Thursday, 21 Nov 2024

വിഷ്ണു ഭക്തരെ ദ്രോഹിക്കുന്ന ശക്തികളെ തകർക്കും മഹാസുദര്‍ശനം

മംഗളഗൗരി
ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ വലത് കൈയ്യിലെ ദിവ്യായുധം എന്ന നിലക്കാണ് സുദർശനചക്രം പ്രസിദ്ധം.
അറിയപ്പെടുന്നത്…. സു എന്നാൽ ശ്രേഷ്ഠം എന്നും ദർശനം എന്നാൽ കാഴ്ച്ചയെന്നും, ധർമ്മം എന്നും, തത്ത്വചിന്ത എന്നും അർത്ഥമുണ്ട്… ആര് കണ്ടാലും ശ്രേഷ്ഠമായി കാണപ്പെടുന്ന സുദർശനം.

നല്ല ദൃഷ്ടി എന്നാണ് സുദർശനം എന്ന വാക്കിനർത്ഥം. തന്റെ ഭക്തരെ ഏതെങ്കിലും രീതിയിൽ ദോഷകരമായി ബാധിക്കുന്ന എല്ലാ ശക്തികളെയും വലത് കൈയിൽ എപ്പോഴും ചുഴറ്റികൊണ്ടിരിക്കുന്ന സുദർശനചക്രത്തിന്റെ ആയിരം പല്ലുകൾ കൊണ്ട് അറുത്ത് കളഞ്ഞ് ഭഗവാൻ നമുക്ക് ശുഭദർശനം തരുന്നു എന്നാണ് വിശ്വാസം. അതിനാൽ സുദർശന മൂർത്തിയെ ഉപാസിച്ചാൽ ഏത് കഠിന ദോഷത്തിനും പരിഹാരം ഉണ്ടാകും. പ്രത്യേകിച്ച് ശത്രു ദോഷം കാരണമുള്ള ദുരിതങ്ങൾ, രോഗദുരിതം, വാസ്തുദോഷം, ഗൃഹദോഷം, സ്ഥലദോഷം, അലസത, ദാരിദ്ര്യം, കാര്യതടസം, കുടുംബകലഹം എന്നിവ മാറാനും ഉദ്യോഗവിജയം, വിദ്യാവിജയം, ധന അഭിവൃദ്ധി, ആരോഗ്യ ലബ്ധി എന്നിവ ലഭിക്കാനും ഉത്തമമാണ് ഈ ഉപാസന. ദുർചിന്ത, ദുർമന്ത്രവാദം, സർവ്വ ദുരിതങ്ങൾ എന്നിവയിൽ നിന്നും ഇത് രക്ഷിക്കുമെന്നും വിശ്വസിക്കുന്നു. മഹാവിഷ്ണുവിനും വൈഷ്ണവ അവതാരങ്ങൾക്കും പ്രത്യേകിച്ച് വരാഹം, നരസിംഹം, ശ്രീകൃഷ്ണൻ ഇവർക്ക് പുറമെ — ആദിശക്തി മഹാദുർഗ്ഗ, ശ്രീഭദ്രകാളി, ഗണപതി എന്നിവർക്കും സുദർശന വിദ്യ പ്രാപ്തമാണ്.

സുദർശന ഐതിഹ്യം
നാരായണന് സുദർശനം ലഭിച്ചതിന് പിന്നിൽ ഒരു പുരാണ കഥയുണ്ട്. ധനുർവിദ്യയുടെ പരമസ്വരൂപമായ
ശ്രീപരമേശ്വരനിൽ അന്തർലീനമായ അസ്ത്രമായിരുന്നു സുദർശനം.. ഭഗവാൻ മഹാവിഷ്ണുവിന് സുദർശനം വേണമെന്ന ആഗ്രഹത്താൽ 1000 താമരപുഷ്പങ്ങൾ കൊണ്ട് ശിവനെ പൂജ തുടങ്ങി. എന്നാൽ നാരായണനെ പരീക്ഷിച്ച മഹാദേവൻ, പൂജാ പുഷ്പങ്ങളിൽ ഒരണ്ണം ഒളിപ്പിച്ച് വച്ചു. പൂജ തീരേണ്ട നേരത്ത് നാരായണൻ അവസാന പുഷ്പം കാണാനാകാതെ വിഷമിച്ചു. ഒടുവിൽ ഇത് മഹാദേവന്റെ ലീലയാണന്ന് മനസിലാക്കി വലത് കണ്ണ് സ്വയം കുത്തിയെടുത്ത് ശിവലിംഗത്തിൽ അർപ്പിച്ചു. നയനം പത്മ (താമര) രൂപത്തിൽ സമർപ്പിച്ച് ശിവനെ ഉപാസിച്ച ചെയ്ത നാരായണന്റെ ഭക്തിയിൽ തൃപ്തനായ മഹാദേവൻ അദ്ദേഹത്തെ പത്മനയനൻ (താമരപോലുള്ള കണ്ണുള്ളവൻ) എന്ന് നാമം ചെയ്യുകയും, വിഷ്ണുവിന്റെ ആഗ്രഹപ്രകാരം സുദർശനം വരമായി നൽകുകയും ചെയ്തു.

കമലേശ്വര മഹാദേവ ക്ഷേത്രം
ഹിമാലയത്തിലെ അഞ്ച് മഹേശ്വരപീഠങ്ങളിൽ ഒന്നാണ് കേദാർഖണ്ഡ് പ്രകാരം. ഹരി (വിഷ്ണു) ജഗത്പതിയെ (ശിവനെ) താമരപ്പൂക്കളിലൂടെയും കണ്ണു കൊണ്ടും വർഷങ്ങളോളം ആരാധിച്ച് സുദർശന ചക്രം നേടിയ സ്ഥലമാണ് ഇത്. ഉത്തരാഖണ്ഡിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് കമലേശ്വര മഹാദേവ ക്ഷേത്രം. ശരഭ ഉപനിഷത്തിൽ 10-ാം ശ്ലോകം ഇങ്ങനെ പറയുന്നു:
ആരുടെ ഇടതു കാലിലാണോ വിഷ്ണു തന്റെ കണ്ണുകൾ കുത്തിയെടുത്ത് അർച്ചന നടത്തി ചക്രയുധം (സുദർശനം) സ്വീകരിച്ചത്, ആ ചക്രയുധം നൽകിയ രുദ്രന് നമസ്കാരം.

ശത്രുഘ്നനും സുദർശനവും
ശ്രീരാമന്റെ ഏറ്റവും ഇളയ സഹോദരനും ലക്ഷ്മണന്റെ ഇരട്ടസഹോദരനും സുമിത്രയുടെ പുത്രനുമായ ശത്രുഘ്നെ സുദർശനത്തിന്റേയും അവതാരമായി കണക്കാക്കുന്നു. ശ്രീരാമൻ മഹാവിഷ്ണുന്റെയും, ഭരതൻ ശംഖിന്റെയും, ലക്ഷ്മണൻ അനന്ത നാഗത്തിന്റെയും അവതാരങ്ങളാണ്.

കേരളത്തിലെ ചില
സുദർശന ക്ഷേത്രങ്ങൾ

കേരളത്തിൽ സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠയായ ക്ഷേത്രമാണ് പുത്തന്‍ചിറ ത്രിച്ചക്രപുരം ക്ഷേത്രം. തൃശൂര്‍ ജില്ലയിൽ ഇരിഞ്ഞാലക്കുടയ്ക്ക് സമീപം പുത്തന്‍ചിറ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവിനും ശിവനും ഇവിടെ തുല്യപ്രാധാന്യമുണ്ട്. ആലപ്പുഴ ജില്ലയിൽ തുറവൂരിലുള്ള ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ ഒരു ശ്രീ കോവിലിൽ സുദർശനമൂർത്തി വാഴുന്നു. ഇവിടെ നാലമ്പലത്തിൽ കിഴക്ക് ദർശനമായി തെക്കും വടക്കും 2 ശ്രീകോവിൽ. വടക്കുള്ള ചതുര ശ്രീകോവിലിൽ വൈകുണ്ഠനാഥൻ നരസിംഹമൂർത്തി ആണ്. തെക്ക് വട്ട ശ്രീകോവിലിൽ ഭഗവാൻ സുദർശന മൂർത്തിയാണ്. ഭക്തർക്ക് നരസിംഹമൂർത്തി വടക്കനപ്പനും സുദർശനമൂർത്തി തെക്കനപ്പനുമാണ്.

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ശ്രീ മഹാവിഷ്ണു രണ്ടു ഭാവങ്ങളിൽ കുടികൊള്ളുന്നു. കിഴക്ക് ദർശനമായി ശ്രീവല്ലഭനും പടിഞ്ഞാറ് ദർശനമായി സുദർശന മൂർത്തിയും. ലക്ഷ്മീ ദേവിയോടും ഭൂമിദേവിയോടും കൂടിയാണ് ശ്രീവല്ലഭൻ വാണരുളുന്നത്. മഞ്ഞപ്പടുത്ത ഭഗവാന്റെ തിരുനെറ്റിയിൽ ഗോപിക്കുറിയും നവരത്നം പ്രഭചൊരിയുന്ന കിരീടവും കഴുത്തിൽ കൗസ്തുഭവും മാറിൽ ശ്രീവത്സവും വനമാലയും കാണം. ഇതേ ശ്രീകോവിലിൽ തന്നെ പടിഞ്ഞാറ് ദർശനമായി കുടികൊള്ളുന്ന സുദർശനമൂർത്തിയുടെ കൈയിൽ നക്ഷത്രാകൃതിയിലുള്ള തേജോമയമായ സുദർശന ചക്രം ഉണ്ട്. അതിന് പിന്നിൽ പതിനാറ് തൃക്കൈകളോട് കൂടിയ പ്രഭാമൂർത്തിയെ കാണാം. പഞ്ചലോഹ നിർമ്മിതമായ ഈ സുദർശന മൂർത്തിയെ ഭക്തിപൂർവം തൊഴുത്
പ്രാർത്ഥിക്കുന്നവരുടെ എല്ലാ ആഗ്രഹങ്ങളും സാധിക്കും.

വ്യാഴ, ബുധദോഷ പരിഹാരം
സുദർശനമാലാ മന്ത്രജപം

വ്യാഴഗ്രഹ ദോഷപരിഹാരത്തിനുള്ള ഏറ്റവും ഉത്തമായ പരിഹാരമാണ് നിത്യേനയുള്ള മഹാ സുദർശനമാലാ മന്ത്രജപം. ഗോചരാലും ജാതകത്തിലും പ്രശ്നത്തിലും വ്യാഴ, ബുധ ഗ്രഹ ദോഷങ്ങൾ കണ്ടാൽ മഹാസുദർശന
മന്ത്രജപവും ചക്രഹോമവും ഏറ്റവും നല്ല പരിഹാരമാണ്. സുദർശന ഹോമത്തെ ചക്രഹോമം എന്നും പറയുന്നു.
വ്യാഴത്തിന്റെ രാശിമാറ്റം ഗുണകരമല്ലാത്തവരെല്ലാം പതിവായി മഹാ സുദർശന മന്ത്രം ജപിച്ചാൽ എല്ലാവിധ വ്യാഴദോഷങ്ങളും നീങ്ങും. മിക്ക ഭക്തരുടെയും അനുഭവം ആണിത്.

ദിവസവും 108 തവണ സുദർശന മാലാ മന്ത്രം ജപിച്ചാൽ ശത്രുക്കൾ നിഷ്പ്രഭരാകും. അസുഖങ്ങൾ മാറും. ദാമ്പത്യ ക്ലേശങ്ങൾ അകലും. വിവാഹതടസം നീങ്ങും. അങ്ങനെ സകല ദോഷങ്ങളും അകന്ന് ഭാഗ്യം തെളിയും. ദിവസവും ജപിക്കാൻ കഴിഞ്ഞില്ലെങ്കിൽ വ്യാഴാഴ്ചകളിൽ മാത്രം 108 തവണ ജപിക്കുക. ശത്രുദോഷം, ആഭിചാരദോഷം
എന്നിവയെ സൂചിപ്പിക്കുന്ന ഗ്രഹസ്ഥിതി ജാതകത്തിൽ വന്നാൽ സുദർശന മന്ത്രജപവും, ഹോമവുമാണ് മികച്ച
പരിഹാരം. വ്യാഴ, ബുധ ദശാകാലമുള്ളവർക്കും, ശത്രു , ആഭിചാരദോഷം നേരിടുന്നവർക്കും പരിഹാരമായി
മഹാസുദർശനയന്ത്രം ധരിക്കാം. ഒരു കർമ്മിയെക്കൊണ്ട് ശരിയായ രീതിയിൽ ചെയ്യിച്ച് ധരിച്ചാൽ പ്രയോജനപ്പെടും. ലോകത്തിലെ ഏതൊരു ദുഷ്ട ശക്തിയെയും സംഹരിക്കാനുള്ള ശേഷി മഹാസുദർശനത്തിനുണ്ട്.
കേൾക്കാം മഹാസുദര്‍ശന മാലാമന്ത്രം:


മഹാസുദര്‍ശന മാലാമന്ത്രം

ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ
ഗോപീജന വല്ലഭായ
പരായ പരം പുരുഷായ
പരമാത്മനേ
പരകര്‍മ്മ മന്ത്ര യന്ത്ര
ഔഷധാസ്ത്ര ശസ്ത്രാണി
സംഹര സംഹര
മൃത്യോര്‍ മോചയ: മോചയ:
ഓം നമോ ഭഗവതേ
മഹാസുദര്‍ശനായ ദീപ്ത്രേ
ജ്വാലാ പരീതായ
സര്‍വ്വ ദിക് ക്ഷോഭണകരായ
ബ്രഹ്മണേ പരം ജ്യോതിഷേ
ഹും ഫട്

Story Summary: Significance of Maha Sudershana Moorthy

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version