Sunday, 6 Oct 2024

കർക്കടകത്തിലെ ആയില്യം ബുധനാഴ്ച;വഴിപാടുകളും ജപവും നാഗദോഷം അകറ്റും

മംഗള ഗൗരി
നാഗശാപം മൂലം കഷ്ടപ്പെടുന്നവര്‍ മാസന്തോറും ആയില്യം നക്ഷത്ര ദിവസം നാഗക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകൾ കഴിപ്പിക്കണം. ഈ ദിവസം ക്ഷേത്രത്തിലെ സർപ്പ സന്നിധിയിലോ സര്‍പ്പക്കാവിലോ അഭിഷേകത്തിന് പാലും മഞ്ഞള്‍പ്പൊടിയും നല്കുന്നതും, നിവേദിക്കുന്നതിന് പാലും, പഴവും, കരിക്കും കൊടുക്കുന്നതും നാഗശാപമകറ്റും. പഞ്ചാക്ഷരമന്ത്രം യഥാശക്തി ജപിക്കുകയും ചെയ്യണം. ഓം അനന്തമായ നമഃ, ഓം വാസുകയേ നമഃ , ഓം തക്ഷകായ നമഃ , ഓം കാര്‍ക്കോടകായ നമഃ , ഓം ഗുളികായ നമഃ , ഓം പത്മായ നമഃ , ഓം മഹാപത്മായ നമഃ , ഓം ശംഖപാലായ നമഃ , എന്നീ 8 മന്ത്രങ്ങള്‍ 12 പ്രാവശ്യം വീതം ആദ്യം മുതല്‍ അവസാനം വരെ ചൊല്ലുകയും വേണം. ഈ വർഷം കർക്കടകത്തിൽ രണ്ട് ആയില്യമുണ്ട്. അതിൽ രണ്ടാം ആയില്യം ആണ്ടറുതി കൂടിയായ കർക്കടകം 31, ആഗസ്റ്റ് 16 ബുധനാഴ്ചയാണ്. ഈ ദിവസം നാഗക്ഷേത്രങ്ങളില്‍ നൂറും പാലും വഴിപാട് നടത്തുന്നതും ഗുണകരമാണ്. സർപ്പങ്ങൾക്ക് സമർപ്പിക്കുന്ന പ്രധാനപ്പെട്ട നിവേദ്യമാണ് നൂറുംപാലും. സർപ്പങ്ങൾക്ക് നൽകുന്ന വിശിഷ്ട ഭോജ്യമാണിത്. ആയില്യദിവസം സർപ്പങ്ങൾക്ക് നൂറുംപാലും സമർപ്പിക്കുന്നതിന് നാഗരൂട്ട് എന്നാണ് പേര്. സർപ്പ ഊട്ട് എന്നും ആയില്യമൂട്ട് എന്നും ഇതിനെ പറയും. കളം വരച്ച് നാഗപ്രതിഷ്ഠ കഴുകി തുടച്ച് ശുദ്ധമാക്കി പുണ്യാഹശുദ്ധി നടത്തി എണ്ണ, പാൽ, കരിക്ക് എന്നിവയാൽ പ്രതിഷ്ഠയിൽ അഭിഷേകം ചെയ്ത് കമുകിൻ പൂക്കുല, മഞ്ഞൾപ്പൊടി, മാല ഇവ കൊണ്ടലങ്കരിച്ചിട്ടുവേണം നൂറുംപാലും തർപ്പിക്കാൻ. അരിപ്പൊടി, മഞ്ഞൾപ്പൊടി, പാൽ, കരിക്ക്, കദളിപ്പഴം ഇവ ചേർത്താണ് നൂറുംപാലും ഉണ്ടാക്കുന്നത്. 12 ആയില്യം നാളില്‍ വ്രതം സ്വീകരിച്ചാല്‍ നാഗശാപം മൂലമുള്ള രോഗങ്ങള്‍, ദുരിതങ്ങള്‍ എന്നിവയ്ക്ക് ശമനമുണ്ടാകും. 12 എണ്ണം തികയും മുമ്പായി സൗകര്യംപോലെ ഒരു ദിനം നാഗരാജാവിനെ പത്മത്തില്‍ പൂജിച്ച് തൃപ്തരാക്കുന്നതും ശ്രേയസ്‌കരമാണ്.

Story Summary: Significance of worshipping Serpent gods on Ayilya Nakshatra

error: Content is protected !!
Exit mobile version