Friday, 23 May 2025

വൈശാഖ അമാവാസി  ഉപാസനയ്ക്ക് ഇരട്ടി ഫലം; ശനി ദോഷങ്ങളെല്ലാം മാറ്റം

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )

ജ്യോതിഷരത്നം വേണു മഹാദേവ്
നവഗ്രഹങ്ങളിൽ വച്ച് മനുഷ്യ ജീവിതത്തെ ഏറ്റവും സ്വാധീനിക്കാൻ ശേഷിയുള്ള ഗ്രഹമായ ശനൈശ്ചരനെ ഭജിക്കാൻ ഏറ്റവും നല്ല ദിവസമാണ് വൈശാഖത്തിലെ അമാവാസി. കണ്ടകശനി, അഷ്ടമശനി, ഏഴരശനി, തുടങ്ങി എല്ലാ കടുത്ത ശനിദോഷങ്ങളും അകറ്റാൻ ഈ ദിവസത്തെ ആരാധന ഉത്തമാണ്. വൈശാഖ മാസ അമാവാസിയാണ് ശനിജയന്തിയായി ആചരിക്കുന്നത്. ഇതിനെ ശനി അമാവാസി എന്നും പറയുന്നു. 2025 മേയ് 27 നാണ് ശനൈശ്ചര ജയന്തി. മേയ് 26 ന് പകൽ 12:14 ന് ആരംഭിക്കുന്ന അമാവാസി തിഥി 27 ന് രാവിലെ 8:32 ന് അവസാനിക്കും. വടക്കേ ഇന്ത്യയിൽ ജ്യേഷ്ഠമാസ അമാവാസിയാണ് ശനി ജയന്തി.

ഉപാസനകൾക്ക് ഇരട്ടി ഫലം
ശനിജയന്തി നാളിൽ ശനൈശ്ചരനെ പ്രീതിപ്പെടുത്താൻ നടത്തുന്ന ഉപാസനകൾക്ക് ഇരട്ടി ഫലം ലഭിക്കും എന്ന് വിശ്വസിക്കുന്നു. അന്ന് ശനിദേവനെ ഉപാസിക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ കുളിച്ച് ശുദ്ധമായി കറുത്ത വസ്ത്രം ധരിച്ച് പൂജാമുറിയിൽ എള്ളെണ്ണ ഒഴിച്ച് വിളക്ക്
കൊളുത്തി നവഗ്രഹസ്തോത്രവും ശനിപ്രീതി നേടാനുളള മന്ത്രങ്ങളും ജപിക്കണം. പറ്റുമെങ്കിൽ ഉപവസിക്കണം; എന്നാൽ ഉപവാസം നിർബ്ബന്ധമില്ല. ഈ ദിവസം
അഗതികൾക്ക് അന്നദാനം നൽകുന്നത് നല്ലതാണ്. ആരെങ്കിലും ആഹാരമോ, സാമ്പത്തിക സഹായമോ,
മറ്റ് തരത്തിലെ എന്തെങ്കിലും സഹായമോ ചോദിച്ചാൽ നിഷേധിക്കരുത്. നഖം, മുടി മുറിക്കരുത്. സ്ത്രീകളോട് ആദരപൂർവം പെരുമാറണം. പുതിയ വസ്ത്രങ്ങൾ ധരിക്കരുത്. നവഗ്രഹക്ഷേത്രത്തിലോ, ധർമ്മ ശാസ്താ ക്ഷേത്രത്തിലോ, ഹനുമാൻ സ്വാമി ദര്‍ശനം നടത്തുന്നത് നല്ലതാണ്.

ഇവർക്ക് തിരിച്ചടി നേരിടും
ശനിദോഷം ജീവിതത്തിന്റെ എല്ലാ മേഖലകളിലും
തിരിച്ചടിയുണ്ടാക്കും. ജാതകവശാല്‍ ശനിയുടെ ദശാപഹാരങ്ങളാണ് ശനിദോഷം കഠിനമാകുന്ന ഒരു കാലം. മറ്റൊന്ന് ഗോചരാലുള്ള ഏഴരശനി, കണ്ടകശനി, അഷ്ടമശനി കാലമാണ്. ഏഴരശനി കാലമെന്ന് പറയുന്നത് ജനിച്ച കൂറിലും അതിന് മുന്‍പും പിന്‍പുമുള്ള രാശികളിലും ശനി സഞ്ചരിക്കുന്ന കാലം. കണ്ടകശനി 4,7,10 രാശികളില്‍ ശനിയെത്തുന്ന സമയം. അഷ്ടമ
ശനി എട്ടില്‍ സഞ്ചരിക്കുന്ന നാളുകള്‍. ഇക്കാലത്ത് ശനീശ്വരനെയോ അയ്യപ്പനെയോ ഹനുമാൻ സ്വാമിയെയോ ഭജിക്കുക വഴി ശനി ഗ്രഹദോഷങ്ങള്‍ അകലും. ശനിദോഷകാലത്ത് കടബാദ്ധ്യത, ദുരിതം, മരണം, അപകടം, മന:പ്രയാസം,അനാരോഗ്യം എന്നിവ സംഭവിച്ചേക്കാം. ശനി ചാരവശാല്‍ അനിഷ്ട സ്ഥാനത്ത് കൂടി സഞ്ചരിച്ചാല്‍ തൊഴില്‍രംഗത്തെ പ്രതികൂലമായി ബാധിക്കും.

6 കൂറുകാർക്ക് ദോഷം കഠിനം
ശനി ഇപ്പോൾ മീനം രാശിയിലാണ്. അതിനാൽ മിഥുനം, ചിങ്ങം, കന്നി, ധനു, കുംഭം, മീനം, മേടം കൂറുകാർക്ക് ഇപ്പോൾ ശനി ദോഷങ്ങൾ വളരെ കഠിനമാണ്. ഇവർ ശനിപ്രീതി നേടണം. ദോഷ പരിഹാരത്തിന് ശനിയാഴ്ച ദിവസങ്ങളില്‍ അയ്യപ്പൻ, ഹനുമാൻ, ശിവൻ എന്നീ മൂർത്തികളുടെ സന്നിധിയിൽ പൂജകളും വഴിപാടുകളും നടത്തുക. നീരാജനം, പുഷ്പാഞ്ജലി, എള്ളുപായസം, എന്നിവയാണ് മുഖ്യ വഴിപാടുകള്‍. ശനിദോഷം അകറ്റാന്‍ ജപിക്കേണ്ട മന്ത്രങ്ങള്‍:

ശനീശ്വര സ്‌തോത്രം
നീലാഞ്ജനസമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം

ശനി ബീജ മന്ത്രം
ഓം പ്രാം പ്രീം പ്രൌം സ
ശനൈശ്ച്ചരാ നമഃ

ശനി ഗായത്രി മന്ത്രം
ഓം ശനൈശ്ച്ചരായ
വിദ്മഹേ ഛായാപുത്രായ ധീമഹീ
തന്നോ മന്ദ: പ്രചോദയാത്

ശനി പീഡാഹര സ്‌തോത്രം
സൂര്യപുത്രോ ദീര്‍ഘദേഹോ
വിശാലാക്ഷ: ശിവപ്രിയ
ദീര്‍ഘചാര പ്രസന്നാത്മ പീഡാം
ഹരതു മേ ശനി:


ശനൈശ്ചര സ്തോത്രം
ദശരഥമഹാരാജൻ ശനിയെ സ്തുതിച്ച് രചിച്ച പ്രസിദ്ധമായ കീർത്തനമാണ് ശനൈശ്ചര സ്തോത്രം. ഒരോ സമയം പത്ത് ദിക്കിലേക്ക് രഥം തെളിച്ച് വിസ്മയം തീർത്ത് ബ്രഹ്മദേവനിൽ നിന്നും ദശരഥൻ എന്ന നാമഥേയം സ്വന്തമാക്കിയ ശ്രീരാമചന്ദ്രൻ്റെ പിതാവും അയോദ്ധ്യാ പതിയുമായ ദശരഥൻ്റെ ഈ സ്തുതി
ശനിദേവനെ വല്ലാതെ ആകർഷിച്ചു. തുടർന്ന് ഇത് പതിവായി ജപിക്കുന്നവർ എല്ലാ ശനിദോഷങ്ങളിൽ നിന്നും അതിവേഗം മോചിതരാകുമെന്ന് ശനൈശ്ചരൻ അനുഗ്രഹിച്ചു. ശനിദോഷം മൂലം നഷ്ടപ്പെടുന്ന ഐശ്വര്യാഭിവൃദ്ധിക്ക് ഏറ്റവും മികച്ച പരിഹാരമാകും ശനൈശ്ചര സ്തോത്രം ജപം എന്ന വരവും നൽകി. ശനി ദോഷങ്ങളുള്ളവർ ഈ സ്തോത്രം നിത്യേന മൂന്നു തവണ വീതം രാവിലെയും വൈകിട്ടും ചെല്ലണം എന്നാണ് ആചാര്യ വിധി.

രണ്ടു നേരം മൂന്ന് തവണ ജപിക്കണം
ഗോചരാലുള്ള ശനി ദോഷം കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള കുംഭം, മീനം, മേടം, മിഥുനം, ചിങ്ങം, കന്നി, ധനു രാശിക്കാർ ഇനി എല്ലാ ദിവസവും രണ്ടു നേരം മൂന്ന് തവണ ശനൈശ്ചര സ്‌തോത്രം ജപിക്കുന്നത് ഉത്തമമാണ്. ദിവസവും ജപിക്കാൻ കഴിയുന്നില്ലെങ്കിൽ ശനിയാഴ്ചകളിലെങ്കിലും ജപിക്കുക. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശനി സ്തോത്രം കേൾക്കാം:

ശനൈശ്ചര സ്തോത്രം

നമഃ കൃഷ്ണായ നീലായ
ശിതി ഖണ്ഡ നിഭായ ച
നമോ നീലമയൂഖായ
നീലോത്പല നിഭായ ച

നമോ നിർമാംസ ദേഹായ
ദീർഘ ശ്മശ്രു ജടായ ച
നമോ വിശാല നേത്രായ
ശുഷ്കോദര ഭയാനക

നമഃ പൌരുഷ ഗാത്രായ
സ്ഥൂല രോമായ തേ നമഃ
നമോ നിത്യം ക്ഷുധാർത്തായ
നിത്യതൃപ്തായ തേ നമഃ

നമോ ഘോരായ രൌദ്രായ
ഭീഷണായ കരാളിനേ
നമോ ദീർഘായ ശുഷ്കായ
കാലദംഷ്ട്ര നമോസ്തു തേ

നമസ്തേ ഘോരരൂപായ
ദുർനിരീക്ഷ്യായ തേ നമഃ
നമസ്തേ സർവഭക്ഷായ
വലീമുഖാ നമോസ്തു തേ

സൂര്യപുത്ര നമസ്തേസ്തു
ഭാസ്കരായ ഭയദായിനേ
അധോദൃഷ്ടേ നമസ്തേസ്തു
സംവർത്തക നമോസ്തുതേ

നമോ മന്ദഗതേ തുഭ്യം
നിഷ്പ്രഭായ നമോ നമഃ
തപസാ ദഗ്ദ്ധ ദേഹായ
നിത്യം യോഗ രതായ ച

ജ്ഞാനചക്ഷുർ നമസ്തേസ്തു
കാശ്യപാത്മജസൂനവേ
തുഷ്ടോ ദദാസി രാജ്യം ത്വം
ക്രുദ്ധോ ഹരസി തത്‍ ക്ഷണാത്

ദേവാസുര മനുഷ്യാശ്ച സിദ്ധ
വിദ്യാധരോരഗാഃ
ത്വയാവലോകിതാസ്സൌരേ
ദൈന്യമാശു വ്രജംതി തേ

ബ്രഹ്മാ ശക്രോ യമശ്ചൈവ
മുനയഃ സപ്ത താരകാഃ
രാജ്യഭ്രഷ്ടാഃ പതംതീഹ തവ
ദൃഷ്ട്യാവലോകിതഃ

ത്വയാവലോകിതാസ്തേപി
നാശം യാംന്തി സമൂലതഃ
പ്രസാദം കുരു മേ സൌരേ
പ്രണത്വാഹി ത്വമർത്ഥിതഃ


ജ്യോതിഷരത്നം വേണു മഹാദേവ്,
(+ 91 9847575559)

Story Summary : Shani Amavasya 2025: Date,
Significance and Everything you need to know

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version