നരസിംഹ ജയന്തി; തൃക്കൊടിത്താനത്ത് മഹാനരസിംഹ ഹോമം, മഹാവിഷ്ണു സത്രം
മംഗള ഗൗരി
തൃക്കൊടിത്താനം മഹാക്ഷേത്രം നരസിംഹജയന്തി
ആഘോഷത്തിനും അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിനും ഒരുങ്ങുന്നു. 2025 മേയ് 11 ഞായറാഴ്ച ആണ് നരസിംഹജയന്തി. വൈശാഖ മാസം വെളുത്തപക്ഷ ചതുർദ്ദശിയിലാണ് നരസിംഹജയന്തി ആചരിക്കുന്നത്. നരസിംഹമൂർത്തിയുടെ ജന്മനാളായ ചോതി നക്ഷത്രവും വെളുത്തപക്ഷ ചതുർദ്ദശിയും ഇത്തവണ ഒന്നിച്ചു വരുന്നതിനാൽ അതിവിശേഷമായി കണക്കാക്കുന്നു.
അത്ഭുത നാരായണ വിഗ്രഹം
കേരളത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കൊടിത്താനം ക്ഷേത്രം. വിഷ്ണുവാണ് പ്രധാന ദേവനെങ്കിലും അതേ ശ്രീകോവിലിൽ നരസിംഹ മൂർത്തിയെ പടിഞ്ഞാറോട്ടും ദക്ഷിണാ മൂർത്തിയെയും ഗണപതിയെയും തെക്കോട്ടും ദർശനമായി പ്രതിഷ്ഠിച്ചിട്ടുണ്ട്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഉൽപ്പെടെയുള്ള 13 മലൈനാട്ട് തിരുപ്പതികളിൽ ഒന്നായും ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കാം. മഹാഭാരത കഥയിലെ പഞ്ചപാണ്ഡവരുമായി ബന്ധപ്പെട്ടിരിക്കുന്ന അഞ്ച് വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നാണിത്. സഹദേവൻ ഇവിടെ പ്രായശ്ചിത്ത ചടങ്ങുകൾ അനുഷ്ഠിച്ചു എന്നും സഹദേവൻ ആരാധിച്ച ‘അത്ഭുത നാരായണ വിഗ്രഹം’ ഇവിടെ കുടികൊള്ളുന്നു എന്നും വിശ്വസിക്കപ്പെടുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണിത് .
നരസിംഹ ജയന്തി, മഹാവിഷ്ണു സത്രം
വൈശാഖമാസത്തിൽ പടിഞ്ഞാറെ നടയിൽ നരസിംഹ ജയന്തി വളരെ വിപുലമായാണ് ആഘോഷിക്കുന്നത്. ഇത്തവണ മേയ് 8 ന് തുടങ്ങുന്ന ജയന്തി ആഘോഷവും ദശാവതാരച്ചാർത്തും 17 വരെയുണ്ടാകും. ഇതോടൊപ്പം നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം മേയ് 10 ന് തുടങ്ങി 17 ന് സമാപിക്കും.
വൈശാഖമാസത്തിൽ നടന്നു വരുന്ന അഖിലഭാരത പാണ്ഡവീയ വൈഷ്ണവ മഹാസത്രത്തിൻ്റെ അഞ്ചാം പർവ്വമാണ് കനിഷ്ഠ സോദരനായ സഹദേവ തിരുപ്പതിയുടെ മണ്ണിൽ ഇത്തവണ വിരുന്നെത്തുന്നത്. ഭാഗവതഹംസം മള്ളിയൂർ തിരുമേനിയുടെ അനുഗ്രഹാശിസ്സുകളാൽ സമാരംഭിച്ച ഭാഗവത സപ്താഹ വേദി പാണ്ഡവീയ മഹാസത്ര വേദിയായി പരിണമിക്കുന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. ഭാഗവത പാരായണം, സത്സംഗങ്ങൾ, പ്രഭാഷണങ്ങൾ, നാമജപ കീർത്തനങ്ങളും സത്ര വേദിയിൽ ശ്രവിക്കാം.
മഹാനരസിംഹ ഹോമം
നരസിംഹ ജയന്തിയുടെ ഭാഗമായി 2025 മേയ് 11 ന് ഞായറാഴ്ച മഹാനരസിംഹ ഹോമം നടക്കും.
തൃക്കൊടിത്താനം മഹാക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് രാഖേഷ് നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ഹോമം നടക്കുക. അഞ്ചു ഹോമകുണ്ഡത്തിൽ ഒരേ സമയം അഞ്ചു തന്ത്രിമാർ 4 വിതം പരികർമ്മികളുടെ സഹായത്താൽ അൻപതോളം
ബ്രാഹ്മണ ശ്രേഷ്ഠരാണ് മഹാ നരസിംഹഹോമം നടത്തുക. ഭഗവാന്റെ എല്ലാ ഭക്തർക്കും ഹോമത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. രാവിലെ 6 മണിക്ക് ഹോമം തുടങ്ങും. മേയ് 10 ന് മുൻപ് ഭക്തർ നാളിലും പേരിലും രസിത് എടുക്കണം. കൂടുതൽ വിവരങ്ങൾക്ക്
കമ്മറ്റിയുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ താഴെ ചേർത്തിട്ടുണ്ട്. മഹാനരസിംഹ ഹോമത്തിന് പുറമെ നരസിംഹ മൂർത്തിക്ക് വിശേഷാൽ പൂജകളും കിഴക്കെ നടയിൽ ദശാവതാരചാർത്തും ഈ ദിനങ്ങളിൽ നടത്തും. ഭാഗവത സപ്താഹ യജ്ഞം, പുഷ്പാഭിഷേകം, നിറമാല, അന്നദാനം, എന്നിവ ഈ ആഘോഷങ്ങളുടെ ഭാഗമാണ്. വലിയ കാഴ്ച ശ്രീബലി ഇരു നടകളിലും പുഷ്പാഭിഷേകം, മേള പ്രമാണി പെരുവനം കുട്ടൻ മാരാരും 50 പേരും അണിനിരക്കുന്ന ഇരുകോൽ പഞ്ചാരി മേളം എന്നിവയാണ് ജയന്തി ആഘോഷത്തിൻ്റെ പ്രധാന
ആകർഷണങ്ങൾ.
ക്ഷിപ്രപ്രസാദി നരസിംഹമൂർത്തി
ദശാവതാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്
നരസിംഹാവതാരം. തികച്ചും അപ്രതീക്ഷിതമായി ഒരു അടിയന്തരഘട്ടത്തിൽ ഭഗവാനെടുക്കേണ്ടി വന്ന അവതാരമാണിത്. അതുപോലെ തന്നെ ഏറ്റവും കുറച്ചു നേരം നീണ്ട അവതാരവും ഇതാണ്. ശത്രുസംഹാരത്തിന് അവതരിച്ച ഉഗ്രമൂർത്തിയാണെങ്കിലും ക്ഷിപ്രപ്രസാദി ആണ് ഭഗവാൻ . പ്രഹ്ലാദന്റെ വിളികേട്ട നിമിഷം തന്നെ തൂണ് പിളർന്നു നരസിംഹ മൂർത്തി പ്രത്യക്ഷനായത് അതിന് പ്രത്യക്ഷമായ ഉദാഹരണമാണ്. ദുരിത മോചനത്തിനും അകാരണ ഭയമകറ്റാനും കടം മാറാനും നരസിംഹമൂർത്തിയെ നരസിംഹമന്ത്രം ജപിച്ച് പതിവായി ഉപാസിക്കുന്നതും ക്ഷേത്രദർശനം നടത്തുന്നതും ഭഗവാന് പാനക നിവേദ്യം കഴിപ്പിക്കുന്നതും ഉത്തമമാണ്.
നരസിംഹ മന്ത്രം
ഉഗ്രംവീരം മഹാവിഷ്ണും
ജ്വലന്തം സർവ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം
രണ്ട് ശ്രീ കോവിൽ, അഞ്ച് പൂജ
ചങ്ങനാശേരിയിൽ, പെരുന്നയ്ക്ക് കിഴക്കുവശത്തുള്ള പ്രകൃതി സുന്ദരമായ ദേശമാണ് തൃക്കൊടിത്താനം.
കൊല്ലവർഷം 126 മുതൽ 184 വരെ കേരളം ഭരിച്ചിരുന്ന ഭാസ്‌ക്കര രവിവർമ്മന്റെ കാലത്ത് സ്ഥാപിച്ചതെന്ന് പറയുന്ന തൃക്കൊടിത്താനം ക്ഷേത്രത്തിലെ പൂജകളും ഉത്സവ ചടങ്ങുകളും സവിശേഷതകൾ ഒരുപാടുള്ളതാണ്. നിത്യവും അഞ്ച് പൂജകളാണ് ഈ ക്ഷേത്രത്തിലുള്ളത്. എന്നാൽ നിവേദ്യം ഉഷപൂജ കൊണ്ട് നിർത്തുന്നു. ഉഷപൂജ കഴിഞ്ഞാൽ എതിർത്തു പൂജ, പന്തീരടിപൂജ, ഉച്ചപൂജ, അത്താഴ പൂജ, മറ്റെല്ലാ നടയിലും ദിവസവും നിവേദ്യവുമുണ്ട്. കിഴക്കെനടയിൽ വിഷ്ണുവിന് കദളിപ്പഴവും പാൽപ്പായസവും ചതുശ്ശതവും പടിഞ്ഞാറെ നടയിൽ നരസിംഹമൂർത്തിക്ക് ശർക്കരപായസവും പാൽപ്പായസവും പാനകവുമാണ് പ്രധാന നിവേദ്യങ്ങൾ. തൃക്കൊടിത്താനത്തെ കരിയും
ഭസ്മവും രോഗങ്ങൾ ശമിപ്പിക്കുന്നതിന് ഉത്തമമാണ്. പണ്ട് മീനമാസത്തിലെയും വൃശ്ചികമാസത്തിലെയും തിരുവോണനാളിൽ കൊടികയറി രണ്ടുത്സവവും നടത്തിയിരുന്നു. ഇപ്പോൾ വൃശ്ചികത്തിൽ മാത്രമാണ് ഉത്സവം.
വൃശ്ചികത്തിൽ ദീപമഹോത്സവം
വൃശ്ചികത്തിലെ ദീപമഹോത്സവം സവിശേഷ ചടങ്ങുകൾ കാരണം വ്യത്യസ്തവും പ്രസിദ്ധവുമാണ്.. തിരുവോണം നാളിൽ കൊടിയേറി പത്തു ദിവസമാണ് ഉത്സവം. ദീപമഹോത്സവത്തിലെ പ്രധാന ഇനം വാദ്യമേളങ്ങളുടെ അകമ്പടിയാണ്. പനച്ചിക്കലേറ്റം, ചാടിക്കൊട്ട്, ഒറ്റക്കോൽമേളം, ശ്രീഭൂതബലിസമയത്തു നടത്തുന്ന പാണി, അഞ്ചാം ഉത്സവം മുതൽ അകത്ത് തെക്കേനടയിൽ നടത്തുന്ന കൈമണി ഉഴിച്ചിൽ, തുടങ്ങിയ ചടങ്ങുകളെല്ലാം ഉൾപ്പെട്ട പ്രധാനപ്പെട്ട അനുഷ്‌ഠാന ഉത്സവമാണിത്. പാണ്ഡവപ്രമുഖനായ സഹദേവന് അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത ഭഗവദ് വിഗ്രഹം ലഭിച്ചതിന്റെ പുണ്യ സ്മരണയാണ് ഈ ഉത്സവത്തിന്റെ ഐതിഹ്യവും പ്രത്യേകതയും . ശരകൂട സമർപ്പണമാണ് ദീപ മഹോത്സവത്തിന്റെ പ്രത്യേക വഴിപാട്. കിഴക്കേ നടയിലും പടിഞ്ഞാറേ നടയിലും കൊടിയേറ്റും കൊടിയിറക്കുമുണ്ട്. ആറാട്ട് എഴുന്നള്ളിപ്പ്, ആറാട്ട് മണ്ഡപത്തിൽ പൂജ കഴിഞ്ഞി ക്ഷേത്രത്തിൽ പ്രവേശിച്ച് 81 കലശവും പടിഞ്ഞാറേ നടയിൽ നവകവും നടത്തി ഉത്സവചടങ്ങുകൾ അവസാനിക്കുന്നു.
ശാസ്താവും ഗണപതിയും മുരുകനും
നാലമ്പലത്തിനു വെളിയിൽ തെക്കുപടിഞ്ഞാറ് ഭാഗത്ത് മറ്റൊരു ശ്രീകോവിൽ ശാസ്താവിനെയും ഗണപതിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ശാസ്താം നടയുടെ വലതുഭാഗത്ത് തെക്ക് മാറി ക്ഷേത്രപാലകനുമുണ്ട്. ക്ഷേത്രമതിലിനു വെളിയിൽ തെക്കു കിഴക്കു വിഷ്ണു ക്ഷേത്രത്തെക്കാൾ പഴക്കമുള്ളതെന്നു പറയപ്പെടുന്ന ഒരു സുബ്രഹ്മണ്യ പ്രതിഷ്ഠയുമുണ്ട്. വൃശ്ചികത്തിൽ ശാസ്താവിന് ചിറപ്പും കുംഭത്തിലെ കാർത്തിക നാളിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാവടി മഹോത്സവവും ഷഷ്ഠി തോറും പ്രത്യേകപൂജയും ഇടവമാസത്തിലെ മകയിരം നക്ഷത്രത്തിൽ ദേവിക്ക് പ്രത്യേക പൂജയും നടത്തുന്നു.
ക്ഷേത്രത്തിലെത്താൻ
ചങ്ങനാശേരിയിൽ നിന്നും രണ്ടര കിലോമീറ്ററുണ്ട് തൃക്കൊടിത്താനത്തേക്ക്. ചങ്ങനാശ്ശേരി കവിയൂർ റോഡ് വഴി പോകണം. ചങ്ങനാശ്ശേരി റയിൽവെ സ്‌റ്റേഷനിൽ നിന്നും 2 കിലോമീറ്ററുണ്ട്. ക്ഷേത്രത്തിൻ്റെ വിലാസം: തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം അയർക്കാട്ടു വയൽ, ചങ്ങനാശേരി, കോട്ടയം 686105. വഴിപാട് വിവരങ്ങൾ അറിയാൻ: 9847461594, 9847461860
മംഗള ഗൗരി
Story Summary: Sri Narasimha Jayanthi Celebrations 2025: Trikkodithanam Temple
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved