Wednesday, 30 Apr 2025

തിരുവനന്തപുരം പഴഞ്ചിറ  ദേവി സന്നിധി ശ്രീലളിതാ  മഹായാഗത്തിന് ഒരുങ്ങുന്നു

അശോകൻ ഇറവങ്കര

തിരുവനന്തപുരം അമ്പലത്തറ പഴഞ്ചിറ ദേവി സന്നിധിയിൽ 2025 മെയ് 9, 10, 11, 12 തീയതികളിൽ സ്ത്രീകൾ മുഖ്യപൗരോഹിത്യം വഹിക്കുന്ന ശ്രീലളിതാമഹായാഗം നടക്കും. കേരള ചരിത്രത്തിൽ ആദ്യമായാണ് സ്ത്രീകൾ ലളിതാമഹായാഗത്തിന് മുഖ്യപൗരോഹിത്യം വഹിക്കുന്നത്. അതുകൊണ്ടു തന്നെ ചരിത്രപ്രാധാന്യമുള്ള യാഗമാണിത്. ശ്രീകുലം, ഗായത്രിഗുരുകലം, ശ്രീമാതരം എന്നീ ഗുരുകുലങ്ങളുടെ നേതൃത്വത്തിൽ പഴഞ്ചിറ ക്ഷേത്രഭരണസമിതിയുടെ സമ്പൂർണ്ണ സഹായത്തോടെയാണ് ഈ മഹായാഗം
സംഘടിപ്പിക്കുന്നത്. ആത്മീയതയിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കുന്ന ഈ മഹായാഗത്തിൻ്റെ യജ്ഞാചാര്യ ശ്രീലശ്രീ സുജാമോഹനും ക്രിയാസദസ്യ ശ്രീലശ്രീ നന്ദിനിയുമാണ്.

ശാക്തേയ തന്ത്രശാസ്ത്രത്തിലെ യാഗങ്ങളിൽ
ഏറ്റവും പ്രാധാന്യമർഹിക്കുന്നതും കലിയുഗത്തിൽ ലോകക്ഷേമത്തിന് ആവശ്യമുള്ളതുമാണ് ഈ യാഗം. ഇതിൽ ശ്രീമഹാത്രിപുരസുന്ദരിയേയും അംഗദേവതകളേയും സാവരണമായി മഹായാഗക്രമത്തിൽ അഗ്നിമുഖമായും അല്ലാതെയും ആരാധിക്കുന്നു. പരമാനന്ദ തന്ത്രം, സൗഭാഗ്യകല്‌പദ്രുമം, മഹായാഗ്രക്രമവിധി, ഭാവനോപനിഷത്ത് (ബാഹ്യക്രമം) എന്നീ ഗ്രന്ഥപ്രമാണങ്ങളുടെ അടിസ്ഥാനത്തിലും ഗൗഡപാദപാരമ്പര്യത്തെ പിൻപറ്റിയും യഥാവിധി നടത്തുന്നതാണ് ഈ യാഗം ഇതിൽ ശ്രീമഹാഗണപതി, ബാലാപരമശ്വരി, മഹാമാതംഗി, മഹാവാരാഹി, പരാ, ശ്രീലളിതാപരമേശ്വരി, അശ്വാരൂഢ, സമ്പത്‌കരി, 64 യോഗിനിമാർ തുടങ്ങിയ ദേവതകളെ ഉപചാരങ്ങളോടു കൂടി ഹോമം, പൂജ, തർപ്പണം മുതലായ ക്രിയകളിൽ കൂടി തൃപ്‌തിപ്പെടുത്തി അനുഗ്രഹ ലബ്ധിക്കായി പ്രാർത്ഥിക്കുന്നു. ശാസ്ത്രവിധി പ്രകാരം തയ്യാറാക്കിയ യജ്ഞമണ്ഡപത്തിലെ പ്രധാനവേദിയിൽ പ്രപഞ്ചസാക്ഷാത്കാരമായ ശ്രീചക്രമഹാമേരു പ്രതിഷ്ഠിക്കും. ഭണ്ഡാസുരവധത്തിനായി ആദിപരാശക്തി ലളിതാപരമേശ്വരിയായി അവതാരമെടുത്തു. ഈ ഭഗവതിയെയാണ് യാഗത്തിൽ മുഖ്യമായി പൂജിക്കുന്നത്. ലളിതോപാഖ്യാനം, ലളിതാസഹസ്രനാമം മുതലായ അനവധി ഗ്രന്ഥങ്ങളിൽ ഈ ലളിതാപരമേശ്വരിയുടെ ചരിതം പറയുന്നു. ലളിലാസഹസ്രനാമത്തിൽ മഹായാഗക്രമാരാദ്ധ്യ ആയിട്ടാണ് ഈ ഭഗവതിയെ പറയുന്നത്. ഇപ്രകാരം പരംജ്യോതി സ്വരൂപിണിയും മഹായാഗക്രമാരാദ്ധ്യയും ആയ ലളിതാപരമേശ്വരിയെ സമുചിതമായി ആരാധിക്കുവാൻ അസുലഭമായ ഒരു അവസരമാണ് ഭക്തർക്ക് ലഭിക്കുന്നത്.

ഭൂതവർത്തമാനകാലത്തിലെ ദുരിതശമനത്തിനും ദേശാഭിവൃദ്ധിക്കും ഭക്തരുടെ ശ്രേയസ്സിനും പ്രേയസ്സിനും ഗുണകരവും അത്യന്തം വൈശിഷ്‌ട്യമാർന്നതുമാണ് ഈ മഹായാഗം. കക്കാട്ട് എഴുന്തോലിൽ മഠം ബ്രഹ്മശ്രീ സതീശൻ ഭട്ടതിരിപ്പാടാണ് ശ്രീലളിതാമഹായാഗ സംഘാടകസമിതിയുടെ ചെയർമാൻ. ഗായത്രി ഗുരുകുലത്തിലെ ബ്രഹ്മശ്രീ അരുൺ പ്രഭാകരൻ
ചീഫ് കോ-ഓർഡിനേറ്ററാണ്. കൂടുതൽ വിവരങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾക്ക് 8848837727, 9446545544 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടുക.

Story Summary : Sree Lalitha Maha Yaga begins at Pazhanchira Temple on May 9,2025

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version