടുംബത്തിൽ തര്‍ക്കങ്ങളും ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളും നേരിടേണ്ടി വരുക, തൊഴിൽ സംബന്ധമായ തടസങ്ങൾ, ചെയ്യാത്ത തെറ്റുകള്‍ക്ക് കുറ്റപ്പെടുത്തുക പണമോ സ്വര്‍ണ്ണമോ നഷ്ടപ്പെടുക എന്നിവയും വ്യാഴ ദോഷ സൂചനകളാണ്. ഇത്തരം സൂചനകൾ ജീവിതത്തിൽ കണ്ടാൽ ഒട്ടും തന്നെ വൈകാതെ ശാന്തി കർമ്മങ്ങൾ അനുഷ്ഠിക്കണം.
വിഷ്ണു ദ്വാദശനാമാവലി
ഓം കേശവായ നമഃ
ഓം നാരായണായ നമഃ
ഓം മാധവായ നമഃ
ഓം ഗോവിന്ദായ നമഃ
ഓം വിഷ്ണവേ നമഃ
ഓം മധുസൂദനായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം വാമനായ നമഃ
ഓം ശ്രീധരായ നമഃ
ഓം ഋഷികേശായ നമഃ
ഓം പത്മനാഭായ നമഃ
ഓം ദാമോദരായ നമഃ
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
- 91 9847575559
Story Summary: Symptoms and Easy remedy for Guru Graha Dosham ( vyazha dosham)
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved