Thursday, 3 Apr 2025

മീനത്തിലെ ഷഷ്ഠി വ്യാഴാഴ്ച; ഇങ്ങനെ ഭജിച്ചാൽ ആഗ്രഹസാഫല്യം

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )

മംഗള ഗൗരി
സുബ്രഹ്മണ്യപ്രീതിക്ക് അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാന വ്രതമാണ് ഷഷ്ഠി. വെളുത്തപക്ഷ ഷഷ്ഠിയാണ് വ്രതത്തിന് സ്വീകരിക്കുന്നത്. ഒരോ മാസത്തെയും ഷഷ്ഠിവ്രതം ആചരിക്കുന്നതിന് പ്രത്യേകം ഫലങ്ങളുണ്ട്. ഒരോ ഷഷ്ഠിക്ക് പിന്നിലും പ്രത്യേക ഐതിഹ്യമുണ്ട്. ഫല്‍ഗുണത്തിലെ (മീനം) ശുക്ലപക്ഷ ഷഷ്ഠിയില്‍ ശിവനെയും സ്‌കന്ദനെയും പൂജിച്ചാല്‍ കൈലാസവാസം ഫലം പറയുന്നു. രോഹിണി നാളിലോ ചൊവ്വാഴ്ചയോ ഷഷ്ഠി വന്നാല്‍ അതിന് കപിലഷഷ്ഠി എന്നും പറയും. ഇത്തവണ ഷഷ്ഠി നാളിൽ, 2025 ഏപ്രിൽ 3 വ്യാഴാഴ്ച ഒരു നാഴികയോളം രോഹിണി നക്ഷത്രമുണ്ട്. ഉദയ ശേഷം 6 നാഴിക ഷഷ്ഠി തിഥിയുള്ള ദിവസമാണ് വ്രതം നോൽക്കുന്നത്.

വ്രതനിഷ്ഠ
ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നവർ തലേന്ന് പഞ്ചമിനാൾ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യ ഭജനവുമായി കഴിയണം. ഷഷ്ഠിദിവസം രാവിലെ കുളി കഴിഞ്ഞ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി സുബ്രഹ്മണ്യ മൂലമന്ത്രം, സുബ്രഹ്മണ്യ ദ്വാദശ മന്ത്രം, ഷഷ്ഠിദേവി മന്ത്രം, ഷഷ്ഠിദേവീസ്തുതി എന്നിവ കഴിയുന്നത്ര ജപിക്കണം. സുബ്രഹ്മണ്യ സ്തോത്രങ്ങൾ, സ്‌കന്ദപുരാണം എന്നിവ പാരായണം ചെയ്യണം. വഴിപാടുകള്‍, അന്നദാനം ഇവ നടത്തണം. ഉച്ച പൂജയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നിവേദ്യച്ചോറ് കഴിക്കണം. അന്നു വൈകുന്നേരം ഫലങ്ങളും മറ്റും കഴിക്കുക. സപ്തമി ദിവസം രാവിലെ കുളി കഴിഞ്ഞ് അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കി ആഹാരം കഴിക്കാം. ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ളവർ അതിനനുസരിച്ച രീതിയിൽ വ്രതമെടുക്കുക. സന്താനലാഭം, സന്തതികളുടെ ശ്രേയസ്‌, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്റെ പൊതു ഫലങ്ങള്‍. സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

സുബ്രഹ്മണ്യ പ്രധാന ദിവസങ്ങള്‍
പാപഗ്രഹമായ ചൊവ്വയുടെ ദോഷങ്ങള്‍ ഇല്ലാതാകാൻ ആരാധിക്കേണ്ടത് സുബ്രഹ്മണ്യനെയാണ്. എല്ലാ മാസത്തിലെയും വെളുത്തപക്ഷത്തിലെ ഷഷ്ഠിയും കാര്‍ത്തിക, വിശാഖം, പൂയം എന്നീ നക്ഷത്രങ്ങളും വെള്ളി, ചൊവ്വ ദിനങ്ങളുമാണ് സുബ്രഹ്മണ്യന് പ്രധാനം. സന്താനഭാഗ്യം, ശത്രുനാശം, മുതലായവ സാധിക്കുന്നതിന് വെള്ളിയാഴ്ചയും, രോഗശാന്തിയ്ക്ക് ചൊവ്വാഴ്ചയും സുബ്രഹ്മണ്യനെ ആരാധിക്കണം.

പ്രധാനവഴിപാടുകള്‍
അഭിഷേകപ്രിയനാണ് സുബ്രഹ്മണ്യന്‍. പാല്‍, പനിനീര്‍, എണ്ണ, നെയ്യ്, തൈര്, പഞ്ചാമൃതം, ഇളനീര്‍, ഭസ്മം എന്നിവ കൊണ്ട് അഭിഷേകം നടത്തുന്നു. പഴം, കല്‍ക്കണ്ടം, നെയ്യ്, ശര്‍ക്കര, മുന്തിരി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന വിശിഷ്ട നിവേദ്യമാണ് പഞ്ചാമൃതം. ഈ അഞ്ചുവസ്തുക്കള്‍ പഞ്ചഭൂതതത്ത്വങ്ങളെ പ്രതിനിധീകരിക്കുന്നു. ആഗ്രഹസാഫല്യമാണ് പഞ്ചാമൃതാഭിഷേകത്തിന്റെ ഫലം. പനിനീര്‍ കൊണ്ട് അഭിഷേകം നടത്തിയാല്‍ മനഃസുഖം, പാല്‍, നെയ്യ്, ഇളനീര്‍ എന്നിവ അഭിഷേകം നടത്തിയാല്‍ ശരീരസുഖം, എണ്ണ കൊണ്ട് അഭിഷേകം ചെയ്താൽ
രോഗനാശം ഭസ്മം കൊണ്ടുള്ള അഭിഷേകത്തിന് പാപനാശം, തൈര് കൊണ്ട് അഭിഷേകം നടത്തിയാല്‍ സന്താനലാഭം എന്നിവയാണ് ഫലം. അഗ്‌നിസ്വരൂപനാണ് കുജന്‍. അതുകൊണ്ടു സുബ്രഹ്മണ്യക്ഷേത്രത്തില്‍ ദീപം തെളിക്കുക, എണ്ണസമര്‍പ്പിക്കുക, നെയ്‌വിളക്ക് നടത്തുക മുതലായവ കുജദോഷ പരിഹാരത്തിനുള്ള ഉത്തമ മാര്‍ഗ്ഗമാണ്.

മൂലമന്ത്രം
ഓം വചത്ഭുവേ നമഃ
(108 തവണ ജപിക്കണം)

പ്രാർത്ഥനാ മന്ത്രം
ഓം ശരവണ ഭവഃ
( 21 തവണ ജപിക്കണം)

ദാരിദ്ര്യദുഃഖം മാറാൻ
സുബ്രഹ്മണ്യ സ്വാമിയെ ഷഷ്ഠി വ്രതം അനുഷ്ഠിച്ച് ഗുഹസ്‌തവം ജപിച്ച് ഭജിക്കുന്നവരുടെ എല്ലാ ക്ലേശങ്ങളും സങ്കടങ്ങളും നശിക്കും. ആവശ്യമായത് എല്ലാം നൽകി ശ്രീ മുരുകൻ അവരെ അനുഗ്രഹിക്കും. ദാരിദ്ര്യദുഃഖം നശിപ്പിക്കുന്നതിന് എറ്റവും നല്ലതാണ്
ഗുഹസ്തവം ജപം എന്ന് പറയുന്നു. ഗുഹസ്വാമിയെ
സ്‌തുതിക്കുന്ന സർവ്വാർത്ഥസിദ്ധി പ്രദമായ ഈ സ്തോത്രം പതിവായി ജപിക്കുകയോ കേൾക്കുകയോ ചെയ്യുന്ന ഭക്തരുടെ ഭവനങ്ങളിൽ ദാരിദ്ര്യദുഃഖം ഉണ്ടാകില്ല. ഇത് ജപിക്കാൻ മന്ത്രോപദേശവും വ്രതവും വേണ്ട. ചൊവ്വാഴ്ച, ഷഷ്ഠി, സ്കന്ദ ഷഷ്ഠി, തൈപ്പൂയം, വൈകാശി വിശാഖം ദിവസങ്ങളിൽ ഭക്തിപൂർവം ഗുഹസ്തവം ജപിച്ചാൽ അതിവേഗം ഫലസിദ്ധി ഉണ്ടാകും. 12 ചൊവ്വാഴ്ച വ്രതമനുഷ്ഠിച്ച് ജപിച്ചാൽ കടബാധ്യതകളകറ്റി സമ്പൽ സമൃദ്ധി ഉറപ്പ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന ഗുഹസ്തവം കേൾക്കാം:

Story Summary: Shashti Vritham in Meenam Month: Know about date, time and Significance

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version