തിരുമാന്ധാംകുന്നിൽ ആട്ടങ്ങയേറ് കണ്ടാൽ സർവ്വാഭീഷ്ടസിദ്ധി
ബ്രഹ്മശ്രീ പി എം ദാമോദരൻ നമ്പൂതിരി
എല്ലാ തുലാമാസം ഒന്നാം തീയതിയും കറുത്തവാവിൻ നാളും പന്തീരടി പൂജ സമയത്ത് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ആചരിച്ചു വരുന്ന സവിശേഷമായ ഒരു
ചടങ്ങാണ് ആട്ടങ്ങഏറ്.
മലപ്പുറം ജില്ലയിൽ അങ്ങാടിപ്പുറത്തുള്ള ഈ ദേവീ
ക്ഷേത്രം കേരളത്തിലെ മൂന്ന് ഭദ്രകാളി ക്ഷേത്രങ്ങളിൽ
ഒന്നായി കണക്കാക്കുന്നു. കൊടുങ്ങല്ലൂരും പനയന്നാർ കാവുമാണ് മറ്റ് രണ്ട് ക്ഷേത്രങ്ങൾ. ദേവിയുടെ ഏറ്റവും ദാരുവിഗ്രഹം തിരുമാന്ധാംകുന്നിലേതാണെന്ന് വിശ്വസിക്കുന്നു.
സൂര്യവംശജനായ മാന്ധാതാവ് രാജർഷി വഴിയാണ്
സ്ഥലത്തിന് ഈ പേരു വന്നതെന്ന് പറയുന്നു. വളരെ കാലത്തെ സൽ ഭരണ ശേഷം രാജ്യഭാരം ഒഴിഞ്ഞ് പരമപദം പ്രാപിക്കുന്നതിനാഗ്രഹിച്ച് മാന്ധാതാവ് ശിവനെ തപസ്സു ചെയ്തു. തപസ്സിൽ സംപ്രീതനായി ഒടുവിൽ ശിവൻ പ്രത്യക്ഷപ്പെടുകയും ഇഷ്ടമുള്ള വരം ചോദിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഭൗതിക ദേഹത്യാഗം വരെ ഭഗവാനെ പൂജിക്കാൻ അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട ഒരു ചിഹ്നം നൽകണം എന്നാണ് മാന്ധാതാവ് അപേക്ഷിച്ചത്. ഏറ്റവും ശേഷ്ഠവും കൈലാസത്തിൽ
ശ്രീപാർവ്വതി വച്ചു പൂജിക്കുന്നതുമായ ശിവലിംഗം ആ ഭക്തശിരോമണിക്ക് നൽകി ഭഗവാൻ ശ്രീ പരമേശ്വരൻ
അന്തർദ്ധാനം ചെയ്തു.
രാജ്യർഷി ദിവ്യമായ ശിവലിംഗവും ശിരസ്സിൽ വഹിച്ച് കൈലാസത്തിൽ നിന്ന് യാത്ര തിരിച്ചു. ഇടയ്ക്ക് ഒരു ബോധോദയം പോലെ താഴോട്ടു താഴോട്ടു വന്ന് ഒടുവിൽ ഇന്ന് തിരുമാന്ധാംകുന്ന് എന്ന് അറിയപ്പെടുന്ന ഈ കുന്നിൽ വന്നു ചേർന്നു. കുന്നിൻ്റെ വടക്കുഭാഗത്തു കൂടി ഒരു ജലപ്രവാഹം സ്വഛന്ദമായി ഒഴുകിയിരുന്നു. ഗരുഡൻ, പഞ്ചവർണ്ണക്കിളി, ചകോരം, തുടങ്ങിയ പക്ഷികളുടെ കളകൂജനങ്ങളാൽ മാധുര്യമാർന്നതായിരുന്നു അവിടം. പശു, പുലി, ആന, സിംഹം, തുടങ്ങിയ മൃഗങ്ങൾ ജാത്യാദി വൈരം കൂടതെ സ്വൈരവിഹാരം ചെയ്തിരുന്നു. ചെമ്പകം, ചന്ദനം, കുങ്കുമം തുടങ്ങിയ വൃക്ഷങ്ങളാൽ സുഗന്ധപൂരിതവും പ്രകൃതി മനോഹരവുമായ ഈ ഗിരി പ്രദേശം അദ്ദേഹത്തെ അത്യധികം ആകർഷിച്ചു.
പരമശിവൻ വരം നൽകുന്ന സമയത്ത് അരുളിചെയ്ത പോലെ പെട്ടെന്ന് ശിരസ്സിൽ വഹിച്ച ശിവലിംഗത്തിന് കൂടുതൽ ഭാരം തോന്നുകയും മാന്ധാതാവ് ശിവലിംഗം താഴെ വയ്ക്കുകയും അത് ഭൂമിയിൽ ഉറച്ചു പോകുകയും ചെയ്തു.
ശ്രീ പാർവ്വതീദേവി നീരാട്ടിന് പോയ സമയത്താണ് ശിവൻ ശിവലിംഗം മാന്ധാതാവിന് വരമായി നൽകിയത്. അന്ന് പൂജാ സമയമായപ്പോൾ തൻ്റെ പൂജാബിംബം കാണാൻ കഴിയാതെ ശ്രീപാർവ്വതി പരിഭ്രാന്തയായി. ഒടുവിൽ കാര്യം
അറിഞ്ഞപ്പോൾ നിത്യപൂജ നടത്തിയിരുന്ന ശിവലിംഗം തനിക്ക് തിരികെ കിട്ടിയേ തീരൂ എന്ന് ഭർത്താവിനോട് ആവശ്യപ്പെട്ടു. ഭക്തന് ഒരിക്കൽ കൊടുത്തത് തിരിച്ചു ചോദിക്കുന്നത് ഉചിതമല്ലെന്നും പാർവ്വതിക്ക് സ്വയം അത് കിട്ടാനുള്ള മാർഗം സ്വീകരിക്കാമെന്നും ശിവൻ അരുളിച്ചെയ്തു. പാർവ്വതി ഭദ്രകാളിയെ വിവരം ധരിപ്പിച്ചു. എത്രയും വേഗം ഭൂതഗണങ്ങളെ കൂട്ടി പോയി ഏതുവിധേനയും ശിവലിംഗം തിരികെ എത്തിക്കുവാൻ ആജ്ഞാപിച്ചു. വീരഭദ്രൻ, നന്ദി, മഹാകാളൻ, ഭൃംഗീരടി, തുടങ്ങിയ ശിവപാർഷദന്മാരോടും, അസംഖ്യം ഭൂതപ്പടയോടും കൂടി ഭദ്രകാളി തിരുമാന്ധാം കുന്നിൻ്റെ വടക്കെ നടയിലെത്തി. മഹർഷിയാൽ പ്രതിഷ്ഠിതവും ആരാധിതവുമായ ശിവലിംഗത്തിൽ നിന്നുത്ഭവിച്ച് ചുറ്റും വ്യാപിച്ച ശക്തിയേറിയ കാന്തി പ്രസരത്താൽ കണ്ണു മഞ്ഞളിച്ച ഭദ്രകാളിക്കും കൂട്ടാളികൾക്കും ആദ്യം മല കയറുവാൻ സാധിച്ചില്ല. അതിനാൽ മലയുടെ താഴെ നിന്ന് അസ്ത്രങ്ങൾ, മഴു, തുടങ്ങിയ ആയുധങ്ങൾ മേൽപ്പോട്ട് വർഷിച്ചു തുടങ്ങി. മാന്ധാതാവിൻ്റെ പരിചരണത്തിന് എത്തിയിരുന്ന മുനികുമാരന്മാർ ആവണ പലകകൾ കൊണ്ടോരാ മച്ച വിശറി കൊണ്ടോ രക്ഷയില്ലെന്നു കണ്ട് കുന്നിൻ മുകളിൽ കായ്ച്ചു നിന്നിരുന്ന അട്ടങ്ങകൾ പറിച്ചെടുത്ത് താഴെക്ക് എറിയാൻ തുടങ്ങി. മഹർഷിയുടെ മന്ത്രശക്തിയാലും ശിവശക്തിയാലും ആട്ടങ്ങയുടെ ഓരോ വിത്തുകളും ശരങ്ങളായി രൂപാന്തരപ്പെട്ടു. ഈ യുദ്ധം പതിനഞ്ച് ദിവസം നീണ്ടുനിന്നു. ഭദ്രകാളിയും സൈന്യവും തളർന്നു. ഈ സംഭവത്തെ സ്മരിച്ച് എല്ലാ തുലാമാസം ഒന്നാം തീയതിയും കറുത്തവാവിൻ നാളും പന്തീരടി പൂജ സമയത്ത് ആചരിച്ചു വരുന്ന ചടങ്ങാണ്
ആട്ടങ്ങഏറ്.
ഒടുവിൽ മഹാമായ വിശ്വരൂപം കാട്ടി. കൈകൊണ്ട്
ഇടതു കാതിൽ ഒരു ആനയെയും വലതു കാതിൽ ഒരു സിംഹത്തെയും കർണാഭരണങ്ങളായി അണിഞ്ഞ മേരു സമാനമായ ഭഗവതിയുടെ യഥാർത്ഥ രൂപം കണ്ട് മുനികുമാരന്മാർ ബോധരഹിതമായി. മലമുകളിലെത്തിയ ഭദ്രകാളിയെ കണ്ട് നിസ്സഹായനായ മാന്ധാതാവ് മഹർഷി ശിവലിംഗത്തെ കെട്ടിപ്പിടിച്ച് കരഞ്ഞു. ശ്രീ പാർവ്വതിയുടെ ആജ്ഞയനുസരിച്ച് ശിവലിംഗം തട്ടിയെടുക്കുവാൻ ഭദ്രകാളി മുതിർന്നു. ആ ശ്രമത്തിനിടയിൽ ആ ശിവലിംഗം രണ്ടായി പിളർന്നു. അപ്പോഴുണ്ടായ അത്ഭുത ജോതിസ്സിൽ ത്രിമൂർത്തികളും പാർവ്വതിയും പ്രത്യക്ഷരായി. തനിക്ക് പ്രിയപ്പെട്ട വിഗ്രഹം തിരികെ വാങ്ങാനോ വിട്ടുപിരിയാനോ സാധ്യമല്ല എന്ന സത്യം ദേവി ഉൾക്കൊണ്ട് വിഗ്രഹത്തിൽ ലയിക്കുകയാണെന്ന് അരുളിചെയ്തു. താനും കാളിയും വ്യത്യസ്തരല്ല. അതിനാൽ എൻ്റെ അടുത്ത് വടക്കോട്ട് ദർശനമായി ഭദ്രകാളിയെയും പ്രതിഷ്ഠിച്ച് പൂജയും മറ്റ് ഉത്സവാദികളും നടത്തിപ്പോരണം. ഇങ്ങനെ കല്പിച്ച ശേഷം ശ്രീപാർവ്വതി ശിവലിംഗത്തിൽ ലയിച്ചു.
ശ്രീമൂലസ്ഥാനത്തെ ശിവലിംഗം ഇന്നും പിളർന്ന നിലയിൽ തന്നെ കാണപ്പെടുന്നു. പ്രത്യക്ഷപ്പെട്ട ശ്രീപാർവ്വതിയുടെ മടിയിൽ ഉണ്ണിഗണപതി ഉണ്ടായിരുന്നു. മൂലസ്ഥാനത്ത് ആ ഉണ്ണിഗണപതിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ശ്രീമൂല സ്ഥനത്തെ പ്രതിഷ്ഠ ശിവലിംഗം കിഴക്ക് ദർശനമാണ്. പാർവ്വതീദേവിയുടെ പ്രത്യക്ഷ ഭാവം പടിഞ്ഞാറോട്ട് മുഖമായിട്ടാണ്. അതിനാൽ പടിഞ്ഞാറോട്ടും ഒരു നട വേണമെന്ന് വന്നു. അങ്ങനെ ശ്രീ മൂലസ്ഥാനത്ത് രണ്ട് നടകൾ ഉണ്ടായി.
തുലാമാസം ഒന്നാം തീയതിയും കറുത്തവാവിനും നടക്കുന്ന ആട്ടങ്ങയേറിനുള്ള ആട്ടങ്ങ കാലക്രമേണ ക്ഷേത്രത്തിൻ്റെ സമീപ പ്രദേശങ്ങളിൽ നിന്ന് ലഭിക്കാതെ വന്നു. തുടർന്ന് അത് നിലമ്പൂർ കാടുകളിൽ നിന്നാണ് കൊണ്ടുവരുന്നത്. പേകുമ്മാട്ടി, ആട്ടക്കായ്, ഇന്ദ്ര വാരുണി എന്നീ പേരുകളിൽ ഈ കായ അറിയപ്പെടുന്നു. തുലാം ഒന്നാം തീയതിയും കറുത്തവാവിനും ക്ഷേത്രത്തിൻ്റെ പത്തു നടയ്ക്കു താഴെയും ക്ഷേത്രത്തിൻ്റെ തിരുമുറ്റത്തും രണ്ടു ചേരിയായി നിന്ന് പന്തീരടി പൂജയ്ക്ക് നട തുറക്കുമ്പോൾ ആട്ടങ്ങഏറ് നടത്തുന്നു. സർവ്വ ഐശ്വര്യത്തിനും, സർവ്വാഭീഷ്ടസിദ്ധിക്കും, ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിനും ആട്ടങ്ങയേറ് ദർശനം
ഉത്തമമാണെന്ന് ഭക്തർ വിശ്വസിക്കുന്നു.
(തിരുമാന്ധാംകുന്ന് ക്ഷേത്രം മേൽശാന്തിയും മാണിക്യപുരം അയ്യപ്പ ക്ഷേത്രത്തിലെ തന്ത്രിയുമാണ്
ലേഖകൻ പി എം ദാമോദരൻ നമ്പൂതിരി. മൊബൈൽ:
98479 59749)
Story Summary: Significance of Attangaeru at Thirumandahamkunnu Devi Temple, Angadippuram, Malappuram