Sunday, 24 Nov 2024

വിവാഹ തടസം മാറ്റാനും ദാമ്പത്യം ഭദ്രമാക്കാനും ഉമാമഹേശ്വര പൂജ

മീനാക്ഷി
കുടുംബജീവിതം ഭദ്രമാക്കുന്നതിന് പ്രധാനമായും ആരാധിക്കേണ്ടത് മഹാദേവനെയും ഉമയേയുമാണ്. ഉമാമഹേശ്വര പൂജ എന്നറിയപ്പെടുന്ന പൂജാവിധി ഇതിന് നടത്തേണ്ടത് ശിവനും പാർവതിയും പ്രതിഷ്ഠയായുള്ള ക്ഷേത്രത്തിലാണ്. അവിടെയാണ് വഴിപാട് നടത്തി പ്രാർത്ഥിക്കേണ്ടതും.

ജാതകത്തിലെ ദോഷങ്ങൾക്കും പ്രശ്നവശാൽ കാണുന്ന ദോഷങ്ങൾക്കും മികച്ച പരിഹാരമാണ് ഉമാ മഹേശ്വര പൂജ. വിവാഹം നടക്കുന്നതിന് തടസ്സം നേരിടുന്നവർക്കും വിവാഹം കഴിഞ്ഞവർക്കു ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനും ഉമാമഹേശ്വരപൂജയും ശിവനും പാർവതി ദേവിയും പ്രധാന മൂർത്തികളായുള്ള ക്ഷേത്രദർശനവും ഉത്തമമാണ്.

വിവാഹതടസ്സം മാറ്റുന്ന ഏറ്റവും ശക്തമായ പൂജയാണ് ഉമാമഹേശ്വര പൂജ. മഹേശ്വരനും ഉമയും ഇടം വലമായി ഇരിക്കുന്ന പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ നടത്തുന്ന ഈ പൂജയ്ക്ക് കൂടുതൽ ശക്തിയുണ്ട്. ജാതക ഗ്രഹദോഷം, ശാപദോഷം മറ്റ് കാരണങ്ങൾ എന്നിവയാൽ വിവാഹം വൈകുന്നവർ ഉമാമഹേശ്വരപൂജ ചെയ്യണം. ശ്രീപാർവ്വതിയും ശ്രീപരമേശ്വരനും അടുത്തടുത്തിരുന്ന് ദർശനം നൽകുന്ന ദിവ്യസന്നിധിയിൽ വേണം ഈ പൂജ നടത്തേണ്ടത്. അങ്ങനെ ചെയ്താൽ ക്ഷിപ്രവേഗത്തിൽ ഫലസിദ്ധിയുണ്ടാകും.

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പത്മതീർത്ഥക്കരയിലുള്ള ശിവപാർവ്വതി ക്ഷേത്രത്തിൽ
ഉമാമഹേശ്വരപ്രതിഷ്ഠയുണ്ട്. വിവാഹതടസ്സം മാറാൻ മാത്രമല്ല വിവാഹം കഴിഞ്ഞവർക്ക് പരസ്പരം സ്‌നേഹം വർദ്ധിക്കാനും കലഹം ഒഴിവാക്കാനും സന്തുഷ്ടമായ ദാമ്പത്യജീവിതത്തിനും ഉമാമഹേശ്വര പൂജ നടത്തുന്നത് ഉത്തമമാണ്. എട്ടുവീട്ടിൽപ്പിള്ളമാർ ശ്രീപത്മനാഭനെ തൊഴാൻ വരുമ്പോൾ ആരാധിച്ച തേവാര മൂർത്തിയാണ് ഈ ഉമാമഹേശ്വരപ്രതിഷ്ഠ. പത്മതീർത്ഥകരയിലെ ഈ സന്നിധിയിൽ ശിവകുടുംബം ഒന്നടങ്കം കുടികൊള്ളുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ശങ്കര പാർവതിമാർക്ക് ഒപ്പമിവിടെ വിഘ്നേശ്വരനും സ്കന്ദനും പ്രതിഷ്ഠയുണ്ട്.

ഉമാമഹേശ്വരപൂജയാണ് ഇവിടുത്തെ ഏറ്റവും പ്രധാന പൂജ. വിവാഹം കാര്യസാദ്ധ്യം, ഐകമത്യം എന്നിവയ്ക്ക് ഇവിടെ ഉമാമഹേശ്വരപൂജനടത്തുന്നത് വളരെ നല്ലതാണ്. അനേകായിരം പേർക്ക് ഇവിടെ നടത്തിയ പൂജയിലൂടെ ഫലസിദ്ധിയുണ്ടായിട്ടുണ്ട്. ഭക്തർ ഉമാമഹേശ്വരപൂജ നടത്തുന്നതിന് 3 സമ്പ്രദായം ഇവിടെ പിൻതുടരുന്നുണ്ട്.

1
തുടർച്ചയായി 21 ദിവസം: 21 ദിവസം അടുപ്പിച്ച് നടത്തുന്നതാണ് ആദ്യത്തെ രീതി. ഇതിൽ ആദ്യദിവസം ഉമാമഹേശ്വരപൂജക്കൊപ്പം എല്ലാ ഉപദേവന്മാരെയും ഹാരം ചാർത്തി നിവേദ്യമർപ്പിച്ച്തൃപ്തിപ്പെടുത്തും. 21-ാം ദിവസം ഉപദേവന്മാർക്ക് ഹാരവും നിവേദ്യവും നൽകി തൃപ്തിപ്പെടുത്തണം. പരിഹരിക്കേണ്ട പ്രശ്‌നത്തിന്റെ ആഴം കണക്കാക്കി ഭാഗ്യസൂക്തം, ഐകമത്യസൂക്തം, സ്വയംവരപുഷ്പാഞ്ജലി, ജലധാര എന്നിവയും ഉമാമഹേശ്വരപൂജയോടൊപ്പം നടത്തും.

2
തിങ്കളാഴ്ചകളിൽ മാത്രം: തിങ്കളാഴ്ചകളിൽ മുടങ്ങാതെ ഉമാമഹേശ്വരപൂജ ചെയ്യുക. ആദ്യ തിങ്കളാഴ്ച ഉമാമഹേശ്വരപൂജക്കൊപ്പം എല്ലാ ഉപദേവന്മാരെയും ഹാരം ചാർത്തിയും നിവേദ്യമർപ്പിച്ചും തൃപ്തിപ്പെടുത്തും. അതിവേഗം വിവാഹതടസ്സം മാറും. പ്രത്യക്ഷ അനുഭവം ഉള്ളതാണ് ഈ പൂജ. പൂജസമയത്ത് വിവാഹതടസ്സം നേരിടുന്ന വ്യക്തി അതിൻ്റെ ഭാഗമാകണം. പാൽപ്പായസം നേദ്യത്തോടെയാണ് ഇവിടെ ഉമാമഹേശ്വരപൂജയ്ക്ക് സമർപ്പിക്കുന്നത്. ഈ പ്രസാദത്തിന്റെ ഒരു ഭാഗം വിവാഹതടസ്സം നേരിടുന്നവർ കഴിക്കേണ്ടതാണ്.

3
ജന്മനക്ഷത്രദിവസം: വിവാഹതടസ്സം നേരിടുന്നവരുടെ ജന്മനാളിൽ ഉമാമഹേശ്വരപൂജ നടത്തുന്നത് മറ്റൊരു രീതി. പൂജയുടെ ഉദ്ദേശം എന്താണോ ആ വിഷയം മുൻ നിർത്തി അതിനൊപ്പം ഭാഗ്യസൂക്തം, ഐകമത്യസൂക്തം, സ്വയംവരപുഷ്പാഞ്ജലി, ജലധാര എന്നിവയും നടത്തണം.

ശ്രീകോവിലിൽ കിഴക്കും പടിഞ്ഞാറുമായി പാർവതി പരമേശ്വരന്മാരെ പ്രതിഷ്ഠിച്ചിട്ടുള്ള ദിവ്യ സന്നിധികൾ
ധാരാളമുണ്ട്. കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം ഇതിൽ പ്രസിദ്ധമാണ്. നട തുറപ്പ് മഹോത്സവം വഴി പ്രസിദ്ധമായ
തിരുവൈരാണിക്കുളം ക്ഷേത്രം, കോട്ടയം വാഴപ്പള്ളി ക്ഷേത്രം, പത്തനംതിട്ടയിലെ കവിയൂർ ക്ഷേത്രം എന്നിവ ഇതിൽ ചിലതാണ്. കാടമ്പുഴയിൽ ശിവ പാർവതിമാർ കിരാത – കിരാതി സങ്കല്പത്തിലാണ്. ചെങ്ങന്നൂരിൽ ഭഗവതി ഭുവനേശ്വരിയാണ്. പാർവതിക്ക് പ്രത്യേക പ്രതിഷ്ഠയില്ലാത്ത ശിവ ക്ഷേത്രങ്ങളിലെല്ലാം ശിവന്റെ നടയുടെ പിന്നിൽ പാർവതിയെ സങ്കല്പിച്ച് പൂജിക്കുന്നു. ദേവിക്കാണ് ഭക്തർ പിൻവിളക്ക് തെളിക്കുന്നത്.

വിവാഹ തടസം, ദാമ്പത്യ ദുരിതം എന്നിവ നേരിടുന്ന വ്യക്തികൾ ഉമാമഹേശ്വര സ്തോത്രം നിത്യവും ജപിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്നത് നല്ലതാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച നമ : ശിവാഭ്യാം നവയൗവനാഭ്യാം , പരസ്പരാശ്ലീഷ്ട വപുർധരാഭ്യാം , നഗേന്ദ്ര കന്യാ വൃഷകേതനാഭ്യാം നമോ നമ: ശങ്കര പാർവതീഭ്യാം എന്ന് തുടങ്ങുന്ന ഉമാ മഹേശ്വര സ്തോത്രം കേൾക്കാം:

Story Summary: Uma Maheswara Pooja for Removing Obstacles of Marriage and Martial Problems

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version