വ്യാഴം നാളെ രാത്രി രാശിമാറും; ഈ വർഷം അതിചാരം, മൂന്ന് തവണ രാശിമാറ്റം
( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )
ജ്യോതിഷരത്നം വേണു മഹാദേവ്
നവഗ്രഹങ്ങളില്‍ ഏറെ പ്രാധാന്യമുള്ള സർവദേവതാ സാന്നിദ്ധ്യമുള്ള ഗ്രഹമായ വ്യാഴം 2025 മേയ് 14 ബുധനാഴ്ച രാത്രി 10 മണി 7 മിനിട്ടിന് ഇടവം രാശിയിൽ നിന്നും മിഥുനം രാശിയിലേക്ക് മാറും. തുടർന്ന് 2025 ഒക്ടോബർ 19 വരെ വ്യാഴം മിഥുനം രാശിയിൽ സഞ്ചരിക്കും. ഇതിന്റെ ഗുണവും ദോഷവും സകലരും അനുഭവിക്കേണ്ടി വരും.
ഈ വർഷം മൂന്ന് തവണ രാശിമാറ്റം
വ്യാഴത്തിന്റെ ഓരോ രാശിമാറ്റവും വ്യത്യസ്ത ഫലങ്ങൾ നൽകുമെന്നാണു ജ്യോതിഷത്തിൽ പറയുന്നത്. ചില സമയത്ത് വ്യാഴത്തിന് അതിചാരം എന്ന സവിശേഷതയും സംഭവിക്കാറുണ്ട്. നിശ്ചിതസമയത്തെക്കാൾ വേഗത്തിൽ അടുത്ത രാശിയിൽ കടക്കുന്നതിനെയാണ് ഒരു ഗ്രഹത്തിൻ്റെ അതിചാരം എന്നു പറയുന്നത്. ഈ വർഷം വ്യാഴത്തിനു മൂന്ന് തവണ അതിചാരം സംഭവിക്കും.
സാധാരണ ഗതിയിൽ ഒരു രാശിയിൽ ഏതാണ്ട് ഒരു വർഷം എന്നതാണ് വ്യാഴത്തിന്റെ സഞ്ചാര കാലം. എന്നാൽ, 2025 മേയ് 15 നു ഇടവം രാശിയിൽ നിന്ന് മിഥുനം രാശിയിലേക്കു കടന്ന വ്യാഴം അഞ്ചു മാസം കഴിഞ്ഞ്, അതായത്, 2025 ഒക്ടോബർ 19 നു മിഥുനത്തിൽ നിന്നു കർക്കടക രാശിയിലേക്കു പകരും. ഇത് വ്യാഴത്തിന്റെ അതിചാരം മൂലമാണ്. തുടർന്ന് ഒന്നര മാസത്തോളം കർക്കടകത്തിൽ സഞ്ചരിക്കുന്ന വ്യാഴം 2025 ഡിസംബർ 4 ന് വക്ര ഗതിയിൽ വീണ്ടും മിഥുനത്തിൽ സഞ്ചരിക്കും. 2026 ജൂൺ 2 നാണ് ശേഷം വ്യാഴത്തിൻ്റെ പകർച്ച നടക്കുക. അപ്പോൾ വ്യാഴം വീണ്ടും കർക്കടകത്തിൽ വരും. തൊട്ടു മുൻപ് കോവിഡ് കാലത്താണ് ഇതു പോലെ വ്യാഴത്തിന് അതിചാരം സംഭവിച്ചത്.
വ്യാഴ രാശിമാറ്റം സുപ്രധാനം
വ്യാഴത്തിന്‍റെ രാശിമാറ്റം എപ്പോഴും വളരെ പ്രധാനമാണ്. ഏതൊരാള്‍ക്കും വ്യാഴവും ശനിയും ചാരവശാല്‍ മോശമാകുകയും ഒപ്പം അവയുടെ ദശാപഹാരകാലവും കൂടി മോശമാകുകയും ചെയ്താൽ അത് വളരെയധികം കഷ്ടതരമാകും. സന്താനം, സമ്പത്ത്, കീര്‍ത്തി, ബന്ധു ഗുണം, ബുദ്ധി ശക്തി, സുഖാനുഭവങ്ങൾ, ഈശ്വരഭക്തി, ദയ, ദാമ്പത്യ സൗഖ്യം തുടങ്ങിയവയുടെ നാഥനാണ് വ്യാഴം. വ്യാഴം അനുകൂലമായാല്‍ ഇവയില്‍ നിന്നെല്ലാം നല്ല ഫലം കിട്ടും. പ്രതികൂലമായാല്‍ മോശം ഫലം നേരിടേണ്ടി വരും.
5 കൂറുകാർക്ക് സൗഭാഗ്യ ദിനങ്ങൾ
വ്യാഴം 12 രാശി പിന്നിടാൻ 11 വര്‍ഷവും 10 മാസവും 12 ദിവസവുമെടുക്കും. സാമാന്യമായി പറഞ്ഞാല്‍ 12 വര്‍ഷം അതായത് ഒരു വ്യാഴവട്ടം. അപ്പോള്‍ ഒരു രാശിയില്‍ വ്യാഴം നിൽക്കുന്നത് ഒരു വര്‍ഷമായിരിക്കും. ഇപ്പോൾ മിഥുനത്തിലേക്ക് മാറുന്ന വ്യാഴം ഇടവം, ചിങ്ങം, തുലാം, ധനു, കുംഭം രാശിക്കാർക്ക് സൗഭാഗ്യകരമാണ്. എന്നാൽ മറ്റ് രാശിക്കാർക്ക്, മിഥുനം, കർക്കടകം, കന്നി, വൃശ്ചികം, മകരം, മീനം, മേടം കുറുകാർക്ക് സമ്മിശ്ര ഫലമാകും നൽകുക.
ഇപ്പോഴത്തെ വ്യാഴ മാറ്റ പ്രകാരം മിഥുനക്കൂറിന്
(ജന്മവ്യാഴം), കർക്കടകക്കൂറിന് (12 ൽ വ്യാഴം),
കന്നിക്കൂറിന് ( 10 ൽ വ്യാഴം), വൃശ്ചികക്കൂറിന് ( അഷ്ടമ വ്യാഴം), മകരക്കൂറിന് ( ആറിൽ വ്യാഴം), മീനക്കൂറിന് (4 ൽ വ്യാഴം), മേടക്കൂറിന് ( 3 ൽ വ്യാഴം) ദോഷം ചെയ്യും എന്ന് കാണുന്നു. ഇതിൽതന്നെ ഏറ്റവുമധികം സമയദോഷം സംഭവിക്കുക 3, 6, 8, 12 ഭാവങ്ങളിൽ വ്യാഴം നിൽക്കുന്ന മേടം, മകരം, വൃശ്ചികം, കർക്കടകം കൂറുകളിൽ ജനിച്ചവർക്കാണ്.
വ്യാഴമാറ്റ ദുരിതങ്ങൾക്ക് പരിഹാരം
ഇവർക്ക് ആരോഗ്യം, ബന്ധങ്ങൾ, സമ്പത്ത് എന്നിവയിൽ വ്യാഴമാറ്റം കൊണ്ട് ദുരിതങ്ങൾ പ്രതീക്ഷിക്കാം. ഇതിന് പരിഹാരമായി ഇവർ ഗുരുവിന്റെ ബലം കൂട്ടണം. അതിന് വ്യാഴഗ്രഹശാന്തി പൂജ, ഹോമം, മഹാവിഷ്ണു പൂജ എന്നിവ നടത്തണം. കൂടാതെ വ്യാഴ – ശനി ദോഷ പരിഹാരമായി ഗുരുവായൂരപ്പനെയും അയ്യപ്പനെയും പൂജിക്കണം. ധർമ്മ ശാസ്താവ് വിഷ്ണുവും ശിവനും ചേർന്ന ദേവതയാണ്. വിഷ്ണു വ്യാഴത്തിന്റെ ദേവനും ശിവൻ ശനിയുടെ ദേവനുമാണ്. അതിനാൽ അയ്യപ്പന്
പ്രത്യേക പൂജകൾ നടത്തുന്നത് നല്ലതായിരിക്കും. അതുപോലെ ഗുരുവായൂരപ്പനെ ദർശിക്കുന്നതിലൂടെ വ്യാഴ ദോഷങ്ങൾ തീരും. ഓം നമോ നാരായണായ, വ്യാഴം അഷ്ടോത്തരം, വിഷ്ണു സഹസ്രനാമം തുടങ്ങിയവ
കഴിയുന്നതും എന്നും ജപിക്കണം.
ലക്ഷം ദോഷങ്ങൾക്ക് പരിഹാരം
എത്ര ദോഷപ്രദമായി നിന്നാലും വ്യാഴത്തിന്‍റെ ദൃഷ്ടി ലക്ഷം ദോഷങ്ങൾ വരെ പരിഹരിക്കും എന്നാണ് പ്രമാണം. വ്യാഴം ശുഭസ്‌ഥാനത്ത് വരികയും അതോടൊപ്പം വ്യാഴ ദൃഷ്ടികൂടി ലഭിക്കുകയും ചെയ്യുന്ന കൂറുകാർക്ക് ഈ വ്യാഴമാറ്റം സദ്ഫലം നൽകും.
ഈ വ്യാഴമാറ്റം ഗുണം
ചെയ്യുന്നത് 5 കൂറുകാർക്ക്
1) ഇടവക്കൂറ്
(കാര്‍ത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി )
2) ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം ആദ്യ കാൽ)
3) തുലാക്കൂറ്
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)
4) ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം ആദ്യകാൽ)
5) കുംഭക്കൂറ്
(അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യമുക്കാൽ )
ഈ വ്യാഴമാറ്റം കൂടുതൽ ദോഷം
ചെയ്യുന്നത് 4 കൂറുകാർക്ക്
1) മേടക്കൂറ്
(അശ്വതി, ഭരണി,കാര്‍ത്തിക ആദ്യകാൽ)
2) മകരക്കൂറ്
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യപകുതി )
3) വൃശ്ചികക്കൂറ്
(വിശാഖം അവസാനകാൽ, അനിഴം, തൃക്കേട്ട)
4) കർക്കടകക്കൂറ്
(പുണർതം അവസാനകാൽ, പൂയം, ആയില്യം)
ഈ വ്യാഴമാറ്റം സമ്മിശ്ര ഫലം
നൽകുന്നത് 3 കൂറുകാർക്ക്
1) മിഥുനക്കൂറ്
(മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാൽ)
2) കന്നിക്കൂറ്
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
3) മീനക്കൂറ്
(പൂരുരുട്ടാതി അവസാനകാൽ, ഉത്തൃട്ടാതി, രേവതി)
ജ്യോതിഷരത്നം വേണു മഹാദേവ് ,
മൊബൈൽ:+ 91 9847475559
Story Summary: Significance Jupiter in Gemini (Guru in Midhunam Rashi) May 14, 2025 and how it affects your zodiac sign
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved