Thursday, 8 May 2025

ഋണമോചന നരസിംഹ സ്‌തോത്രം നിത്യവും 4 തവണ ജപിച്ചാല്‍ കടം ഉറപ്പായും മാറും

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )

മംഗള ഗൗരി
സാമ്പത്തിക അഭിവൃദ്ധി, തൊഴിൽ രംഗത്ത് ഉയർച്ച, കടങ്ങളിൽ നിന്നും ക്രൂര ഗ്രഹങ്ങളുടെ പീഡകളിൽ നിന്നും മോചനം എന്നിവ നൽകുന്ന അതിശക്തവും വിശിഷ്ടവും ക്ഷിപ്രഫലസിദ്ധിദായകവുമായ ഒന്നാണ് ഋണമോചന നരസിംഹ സ്‌തോത്രം. ഈ സ്തുതി എന്നും കുറഞ്ഞത് നാല് തവണ ജപിച്ചാല്‍ മേൽ പറഞ്ഞതിന് പുറമെ ശത്രുക്കൾ, രോഗങ്ങൾ എന്നിവ കാരണമുണ്ടാകുന്ന ക്ലേശങ്ങളും വേഗം ശമിക്കും. ശാപദോഷം.ദൃഷ്ടിദോഷം
എന്നിവ മാറുന്നതിനും ഈ ജപം ഉത്തമമാണ്.

ഏതൊരുവനാണോ ഋണമോചന നരസിംഹ സ്‌തോത്രം എന്ന് പേരുള്ള ഈ സ്തോത്രം നിത്യവും ചൊല്ലുന്നത് അയാൾ വേഗത്തിൽത്തന്നെ കടമില്ലാത്തവനായി മാറുകയും വേഗം ധനത്തെ പ്രാപിക്കുകയും ചെയ്യുമെന്ന്  സ്തോത്രത്തിൻ്റെ ഫലശ്രുതിയിൽ തന്നെ പറയുന്നു. പാപഗ്രഹങ്ങളാൽ പീഡിപ്പിക്കപ്പെടുന്നവർക്ക് അഭയം നൽകുന്ന മഹാവീരനായ നരസിംഹമൂർത്തി എല്ലാവിധ കടത്തിൽ നിന്നും തൻ്റെ ഭക്തരെ മോചിപ്പിക്കും.

അഗതികൾക്കും നിരാശ്രയർക്കും പ്രത്യേകം കരുതൽ നൽകുന്ന നരസിംഹമൂർത്തിയെ ഭജിച്ചു തുടങ്ങാൻ ഏറ്റവും ഉത്തമമായ ദിവസം വ്യാഴാഴ്ച, ചോതി നക്ഷത്രം, വൈശാഖത്തിലെ നരസിംഹ ജയന്തി എന്നിവയാണ്. ഇത്തവണ നരസിംഹ ജയന്തി മേയ് 11 ഞായറാഴ്ചയാണ്.
മഹാലക്ഷ്മിയേയും നരസിംഹമൂര്‍ത്തിയേയും ധ്യാനിച്ചു കൊണ്ട് നിത്യവും സന്ധ്യനേരത്ത് നിലവിളക്കില്‍ ദീപം അലങ്കരിച്ച്‌ അതിന് മുന്നിലിരുന്ന് ഈ സ്തുതി കുറഞ്ഞത് 4 പ്രാവശ്യം ജപിച്ചാല്‍ അതിവേഗം കടത്തിൽ നിന്നും മോചനം കിട്ടുന്നത് അനേകകോടി ഭക്തരുടെ പരമ്പരാഗത വിശ്വാസം മാത്രമല്ല അനുഭവം തന്നെയാണ്. സത്യമുള്ള സ്തോത്രം എന്നാണ് ഭക്തർ ഋണമോചന നരസിംഹ സ്‌തോത്രത്തെ വിശേഷിപ്പിക്കുന്നത്.

വേദം, വേദാന്തം, യജ്ഞം എന്നിവയ്ക്കെല്ലാം നാഥനും ബ്രഹ്മാവ്, ശിവൻ തുടങ്ങിയ ഈശ്വരന്മാരാൽ പോലും വന്ദിക്കപ്പെടുന്നവനും മഹാവീരനുമായ നരസിംഹസ്വാമിയെ ഭജിക്കുന്ന ഋണമോചന നരസിംഹസ്തോത്രം കേൾക്കാം. ആലാപനം: മണക്കാട്ഗോപൻ:

ഋണവിമോചന നൃസിംഹ സ്തോത്രം

1
ദേവതാ കാര്യസിദ്ധ്യർത്ഥം സഭാസ്തംഭ സമുദ്ഭവം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
2
ലക്ഷ്മ്യാലിംഗിത വാമാംഗം ഭക്താനാം വരദായകം
ശ്രീനൃ സിംഹം മഹാവീരം നമാമി ഋണമുക്തയേ
3
ആന്ത്രമാലാധരം ശംഖചക്രാബ്ജായുധ ധാരിണം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
4
സ്മരണാത് സർവ്വപാപഘ്നം കടൂർജ്ജ വിഷനാശനം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
5
സിംഹനാദേന മഹതാ ദിഗ്ദന്തി ഭയനാശനം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
6
കോടി സൂര്യ പ്രതീകാശം ആഭിചാരിക നാശനം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
7
പ്രഹ്ളാദവരദം ശ്രീശം ദൈത്യേശ്വര വിദാരണം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
8
ക്രൂരഗ്രഹൈ: പീഡിതാനാം ഭക്താനാമഭയപ്രദം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
9
വേദവേദാന്ത യജ്ഞേശ്വരം ബ്രഹ്മ രുദ്രാദി വന്ദിതം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
10
യ ഇദം പഠതേ നിത്യം ഋണമോചന സംജ്ഞിതം
അനൃണീജായതേ സദ്യോ ധനം ശീഘ്രമവാപ്നുയാത്


അർത്ഥം
1
ദേവന്മാരുടെ കാര്യസിദ്ധിക്കായി സഭയിലെ തൂണിൽ നിന്നുത്ഭവിച്ച മഹാവീരനായ ശ്രീ നരസിംഹമൂർത്തിയെ കടത്തിൽ നിന്നുള്ള മോചനത്തിനായി ഞാൻ നമിക്കുന്നു.
2
ലക്ഷ്മീ ഭഗവതിയാൽ ആലിംഗനം ചെയ്യപ്പെടുന്ന വാമഭാഗത്തോടു കൂടിയവനും ഭക്തന്മാർക്ക് വരത്തെ നൽകുന്നവനുമായ മഹാവീരനായ ശ്രീ നരസിംഹ മൂർത്തിയെ കടത്തിൽ നിന്നുള്ള മോചനത്തിനായി ഞാൻ നമിക്കുന്നു.
3
കുടൽമാല അണിഞ്ഞിരിക്കുന്നവനും ശംഖ്, ചക്രം, താമര, ആയുധങ്ങൾ എന്നിവ ഏന്തിയിട്ടുള്ള മഹാവീരനായ ആ നരസിംഹമൂർത്തിയെ കടത്തിൽ നിന്നുള്ള മോചനത്തിനായി ഞാൻ നമിക്കുന്നു.
4
സ്മരണ കൊണ്ടുതന്നെ എല്ലാ പാപത്തെയും ഇല്ലാതാക്കുന്നവനും അതിശക്തമായ വിഷത്തെപ്പോലും നശിപ്പിക്കുന്നവനുമായ മഹാവീരനായ ആ നരസിംഹ മൂർത്തിയെ കടത്തിൽ നിന്നുള്ള മോചനത്തിനായി ഞാൻ നമിക്കുന്നു.
5
വലുതായ സിംഹനാദത്താൽ ദിഗ്ഗജങ്ങളുടെ ഭയത്തെ പോലും നശിപ്പിക്കാൻ കഴിവുള്ള മഹാവീരനായ ആ നരസിംഹമൂർത്തിയെ കടത്തിൽ നിന്നുള്ള മോചനത്തിന് ഞാൻ നമിക്കുന്നു.
6
കോടിസൂര്യന്മാരുടെ പ്രകാശത്തോടു കൂടിയവനും ആഭിചാര ദോഷങ്ങളെ നശിപ്പിക്കുന്നവനുമായ മഹാവീരനായ ആ നരസിംഹമൂർത്തിയെ കടത്തിൽ നിന്നുള്ള മോചനത്തിനായി ഞാൻ നമിക്കുന്നു.
7
പ്രഹ്ളാദനു വരം നൽകിയവനും ലക്ഷ്മീപതിയും അസുരേശ്വരനായ ഹിരണ്യകശിപുവിന്റെ
മാറു പിളർന്നവനുമായ മഹാവീരനായ ആ നരസിംഹ മൂർത്തിയെ കടത്തിൽ നിന്നുള്ള മോചനത്തിനായി ഞാൻ നമിക്കുന്നു.
8
പാപഗ്രഹങ്ങാൽ പീഡിപ്പിക്കപ്പെടുന്ന ഭക്തന്മാർക്ക് അഭയം നൽകുന്ന മഹാവീരനായ ആ നരസിംഹ മൂർത്തിയെ കടത്തിൽ നിന്നുള്ള മോചനത്തിനായി ഞാൻ നമിക്കുന്നു.
9
വേദം, വേദാന്തം, യജ്ഞം ഇവയ്ക്കെല്ലാം നാഥനും ബ്രഹ്മാവ്, ശിവൻ തുടങ്ങിയവരാൽ വന്ദിക്കപ്പെടുന്നവനും ആയ മഹാവീരനായ ആ നരസിംഹമൂർത്തിയെ കടത്തിൽ നിന്നുള്ള മോചനത്തിനായി ഞാൻ നമിക്കുന്നു.
10
യാതൊരുവനാണോ ഋണമോചനമെന്നു പേരുള്ള ഈ സ്തോത്രം നിത്യവും ചൊല്ലുന്നത്, അയാൾ വേഗത്തിൽത്തന്നെ കടമില്ലാത്തവനായി തീരുകയും വേഗം ധനത്തെ പ്രാപിക്കുകയും ചെയ്യും.

Story Summary: Significance of Powerful Rina Mochana Nrusimha Stotram

(ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App )

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version