Saturday, 21 Sep 2024

ആഗ്രഹങ്ങൾ സാധിക്കാൻ വെട്ടിക്കോട്ട് നാഗരാജാവിനെ ഇങ്ങനെ ഭജിക്കൂ

ജ്യോതിഷരത്നം വേണുമഹാദേവ്

വെട്ടിക്കോട് നാഗരാജസ്വാമി ക്ഷേത്രം കന്നിമാസത്തിലെ ആയില്യ മഹോത്സവത്തിന് ഒരുങ്ങി. 2022 സെപ്റ്റംബർ 22 നാണ് വെട്ടിക്കോട് ആയില്യം. പുണര്‍തം, പൂയം, ആയില്യം ദിവസങ്ങളിലാണ് ഉത്സവം. ആദ്യമായി സര്‍പ്പപ്രതിഷ്ഠ നടന്ന സന്നിധി എന്ന സങ്കല്പത്തില്‍ വെട്ടിക്കോട് ആദിമൂലം ശ്രീ നാഗരാജ സ്വാമി ക്ഷേത്രം എന്ന് അറിയപ്പെടുന്നു. എല്ലാ വിധ സര്‍പ്പദോഷങ്ങളും പരിഹരിക്കാൻ ഉത്തമമാണ് വെട്ടിക്കോട് നാഗരാജ ക്ഷേത്ര ദര്‍ശനവും വഴിപാടുകളും. കന്നിയിലെ ആയില്യത്തിന് പുറമെ ഞായറാഴ്ചകള്‍ വെട്ടിക്കോട്ട് വലിയ പ്രാധാന്യമാണ്. മാസം തോറും ആയിലും നക്ഷത്ര ദിവസങ്ങളില്‍ നൂറും പാലും നടത്താറുണ്ട്. കന്നിയിലെ ആയില്യം മുതല്‍ ഇടവത്തിലെ ആയില്യം വരെ ഏകാദശി ഒഴികെ എല്ലാ ഞായറാഴ്ചകളിലും നൂറും പാലും നടത്താറുണ്ട് കുംഭത്തിലെ ആയില്യം, ശിവരാത്രി, മേടമാസത്തിലെ ആയില്യം എന്നീ ദിവസങ്ങളിലും വിശേഷാല്‍ ചടങ്ങുകള്‍ നടക്കുന്നുണ്ട്.

ഭക്തരുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചുകൊടുക്കുന്ന ദേവനാണ് വെട്ടിക്കോട്ട് ശ്രീനാഗരാജാവ്. സര്‍പ്പരാജനായ അനന്തനെ അതേ രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠച്ചിരിക്കുന്നത്. ഇങ്ങനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന കേരളത്തിലെ ഏക നാഗക്ഷേത്രവും വെട്ടിക്കോട്ട് ശ്രീനാഗരാജസ്വാമി ക്ഷേത്രമാണ്. പ്രജാപതിയായ കശ്യപന് ദക്ഷന്റെ പുത്രി കദ്രുവില്‍ ജനിച്ച പുത്രനാണ് ആദിശേഷനായ അനന്തന്‍. ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായ ബലരാമന്‍ അനന്തന്റെ അംശാവതാരമാണ്.

മറ്റു സ്ഥലങ്ങളിലെ സര്‍പ്പക്കാവുകളിലെ ചൈതന്യം ആവാഹിച്ച് വെട്ടിക്കോട്ട് കുടിയിരുത്താറുണ്ട്. ഇതിനുള്ള പ്രത്യേക കാവാണ് ക്ഷേത്രകുളത്തിന് സമീപം മതിലിനു വെളിയിലുള്ള ആഗമ സര്‍പ്പക്കാവ്. ഇവിടെ വര്‍ഷത്തിലൊരിക്കല്‍ തുലാമാസത്തിലെ ആയില്യം കഴിഞ്ഞുവരുന്ന ഞായറാഴ്ച നൂറും പാലും നടത്താറുണ്ട്.

സര്‍പ്പഭീതി ഒഴിവാക്കുന്നതിനും നാഗദേവതകളുടെ അനുഗ്രഹത്തിനും ഇനി പറയുന്ന നാഗമന്ത്രങ്ങള്‍ പതിവായി ജപിക്കണം. നാഗാരാധനയ്ക്ക് ഏറ്റവും ഉത്തമമായ ദിവസം ഞായറാഴ്ചയാണ്. തിഥികളില്‍ പഞ്ചമി അതും കറുത്തവാവ് കഴിഞ്ഞു വരുന്ന പഞ്ചമി നല്ലതാണ്. നക്ഷത്രങ്ങളില്‍ ആയില്യം നാളു തന്നെ. ഈ ദിവസങ്ങളിലെ നാഗാരാധന അതിവേഗം ഫലം കാണും. നല്ലെണ്ണ, കരിക്ക്, പാല്‍, തേന്‍, പനിനീര്‍, മഞ്ഞള്‍പ്പൊടി, കളഭം, കമുകിന്‍ പൂക്കുല, പിച്ചി, മുല്ല, അരളി , തുളസി, തെറ്റി ഇവയെല്ലാം നാഗര്‍ക്ക് സമര്‍പ്പിക്കാം. നിവേദ്യങ്ങളില്‍ പ്രിയങ്കരം കദളിപ്പഴം, വെള്ളച്ചോറ്, പാല്‍ പായസം, അപ്പം, അട, ശര്‍ക്കരപായസം, തെരളി എന്നിവയാണ്.

നാഗരാജ മൂലമന്ത്രം
ഓം നമ: കാമരൂപിണേ മഹാബലായ
നാഗാധിപതയേ നമ:

നാഗയക്ഷി മൂലമന്ത്രം
ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം
നാഗയക്ഷീം യക്ഷിണീ സ്വാഹാ നമ:

സര്‍പ്പദോഷ നിവാരക മന്ത്രം
ഓം കുരു കുല്ലേ ഹും ഫട് സ്വാഹ

അനന്ത ധ്യാനം
സൗമ്യോ അനന്തശ്ചതുര്‍ ബാഹു:
സര്‍വാഭരണ ഭൂഷിതാ:
ജപാപുഷ്പനിഭാകാര: കരണ്ഡ മകുടാന്വിത:
സിതവസ്ത്രധര: ശാന്തസ്ത്രി നേത്ര:
പത്മ സംസ്ഥിത: അഭയം വരദം ടങ്കം
ശൂലം ചൈവ ധൃതോവതു

വാസുകി ധ്യാനം
ഫണാഷ്ട ശത ശേഖരം ദ്രുത സുവര്‍ണ്ണ പുഞ്ജപ്രഭം
വരാഭരണ ഭൂഷണം തരുണ ജാലതാമ്രാംശുകം
സവജ്ര വരലക്ഷണം നവസരോജരക്തേക്ഷണം
നമാമി ശിരസാ സുരാസുര നമസ്‌കൃതം വാസുകിം

നാഗരാജ ഗായത്രി
ഓം നാഗരാജായ
വിദ്മഹേ
ചക്ഷു: ശ്രവണായ ധീമഹി
തന്നോ സര്‍പ്പ: പ്രചോദയാത്

അനന്ത ഗായത്രി
ഓം സഹസ്ര ശീര്‍ഷായ
വിദ്മഹേ
വിഷ്ണു തല്പായ ധീമഹി
തന്നോ ശേഷ: പ്രചോദയാത്

വാസുകി ഗായത്രി
ഓം സര്‍പ്പരാജായ
വിദ്മഹേ
പത്മഹസ്തായ ധീമഹി
തന്നോ വാസുകി പ്രചോദയാത്

ജ്യോതിഷരത്നം വേണുമഹാദേവ്, +91 98 474 75559

Story Summary: Significance of Vettikkodu Aayilyam

error: Content is protected !!
Exit mobile version