Friday, 22 Nov 2024

വാരദേവതയെ അറിഞ്ഞ് പൂജിച്ചാൽ ഭാഗ്യാനുഭവങ്ങൾ തേടിവരും

സുരേഷ് ശ്രീരംഗം
ഓരോ ദിവസത്തിനും ഓരോ ദേവതയെ സങ്കല്പിച്ചിട്ടുണ്ട്. വാരദേവത എന്നാണ് ഇതിനെ പറയുന്നത്. അതാത് ദിവസം ജനിച്ചവർ അതിന് സങ്കല്പിച്ചിട്ടുള്ള ദേവതയെ നിത്യവും ഉപാസിച്ചാൽ ജീവിത ദുരിതങ്ങൾ ഒഴിയുകയും ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കുകയും ചെയ്യും. ഇവർ ആ ദിവസം പ്രസ്തുത ദേവതകളുടെ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ നടത്തുന്നതും ഉത്തമമാണ്.

ഞായറാഴ്ച ദിവസത്തിന്റെ മൂർത്തി ശിവൻ ആണ്. ഈ ദിവസം ജനിച്ചവർ ശിവ ക്ഷേത്ര ദർശനം നടത്തി ധാര, കൂവളാർച്ചന എന്നിവ നടത്തണം. ശിവ മന്ത്രങ്ങളും ആദിത്യഹൃദയവും ജപിക്കുന്നത് ഉത്തമമാണ്. സൂര്യഗ്രഹ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിച്ചാൽ നല്ലത്.
ജപിക്കേണ്ട മന്ത്രം: ഓം നമ: ശിവായ.

തിങ്കളാഴ്ചയുടെ ദേവത ദുർഗ്ഗാ ഭഗവതിയാണ്. ഈ ദിവസം ജനിച്ചവർ ദുർഗ്ഗാക്ഷേത്ര ദർശനം നടത്തി വെളുത്ത പൂക്കൾ കൊണ്ട് ദുർഗ്ഗാദേവിക്ക് അർച്ചന നടത്തണം. ദുർഗ്ഗാ മൂലമന്ത്രവും ചന്ദ്ര പ്രീതികരമായ മന്ത്രങ്ങളും ജപിക്കുന്നത് അത്യുത്തമമാണ്.
ജപിക്കേണ്ട മന്ത്രം: ഓം ദും ദുർഗ്ഗായൈ നമ:

ചൊവ്വാഴ്ചയുടെ മൂർത്തി സുബ്രഹ്മണ്യനാണ്. ഈ ദിവസം ജനിച്ചവർ മുരുകക്ഷേത്ര ദർശനം നടത്തി കുമാരസൂക്ത പുഷ്പാഞ്ജലി അല്ലെങ്കിൽ പഞ്ചാമൃതാഭിഷേകം നടത്തണം. ചൊവ്വാഗ്രഹ പ്രീതിക്ക് അംഗാരക പൂജ നടത്താവുന്നതാണ്. ചൊവ്വാഴ്ച ജനിച്ചവർ ഭദ്രകാളിയെ പ്രീതിപ്പെടുത്തുന്നതും നല്ലതാണ്.
ജപിക്കേണ്ട മന്ത്രം: ഓം വചത്ഭുവേ നമ:

ബുധനാഴ്ചയുടെ മൂർത്തി ശ്രീകൃഷ്ണ ഭഗവാനാണ്. ഈ ദിവസം ജനിച്ചവർ ശ്രീകൃഷ്ണ ക്ഷേത്ര ദർശനം നടത്തി അർച്ചന, പാൽപ്പായസം, തൃക്കൈവെണ്ണ വഴിപാടുകൾ നടത്തുക. തുളസി കൊണ്ട് അർച്ചനയും ബുധഗ്രഹ പ്രീതിക്ക് കർമ്മങ്ങൾ നടത്തുന്നതും ഉത്തമം.
ജപിക്കേണ്ട മന്ത്രം: ഓം ക്ലീം കൃഷ്ണായ നമ:

വ്യാഴാഴ്ച ദിവസത്തിന്റെ മൂർത്തി മഹാവിഷ്ണു ആണ്. ഈ ദിവസം ജനിച്ചവർ വിഷ്ണു ക്ഷേത്രദർശനം അല്ലെങ്കിൽ അവതാര വിഷ്ണു ക്ഷേത്ര ദർശനം നടത്തി മഞ്ഞ പൂക്കൾ കൊണ്ട് പുഷ്പാഞ്ജലി നടത്തണം. ഓം നമോ നാരായണായ കഴിയുന്നത്ര ജപിക്കുക. ത്രിമധുരം, പാൽ പായസം വഴിപാടുകൾ ഉത്തമാണ്. വ്യാഴ പ്രീതി കർമ്മങ്ങൾ നടത്തുന്നത് നല്ലത്.
ജപിക്കേണ്ട മന്ത്രം: ഓം നമോ നാരായണായ.

വെള്ളിയാഴ്ചയുടെ ദേവത ലക്ഷ്മീ ഭഗവതിയാണ്. ഈ ദിവസം ജനിച്ചവർ ലക്ഷ്മി ക്ഷേത്ര ദർശനം നടത്തി വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ കൊണ്ടും ശ്രീസൂക്തം കൊണ്ടും ലക്ഷ്‌മീ ഭഗവതിക്ക് അർച്ചന നടത്തണം. ലക്ഷ്മീ മൂലമന്ത്രം ഓം ശ്രീ മഹാലക്ഷ്മ്യൈ നമ: ജപിക്കണം. ശുക്ര പ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത് അത്യുത്തമമാണ്.
ജപിക്കേണ്ട മന്ത്രം: ഓം ശ്രീം നമ:

ശനിയാഴ്ച ദിവസത്തിന്റെ മൂർത്തി ശാസ്താവാണ്. ഈ ദിവസം ജനിച്ചവർ ശാസ്താ / അയ്യപ്പക്ഷേത്ര ദർശനം നടത്തി ശാസ്തൃസൂക്ത പുഷ്പാഞ്ജലി, നീരാജനം എന്നിവ നടത്തണം. നീലപ്പൂക്കൾ കൊണ്ട് അർച്ചന നടത്തണം. അയ്യപ്പ മന്ത്രങ്ങൾ ജപിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും ഉത്തമമാണ്. ശനിപ്രീതി കർമ്മങ്ങൾ അനുഷ്ഠിച്ചാൽ കൂടുതൽ നല്ലത്.
ജപിക്കേണ്ട മന്ത്രം: ഓം ഘ്രും നമ: പരായ ഗോപ്ത്രേ.

സുരേഷ് ശ്രീരംഗം, +91- 944 640 1074

error: Content is protected !!
Exit mobile version